ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിശിത പരാമർശങ്ങളെ പിന്തുണച്ച് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി . ഇന്ത്യൻ ഇറക്കുമതിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ തീരുവകളും പിഴകളും പ്രഖ്യാപിക്കുകയും, ഇന്ത്യയെയും റഷ്യയെയും “നിർജ്ജീവ സമ്പദ്‌വ്യവസ്ഥകൾ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന.
ട്രംപ് പറഞ്ഞതിനെ കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞു, "അതെ, അദ്ദേഹം പറഞ്ഞത് ശരിയാണ്, പ്രധാനമന്ത്രിയും ധനമന്ത്രിയും ഒഴികെ എല്ലാവർക്കും അറിയാം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിർജ്ജീവമാണെന്ന് . പ്രസിഡന്റ് ട്രംപ് ഒരു വാസ്തവം തുറന്നുപറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒരു നിർജ്ജീവ സമ്പദ്‌വ്യവസ്ഥയാണെന്ന് ലോകം മുഴുവൻ അറിയാം. ഗൗതം അദാനിയുടെ നേട്ടത്തിനായി സർക്കാർ സമ്പദ്‌വ്യവസ്ഥയെ തളർത്തുകയാണെന്നും ഒന്നോ രണ്ടോ ബിസിനസുകാരെ പിന്തുണയ്ക്കാൻ വേണ്ടി മാത്രമാണ് അവർ സമ്പദ്‌വ്യവസ്ഥയെ തകർത്തത്” എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്ത്യ-റഷ്യ വ്യാപാര ബന്ധത്തെ കുറ്റപ്പെടുത്തിയാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ഇന്ത്യ റഷ്യയുമായി എന്തു ചെയ്താലും തനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ ഡൊണാള്‍ഡ് ട്രംപ് ഇരു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ നിര്‍ജ്ജീവമാണെന്ന് പറയുകയായിരുന്നു. രണ്ടുകൂട്ടരും ഒരുമിച്ച് മുങ്ങാന്‍ പോവുകയാണെന്നും ട്രംപ് പറഞ്ഞു. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിനെ തുടര്‍ന്ന് ഇന്ത്യയ്ക്കെതിരെ 25 ശതമാനം പകരച്ചുങ്കം ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പരാമര്‍ശവും നടത്തിയത്.
ഇതേസമയം അമേരിക്കയുടെ ഭീഷണികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വഴങ്ങുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ നടപ്പാകുമെന്നും ട്രംപ് പറയുന്നതുപോലെ മോദി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തിന്റെ ഇന്നത്തെ പ്രധാന വിഷയം ഈ സര്‍ക്കാര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെയും പ്രതിരോധ മേഖലയേയും വിദേശനയത്തെയും നശിപ്പിച്ചുവെന്നതാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.