ശ്രീ ജോണ്‍ ഇളമത പത്തനംതിട്ട ജില്ലയിലെ കടപ്ര മാന്നാറില്‍ നിന്ന്, 1973ല്‍ ജര്‍മ്മനിയിലേക്ക് കുടിയേറി. 1984 മുതല്‍ അദ്ദേഹം ക്യാനഡയില്‍ അധിവസിക്കുകയാണ്. ഇതിനകം അദ്ദേഹം ശ്രദ്ധേയങ്ങളായ അനേകം മലയാള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ ഭാഷ രചനകള്‍ അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ജോണ്‍ ഇളമത എഴുതിയ ഏറ്റവും പുതിയ നോവല്‍ 'ജീവിക്കാന്‍ മറന്നു പോയവര്‍' കേരളത്തില്‍ നിന്ന് അതിജീവനത്തിനായി വടക്കേ അമേരിക്കയിലെ പ്രത്യേകിച്ച് കാനഡയിലേക്ക് കുടിയേറിയ ഒരുപറ്റം മലയാളികളുടെ ജീവിതങ്ങളെ ആധാരമാക്കി വളരെ ലളിതമായി രചിച്ച ഒരു നോവലാണ്. അവരുടെ ആദ്യകാല കുടിയേറ്റത്തിനിടയില്‍ നേരിടേണ്ടി വന്ന നിരവധി ജീവിത സംഘര്‍ഷങ്ങളെ വളരെ വ്യക്തമായി, ഇവിടെ അദ്ദേഹം ചിത്രീകരിക്കുന്നു. വളരെയധികം യാഥാര്‍ത്ഥ്യ ബോധത്തോടെ നടത്തിയ ഈ രചനയുടെ സംഭവപരമ്പരകള്‍ വളരെയധികം ആകാംക്ഷ ജനകങ്ങളാണ്. കഥയും കഥാപാത്രങ്ങളും സ്വദേശത്തും, കുടിയേറിയ പുതിയ ദേശത്തും, നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന, അവരുടെ സുഖ ദുഃഖങ്ങളും വ്യഥകളും സത്യസന്ധമായി ഈ നോവലില്‍ ഉടനീളം പ്രതിഫലിക്കുന്നു.
മധ്യ കേരളത്തിലെ പ്രത്യേകിച്ച് ക്രിസ്തീയ സമൂഹത്തിന്റെ ജീവിതം മാറ്റിമറിച്ചത് വടക്കേ അമേരിക്കയിലേക്കുള്ള, കാനഡ ഉള്‍പ്പെടെയുള്ള കുടിയേറ്റവും പ്രവാസ ജീവിതവും ആണ്. അതിനായി ഏറ്റവും ആദ്യം ധീരതയോടെ രംഗത്തിറങ്ങിയത്, നേഴ്‌സുമാരായ സ്ത്രീകളാണ്. കേരളത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് വിത്തുപാകിയത് ആതുര സേവന രംഗത്ത് ഇന്ത്യയ്ക്ക് അകത്തും പുറത്തും ജോലി ചെയ്യുന്ന നേഴ്‌സുമാരാണെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. നോവലിസ്റ്റിന്റെ നര്‍മ്മഭാഷയില്‍ അവരുടെ വാലില്‍ തൂങ്ങി, അവരെ വിവാഹം കഴിച്ചും, അവരുടെ ബന്ധുമിത്രാദികളും ആശ്രിതരുമായി അനേകര്‍, ഗള്‍ഫ് നാടുകളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറി.
