Image

ഫൊക്കാന കേരള കണ്‍വന്‍ഷനിലെ ലൈവ് കാരിക്കേച്ചര്‍ കൗതുകകരമാവും: പ്രസിഡന്റ് സജിമോന്‍ ആന്റണി (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 31 July, 2025
ഫൊക്കാന കേരള കണ്‍വന്‍ഷനിലെ ലൈവ് കാരിക്കേച്ചര്‍ കൗതുകകരമാവും: പ്രസിഡന്റ് സജിമോന്‍ ആന്റണി  (എ.എസ് ശ്രീകുമാര്‍)

കോട്ടയം: ഫൊക്കാന കണ്‍വന്‍ഷനില്‍ ഇതാദ്യമായി ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്‍ട്ടൂണിസ്റ്റുകളുടെ ലൈവ് കാരിക്കേച്ചര്‍ സെഗ്മെന്റ് ഏവരെയും ആകര്‍ഷിക്കുന്നതും കൗതുകകരവുമായിരിക്കുമെന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി ഇ മലയാളിയെ അറിയിച്ചു. കേരളത്തിലെ പ്രമുഖരായ ആറ് കാര്‍ട്ടൂണിസ്റ്റുകള്‍ തങ്ങളുടെ കൈയ്യൊപ്പ് ചാര്‍ത്തിയ സ്ട്രോക്കുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന കാരിക്കേച്ചര്‍ ലൈവ് പ്രോഗ്രാം ഫൊക്കാന കേരള കണ്‍വന്‍ഷനില്‍ ഉള്‍ക്കൊളിച്ചത്, വ്യത്യസ്തമായ പരിപാടികളില്‍ സംഘടന ഊന്നല്‍ കൊടുക്കുന്നതിന്റെ ഭാഗമായാണെന്ന് അദ്ദേഹം വ്യക്തമാക്കി.

''കഴിഞ്ഞ 42 വര്‍ഷത്തെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, ഫൊക്കാന എക്കാലത്തും സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ആള്‍ക്കാരെ പ്രത്യേകിച്ചും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. അതിന്റെ ഉദാഹരമായി 2020-ലെയും 2022-ലെയുമൊക്കെ കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടാം. 2020-ല്‍ ജോര്‍ജ് വര്‍ഗീസ് പ്രസിഡന്റായിരുന്ന സമയത്ത് നമ്മള്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള ഒരു ആശയം സമൂഹമധ്യത്തിലേയ്ക്ക് കൊണ്ടുവന്നു. മജീഷ്യന്‍ ഗോപിനാഥ് മുതുകാടുമായി സഹകരിച്ച് അദ്ദേഹത്തിന്റെ ചാരിറ്റി ആസ്ഥാനത്താണ് അന്ന് കണ്‍വന്‍ഷന്‍ നടത്തിയത്...'' സജിമോന്‍ ആന്റണി വിശദീകരിച്ചു.

മലയാളഭാഷയ്ക്കും സാഹിത്യത്തിനും ഫൊക്കാന പ്രോത്സാഹനം ചെയ്യുന്നുണ്ട്. ഭാഷയ്ക്കൊരു ഡോളര്‍ പദ്ധതി ഒരുദാഹരണം. സാഹിത്യ മേഖലയിലുള്ളവരെ ഇരുകൈയും നീട്ടിയാണ് ഫൊക്കാന സ്വാഗതം ചെയ്യുന്നത്. അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു മേഖലയാണ് കാരിക്കേച്ചര്‍ എന്ന് പറയുന്നത്. കാരിക്കേച്ചര്‍-കാര്‍ട്ടൂണ്‍ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഫൊക്കാന ഈയൊരു ഇനിഷ്യേറ്റീവ് എടുത്തിരിക്കുന്നത്. അവര്‍ക്കൊരു പ്രോത്സാഹനം കിട്ടുന്നതോടൊപ്പം തന്നെ, കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ആള്‍ക്കാര്‍ക്ക് അതിനെപ്പറ്റി കൂടുതല്‍ അറിയുവാനും സ്വന്തം ചിത്രം മറ്റൊരു രൂപത്തില്‍ വരച്ച് കാണുവാനും കൂടിയുള്ള സുവര്‍ണാവസരമാണിതെന്ന് സജിമോന്‍ ആന്റണി പറഞ്ഞു.

ഇവര്‍ക്ക് അക്ഷരനഗരിയായ കോട്ടയത്തു തന്നെ ഒരു സംഘടനയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പല പത്രങ്ങളിലും കാര്‍ട്ടൂണ്‍-കാരിക്കേച്ചറിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അവരുടെ കൂട്ടായ്മയ്ക്കുള്ള ഒരു അവസരം കൂടിയാണിത്. പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളായ അനൂപ് രാധാകൃഷ്ണന്‍, മധൂസ്, വിനു, എസ് ഗിരീഷ്, ജയരാജ്, രതീഷ് രവി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ കാരിക്കേച്ചറുകള്‍ വരയ്ക്കാനെത്തുന്നത്. ഒരു ആര്‍ട്ടിസ്റ്റിന്റെ തനതായ സ്ട്രോക്കുകളിലൂടെ ലളിതമോ അതിശയോക്തിപരമോ ആയ രീതിയില്‍ വ്യക്തികളുടെ ചില പ്രത്യേകമായ സവിശേഷതകള്‍ എടുത്തു കാണിക്കുന്ന റെന്‍ഡര്‍ ചെയ്ത ചിത്രകലാരൂപമാണ് കാരിക്കേച്ചര്‍.

ഇതൊടൊപ്പം 'മൈല്‍സ്റ്റോണ്‍ ചാരിറ്റബിള്‍ സൊസൈറ്റി'യുമായി സഹകരിച്ചു നടത്തുന്ന 'സ്വിം കേരള സ്വിം' പ്രോജക്ടും വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1500-ലധികം പേര്‍ വെള്ളത്തില്‍ മുങ്ങിമരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. അതിനാല്‍ ജലസുരക്ഷയ്ക്കു വേണ്ടിയുള്ള ബോധവത്ക്കരണം ശക്തമാക്കുക എന്ന നിലയിലാണ് ഈ പ്രോജക്ട് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതുവരെ ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള ഒരു സംഘടനയും ശ്രദ്ധിക്കാത്ത ഒരു മേഖലയാണിതെന്ന് മനസിലായതുകൊണ്ടാണ് ഫൊക്കാന ഈ ഏരിയയിലേയ്ക്ക് എത്തിയതെന്ന് സജിമോന്‍ ആന്റണി പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക