"എന്താ പിള്ളേച്ചാ, കണ്ടിട്ടു കുറെ നാളായല്ലോ."
"പല കാര്യമല്ലേടോ, എന്നും ഒരേ സമയത്തു വരാൻ പറ്റുന്നില്ല."
"എന്തൊക്കെയുണ്ട്? വാർത്തകളൊക്കെ കാണുന്നുണ്ടല്ലോ, അല്ലേ?"
"എല്ലാ ചാനലിലും ഒരേ വാർത്തയല്ലേ, കന്യാസ്ത്രീകളെ ഛത്തീസ്ഘട്ടിൽ അറസ്‌റ്റ് ചെയ്തത്!"
"ഈ ചാനലുകൾ പറയുന്നത് സത്യമാണോ, അതോ ആ കന്യാസ്ത്രീകൾ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവുമൊക്കെ നടത്തിക്കാണുമോ?"
"ഇയാളെന്താടോ, ഒരു വിവരവുമില്ലാത്തവരെപ്പോലെ സംസാരിക്കുന്നത്?"
"അതെന്താ പിള്ളേച്ചാ?"
എടോ, കേരളത്തിലെ സ്ഥിതി തന്നെയെടുക്ക്. ഇവിടെ ക്രിസ്ത്യാനികൾ ഉണ്ടായിട്ട് എത്രയോ നൂറ്റാണ്ടുകളായി! അവർ എത്ര പേരെ നിർബന്ധിച്ചു മതം മാറ്റിയിട്ടുണ്ട്?"
"പക്ഷേ, വടക്കേ ഇന്ത്യയിൽ, പ്രതേകിച്ചു കിഴക്കൻ സംസ്ഥാനങ്ങളിലും ഛത്തീസ്ഘട്ട് പോലെയുള്ള സംസ്ഥാനങ്ങളിലും വളരെയധികം പേർ ക്രിസ്‌തുമതം സ്വീകരിച്ചിട്ടുണ്ട്. അതൊക്കെ ഈ കന്യാസ്ത്രീകളെപ്പോലെയുള്ളവരുടെ പ്രവർത്തനം കൊണ്ടാണു പിള്ളേച്ചാ."
"ഇയാൾ ആ പറഞ്ഞതു ശരിയാണ്."
"അപ്പോൾ പിന്നെ ഹിന്ദുക്കൾ പ്രതിഷേധിക്കുന്നതിൽ കുറ്റം പറയാനാകുമോ?"
"അവിടെ ഇയാൾക്കു തെറ്റി. കാരണം, ആരെയെങ്കിലും നിർബന്ധിതമായി ഇവർ മതം മാറ്റിയിട്ടുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ടിപ്പു സുൽത്താൻ വാൾമുനയിലാണ് ആയിരങ്ങളെ മതം മാറ്റിയത്. ഓട്ടോമൻ സാമ്രാജ്യം മദ്ധ്യ പൗരസ്ത്യ ദേശത്തെ മുഴുവൻ ക്രൈസ്തവരെയും മതം മാറ്റി അവിടെയെല്ലാം ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ചത് വാളും തോക്കും ഉപയോഗിച്ചു ചോരക്കളം സൃഷ്ടിച്ചാണ്. എന്നാൽ ബ്രിട്ടീഷുകാർ 150 വർഷം ഇന്ത്യ ഭരിച്ചിട്ടും ഇവിടെ ക്രിസ്ത്യൻ ജനസംഖ്യ കൂടിയിട്ടില്ലെടോ."
"എങ്കിൽ പിന്നെ എന്തിനാണ് പിള്ളേച്ചാ, അവിടെ ഈ കന്യാസ്ത്രീകളെ വളരെ ഗുരുതരമായ കുറ്റം ചുമത്തി ജെയിലിൽ ഇട്ടിരിക്കുന്നത്?"
"അതിനു കാരണമുണ്ടെടോ. അത് മനസ്സിലാക്കണമെങ്കിൽ ഛത്തീസ്ഘട്ട്, ജാർഖണ്ഡ്, ഒഡീഷ്യ, ബീഹാർ, സപ്‌ത സഹോദരിമാരായ കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളെപ്പറ്റി അറിയണം. അവിടെ പോയി നേരിട്ടു കാണണം. ആദിവാസി-ഗോത്ര വർഗങ്ങളിൽ പെട്ടവരും മറ്റു കീഴ് ജാതികളിൽ പെട്ടവരും പാവപ്പെട്ടവരുമായ പരമ ദാരിദ്ര്യത്തിൽ കഴിയുന്ന ലക്ഷക്കണക്കിന് ആളുകളാണ് അവിടെ ജീവിക്കുന്നത്. എന്നാൽ മറ്റുള്ളവർ മേൽജാതിക്കാരും ധനികരും ഭൂവുടമകളുമാണ്. ഇവർ രാഷ്ട്രീയമായും അധികാരപരമായും സ്വാധീനമുള്ളവരും സ്വയമായി നിയമത്തിനു മുകളിലുള്ളവരുമാണെന്നു ധരിക്കുന്നവരുമാണ്. നാട്ടിലെ പോലീസ് സ്റ്റേഷനുകളും സിവിൽ ഓഫീസുകളും എല്ലാം ഇവർ പറയുന്നതുപോലെ മാത്രമേ ചലിക്കുകയുള്ളൂ. പാവപ്പെട്ട കീഴ്‌ജാതിക്കാരായവരൊക്കെ ഇവർക്കു സേവനം ചെയ്‌തു മരിക്കാനായി ഈശ്വരൻ സൃഷ്ടിച്ചിരിക്കുന്നവരാണെന്നാണ് ഇക്കൂട്ടർ വിശ്വസിക്കുന്നത്. ഇവർക്ക് കാര്യമായ വിദ്യാഭ്യാസമോ പുറം ലോകവുമായി ബന്ധപ്പെടാനുള്ള കഴിവോ കിട്ടുന്നില്ലെന്ന് മേലാളന്മാർ ഉറപ്പാക്കും. അതുകൊണ്ടുതന്നെ ഇന്ത്യൻ ഭരണഘടനയിൽ ഇവർക്കു ലഭ്യമാകുന്ന ആനുകൂല്യങ്ങളെപ്പറ്റി ഇവർ അധികമൊന്നും മനസ്സിലാക്കിയിട്ടുമില്ല. അങ്ങനെയൊരു വ്യവസ്ഥിതി നിലനിൽക്കുന്ന ഇവരുടെ കൂരകളിലേക്കാണ് ക്രിസ്ത്യൻ മിഷനറിമാർ കടന്നു ചെന്ന് അവർക്ക് ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളെപ്പറ്റി അവരെ ബോധവത്കരിക്കാൻ ശ്രമിക്കുന്നത്. അത് മേലാളന്മാർക്കു സഹിക്കുമോ?"
"അപ്പോൾ പിന്നെ പിള്ളേച്ചാ, ഈ മതപരിവർത്തനം നടത്തുന്നു എന്ന് പറയുന്നത് കള്ളമാണോ?"
"അല്ലെടോ. അതിലും സത്യമുണ്ട്. കാരണം, കത്തോലിക്കാ മിഷനറിമാർ നൂറ്റാണ്ടുകളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അവരുടെ സേവനരീതിയും പ്രവർത്തനവും കണ്ട് ആകൃഷ്ടരായി ക്രിസ്തുമതത്തിലേക്ക് വളരെപ്പേർ ചേർന്നിട്ടുണ്ട്. അത് ഭരണഘടന നൽകുന്ന അവകാശങ്ങളിൽ പെടുന്നതാണ്. എന്നാൽ പെന്തക്കോസ്തു വിഭാഗത്തിൽ പെടുന്ന ചില പാസ്റ്റർമാർ മതപരിവർത്തനം മാത്രം ലക്ഷ്യമാക്കി ഗ്രാമങ്ങളിൽ പലയിടത്തും യോഗങ്ങൾ കൂടുകയും ഹിന്ദു വിശ്വാസം തെറ്റാണെന്നും ക്രിസ്തു മാത്രമേ രക്ഷകനായുളളൂ എന്നും പ്രചരിപ്പിക്കുന്നു. ആളുകളെ ആകർഷിക്കാനായി കുറച്ചു ഭക്ഷണവും വസ്ത്രങ്ങളുമൊക്കെ നൽകുകയും ചെയ്യും. അത് പലരെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്."
"എന്തിനാണ് പിള്ളേച്ചാ ഈ കന്യാസ്ത്രീകളെ ഇപ്പോൾ ഇങ്ങനെ ആൾക്കൂട്ട വിചാരണ നടത്തി അകത്താക്കിയിരിക്കുന്നത്? ഇത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമാണോ, പ്രത്യേകിച്ച് ഇന്ത്യ ആഗോള തലത്തിൽ കുതിച്ചുയരാൻ ശ്രമിക്കുമ്പോൾ?"
