Image

'മനുഷ്യക്കടത്തിന് ഇരയായ ആദിവാസികളേക്കാള്‍ കന്യാസ്ത്രീകള്‍ക്ക് പ്രാധാന്യം നൽകുന്നത് സംശയാസ്പദം; വിമർശനം തുടർന്ന് വിശ്വഹിന്ദുപരിഷത്ത്

രഞ്ജിനി രാമചന്ദ്രൻ Published on 31 July, 2025
'മനുഷ്യക്കടത്തിന് ഇരയായ ആദിവാസികളേക്കാള്‍  കന്യാസ്ത്രീകള്‍ക്ക് പ്രാധാന്യം നൽകുന്നത് സംശയാസ്പദം; വിമർശനം തുടർന്ന്  വിശ്വഹിന്ദുപരിഷത്ത്

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരെ വീണ്ടും രംഗത്തുവന്ന് കേരള വിശ്വഹിന്ദു പരിഷത്ത്. കന്യാസ്ത്രീകളായതുകൊണ്ടും മലയാളികളായതുകൊണ്ടും കുറ്റം ചെയ്താലും അവരെ രക്ഷിക്കണമെന്ന ചില സംഘടനകളുടെ നയം അപലപനീയമാണെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസ്താവനയിലൂടെ വിമർശിച്ചു.

മനുഷ്യക്കടത്തിന് ഇരയായ ആദിവാസി കുട്ടികളേക്കാൾ പ്രാധാന്യം കന്യാസ്ത്രീകൾക്ക് നൽകാൻ കേരളത്തിലെ പാർട്ടികൾ കാണിക്കുന്ന വ്യഗ്രത സംശയാസ്പദമാണെന്നും വിശ്വഹിന്ദു പരിഷത്ത് കുറ്റപ്പെടുത്തി. കുറ്റവാളികൾക്ക് ശിക്ഷ നൽകണമെന്നാണ് തങ്ങളുടെ നിലപാടെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി.

ഛത്തീസ്ഗഡ് നിയമസഭയിൽ കോൺഗ്രസ് അംഗങ്ങൾ മൗനം തുടരുന്നത് തന്നെ കന്യാസ്ത്രീകൾ നിയമവിരുദ്ധ ഇടപാട് നടത്തി എന്നതിന് തെളിവാണെന്നും വിശ്വഹിന്ദു പരിഷത്ത് ചൂണ്ടിക്കാട്ടി. കന്യാസ്ത്രീകൾ സമ്മർദതന്ത്രം പ്രയോഗിക്കാതെ നിയമം അനുശാസിക്കുന്ന രീതിയിൽ വിചാരണ നേരിടണം. മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ടവർക്ക് നിയമസഹായം ഉൾപ്പെടെ നൽകാൻ വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്ദളും തയ്യാറാണെന്നും അവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

തൊഴിൽ നൽകുന്നതിന് വേണ്ടിയാണ് പെൺകുട്ടികളെ കൊണ്ടുപോയതെങ്കിൽ അവിടുത്തെ തൊഴിൽ വകുപ്പിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമായിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് വിശദീകരിക്കുന്നു. ഇത്തരം കാര്യങ്ങൾ തെളിയിക്കുന്നത് കന്യാസ്ത്രീകൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തുവെന്ന് തന്നെയാണ്. ഛത്തീസ്ഗഡ് സംഭവത്തിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവർത്തിച്ചു.

 

 

English summary:

Giving more importance to the nuns than to the tribal people who were victims of human trafficking is questionable; criticism follows from the Vishwa Hindu Parishad

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക