Image

അര നൂറ്റാണ്ടു പിന്നിട്ട കാവ്യസപര്യ; 'പുതുയുഗപ്പിറവി' മുതൽ 'നടക്കാനിറങ്ങിയ കവിത' വരെ (ജോസഫ് നമ്പിമഠം)

Published on 01 August, 2025
അര നൂറ്റാണ്ടു പിന്നിട്ട കാവ്യസപര്യ; 'പുതുയുഗപ്പിറവി' മുതൽ 'നടക്കാനിറങ്ങിയ കവിത' വരെ (ജോസഫ് നമ്പിമഠം)

1970 മുതൽ കവിതകൾ എഴുതിത്തുടങ്ങിയെങ്കിലും 1975 ൽ എഴുതിയ "പുതുയുഗപ്പിറവി" എന്ന കവിത ആയിരുന്നു പ്രസിദ്ധീകരിച്ച ആദ്യ കവിത.1998 ൽ കോഴിക്കോട് മൾബറി പ്രസിദ്ധീകരിച്ച "നിസ്വനായ പക്ഷി" എന്ന എന്റെ ആദ്യ കവിതാ സമാഹാരത്തിലെ കവിതകളും, ആ  പുസ്തകത്തിന് ഡോക്ടർ  അയ്യപ്പപ്പണിക്കർ "ജോസഫ് നന്പിമഠത്തിന് ആശംസ"എന്ന പേരിൽ കുറിച്ച പഠനക്കുറിപ്പും, 2004 ൽ കോഴിക്കോട് പാപ്പിയോൺ  പ്രസിദ്ധീകരിച്ച "തിരുമുറിവിലെ തീ" എന്ന കവിതാ സമാഹാരത്തിലെ കവിതകളും അതിൽ "ഈ കവി ഇപ്പോഴും ഈ മുറ്റത്തു തന്നെ"എന്ന പേരിൽ കേരളത്തിന്റെ പ്രശസ്ത കവി പ്രൊഫസർ വി. മധുസൂദനൻ നായർ എഴുതിയ അവതാരികയും, 2004നു ശേഷം എഴുതിയതും പുസ്തക രൂപത്തിൽ ആക്കിയിട്ടില്ലാത്തതുമായ കവിതകളും ഉൾപ്പെടുത്തി, കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി എഴുതിയിട്ടുള്ള കവിതകളിൽ നിന്നും തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണിത്. വേറൊരു രീതിയിൽ പറഞ്ഞാൽ 'പുതുയുഗപ്പിറവി' എന്ന ആദ്യ കവിത മുതൽ ഏറ്റവും അവസാനം എഴുതിയ 'നടക്കാനിറങ്ങിയ കവിത'വരെയുള്ള കവിതകളുടെ സമാഹാരമാണിത്.

ചങ്ങനാശ്ശേരിക്കു സമീപം വടക്കേക്കര എന്ന ഗ്രാമത്തിൽ നമ്പിമഠം  കുടുംബത്തിൽ 1952 നവംബർ 18 നു ജനിച്ചു. പിതാവ്:  തോമസ് ദേവസ്യ നന്പിമഠം (ദേവസ്യാ സാർ) മാതാവ് : അന്നമ്മ ദേവസ്യ. പിതാവ് അദ്ധ്യാപകനായിരുന്ന വടക്കേക്കര ഗവൺമെൻറ് എൽ. പി. സ്‌കൂളിൽ നാലാം ക്‌ളാസ്സു വരെയും,1961മുതൽ 1968 വരെ ചങ്ങനാശ്ശേരി എസ്. ബി. ഹൈസ്‌കൂൾ ഇംഗ്ലീഷ് മീഡിയത്തിൽ പത്താം ക്‌ളാസ്സു വരെയും,1968 മുതൽ 1973 വരെ പ്രീ ഡിഗ്രി, ഡിഗ്രി കോഴ്‌സ് എന്നിവ എസ് ബി കോളേജിലുമായി വിദ്യാഭ്യാസം.1973 ൽ ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്ന് ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം നേടി. 1978 മുതൽ 1984 വരെ KSRTC യിൽ ജോലി ചെയ്‌തു.1985 ജനുവരിയിൽ അമേരിക്കയിലെ ഡാളസ് നഗരത്തിൽ എത്തി.1985 മുതൽ  അമേരിക്കയിൽ സ്ഥിരവാസം. 1991 മുതൽ 1993 വരെയുള്ള റേഡിയോളജി പഠനത്തിനുശേഷം വിവിധ ഹോസ്പിറ്റലുകളിൽ റേഡിയോളജി വിഭാഗത്തിൽ ജോലി ചെയ്‌തു. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ(O C I ) കാർഡുള്ള ഇന്ത്യക്കാരനുമാണ്.

1975 ൽ ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ എഴുതിയ "പുതുയുഗപ്പിറവി" എന്ന കവിതയാണ് പ്രസിദ്ധീകൃതമായ ആദ്യ കവിത. അക്കാലത്തെ പൊതുവായ അച്ചടക്കവും, മറ്റു നല്ല വശങ്ങളും കണ്ടപ്പോൾ എഴുതിയതാണ് ആ കവിത. അന്ന് എനിക്കു 23 വയസു പ്രായം. അടിയന്തിരാവസ്ഥ ഒരു കരിനിയമം ആയിരുന്നു എന്നുള്ള അറിവ്, അതു പ്രഖ്യാപിച്ചപ്പോൾ, മറ്റുള്ള പലരെയും പോലെ എനിക്കും അറിയില്ലായിരുന്നു. അടിയന്തിരാവസ്ഥയെ സൂചിപ്പിക്കുന്ന ഒരു പരാമർശവും ഈ കവിതയിൽ ഇല്ല. എന്റെ വീടിനടുത്തു കൊയ്‌ത്തു നടക്കുന്ന ഒരു വയലിന്റെ വരന്പിൽ കൂടെ നടന്നപ്പോൾ മനസ്സിൽ പൊന്തിവന്ന 'പുതുനെല്ലിൻ പുതുമണം' എന്ന രണ്ടു പദങ്ങളിൽ നിന്നാണ് കവിതയുടെ ജനനം. ഏഴാം ക്‌ളാസിൽ പഠിക്കുന്പോൾ മുതൽ കൊച്ചു കൊച്ചു കവിതാ ശകലങ്ങൾ കുത്തിക്കുറിച്ചിരുന്നെങ്കിലും ഈ കവിതയാണ് പ്രസിദ്ധീകൃതമായ ആദ്യ കവിത.

