ഇന്ത്യയിൽ നിരോധിക്കപ്പെട്ട സാറ്റലൈറ്റ് ഫോണുമായി ചെന്നൈയിൽ വിമാനമിറങ്ങിയ അമേരിക്കൻ വിദ്യാർഥിയെ കസ്റ്റഡിയിൽ എടുത്തു. സിംഗപ്പൂരിലേക്കുള്ള സ്കൂട്ട് എയർലൈൻസ് അർധരാത്രിക്കു ശേഷം പുറപ്പെടാൻ പോകുമ്പോഴാണ് വിമാനത്തിൽ സിംഗപ്പൂരിൽ ചെന്നു ഓസ്ട്രേലിയയിലേക്കു പോകാനിരുന്ന ഓക്‌ലി ജാക്‌സണെ (22) തടഞ്ഞു വച്ചത്.
ബാഗേജിലാണ് ഫോൺ കണ്ടെത്തിയത്. യുഎസിൽ യൂണിവേഴ്സിറ്റി വിദ്യാർഥിയായ ജാക്‌സൺ കഴിഞ്ഞയാഴ്ച്ചയാണ് ഡൽഹിയിൽ നിന്നു ചെന്നൈയിൽ എത്തിയത്.
ടൂറിസ്റ്റായ ജാക്‌സൺ പറയുന്നത് ഇന്ത്യൻ സാറ്റലൈറ് ഫോണുകൾക്കു നിരോധനം ഉണ്ടെന്നു അറിയില്ലായിരുന്നു എന്നാണ്. യുഎസിൽ നിന്ന് ഡൽഹിയിലേക്കും അവിടന്നു ചെന്നൈയിലേക്കും ഫോൺ കൈയ്യിൽ വച്ചു യാത്ര ചെയ്തിട്ടും ആരും തടഞ്ഞില്ല.
എന്നാൽ ചെന്നൈയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഈ വിശദീകരണങ്ങൾ സ്വീകരിച്ചില്ല. അദ്ദേഹത്തിന്റെ ടിക്കറ്റ് ഉടൻ റദ്ദാക്കി. ഫോൺ പിടിച്ചെടുക്കുകയും ചെയ്തു.
ചെന്നൈയിൽ ജാക്‌സൺ ഈ ഫോൺ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുന്നുണ്ടെന്നു പോലീസ് പറഞ്ഞു. ആരൊക്കെയായി ബന്ധപ്പെട്ടു എന്നും അന്വേഷിക്കുന്നു.
പതിവ് നെറ്റ്വർക്കുകളെ മറികടക്കുന്ന സാറ്റലൈറ് ഫോണുകൾ സുരക്ഷാ ഭീഷണിയാണെന്നു പോലീസ് പറയുന്നു. അവ പിടിച്ചാൽ കർശന നടപടി എടുക്കും.
ചെന്നൈയിലെ യുഎസ് കോൺസലേറ്റിനെ വിവരം അറിയിച്ചിട്ടുണ്ട്.
സാറ്റലൈറ്റ് ഫോൺ കൊണ്ടുവരുന്നവർ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് ഇന്ത്യയിൽ നിയമമുണ്ട്. അന്വേഷണം പൂർത്തിയാവുന്നതു വരെ ജാക്‌സൺ കസ്റ്റഡിയിൽ തുടരും.
US student detained at Chennai