വാഷിംഗ്‌ടൺ: പലസ്തീനെ അംഗീകരിക്കുമെന്ന കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. കാനഡയുമായി വ്യാപാരകരാറിലേർപ്പെടാൻ ഇനി ബുദ്ധിമുട്ടായിരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത് . അമേരിക്കയുമായി വ്യാപാരകരാറിലേർപ്പെടാൻ ലോകരാജ്യങ്ങൾക്ക് നൽകിയിരിക്കുന്ന അവസാന തീയതിയായ ഓഗസ്റ്റ് ഒന്ന് എത്തിയിരിക്കെയാണ് ട്രംപിന്റെ ഭീഷണി.
സെപ്റ്റംബറിൽ ചേരുന്ന ഐക്യരാഷ്ട്ര സമിതിയുടെ 80-ാമത് ജനറൽ അസംബ്ലിയിൽ പലസ്തീനെ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നതായാണ് കനേഡിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇസ്രയേൽ എന്ന രാഷ്ട്രത്തിനൊപ്പം സമാധാനത്തിലും സുരക്ഷയിലും ജീവിക്കുന്ന സ്വതന്ത്രവും, പ്രായോഗികവും, പരമാധികാരവുമുള്ള പലസ്തീൻ രാഷ്ട്രം എന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് കാനഡ വളരെക്കാലമായി പ്രതിജ്ഞാബദ്ധമാണെന്നും കാർണി വ്യക്തമാക്കിയിരുന്നു.