1976 ൽ ദീപികയിലാണ് ആദ്യ കൃതികൾ പ്രസിദ്ധീകരിച്ചത്. 'മരിയദാസ് നന്പിമഠം' എന്ന തൂലികാ നാമത്തിലാണ് എഴുതി തുടങ്ങിയത്.  . 1976 ലെ ദീപിക ഓണപ്പതിപ്പിന്റെ മുഖ്യ ലേഖനമായി പ്രസിദ്ധീകരിച്ച "ഓണം ഒരു മാതൃകാ ലോക സങ്കൽപ്പം" എന്നതായിരുന്നു ആദ്യത്തെ പ്രമുഖ ലേഖനം. ദീപിക, മലയാള മനോരമ, കേരളഭൂഷണം, മനഃശാസ്ത്രം, ഡോക്ടർ അയ്യപ്പപണിക്കരുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന കേരള കവിത, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യലോകം തുടങ്ങി, കേരളത്തിലെ പല പ്രശസ്ത പ്രസിദ്ധീകരണങ്ങളിലും കഥ, കവിത, സാഹിത്യ ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അൻപതിലേറെ വർഷങ്ങളായി കേരളത്തിലെയും, അമേരിക്കയിലെയും മറ്റു വിദേശ രാജ്യങ്ങളിലിൽ നിന്നുള്ള മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കഥകളും, കവിതകളും, സാഹിത്യ ലേഖനങ്ങളും എഴുതി വരുന്നു.

1998 ൽ ഒരു കവിതാ സമാഹാരം, ഒരു ലേഖന സമാഹാരം, ഒരു ചെറുകഥാ സമാഹാരം എന്നിവ കേരളത്തിലെ മൾബറി പബ്ലിക്കേഷൻസ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 'നിസ്വനായ പക്ഷി', 'കൊച്ചു കാര്യങ്ങളുടെ തന്പുരാൻ എന്ന അരുന്ധതി നക്ഷത്രം', 'ഉഷ്ണമേഖലയിലെ ശലഭം' എന്നിവയാണ് ആദ്യമായി ഒന്നിച്ചു പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങൾ. കേരളത്തിലെ പ്രശസ്ത കവി ഡോക്ടർ അയ്യപ്പപ്പണിക്കർ, 'നിസ്വനായ പക്ഷി'  എന്ന ആദ്യ കവിതാ സമാഹാരത്തിനു  'ജോസഫ് നന്പിമഠത്തിനു ആശംസ' എന്ന പേരിൽ ഒരു പഠന കുറിപ്പ് എഴുതി അനുഗ്രഹിച്ചു. "വാക്കുകളിലും അവയുടെ ക്രമീകരണത്തിലും മാത്രമല്ല, ബിംബങ്ങളുടെ മൗലികതയിലും ജോസഫ് നന്പിമഠം ശ്രദ്ധേയനാണ്. ഒരേ സമയം അമേരിക്കൻ അനുഭവങ്ങളും കേരളീയ സ്മൃതി ചിത്രങ്ങളും ആവഹിക്കുന്ന നന്പിമഠത്തിന്റെ കവിതൾ ഇന്നത്തെ വായനക്കാർ ആവർത്തിച്ച് വായിക്കേണ്ടതാണ്" എന്ന് ആദ്യ കവിതാസമാഹാരത്തിന്റെ അവതാരികയിൽ മലയാള ഭാഷയിലെ ഉത്തരാധുനികതയുടെ തലതൊട്ടപ്പൻ എന്ന് അറിയപ്പെടുന്ന ഡോക്ട്ടർ അയ്യപ്പപ്പണിക്കർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചെറുകഥാ സമാഹാരത്തിന് അവതാരിക എഴുതിയത് കേരളത്തിലെ പ്രശസ്ത നിരൂപകനും കോഴിക്കോട് യൂണിവേഴ്‌സിറ്റി പ്രൊഫസ്സറും, മലയാള വിഭാഗത്തിന്റെ തലവനുമായിരുന്ന ഡോക്ടർ എം. എം. ബഷീർ ആണ് '. ഗൃഹാതുരത്വത്തിന്റെ കഥകൾ'എന്ന പേരിൽ എഴുതിയ അവതാരികയിൽ "ആന്തരീകാനുഭവം കാഴ്ചവെക്കുന്ന പതിനാലു കഥകളടെ സവിശേഷ സമാഹാരം"എന്നു പഠനക്കുറിപ്പിൽ എഴുതി.

ലേഖന സമാഹാരത്തിന്റെ പുറം ചട്ടയിൽ ചേർത്തിരിക്കുന്നത്  'കൊച്ചു കാര്യങ്ങളുടെ തന്പുരാൻ എന്ന അരുന്ധതി നക്ഷത്രം' എന്ന എന്റെ ലേഖനത്തെ പറ്റി പ്രശസ്ത നിരൂപകൻ ശ്രീ എം കൃഷ്ണൻ നായർ, ന്യൂ യോർക്കിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മലയാളം പത്ര'ത്തിലെ 'നിലാവും നിഴലും' എന്ന സാഹിത്യ വിമശനകോളത്തിൽ 1997 ൽ കുറിച്ചവാക്കുകളാണ്. "ശ്രീ ജോസഫ് നന്പിമഠം ഡാളസ് സെപ്തംബര് 27 ആം തീയതിയിലെ മലയാളം പത്രത്തിലെഴുതിയ 'കൊച്ചു കാര്യങ്ങളുടെ തന്പുരാൻ എന്ന അരുന്ധതി നക്ഷത്രം' എന്ന ലേഖനം അന്തരംഗ സ്പർശിയാണ്. ഞാനതു വായിച്ച് അനല്പമായ സന്തോഷത്തിൽ വിലയം കൊണ്ടു." എന്ന് പ്രശംസിച്ചിട്ടുണ്ട്‌

മൾബറി പ്രസിദ്ധീകരിച്ച ആദ്യത്തെ മൂന്നു പുസ്തകങ്ങളുടെ പ്രകാശനം, പെരുന്തേനരുവിയിൽ നടത്തിയ കവി സംഗമത്തിൽ (എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല) വെച്ച്, ഡോക്ടർ അയ്യപ്പപ്പണിക്കർ, പ്രശസ്ത കവി ശ്രീ ഡി. വിനയചന്ദ്രൻ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലീഷ് വിഭാഗം തലവൻ ഡോക്ടർ ശങ്കരൻ രവീന്ദ്രൻ എന്നിവർക്ക്  നൽകി പ്രകാശനം നടത്തി.

2004 ൽ കോഴിക്കോട് പാപ്പിയോൺ "തിരുമുറിവിലെ തീ" എന്ന രണ്ടാമത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ പ്രശസ്ത കവി മധുസൂദനൻ നായർ, 'ഈ കവി ഇപ്പോഴും ഈ മുറ്റത്തു തന്നെ' എന്ന പേരിൽ ആഴത്തിലുള്ള ഒരു പഠന കുറിപ്പ് അവതാരികയായി എഴുതി.
"ശ്രീ നന്പിമഠത്തിന്റെ  കാവ്യഭാഷ, ഭാവത്തിനൊത്തു ജന്മം കൊള്ളുന്നു. ദേശാന്തരവാസിയെന്ന അപകർഷം ഭാഷക്കില്ല...മലയാണ്മയുടെ ജീവകോശങ്ങൾ ഭദ്രചൈതന്യമാർന്നു  നിൽക്കുന്നു അദ്ദേഹത്തിന്റെ കവിതകളിൽ... ദേശാന്തര ജീവിതം പ്രതുൽപ്പന്നമതിയായ ഒരാളിന്റെ ആധാരശക്തികളെ കഴുകി കളയുന്നില്ല" എന്ന് രണ്ടാമത്തെ കവിതാ സമാഹാരത്തിന്റെ അവതാരികയിൽ കേരളത്തിന്റെ പ്രശസ്ത കവിയും തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളേജ് മലയാളം പ്രൊഫസ്സറുമായിരുന്ന വി. മധുസൂദനൻ നായരും അഭിപ്രായപ്പെടുന്നു. ഈ കവിതാ സമാഹാരം കോഴിക്കോട് പ്രസ് ക്ലബ്ബിൽ വെച്ച്‌ കന്നഡ കവി മഞ്ചുനാഥ്‌ പ്രകാശനം നിർവഹിച്ചു. നോവലിസ്റ്റ് ശ്രീ കെ. പി. രാമനുണ്ണി, നിരൂപകൻ ഡോക്ട്ടർ എം. എം. ബഷീർ, കോഴിക്കോട് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം തലവൻ എം.എൻ കാരശ്ശേരി, ചെറുകഥാകൃത്ത് പി. കെ. പാറക്കടവ്, മാതൃഭൂമിയുടെ പ്രത്യേക പ്രതിനിധി എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. കന്നഡ കവി മഞ്ചുനാഥ്‌ ആയിരുന്നു മുഖ്യാഥിതി. ബഷീർ സാറും അദ്ദേഹത്തിന്റെ ഭാര്യയും, നോവലിസ്റ്റുമായ സുഹറയും അമേരിക്കയിൽ ലാന മീറ്റിംഗിൽ പങ്കെടുക്കാനായി എത്തിയപ്പോൾ എന്റെ വീട്ടിൽ വന്നതും കോഴിക്കോട്ടുള്ള മലാപ്പറന്പിലെ വീട്ടിൽ ഞാനും, കെ പി രാമനുണ്ണിയും കൂടി പോയതും ഓർക്കുന്നു. ദീർഘകാലമായുള്ള സൗഹൃദങ്ങൾ ഇന്നും സൂക്ഷിക്കുന്നു.