നേഴ്‌സുമാര്‍ ആദികാലത്ത് വിവാഹം കഴിച്ചു കൊണ്ടുവന്നവര്‍, വിദേശത്ത് ആരംഭ ദശയില്‍ വെറും ഭര്‍ത്താവ് ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു. അവരില്‍ വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നു. അമേരിക്കയിലേക്ക് മറ്റും കുടിയേറിയ ഇത്തരക്കാരില്‍ പലരും അവിടങ്ങളില്‍ സ്‌കൂളുകളിലും കോളേജുകളിലും പോയി പഠിച്ച് കൂടുതല്‍ ബിരുദങ്ങളും യോഗ്യതകളും നേടി. അതിന് അനുസൃതമായി അവര്‍ക്കെല്ലാം ഉയര്‍ന്ന ശമ്പളത്തില്‍ ജോലികളും ലഭ്യമായി എന്നതും ഒരു പരമാര്‍ത്ഥമാണ്. എന്നാല്‍ പലരും, അവിടങ്ങളില്‍ വീടുകളില്‍ കുത്തിയിരുന്ന്, നേഴ്‌സുമാരായ ഭാര്യമാരെ കൊണ്ട് ഒന്നും ഒന്നരയും രണ്ടും ജോലികള്‍ ചെയ്യിപ്പിച്ച് ബാങ്ക് ബാലന്‍സുകള്‍ വര്‍ധിപ്പിച്ചു. ആദ്യകാല കുടിയേറ്റക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തു കൊണ്ടുവന്ന സ്വന്തം സഹോദരങ്ങളും, ആശ്രിതരും, സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍, കാര്യം കണ്ടു കഴിഞ്ഞപ്പോള്‍, കൊണ്ടുവന്നവര്‍ക്കും സഹായിച്ചവര്‍ക്കും എതിരെ വളരെയധികം നന്ദി ഹീനരായി അവര്‍ തിരിഞ്ഞു കൊത്തി, പരമ ശത്രുക്കളെപ്പോലെ ആക്രമിച്ചവരാണ് അധികവും. ഇപ്രകാരം, അമേരിക്കയിലെയും മറ്റും ആദ്യകാല കുടിയേറ്റക്കാര്‍, സ്വന്തക്കാരെയും, ബന്ധുക്കളെയും, മിത്രങ്ങളെയും, സഹായിച്ചു സഹായിച്ചു, സ്വയം ഒന്ന് ജീവിക്കാന്‍ മറന്നുപോയവരുടെ കഥയാണ് ഈ നോവലില്‍ പ്രതിഫലിച്ച് കാണുന്നത്. അത്തരക്കാരായ ജീവിക്കാന്‍ മറന്നു പോയവരുടെ, വൈവിധ്യമേറിയ ത്യാഗോജ്വലമായ ജീവിതങ്ങളുടെ സങ്കീര്‍ണങ്ങളായ കഥകളാണ് ഈ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതിലെ ഗ്രാമീണ ഭാഷകളും വിവരണങ്ങളും ശൈലികളും ഈ കൃതിയെ അത്യധികം ആകര്‍ഷകമാക്കുന്നു.
ഹൃദയസ്പര്‍ശിയായ, ജീവിതഗന്ധിയായ ഈ നോവലിലെ സാരാംശം ഇതാണ്.
ആറ് മലയാളി നേഴ്‌സുമാര്‍ ഒരുമിച്ച് കപ്പലില്‍ കാനഡയിലേക്ക് പുറപ്പെട്ടു. കാനഡയില്‍ എത്തി. മഞ്ഞു വീഴുന്ന തണുത്ത കാലാവസ്ഥ. പുതിയ ഭാഷ പുതിയ സംസ്‌കാരം വ്യത്യസ്തങ്ങളായ ആചാരങ്ങള്‍ ഭക്ഷണരീതികള്‍. ഇതൊക്കെയായി ആരംഭ കാലത്ത് ഒന്നു പൊരുത്തപ്പെടാന്‍ ഒത്തിരി ബുദ്ധിമുട്ടി. ആരംഭ കാലത്ത് ഹോസ്പിറ്റലുകളിലും നേഴ്‌സിങ് ഹോമുകളിലും നേഴ്‌സ് ആയി ജോലി കിട്ടിയില്ല. അവിടത്തെ ലൈസന്‍സിംഗ് പരീക്ഷ പാസാകാത്തതിനാല്‍ നഴ്‌സസ് എയ്ഡ് ആയിട്ടാണ് അവര്‍ക്ക് ജോലി കിട്ടിയത്. തുടര്‍ന്ന് അവിടത്തെ നഴ്‌സിംഗ് ട്യൂട്ടോറിയല്‍ കോളേജില്‍ പോയി പഠിച്ച് ആര്‍ .ന്‍. ലൈസന്‍സ് എഴുതിയെടുത്ത മുറയ്ക്ക് അവര്‍ക്കെല്ലാം ശരിയായ നഴ്‌സിംഗ് ജോലിയും ലഭ്യമായി. ഈ നോവലിലെ നായികയായ അന്നമ്മയാണ് ഏറ്റവും ആദ്യം നഴ്‌സിംഗ് പരീക്ഷ അവിടെ പാസായത്. ഒരു വര്‍ഷത്തെ ജോലിക്ക് ശേഷം അന്നമ്മ വിവാഹം കഴിക്കാന്‍ നാട്ടിലേക്ക് പുറപ്പെടുകയാണ്. വിവാഹത്തിനുശേഷം ഭര്‍ത്താവുമൊത്ത് കാനഡക്ക് തിരികെ വരാനാണ് അന്നമ്മയുടെ പ്ലാന്‍.