"എടോ, ഇതിൽ സർക്കാരിന് കാര്യമായി ഒന്നും ചെയ്യാൻ എളുപ്പമല്ല. ഈ കത്തോലിക്കാ സഭ ഇങ്ങനെയുള്ള ആദിവാസി ഗ്രാമങ്ങളിൽ പലയിടത്തും സ്‌കൂളുകൾ നടത്തുന്നുണ്ട്. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുത്തു മുഖ്യധാരയിലേക്കു കൊണ്ടുവന്നാൽ മേലാളന്മാർക്കതു സഹിക്കാവുന്ന കാര്യമല്ല.. അതുകൊണ്ടാണ് ഇങ്ങനെയുള്ള സ്‌കൂളുകൾ മതപരിവർത്തന കേന്ദ്രങ്ങളാണെന്നവർ പ്രചരിപ്പിക്കുന്നത്. ഇന്ന് ഇന്ത്യയിൽ അഭ്യസ്ത വിദ്യരായ നല്ലൊരു പങ്ക് ഇന്ത്യക്കാരും പഠിച്ചത് ക്രിസ്ത്യൻ സ്ഥാപനങ്ങളിലാണ്. ഇന്ത്യയുടെ ആകെയുള്ള 14 പ്രധാനമന്ത്രിമാരിൽ 11 പേരും പഠിച്ചത് ക്രിസ്ത്യൻ സ്‌കൂളുകളിലാണ്. എ പി ജെ അബുൾകലാം പോലും സയൻസ് പഠിച്ചത് ക്രിസ്ത്യൻ കോളേജിലാണ്. ഇവരെ ആരെങ്കിലും മതപരിവർത്തനം നടത്തിയോ? അപ്പോൾ അതല്ല യഥാർത്ഥ വിഷയം. പിന്നെ 'മനുഷ്യക്കടത്ത്'! അത് പിന്നീട് എഴുതി ചേർത്തതാണെന്ന് ഒരു ബിജെപി നേതാവ് തന്നെ പറയുന്നത് ടീവിയിൽ കണ്ടു."
"ഇത് തികച്ചും അനീതിയാണെങ്കിൽ സർക്കാർ എന്തുകൊണ്ട് ഈ രണ്ടു കന്യാസ്ത്രീകളെ ആൾക്കൂട്ട വിചാരണയ്ക്ക് വിട്ടുകൊടുത്തു? പോലീസിന്റെ സാന്നിധ്യത്തിൽ പോലും വിചാരണ ചെയ്യുന്നതും പീഡിപ്പിക്കുന്നതും ബജ്‌രംഗദൾ പ്രവർത്തകരാണല്ലോ."
"അതാണെടോ കാര്യം. അവിടെയാണ് രാഷ്ട്രീയം. ഈ മേലാളന്മാരാണ് അവിടെ തെരഞ്ഞെടുപ്പിൽ ആരു ജയിക്കണം എന്നു തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ അവരെ പിണക്കാൻ ഭരണാധികാരികൾ ഇഷ്ടപ്പെടുന്നില്ല. ഇതേ നയമാണ് കഴിഞ്ഞ 60 വർഷമായി കോൺഗ്രസ് തുടർന്നത്. ഇപ്പോൾ അത് തന്നെ ബി ജെ പിയും തുടരുന്നു. ലോക്കൽ ആയിട്ടുള്ള സാധാരണക്കാരെ ഇളക്കി വിടാൻ പറ്റിയ ഏറ്റവും എളുപ്പ മാർഗം മതമാണ്. ആ ഭ്രാന്ത് തലയ്ക്കു പിടിച്ചാൽ പിന്നെ ആരെയും വെട്ടാനോ കുത്താനോ ആർക്കും മടിയില്ലല്ലോ."
"ഇപ്പോൾ കേരളത്തിലാണല്ലോ വലിയ പ്രതിഷേധം. മറ്റുള്ള സംസ്ഥാനങ്ങളിൽ ആരും പ്രതിഷേധിച്ചു കണ്ടില്ലല്ലോ. അതെന്താ പിള്ളേച്ചാ?"
"എടോ, കേരളത്തിലെ ഈ ബഹളവും പ്രതിഷേധവുമൊക്കെ വെറും പൂച്ചല്ലേ! കോൺഗ്രസും എൽ ഡി എഫും വൻ പ്രതിഷേധമാണല്ലോ. ഏറ്റവും രസം പഴയ പോപ്പുലർ ഫ്രണ്ടുകാരായ എസ് ഡി പി ഐയുടെ വീറോടെയുള്ള പ്രതിഷേധമാണ്. അവരുടെ ക്രിസ്ത്യാനികളോടുള്ള ‘സഹോദര സ്നേഹം’ കണ്ടു കണ്ണ് നിറഞ്ഞു പോയി."