നന്മ പറയാത്ത നായർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന, സാഹിത്യ വിമർശനത്തിലൂടെ ധാരാളം ശത്രുക്കളെ സന്പാദിച്ച, മലയാള സാഹിത്യത്തിൽ വേറിട്ടുള്ള വിമർശന   ശൈലിയുടെ വക്താവായ, എന്റെ  കോളേജിലെ പഠന കാലം മുതൽ 'സാഹിത്യ വാരഫലം'എന്ന പംക്തി പ്രസിദ്ധീകരിച്ചിരുന്ന മലയാളനാട് വാരിക വായിക്കാൻ ചങ്ങനാശ്ശേരി മുനിസിപ്പൽ ലൈബ്രറി വരെ നടന്നു പോയി വായിച്ചിരുന്ന ഞാൻ, 'സാഹിത്യ വാരഫല'ത്തിന്റെയും, എം കൃഷ്ണൻ നായർ സാറിന്റെയും ആരാധകൻ ആയിരുന്നു. അതിലൂടെ ആണ് വിശ്വസാഹിത്യ കൃതികളെ ഞാൻ പരിചയപ്പെട്ടത്. അദ്ദേഹത്തെ പോലെയുള്ള ഒരു നിരൂപകന്റെ ശ്രദ്ധയിൽ പെടാൻ പോലും കഴിയുമെന്ന് ഒരിക്കലും കരുതിയിട്ടില്ലാത്ത എനിക്ക് അദ്ദേഹത്തിൽ നിന്നും ലഭിച്ച ഈ വാക്കുകളും പിന്നീട് ഉണ്ടായ പല അനുഭവങ്ങളും, സ്നേഹവും ആദരവും ഒരിക്കലും മറക്കാനാവില്ല. തിരുവനന്തപുരത്തെ ഒരു പുസ്തക ശാലയിൽ വെച്ചു ശ്രീ കൃഷ്ണൻ നായർ സാറുമായി ഉള്ള ആദ്യ സമാഗമത്തിൽ, "ഇതാണ്, മിസ്സിസ് റോയിയെപ്പറ്റി ലേഖനമെഴുതിയ ജോസഫ് നന്പിമഠം" എന്ന് പറഞ്ഞു കൊണ്ട് കൂടെയുള്ള സഹചാരി വൃന്ദങ്ങളെ പരിചയപ്പെടുത്തിയതും, അടുത്തുള്ള കോഫി ഷോപ്പിൽ ഇരുന്ന് ഏറെ നേരം സംസാരിച്ചതും, അതിനു ശേഷം കൂടെ ഇറങ്ങി യാത്രയാക്കാൻ വന്നതും, പിരിയാൻ നേരം തിരുവനന്തപുരത്തെ പെരുവഴിയിൽ വെച്ച്  ഒട്ടും പ്രതീക്ഷിക്കാതെ എന്റെ തലയിൽ കൈവെച്ച്‌ അനുഗ്രഹിച്ചതും ഏറ്റവും വലിയ അവാർഡായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. "സ്വപ്നത്തിലെ പൂച്ച"എന്ന എന്റെ കവിത, ന്യൂ യോർക്കിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാളം പത്രത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ, ആ പത്രത്തിലെ കൃഷ്ണൻ നായർ സാറിന്റെ അതേ "നിലാവും നിഴലും" പംക്തിയിൽ, കടമ്മനിട്ടയുടെ "പൂച്ചയാണിന്നെന്റെ ദുഃഖം"എന്ന കവിതയുമായി താരതമ്യം ചെയ്ത കൊണ്ട് കവി കുഴിമാടത്തിൽ കിടന്നു കൊണ്ട് എന്നോട് കോപിക്കുമെന്നും മറ്റും പറഞ്ഞു വിമർശിച്ചതും ഓർക്കുന്നു. ആ തല്ലും, ഞാനൊരു തലോടലായി തന്നെ മനസിൽ സൂക്ഷിക്കുന്നു. അതിനുശേഷം 2004 ൽ രണ്ടാമത്തെ കവിതാ സമാഹാരം അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ട് കൊടുക്കുകയും, ഒപ്പം ഇരുന്നു ഫോട്ടോ എടുക്കുകയും ചെയ്തു. അന്ന്, ഒരു വീഴ്ചയിൽ നിന്ന് അദ്ദേഹം സുഖം പ്രാപിച്ചു വരുന്നേയുള്ളായിരുന്നു. അതായിരുന്നു സാറുമായുള്ള അവസാന കൂടിക്കാഴ്ച.

കേരളത്തിൽ വെച്ച് പ്രകാശനം നടത്തിയ പുസ്തകളെപ്പറ്റി ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ നല്ല അഭിപ്രായങ്ങളാണ് കുറിച്ചത്. ഫേസ്ബുക്കിലൂടെ, ഒരു എഴുത്തുകാരൻ എന്ന നിലയിൽ വളരെ നല്ല ആദരവും ബഹുമാനവുമാണ് ലഭിച്ചിട്ടുള്ളത്, പ്രത്യേകിച്ചും കേരളത്തിലെ വായനക്കാരിൽ നിന്നും. അവതാരികകളിലൂടെയും മറ്റു കമെന്റുകളിൽ കൂടിയും കേരളത്തിലെ പ്രശസ്ത എഴുത്തുകാർ എന്റെ രചനകളെ പറ്റി നല്ലതു പറയുന്നതേ കേട്ടിട്ടുള്ളു. ഗുണ നിലവാരത്തിലും, ഭാഷയുടെയും ശൈലിയുടെയും തെരെഞ്ഞെടുപ്പിലും നടത്തുന്ന ബോധപൂർവമായ ഇടപെടലുകളേപ്പറ്റി അവർ എടുത്തു പറയാറുണ്ട്.

1996 ൽ ഡാളസിലെ സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരുന്നപ്പോൾ അമേരിക്കയിലെ മലയാള കവികളെയും കവിതകളെയും പ്രോസാഹിപ്പിക്കാനും ആദരിക്കാനുമായി 35 കവികളുടെ101 കവിതകളുടെ ഒരു സമാഹാരം 'മലയാള കവിത അമേരിക്കയിൽ' എന്ന പേരിൽ പ്രസിദ്ധീകരിക്കാൻ നേതൃത്വം കൊടുത്തു.1996 ൽ ഡാളസ്സിൽ നടത്തിയ ഫൊക്കാന സമ്മേളനത്തിൽ  വെച്ച് അതിന്റെ പ്രകാശനം നടത്തി. പ്രശസ്ത കവി ശ്രീ വിനയചന്ദ്രൻ സാർ ആണ് ആ പുസ്തകത്തിന് അവതാരിക എഴുതിയത്. അമേരിക്കൻ മലയാള കവികളെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തുന്ന ഒരു ആമുഖക്കുറിപ്പും അതിൽ ഞാൻ എഴുതിയിട്ടുണ്ട്. അമേരിക്കയിലെ മലയാള കവികളുടെ മാത്രം കൃതികൾ ഉൾപ്പെടുത്തിയിട്ടുള്ള ആദ്യ കവിതാ സമാഹാരമായിരുന്നു അത്.