അന്നമ്മ നാട്ടിലെത്തിയ വിവരം അറിഞ്ഞ അനേകം യുവാക്കള്‍ അന്നമ്മയുടെ കഴുത്തില്‍ മാല ചാര്‍ത്തി സങ്കല്പത്തില്‍ തേനും പാലും ഒഴുകുന്ന കാനാന്‍ ദേശമായ അമേരിക്കന്‍ വന്‍കരയിലേക്ക് കുടിയേറാന്‍ ക്യൂ നില്‍ക്കുകയായിരുന്നു. തന്നെക്കാള്‍ രണ്ടു വയസ്സ് മൂപ്പുള്ള സണ്ണിയെ വിവാഹം കഴിച്ചു, ഇരുവരും കാനഡയിലെത്തി. സണ്ണി ബിരുദാനന്തര ബിരുദധാരി ആയിരുന്നെങ്കിലും ഇംഗ്ലീഷില്‍ നല്ല പിടി ഉണ്ടായിരുന്നില്ല. അവിടത്തുകാര്‍ പറയുന്ന ഇംഗ്ലീഷ് സണ്ണിക്ക് ശരിക്ക് അങ്ങോട്ട് പിടികിട്ടിയില്ല. സണ്ണിയുടെ ഇംഗ്ലീഷ് അവര്‍ക്കും മനസ്സിലായില്ല. എന്നാല്‍ സണ്ണിയുടെ ചിന്ത ഒരുമാതിരി സര്‍വ്വജ്ഞന്‍ താനാണെന്ന് മാതിരി ആയിരുന്നു താനും. ഒരുപക്ഷേ ഒരു നല്ല പക്ഷം കുടിയേറ്റ മലയാളികളുടെയും സ്വകാര്യ ചിന്തയും സ്വകാര്യ അഹങ്കാരവും സണ്ണിയുടെ മാതിരി തങ്ങള്‍ സര്‍വ്വജ്ഞരാണ് എന്നായിരിക്കും. ഏതായാലും അന്നമ്മയുടെ മുമ്പില്‍ സണ്ണിയുടെ ഭര്‍ത്താവ് എന്ന ആ ലീഡര്‍ഷിപ്പ് പവര്‍ വിലപ്പോയില്ല. ഇവിടെ ഭാര്യയായ അന്നമ്മ തന്നെ ലീഡര്‍ഷിപ്പും ഭരണവും സ്വായത്തമായി കൈക്കലാക്കി. അന്നമ്മയുടെ ഭരണം. അന്നമ്മ ഭര്‍ത്താവിനെ ജോലിക്ക് വിട്ടില്ല. അന്നമ്മ രണ്ട് ഷിഫ്റ്റ് ജോലി ചെയ്തു. ഭര്‍ത്താവിനെ വീട് തുടയ്ക്കാനും, കുക്കിങ്ങിനുമായി നിയോഗിച്ചു. അവര്‍ക്കു രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായി, മൂന്നാമത് ഒരു ആണ്‍തരിയും ഉണ്ടായി.
ഒരിക്കല്‍ സാന്ദര്‍ഭികമായി, സണ്ണിയും അന്നമ്മയും അയലത്ത് വന്നു താമസമാക്കിയ പോളിനെയും, ഭാര്യയായ ആച്ചിയമ്മയെയും പരിചയപ്പെട്ടു. പ്രായണ ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും ബില്‍ഡറും ഒക്കെയായ പോളിനൊപ്പം ചേര്‍ന്ന് സണ്ണിയും ആ ബിസിനസ് പഠിച്ചു അതില്‍ ഏര്‍പ്പെട്ടു. സ്വന്തമായി ജോലിയും അതില്‍ നിന്ന് ധാരാളമായി പണവും ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ സണ്ണിയുടെ പുരുഷത്വവും മേധാവിത്വവും ഉയരാന്‍ തുടങ്ങി. മദ്യപാനവും ആരംഭിച്ചു. അന്നമ്മയുടെ മേല്‍ പതിവായി കുതിര കയറാനും, വേണ്ടിവന്നാല്‍ ദേഹോപദ്രവും വരെ ഏല്‍പ്പിക്കാനും സണ്ണി തയ്യാറായി. എന്തിനേറെ, സണ്ണിയും അന്നമ്മയും വിവാഹമോചനം നേടി. അങ്ങനെ അവര്‍ ഇരുവരും രണ്ടു വഴിക്കായി.