"ഇവരല്ലേ പിള്ളേച്ചാ, കുറച്ചു നാൾ മുൻപ് ക്രിസ്ത്യാനികളോട് ‘കുന്തിരിക്കം വീട്ടിൽ കാത്തു വച്ചോളൂ’ന്നു പറഞ്ഞത്?"
"താൻ ഇതിനിടയ്ക്ക് അതോർമ്മിപ്പിക്കാതെടോ."
"അല്ല പിള്ളേച്ചാ, അമേരിക്കയിലുള്ള ചില ഹിന്ദു സഹോദരങ്ങൾ ബജ്‌രംഗദൾ പ്രവർത്തകരെ അനുമോദിച്ചു കൊണ്ടു സംസാരിക്കുന്നതു കണ്ടു. സത്യത്തെ വളച്ചൊടിക്കാൻ എന്തിനാണ് ഇവർ കൂട്ടുനിൽക്കുന്നത്?"
"എടോ, അത് ഇന്ത്യയിലല്ലേ. ഇവിടെ അമേരിക്കയിൽ നമുക്ക് സാധിക്കുന്നിടത്തൊക്കെ അമ്പലം പണിയണം. സന്യാസിമാരുടെ പ്രഭാഷണങ്ങളിൽ സായിപ്പന്മാരെ കൂടുതൽ പങ്കെടുപ്പിക്കണം. വാദ്യാഘോഷത്തോടെ തെരുവിൽ കൂടി ഘോഷയാത്ര നടത്തണം. ദീപാവലി പോലെയുള്ള ആഘോഷങ്ങൾക്ക് അവധി നൽകണം. കാവി മുണ്ടോ സാരിയോ ചുരിദാറോ തുടങ്ങി ഇഷ്ട്ടപ്പെട്ട വേഷം ഉടുത്തു നടക്കണം. അതൊക്കെ വേണം. പക്ഷേ, ഇന്ത്യയിൽ തിരുവസ്ത്രം അണിഞ്ഞു കന്യാസ്ത്രീകൾ നടക്കാൻ പാടില്ല. കയ്യിൽ ബൈബിൾ കൊണ്ട് നടക്കാൻ പാടില്ല എന്നു പറഞ്ഞാൽ അതിനെ ന്യായീകരിക്കുക! അതാണെടോ ഇരട്ടത്താപ്പ്! ദിവസം അഞ്ചു നേരം ബാങ്ക് വിളിക്കുന്നത് അറബിയിലായതു കൊണ്ട് ആർക്കും മനസ്സിലാകാഞ്ഞിട്ടാണോ എന്നറിയില്ല, ഏതായാലും അതിൽ പ്രതിഷേക്കാത്തതു ഭാഗ്യം!"
"ഇതിൽ ആർക്കാണ് പിള്ളേച്ചാ, രാഷ്ട്രീയമായി നേട്ടമുണ്ടാകുന്നത്?"
"സംശയമെന്താണ്? കേരളത്തിൽ ഇത് കൊണ്ട് നേട്ടമുണ്ടാകുന്നത് സി പി എമ്മിനു തന്നെയാണ്. കാരണം, ബി ജെ പിയുമായി കേരളത്തിലെ ക്രിസ്ത്യാനികൾ ഈയിടെയായി വളരെ അടുത്ത് വരികയായിരുന്നു. അടുത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് പത്തു പതിനഞ്ചു സീറ്റ് അവർക്ക് ഉറപ്പിക്കാമായിരുന്നു. സിപിഎം കേരളത്തിൽ അസ്തമിച്ചേക്കും എന്നു പോലും പലരും വിധിയെഴുതിയതാണ്. എല്ലാം ഇതോടെ തകിടം മറിഞ്ഞു. ബിജെപി വെട്ടിലായി. വീണ്ടും പിണറായി തന്നെ തുടർഭരണം നേടിയാലും അത്ഭുതപ്പെടാനില്ലെടോ. അപ്പോൾ ഇതൊക്കെ ഒരു നാടകത്തിന്റെ തിരക്കഥയായിരുന്നോ എന്നു വല്ലവരും ചോദിച്ചാൽ പോലും കുറ്റം പറയാനാവില്ല."
_________________