2008 ൽ കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച്  "അമേരിക്കൻ മലയാളി കവിതകൾ" എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിക്കാൻ നേതൃത്വം നല്കി. കേരള സാഹിത്യ അക്കാദമി മെംബർ ശ്രീ രാവുണ്ണി എഡിറ്ററും, ഞാൻ ഗസ്റ്റ് എഡിറ്ററുമായി അമേരിക്കയിലെ 40 കവികളുടെ 40 കവിതകൾ ഉൾപ്പെടുത്തിയ ഒരു കവിതാ സമാഹാരമായിരുന്നു ഇത്. ഈ പുസ്തകത്തിന്റെ പ്രകാശനം, തൃശ്ശൂർ സാഹിത്യ അക്കാദമി അങ്കണത്തിൽ വെച്ചു നടത്തിയപ്പോൾ മുഖ്യാതിഥി ആയി ക്ഷണിക്കപ്പെടുകയും അതിൽ പങ്കെടുക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കരുതുന്നു.  അന്നത്തെ സാഹിത്യ അക്കാഡമി പ്രസിഡന്റ് ശ്രീ പുരുഷൻ കടലുണ്ടിയുടെ പ്രസാധകക്കുറിപ്പും, എഡിറ്റർ രാവുണ്ണി എഴുതിയ 'വേരുകൾ പൊട്ടുന്നതിന്റെ ശബ്ദം' എന്ന ആമുഖ ലേഖനവും, ഗസ്റ്റ് എഡിറ്ററായ എന്റെ 'പ്രവാസം പ്രവാസി പ്രവാസസാഹിത്യം' എന്ന ഒരു പഠന ലേഖനവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയോടും അക്കാദമി അംഗം കവി രാവുണ്ണിയോടും അന്നത്തെ അക്കാദമി സെക്രട്ടറിയായിരുന്ന ശ്രീ പുരുഷൻ കടലുണ്ടിയോടുമുള്ള നന്ദിയും സ്നേഹവും ഇവിടെ സ്മരിക്കുന്നു.

1993ൽ, ഡാളസിലെ സാഹിത്യ സംഘടനയായ കേരളാ ലിറ്റററി സൊസൈറ്റി (KLS) രൂപീകരിക്കാൻ നേതുത്വം കൊടുക്കുകയും,1993 മുതൽ 1997 വരെ സെക്രട്ടറിയായും, പ്രസിഡന്റ് ആയും പ്രവത്തിക്കുകയും, ഭരണഘടനക്കു രൂപം നൽകുകയുംചെയ്‌തു.1996 ൽ ഡാളസ്സിൽ നടന്ന ഫൊക്കാനയുടെ സാഹിത്യ സമ്മേളനത്തിന്റെ കോ- ചെയർ പേഴ്‌സൺ ആയിരുന്നു. 2014 ൽ ചിക്കാഗോയിൽ നടത്തിയ ഫൊക്കാന സാഹിത്യ സമ്മേളത്തിൽ കവിതാ സമ്മേളനത്തിനു നേതുത്വം കൊടുത്തു. സമഗ്ര സാഹിത്യ സംഭാവനകളെ മാനിച്ചു കൊണ്ട് ഫൊക്കാന 2014 ലെ  പ്രാധാന സമ്മേളനത്തിൽ ഫലകം നൽകി ആദരിച്ചു.

1996 ൽ അമേരിക്കയിലെ മലയാള സാഹിത്യ സംഘടനകളുടെ കേന്ദ്ര സംഘടനയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന LANA) രൂപീകരിക്കാൻ നേതൃത്വമെടുത്തു.1997 ൽ ലാനയുടെ ആദ്യ സെക്രട്ടറി,1998 മുതൽ 2000 വരെ ലാനയുടെ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തിട്ടുണ്ട്. ലാനയുടെ ആദ്യ ഭരണഘടനക്കു രൂപം നൽകുകയും അതിനെ അറിയപ്പെടുന്ന ഒരു സാഹിത്യ സംഘടന ആക്കി വളർത്തുകയും ചെയ്തവരിൽ മുൻപന്തിയിൽ നിൽക്കുന്നു. അമേരിക്കയിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്.

അന്ന് വിരലിൽ എണ്ണാവുന്ന എഴുത്തുകാരും മാദ്ധ്യമങ്ങളും ഉണ്ടായിരുന്ന സാഹചര്യങ്ങളിൽ നിന്നാണ് അതിന്റെയൊക്കെ തുടക്കം. സാഹിത്യകാരന്മാർക്കും സാഹിത്യത്തിൽ താല്പര്യമുള്ളവർക്കും കൂടിക്കാണാനും ചർച്ചകൾ നടത്താനും അതുവഴിയായി മലയാളഭാഷയും സാഹിത്യവും അമേരിക്കൻ മണ്ണിൽ സ്വന്തമായ നിലയിൽ വളർന്ന്‌ കാണാനുമാണ് ഇവയൊക്കെ രൂപീകരിച്ചത്. കേരളത്തെ നോക്കി സാഹിത്യ രചന നടത്താനല്ല, ഇവിടെ തനതായ മലയാള സാഹിത്യ ശാഖയും, സാഹിത്യ ശൈലികളും, മാധ്യമങ്ങളെയും, എഴുത്തുകാരെയും, വളർത്തി  എടുക്കുക എന്നതാണ് ആ സംഘടനകൾ കൊണ്ട് ലക്ഷ്യമിട്ടത്. അമേരിക്കൻമലയാളിഎഴുത്തുകാർ ശ്രദ്ധിക്കേണ്ടത് അമേരിക്കൻ മണ്ണിൽ ഉറച്ചു നിന്നുകൊണ്ടുതന്നെ പുതിയ വഴികളിലൂടെയുള്ള മലയാള സാഹിത്യ സഞ്ചാരമാണ്, കേരളത്തിനു പുറത്തു ജീവിക്കുന്നവരുടെ മലയാള സാഹിത്യം, ഡൽഹിയിൽ ജീവിച്ച്‌  അവിടത്തെ ജീവിതങ്ങൾ ചിത്രീകരിച്ച മുകുന്ദനെപ്പോലെ, ഗൾഫു നാടുകളിൽ ജീവിച്ച്‌  അവിടത്തെ ജീവിതം നോവലിനു വിഷയമാക്കിയ ബെന്യാമിനെപ്പോലെ, കേരളത്തിന് വെളിയിൽ ജീവിച്ചു ബുക്കർ സമ്മാനം നേടി ആഗോള ശ്രദ്ധ നേടിയ അരുന്ധതി റോയിയെപ്പോലെ ...നമ്മൾ മത്സരിക്കേണ്ടതു കേരളത്തിലെ ഏഴുത്തുകാരോടല്ല, കേരളത്തിന് പുറത്തു ജീവിക്കുന്ന ആഗോളമലയാളികളോടും, വിദേശവാസികളായ ഇന്ത്യൻ എഴുത്തുകാരോടും, വിശ്വ സാഹിത്യത്തിലെ പ്രതിഭകളായ  മറ്റ് എഴുത്തുകാരോടുമാണ്, മലയാള സാഹിത്യത്തിൽ മാത്രം ഒതുങ്ങിക്കിടക്കണമെന്നുമില്ല, ഈ രീതിയിൽ മുന്നേറാൻ വെറും മലയാള സാഹിത്യ ജ്ഞാനം മാത്രം പോരാ, ലോക ക്ലാസ്സിക്കുകളുമായി പരിചയപ്പെടുക, വിപുലമായ വായനയും പഠനവും നടത്തുക എന്നൊക്കെയുള്ള ആശയങ്ങൾ സഫലമാക്കുക എന്നതാണ് ഈ സംഘടനകൾകൊണ്ട്  ലക്ഷ്യമാക്കിയത്.