താമസിയാതെ സണ്ണി ചിന്നമ്മയെന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. സണ്ണിക്ക് ചിന്നമ്മയില്‍ കുട്ടികള്‍ ഒന്നും ഉണ്ടായില്ല. ചിന്നമ്മയുടെ ആങ്ങളമാരെ അമേരിക്കയില്‍ എത്തിച്ചു. സണ്ണി ചിന്നമ്മയും സകല സ്വത്തും ചിന്നമ്മയുടെ ആങ്ങളക്ക് എഴുതിവെച്ചു. എന്നാല്‍ ചിന്നമ്മയുടെ ആങ്ങള ചിന്നമ്മയെയും സണ്ണിയെയും ചതിച്ചു വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. അധികം താമസിയാതെ യാതനയും വേദനയും ദാരിദ്ര്യവും അനുഭവിച്ച് ആരോരുമില്ലാതെ ചിന്നമ്മ മരിച്ചു. ഇതിനിടയില്‍ സണ്ണിയുടെ ആദ്യ ഭാര്യ അന്നമ്മ, ചാണ്ടിയെന്ന ഒരു ചെറുപ്പക്കാരനെ വിവാഹം കഴിച്ചിരുന്നു. അധികം താമസിയാതെ അന്നമ്മയുടെ സ്വത്തും തട്ടിയെടുത്ത്, അന്നമ്മയെ പറ്റിച്ച്, ചെറുപ്പക്കാരിയായ ഒരു സ്പാനിഷ് സുന്ദരിയുമായി ചാണ്ടി കടന്നു കളഞ്ഞു.
ആദ്യ വിവാഹബന്ധങ്ങള്‍ വേര്‍പെട്ട സണ്ണിയും അന്നമ്മയും തുല്യദുഃഖിതരും, ഒരര്‍ത്ഥത്തില്‍ ആരോരുമില്ലാത്തവരുമായി മാറി. അവരിരും രോഗികളായി നേഴ്‌സിംഗ് ഹോമുകളില്‍ അന്തേവാസികളായി കഴിഞ്ഞുപോയ കാലങ്ങളെ പറ്റി ചിന്തിച്ച് കണ്ണീര്‍ പൊഴിച്ചു. ജീവിക്കാന്‍ മറന്നുപോയവരായിരുന്നു അവര്‍. കാലങ്ങള്‍ കഴിഞ്ഞു. രോഗബാധിതരായ അവര്‍ ഇരുവരുടെയും കണ്ണുകള്‍ അധിക കാലതാമസങ്ങള്‍ കൂടാതെ നിത്യമായി അടഞ്ഞു.
മറ്റുള്ളവരെ സഹായിക്കുന്നതു നല്ല പ്രവര്‍ത്തി തന്നെ. പക്ഷേ ചതിക്കുഴികളില്‍ വീഴാതെ നമ്മള്‍ ജാഗരൂപുകരായിക്കണം. അതുപോലെ ഓരോരുത്തരും സ്വയം ജീവിക്കണം. ജീവിക്കാന്‍ മറന്നു പോകരുത് എന്ന ഒരു സന്ദേശവും ദുഃഖ പര്യവസായി ആയ ഈ നോവലില്‍ ജോണ്‍ ഇളമത വരച്ചു കാട്ടുന്നു. നോവലിനും നോവലിസ്റ്റിനും ഭാവുകങ്ങള്‍. കൈരളി ബുക്‌സ് കോഴിക്കോട് ആണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍.
ജോണ്‍ ഇളമതയുടെ നോവല്‍ 'ജീവിക്കാന്‍ മറന്നു പോയവര്‍'. അമേരിക്കയിലെ ഹ്യൂസ്റ്റനില്‍ പ്രകാശനം ചെയ്തപ്പോള്‍ എടുത്ത വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു.
https://www.youtube.com/watch?v=fgXTX-LTIqo&t=9s