വാഷിംഗ്ടൺ : യുഎസ് നാവികസേനയുടെ യുദ്ധവിമാനം പരിശീലന പറക്കലിനിടെ കാലിഫോർണിയയിൽ തകർന്നു വീണു. എഫ്-35 യുദ്ധവിമാനമാണ് തകർന്നത്. കാലിഫോർണിയയിലെ നേവൽ എയർ സ്റ്റേഷൻ ലെമൂറിന് സമീപമാണ് വിമാനം തകർന്നത് .
വിമാനം തകരുന്നതിനു മുൻപ് പൈലറ്റ് സുരക്ഷിതനായി ഇജക്റ്റ് ചെയ്തതായി യുഎസ് നാവികസേന വ്യക്തമാക്കി. പ്രാദേശിക സമയം വൈകുന്നേരം 4:30 ഓടെയാണ് അപകടം നടന്നത്. മധ്യ കാലിഫോർണിയയിലെ ഫ്രെസ്‌നോ നഗരത്തിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ലെമൂർ നേവൽ എയർ സ്റ്റേഷന് സമീപം വച്ചാണ് അപകടമുണ്ടായത്.
ഏകദേശം 115 മില്യൺ ഡോളർ വിലവരുന്ന ലോകത്തിലെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ആയാണ് ഈ യുദ്ധവിമാനം അറിയപ്പെടുന്നത്. യുഎസ് പ്രതിരോധ ഭീമനായ ലോക്ക്ഹീഡ് മാർട്ടിൻ വികസിപ്പിച്ചെടുത്ത അഞ്ചാം തലമുറ സ്റ്റെൽത്ത് മൾട്ടിറോൾ കോംബാറ്റ് വിമാനമാണ് F35.