ഇൻഡ്യൻ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നത്, ഇൻഡ്യ ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് രാജ്യം എന്നാണ്. പക്ഷെ "ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ”! ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന മതേതരം, സോഷ്യലിസം എന്നീ പദങ്ങൾ നീക്കണമെന്ന് ആർ.എസ്.എസ് കുറേ കാലമായി ആവശ്യപ്പെടുന്നു. രാജ്യ സഭയിൽ ബിജെപി. എം.പി രാജേഷ് സിൻഹ ഇതിനായി ഒരു സ്വകാര്യ ബിൽ അവതരിപ്പിക്കുകയുണ്ടായി. മറ്റുചില ബി.ജെ.പി - ആർ.എസ്.എസ് നേതാക്കൾ ഇൻഡ്യൻ ഭരണഘടനയുടെ ആമുഖം മാറ്റി എഴുതണമെന്നാവശ്യപ്പെട്ടു കൊണ്ടു കോടതികളേയും സമീപിച്ചു. എന്നാൽ കഴിഞ്ഞ വർഷം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന ഉൾപ്പെട്ട രണ്ടംഗ ബഞ്ച് ഈ ആവശ്യം തള്ളുകയും, ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന മതേതരവും, സോഷ്യലിസവും ഉയർത്തിപ്പിടിക്കേണ്ടതിൻറെ ആവശ്യകത എടുത്തുപറയുകയും ചെയ്തു. അങ്ങനെ തൽക്കാലത്തേക്ക് നമ്മൾ രക്ഷപ്പെട്ടു!. എന്നാൽ കോടതികളെപ്പോലും വിലക്കെടുക്കുന്ന ഇക്കാലത്തു എന്തും സംഭവിക്കാം.
ഇപ്പോൾ ഇതിവിടെ പ്രതിപാദിക്കേണ്ടിവന്നതിന്റെ പശ്ചാത്തലം ഏവർക്കും അറിയാവുന്നതാണ്. ജൂലൈ 25-)o തീയതി മലയാളികളായ, സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നീ രണ്ടു കത്തോലിക്ക സഭാ വിശ്വാസികളായ കന്യാസ്ത്രീകളെ, ഛത്തിസ്ഗഡ് സ്വദേശികളായ, പ്രായപൂർത്തിയായ മൂന്നു പെൺകുട്ടികൾക്കൊപ്പം ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് "സംശയാസ്പദമായ" സാഹചര്യത്തിൽ ടി.ടി.ഇ. കാണുകയും, അയാൾ പോലീസിനു പകരം "നാടു വാഴുന്ന" ബജ്‌രംഗ് ദൾ നേതാക്കളെ അറിയിക്കുകയും, അവർ ഈ കന്യാസ്ത്രീകളെയും കൂടെയുള്ളവരേയും റെയിവേ സ്റ്റേഷനിൽ തടഞ്ഞുവെക്കുകയും, അധിക്ഷേപിക്കുകയും ജനമധ്യത്തിൽ വിചാരണ നടത്തുകയും, കൈയേറ്റം ചെയ്യുകയും ചെയ്തു. പിന്നീട് പോലീസിൽ ഏൽപ്പിച്ച ഇവരെ, ബജ്‌രംഗ് ദൾ പ്രവർത്തകർ ആവശ്യപ്പെട്ട പ്രകാരം "നിർബ്ബന്ധിത മതപരിവർത്തനം", "മനുഷ്യക്കടത്ത്" തുടങ്ങി ജാമ്യം കിട്ടാത്തതായ വകുപ്പുകൾ ചേർത്തു പോലീസ് കേസ് എടുക്കുകയും, ജയിലിൽ അടക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു ദിവസമായി ഈ രണ്ടു സന്യസ്തരും ജയിലിൽ കിടക്കുകയാണ്.
മറന്നുപോകരുത്, ഈ സംഭവം നടക്കുന്നത് ജനാധിപത്യ, മതേതര , സോഷ്യലിസ്റ്റ് ഇന്ത്യയിൽ തന്നെയാണ് !! പ്രായപൂർത്തിയായ മൂന്നു പെൺകുട്ടികൾ, ജോലിക്കുവേണ്ടി, അവരുടെ സ്വന്തം ഇഷ്ടപ്രകാരം , മാതാപിതാക്കളുടെ അനുവാദത്തോടെ, രണ്ടു കന്യാസ്ത്രീകൾക്കൊപ്പം ഇന്ത്യയിലെ ഛത്തിസ്ഗഡ് സംസ്ഥാനത്തെ "ദുർഗ്" റെയിവേ സ്റ്റേഷനിൽ നിന്നും അതെ ഇന്ത്യയിലെതന്നെ ഉത്തരപ്രദേശിലെ "ആഗ്ര" യിലേക്ക് യാത്ര ചെയ്താൽ അതു മനുഷ്യക്കടത്താകുമത്രേ !! ഓർക്കുക, കന്യാസ്ത്രീകൾ ഈ കുട്ടികളെ കൊണ്ടുപോകുന്നത്, ആർ.എസ്.എസ് - സംഘപരിവാർ നേതാവ് വിഷ്ണു സായി ഭരിക്കുന്ന ഛത്തിസ്ഗഡിൽ നിന്നും, ഇവരുടെതന്നെ വലിയ നേതാവും സന്യാസിയുമായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലേക്കാണ്; അല്ലാത് റഷ്യയിലേക്കോ , ചൈനയിലേക്കോ , പാക്കിസ്ഥാനിലേക്കോ അല്ല! സഞ്ചാര സതന്ത്ര്യം പോലുമില്ലാത്ത രാജ്യമായി ഇന്ത്യ മാറിയോ ?
മറ്റൊരു "ഗുരുതര" കുറ്റം ഈ കന്യാസ്ത്രീകളുടെമേൽ ആരോപിച്ചത്, അവർ നിർബ്ബന്ധിത മതപരിവർത്തനം നടത്തുന്നു എന്നാണ്. കൂടെ ഉണ്ടായിരുന്ന മൂന്നു പെൺകുട്ടികളും അവരുടെ മാതാപിതാക്കളും വര്ഷങ്ങള്ക്കു മുന്നേ ക്രിസ്തു മതം സ്വീകരിച്ചവരാണ്. അപ്പോൾ മതപരിവർത്തന വകുപ്പും നിലനിൽക്കില്ല.
ക്രിസ്ത്യൻ മിഷനറിമാരുടെമേൽ നിർബ്ബന്ധിത മതപരിവർത്തനം ആരോപിക്കാൻ തുടങ്ങിയിട്ടു കാലം കുറെയായി. ഇതിൻറെ പേരിൽ നിരവധി വൈദികരും കന്യാസ്ത്രീകളും തീവ്രഹിന്ദുവാദികളുടെ ആക്രമത്തിന് ഇരയായിട്ടുണ്ട്! പലരെയും വധിച്ചിട്ടുമുണ്ട്!! കൂടാതെ എത്രയോ ആരാധനാലയങ്ങൾ അഗ്നിക്കു ഇരയാക്കിയിരിക്കുന്നു!! കേരളത്തിലെ ഒരു സാമൂഹിക പശ്ചാത്തലമല്ല ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ളത്. വൈദികർക്ക് ളോഹ ധരിച്ചോ, കന്യാസ്ത്രീകൾക്കു അവരുടെ സഭാ വസ്ത്രം ധരിച്ചോ പുറത്തിറങ്ങി നടക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് പലയിടങ്ങളിലുമുള്ളത് ! അപ്പോൾ ചിലരെങ്കിലും ചോദിച്ചേക്കാം, എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് അവിടെയൊക്കെ പോയി പ്രവർത്തിക്കുന്നതെന്ന്? അത് മനസ്സിലാക്കണമെങ്കിൽ ക്രിസ്തുമതം എന്താണെന്നു മനസിലാക്കാൻ ശ്രമിക്കണം. ഈ ലോകത്തു, ഏതു രാജ്യത്തിലാണെങ്കിലും യുദ്ധമോ, കെടുതിയോ, പ്രകൃതിക്ഷോഭമോ എന്തുതന്നെ ഉണ്ടായാലും അവിടെ ഓടിയെത്തുന്നത് ക്രിസ്ത്യൻ മിഷനറിമാരാണ്. ഇന്ത്യയിൽത്തന്നെ, താരതമ്യേന പിന്നോക്കം നിൽക്കുന്ന മേഖലകളിൽ, പ്രത്യേകിച്ച് ആദിവാസി - ദളിത് മേഖലകളിൽ, ആശുപത്രികൾ, സ്കൂളുകൾ, സ്വയം തൊഴിൽ സംരംഭങ്ങൾ ഒക്കെ നടത്തുന്നത് ക്രിസ്ത്യൻ മിഷനറിമാരാണ്, അതിൽ ഭൂരിഭാഗവും കത്തോലിക്ക സഭയിൽപ്പെട്ട വൈദികരും കന്യാസ്ത്രീകളുമാണ്. കാലങ്ങളായി തങ്ങൾ അടിമയായി വച്ചുകൊണ്ടിരിക്കുന്ന ആദിവാസികളും ദളിതരും വിദ്യാഭ്യാസം നേടുന്നതും, സ്വന്തം കാലിൽ നിക്കാൻ ശ്രമിക്കുന്നതുമൊന്നും ഭൂരിപക്ഷമായ മുന്നോക്ക സമുദായക്കാർക്കു സഹിക്കാൻ പറ്റുന്നതല്ല, അതാണ് ഈ മേഖലകളിൽ പ്രവർത്തിക്കുന്ന മിഷണറിമാർ കൂടെക്കൂടെ ആക്രമിക്കപ്പെടുന്നതിന്റെ മുഖ്യ കാരണം. അല്ലാതെ സംഘപരിവാർ ആരോപിക്കുന്നതുപോലെ ആരേയും മതപരിവർത്തനം നടത്തിയിട്ടല്ല. മറിച്ചു, പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും ജീവിതത്തിലാണ് ക്രിസ്ത്യൻ മിഷണറിമാർ "പരിവർത്തനം" സൃഷ്ടിക്കുന്നത്. മിഷണറി പ്രവർത്തനങ്ങൾ ഇല്ലാതാക്കണമെങ്കിൽ, ഇന്ത്യയിലെ പാവപ്പെട്ടവരുടേയും , പാർശവൽക്കരിക്കപ്പെട്ടവരുടേയും ജീവിത നിലവാരം ഉയർത്താൻ സർക്കാരുകൾ ശ്രമിക്കണം. ക്രിസ്ത്യൻ മിഷണറിമാർ ഇൻഡ്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനും എത്രയോ മുമ്പ്തന്നെ ഇൻഡ്യയുടെ എല്ലാ സംസ്ഥാനങ്ങളിലും സ്കൂളുകളും, കോളേജുകളും, ആശുപത്രികളും, അനാഥാലയങ്ങളും, വൃദ്ധസദനങ്ങളും ഒക്കെ നടത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും നല്ല സ്കൂളുകളും, കോളേജുകളും ഇന്നും ക്രിസ്ത്യൻ മാനേജുമെന്റിന്റെ കീഴിലുള്ളവതന്നെയാണ്. അതുകൊണ്ടാണല്ലോ എല്ലാ പ്രമുഖരും അഡ്മിഷനുവേണ്ടി ക്രിസ്ത്യൻ സ്‌ഥാപനങ്ങളെ സമീപിക്കുന്നത് !! ബിജെപി യുടെ ഉൾപ്പെടെ ഇന്നത്തെ എത്രയോ നേതാക്കൾ ക്രിസ്ത്യൻ സ്കൂളുകളിലും കോളേജുകളിലും പഠിച്ചവരാണ്. അവരുടെയൊക്കെ മതവിശ്വാസം മാറിയോ ?. വെറുതെ ഒന്ന് ആലോചിച്ചുനോക്കൂ, ഇന്ത്യയുടെ വിവിധ സംസ്‌ഥാനങ്ങളിൽ സ്കൂളുകളും, കോളേജുകളും, ഹോസ്പിറ്റലുകളും, അനാഥാലയങ്ങളും, വൃദ്ധസദനങ്ങളും, തൊഴിൽ പരിശീലന കേന്ദ്രങ്ങളും, വികലാംഗരേയും ബുദ്ധിമാന്ദ്യം ഉള്ളവരെയുമൊക്കെ സംരക്ഷിക്കുന്ന എത്ര എത്ര സ്‌ഥാപങ്ങളാണ് ക്രിസ്ത്യൻ സഭകൾ നടത്തുന്നത് ! നാളെ ഒരു ദിവസം ഇതൊക്കെ ഇല്ലാതായാൽ ഇന്ത്യയുടെ അവസ്‌ഥ എന്തായിരിക്കും?
1971 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 2.6 % ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് വെറും 2 % മാത്രമാണ്. ഹിന്ദുക്കൾ ഇപ്പോഴും 79.8 ശതമാനം ഉണ്ട്. ഇൻഡ്യയിൽ ആകമാനം ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മത പരിവർത്തനത്തിനായിരുന്നുവെങ്കിൽ, ക്രിസ്ത്യാനികളുടെ ജനസംഖ്യ താഴോട്ടുപോകില്ലല്ലോ? എന്തിനു കൂടുതൽ പറയുന്നു, മത പരിവർത്തനമായിരുന്നു ലക്ഷ്യമെങ്കിൽ കൊൽക്കത്തയുടെ തെരുവോരങ്ങളിൽ നിന്നും മദർ തെരേസ സ്വന്തം കൈകളിൽ എടുത്തു ശുശ്രുഷിച്ച കുഷ്‌ഠ രോഗികളുടെയും അനാഥരുടേയും എണ്ണം മാത്രം മതിയായിരുന്നു, വെസ്റ്റ് ബംഗാളിൽ ക്രിസ്ത്യൻ സമൂഹം ജനസംഖ്യയിൽ ഒന്നാമതെത്താൻ !! പക്ഷെ ക്രിസ്ത്യൻ മിഷണറിമാരുടെ ലക്‌ഷ്യം അതല്ലല്ലോ? എന്നിട്ടുപോലും വർഗീയവാദികൾ ആ വിശുദ്ധയെ എത്രമാത്രം അപമാനിക്കാൻ ശ്രമിച്ചു. ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു!
ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും, അത് പ്രചരിപ്പിക്കുന്നതിനും ഇൻഡ്യയിൽ ഓരോ പൗരനും അവകാശമുണ്ട്. അതുപോലെ ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും, ഉപേക്ഷിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും ഇൻഡ്യൻ ഭരണഘടന നൽകുന്നുണ്ട്. മതഭ്രാന്തൻമാർക്കു നിയമം കയ്യിൽ എടുക്കാനുള്ള അവസരമല്ല സർക്കാരുകൾ കൊടുക്കേണ്ടത്; മറിച്ചു, ഭരണഘടന പൗരനു അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യമാണ് ഉറപ്പുവരുത്തേണ്ടത്.
കേരളത്തിൽ 18 ശതമാനം ക്രിസ്ത്യാനികളാണ് ഉള്ളതെങ്കിലും, സാമ്പത്തികമായും , സാമൂഹികമായും പ്രബലരാണ്. അതുകൊണ്ടു ഇവിടെ "കേക്ക്" തന്നു സ്‌നേഹിച്ചില്ലെങ്കിലും, മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്ന സഹ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനും, വിശ്വാസത്തിൽ ജീവിക്കുന്നതിനുള്ള സാഹചര്യമാണ് സർക്കാരും, സർക്കാരിനെ നയിക്കുന്ന പാർട്ടികളും ഒരുക്കിത്തരേണ്ടത്. ഇവിടെ "കേക്കും" അവിടെ "കൈവിലങ്ങും" - അതു രണ്ടും കൂടി ഒരുമിച്ചു പോകില്ല !!!