കോട്ടയം: മൂന്ന് പതിറ്റാണ്ടിലേറെയായി ഫൊക്കാന, കേരളാ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നടത്തുന്ന 'ഭാഷയ്ക്കൊരു ഡോളര്‍' എന്ന കൈയ്യൊപ്പു ചാര്‍ത്തിയ പരിപാടി ഇത്തവണത്തെ കേരള കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ഓഗസ്റ്റ് 2-നാണ്. കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലെ ശബരി ഹാളില്‍ ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയാണ് ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരം സമ്മാനിക്കുന്നതുള്‍പ്പെടെയുള്ള സമ്മേളനം. 2023 ഡിസംബര്‍ 1 മുതല്‍ 2024 നവംബര്‍ 30 വരെയുഉള്ള കാലയളവില്‍ കേരളത്തിലെ വിവിധ സര്‍വകാലാശാലകളില്‍ നിന്നും മലയാള ഭാഷയിലും സാഹിത്യത്തിലും പി.എച്ച്.ഡി ലഭിച്ചവരുടെ ഏറ്റവും മികച്ച പ്രബന്ധമാണ് ഇക്കുറി അവാര്‍ഡിനായി രിരഞ്ഞെടുത്തിരിക്കുന്നത്.
മലയാള ഭാഷയെ അകമഴിഞ്ഞ് സ്നേഹിക്കുന്നതിനും ജന്‍മനാട്ടില്‍ മലയാളത്തെ പരിപോഷിപ്പിക്കുന്നതിനുള്ള എളിയ മുന്നേറ്റമായും 1991-ല്‍ വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ അന്നത്തെ പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ളയാണ് ഭാഷക്കൊരു ഡോളര്‍ പദ്ധതി ആവിഷ്‌കരിച്ചത്. അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നതും മൂല്യനിര്‍ണയം നടത്തി വിജയിയെ പ്രഖ്യാപിക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും കേരള സര്‍വകലാശാല നേരിട്ടാണ് നടത്തുന്നത്. ഇതിനുള്ള മൊത്തം ചെലവും ഫൊക്കാനയാണ് വഹിക്കുന്നത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഫൊക്കാന കേരള കണ്‍വന്‍ഷനില്‍ വച്ചാണ് 50,000 രൂപയുടെ അവാര്‍ഡ് സമ്മാനിക്കുക.
സര്‍വകലാശാല പോലെയുള്ള ഒരു സര്‍ക്കാര്‍ സംവിധാനവും ഒരു പ്രവാസി മലയാളി സംഘടനയും ചേര്‍ന്ന് ഇത്രയും വര്‍ഷമായി മുടങ്ങതെ നടപ്പാക്കുന്ന കേരളത്തിലെ പ്രഥമ പരിപാടിയാണിത്. അമേരിക്കന്‍ മലയാളികളുടെ ആദ്യ ഫെഡറേഷന്‍ എന്ന നിലയില്‍ മാതൃഭാഷയെ വന്ദിക്കുന്നതിനും പുതു തലമുറ മലയാളത്തില്‍ അഭിമാനം കൊള്ളണമെന്നുമുള്ള ആഗ്രഹം നിറവേറ്റുകയെന്നതുമാണ് ഭാഷയ്ക്കൊരു ഡോളര്‍ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഫൊക്കാന മുന്‍ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ആണ് നിലവില്‍ ഈ പുരസ്‌കാരത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നത്.