നാളിതുവരെ ലഭിച്ച അംഗീകാരങ്ങൾ ചുവടെ ചേർക്കുന്നു.

1977 ൽ കേരളത്തിലായിരിക്കുന്പോൾ 'യുവദീപ്തി' അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ സാഹിത്യ മത്സരങ്ങളിൽ ചെറുകഥക്കു ഒന്നാം സ്ഥാനവും ലേഖന രചനാ മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

1990 കളുടെ ആരംഭത്തിൽ ഡാളസ്സിലെ കേരളാ അസോസിയേഷനിൽ നിന്ന് 'പാക്കരൻ' ചെറുകഥക്കു ഒന്നാം സ്ഥാനം ലഭിച്ചു

1990 ൽ ഫ്ലോറിഡയിൽ നടത്തിയ ഫൊക്കാനയിൽ കവിതക്ക് അവാർഡ്

1992 ൽ വാഷിംഗ്‌ടൺ ഡി സി യിൽ നടത്തിയ ഫൊക്കാനയിൽ ചെറുകഥക്കു അവാർഡ്

1994 ൽ കാനഡയിൽ നടത്തിയ ഫൊക്കാനയിൽ കവിതക്ക് അവാർഡ്

1996 ൽ The Vicious Circle എന്ന ഇംഗ്ലീഷ് കവിതക്ക്, American National Library of Poetry യുടെ Editor's Choice അവാർഡ് ലഭിച്ചു. ഈ കവിത Forever and a Day എന്ന അവരുടെ കവിതാ സമാഹാരത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

2000 ൽ കാലിഫോർണിയയിൽ നടത്തിയ ഫൊക്കാനയിൽ കവിതക്ക് അവാർഡ്

2000 ൽ മലയാള ഭാഷാ സാഹിത്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചു 'മലയാളവേദി' യുടെ സാഹിത്യ പുരസ്‌കാരം

2000 ൽ ന്യൂയോർക്കിൽ  നിന്ന്  പ്രസിദ്ധീകരിച്ചിരുന്ന 'മലയാളം പത്രം' സാഹിത്യ പുരസ്ക്കാരം 'നിസ്വനായ പക്ഷി' എന്ന എന്റെ ആദ്യ കവിതാ സമാഹരത്തിനു ലഭിച്ചു.

2002 ൽ ചിക്കാഗോയിൽ നടത്തിയ ഫൊക്കാനയിൽ 'കൊച്ചു കാര്യങ്ങളുടെ തന്പുരാൻ എന്ന അരുന്ധതി നക്ഷത്രം' എന്ന ലേഖന സമാഹാരത്തിനു ഫൊക്കാനാ സാഹിത്യ പുരസ്‌ക്കാരം

2005 ൽ മലയാള സാഹിത്യ രംഗത്തുള്ള പ്രവർത്തനങ്ങൾക്കായി വേൾഡ് മലയാളി കൗൺസിൽ അവാർഡ്.

2006 ൽ ഫ്ലോറിഡയിൽ നടത്തിയ ഫൊക്കാനയിൽ 'മുത്തിയമ്മ'  എന്ന കവിതക്ക് അവാർഡ്.

2010 ൽ ഫൊക്കാനയുടെ ഗ്ലോബൽ സാഹിത്യ മത്സരത്തിൽ രണ്ടാം സ്ഥാനം

2011 ൽ അമേരിക്കയിലെ  എഴുത്തുകാരുടെ സാഹിത്യ സംഘടനകളുടെ കേന്ദ്രസംഘടനയായ ലാന (LANA) യുടെ സാഹിത്യപുരസ്കാരം- 'തിരുമുറിവിലെ തീ" എന്ന എന്റെ രണ്ടാമത്തെ കവിതാ സമാഹാരത്തിനു ലഭിച്ചു.

2014 ൽ ചിക്കാഗോയിൽ നടത്തിയ ഫൊക്കാനാ സമ്മേളനത്തിൽ മലയാള ഭാഷക്കും സാഹിത്യത്തിനും നൽകിയ മികച്ച സംഭാവനകൾ മാനിച്ചു കൊണ്ടുള്ള പുരസ്‌ക്കാരം ലഭിച്ചു

2016 ൽ മലയാള ഭാഷക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളെ പരിഗണിച്ച്‌  ന്യൂയോർക്ക് കേന്ദ്രമായി പ്രവൃത്തിക്കുന്ന അമേരിക്കൻ മലയാളി എഴുത്തുകാരുടെ സംഘടനയായ 'വിചാരവേദി'യുടെ സാഹിത്യ പുരസ്‌ക്കാരം

2018 ലെ 'ഈമലയാളി' കവിതാ പുരസ്കാരം

"Always be a poet even in prose" എന്ന ചാൾസ് ബോദ് ലെയറിന്റെ വാക്കുകൾ വായിക്കുന്നതിനും വളരെ മുന്പേ തന്നെ എഴുത്തിൽ അങ്ങിനെ ഒരു ശൈലി അറിയാതെ എന്നിൽ രൂപപ്പെട്ടിരുന്നു. ഒരു കവി ആകണമെന്നോ കവിത എഴുതണമെന്നോ ആയിരുന്നില്ല; ചെറുപ്പം  മുതൽ ഒരു നല്ല നോവൽ എഴുതണമെന്ന ആഗ്രഹമായിരുന്നു എന്നും മനസിൽ ഉണ്ടായിരുന്നത്. മനസ്സിൽ തോന്നിയതെല്ലാം കുറിച്ചിട്ടു.   ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ കഴിയുന്പോൾ ചിലതു കവിതകളാകും, ചിലതു ഒരിക്കലും ആകാറുമില്ല. വീണ്ടും വീണ്ടും വെട്ടിയും തിരുത്തിയും, കഴിവതും മികച്ചതാക്കാൻ ശ്രമിച്ചു. പ്രസിദ്ധീകരിക്കാൻ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അങ്ങിനെ കുറിച്ചിട്ട കവിതകൾ പലതും മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു വരികയും ചെയ്‌തു കൊണ്ടിരിക്കുന്പോഴാണ്, മൾബെറിയുടെ ഷെൽവിയുമായി പരിചയമാകുന്നത്. ആ പരിചയം മൾബറി ബുക്ക്ക്ലബ്ബിൽ അംഗമാകുന്നതിനും അവരുടെ കുറെ പുസ്തകങ്ങൾ തപാലിൽ വരുത്തുകയും ചെയ്തപ്പോഴാണ്, ഞാനെഴുതിയ കഥകളും കവിതകളും ലേഖനങ്ങളും ഓരോ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ഷെൽവി താല്പര്യമറിയിച്ചത്.

അങ്ങിനെ, നോവലിസ്റ്റാകാൻ ആഗ്രഹിച്ചു നടന്ന ഞാൻ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഷെൽവിയുടെ താല്പര്യം കൊണ്ട് ആദ്യ മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്താൻ മനസു വെച്ചു. അക്കാലത്തെ പൊതു രീതിയനുസരിച്ച് അവതാരിക പുസ്തകത്തിന് അനിവാര്യമായതുകൊണ്ട് അതിലേക്കായി പിന്നീട് ശ്രദ്ധ. ഒരു തുടക്കക്കാരനും, സർവോപരി പ്രശസ്തനുമല്ലാത്ത എനിക്ക് ആര് അവതാരിക തരാൻ ? പ്രശസ്തരായ രണ്ടു മലയാളി എഴുത്തുകാരെ സമീപിച്ചെങ്കിലും, മാസങ്ങളോളം കവിതകളുടെ കോപ്പികൾ കയ്യിൽ വച്ചശേഷം താല്പര്യം കാണിച്ചുമില്ല അവതാരിക എഴുതി തന്നതുമില്ല.

അങ്ങനെ ഇരിക്കുന്പോൾ അവധിക്കു കേരളത്തിലായിരുന്ന ഞാൻ പ്രശസ്ത കവിയും പരിചയമുള്ള ആളുമായ വിനയചന്ദ്രൻ സാറിനോട് അവതാരിക എഴുതി തരാമോ എന്ന് ചോദിക്കാനുള്ള വിഷമം കൊണ്ട്, ഒരു ദിവസം രാവിലെ ഏഴു മണിക്ക് വെറുതെ ഫോണിൽ വിളിച്ചിട്ട് ആരുടെയെങ്കിലും ഒരു അവതാരിക പുസ്‌തകത്തിനു കിട്ടിയാൽ കൊള്ളാമെന്നുണ്ട് എന്നു പറഞ്ഞു. അതു കേട്ടയുടനെ, "നീ പത്തുമണിക്ക് ചങ്ങനാശ്ശേരി ട്രാൻസ്‌പോർട്ട് ബസ് സ്റ്റാന്റിലേക്ക് വരുക, രണ്ടു മൂന്നു ദിവസത്തേക്ക് ആവശ്യമായ സാധനങ്ങളും എടുത്തോണം" എന്ന നിർദ്ദേശവും തന്നിട്ട് ഫോൺ കട്ട് ചെയ്തു. എവിടേക്കാണ്  പോകുന്നതെന്ന് ഒരറിവുമില്ലാതെ, കോട്ടയത്തു നിന്നും സാറു വന്ന ബസ്സിൽ ചങ്ങനാശ്ശേരിയിൽ നിന്ന് ഞാനും കൂടെ കയറി. പിന്നീടാണ് തിരുവനന്തപുരത്തേക്കാണ് യാത്ര, എന്നറിയുന്നത്. അവിടെ ചെന്ന ആദ്യ ദിവസം റോസ് മേരി, വിഷ്ണു നാരായണൻ നന്പൂതിരി, അങ്ങിനെ പ്രശസ്‌തരായ പലരുടെയും വീടുകളിൽ എന്നെയും കൂട്ടി പോയി പരിചയപ്പെടുത്തി. വൈകിട്ട് ഇരുട്ടിയ ശേഷം മറ്റൊരു വീട്ടിലേക്കു പോയി. എന്നെ പുറത്തിരുത്തി, അകത്തേക്ക് പോയ വിനയചന്ദ്രൻ സാറിനൊപ്പം വന്ന ആളെ കണ്ടപ്പോഴാണ് അത് ഡോക്ട്ടർ  അയ്യപ്പപ്പണിക്കർ സാറിന്റെ വീടാണെന്നും അദ്ദേഹമാണ്‌ എന്റെ മുൻപിൽ നിൽക്കുന്നതെന്നും അറിയുന്നത്.

മറ്റു രണ്ടു പ്രശസ്തഎഴുത്തുകാർ നിരസിച്ച അവതാരിക, എന്റെ ആദ്യ കവിതാ സമാഹാരത്തിൽ, മലയാള സാഹിത്യത്തിലെ 'ഉത്തരാധുനികതയുടെ തല തൊട്ടപ്പൻ' എന്നറിയപ്പെടുന്ന, അന്ന് മലയാള കവിതയുടെ ഏറ്റവും മുൻപന്തിയിലുള്ള ആളുടെ കരസ്പർശം വീണത് അങ്ങിനെയാണ്. അവതാരിക എഴുതാറില്ലാത്ത അയ്യപ്പപ്പണിക്കർ സാർ "ജോസഫ്  നന്പിമഠത്തിനു ആശംസ" എന്ന പേരിലാണ് അത് എഴുതിത്തന്നത്. വെറും ഒരു ആശംസ ആയിരുന്നില്ല അത്. കവിതകൾ വായിച്ചു വിലയിരുത്തി, ചുരുങ്ങിയ വാക്കുകളിൽ എഴുതിയ പഠനക്കുറിപ്പ് തന്നെ ആയിരുന്നു അത് ."ഒരേ സമയം അമേരിക്കൻ അനുഭവങ്ങളും കേരളീയ സ്മൃതിചിത്രങ്ങളും ആവഹിക്കുന്ന നന്പിമഠത്തിന്റെ കവിതകൾ ഇന്നത്തെ വായനക്കാർ ആവർത്തിച്ച് വായിക്കേണ്ടതാണ്. തുഞ്ചന്റെ കിളിമകളെ ആവാഹിക്കുന്ന കവിതയിലും ഇരട്ടക്കാഴ്ച കാണാം. പഴമ- പുതുമ, വിദേശം- സ്വദേശം, സൗമ്യം-രൂക്ഷം തുടങ്ങിയ ഇരട്ടക്കാഴ്ചകൾക്ക്  അനുഗുണമായി ഇംഗ്ളീഷും മലയാളവും ഇടകലർന്ന ഭാഷതന്നെ ഒരു ബിംബമായി മാറുന്നു - വെറും മാധ്യമം മാത്രമല്ല, ജീവിത നിലവാര സൂചിക തന്നെ." എന്ന് അതിൽ അദ്ദേഹം കുറിച്ചു. ചെറിയ ഒരു പൂവ് ആഗ്രഹിച്ച എനിക്ക് ഒരു പൂക്കളം തന്നെ അദ്ദേഹത്തിൽ നിന്നും ലഭിച്ചു. അദ്ദേഹത്തേക്കാൾ വലിയ ഒരു കവിയും അന്നില്ലായിരുന്നു എന്നതോർക്കുന്പോൾ, അദ്ദേഹത്തിനടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയ വിനയചന്ദ്രൻ സാറിന്റെയും അത് എഴുതിത്തരാൻ മനസ്സു കാണിച്ച  ശ്രീ അയ്യപ്പപണിക്കർ സാറിന്റെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമം! അദ്ദേഹത്തിന്റെ കൈപ്പടയിൽ എഴുതിയ ആ കുറിപ്പ് ഇന്നും എന്റെ കൈയിൽ നിധിപോലെ സൂക്ഷിക്കുന്നുണ്ട്.

1996 ൽ ഫൊക്കാന സാഹിത്യ സമ്മേളത്തിൽ പങ്കെടുക്കാൻ വിനയചന്ദ്രൻ സാർ ഡാളസിൽ വന്നപ്പോൾ എന്റെ വീട്ടിൽ വരുകയും പല മീറ്റിങ്ങുകളിലും കവിതാലാപനം നടത്തുകയും "മലയാള കവിത അമേരിക്കയിൽ" എന്ന അമേരിക്കൻ മലയാള കവികളുടെ കവിതാ സമാഹാരത്തിനു അവതാരിക എഴുതിത്തരികയും ചെയ്ത മഹാമനസ്കതക്കും, സ്നേഹത്തിനും കരുതലിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. മാത്രമല്ല, അദ്ദേഹത്തോടൊപ്പമുള്ള അന്നത്തെ തിരുവന്തപുരം യാത്രയിലാണ്‌ പ്രശസ്ത നിരൂപകൻ ശ്രീ എം കൃഷ്ണൻനായർ സാറിനെ ആദ്യമായി നേരിൽ കാണുന്നതും തലയിൽ കൈവെച്ചുള്ള  അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചതും. അന്നത്തെ യാത്ര കഴിഞ്ഞുള്ള മടക്കയാത്രയിൽ  വേറൊരു അപ്രതീക്ഷിത സംഭവവും കൂടി ഉണ്ടായി. തിരുവനന്തപുരത്തു നിന്നും തിരികെ വന്നത് ആലപ്പുഴ വഴി ആയിരുന്നു. ഇരുട്ടിത്തുടങ്ങിയപ്പോൾ മറ്റൊരു വീട്ടിലേക്കാണ് എന്നെയും കൂട്ടി പോയത്. മലയാള നോവൽ സാഹിത്യ തറവാട്ടിലെ കാരണവരായ തകഴിയും അദ്ദേഹത്തിന്റെ  ഭാര്യ കാത്തയും വസിക്കുന്ന തകഴിയിലെ ശങ്കര മംഗലം വീട്ടിലേക്ക് ! ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു അത്. മൂന്ന് ദിവസം നീണ്ട ആ യാത്രയിൽ ഒരു ദിവസം വൈകിട്ട് തിരുവനന്തപുരത്തുള്ള ചില കവികളെയും കൂട്ടി രാത്രി വളരെ വൈകും വരെ കവിതകൾ പാടിയിരുന്നതും ഓർക്കുന്നു. 2004 ൽ എന്റെ രണ്ടാമത്തെ കവിതാ സമാഹാരം കോഴിക്കോട് വെച്ച് പ്രകാശനം നടത്തിയതിനു ശേഷം കോട്ടയത്തു വെച്ച് ഒരു സ്വീകരണം ഒരുക്കിയതും വിനയചന്ദ്രൻ സാർ ആയിരുന്നു എന്നതോർക്കുന്പോൾ,  എന്നോട് എത്രയോ സ്നേഹവും കരുതലും അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് മറക്കാനാവില്ല.

2004 ൽ എന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ 'തിരുമുറിവിലെ തീ'  കോഴിക്കോട് പാപ്പിയോൺ പ്രസിദ്ധീകരിച്ചപ്പോൾ, അതിനും ആരുടെയെങ്കിലും ഒരു നല്ല അവതാരിക വേണമെന്ന ആഗ്രഹം ഉണ്ടായി. അമേരിക്കയിലിരുന്നു കൊണ്ട് അത് നടത്താൻ ഒത്തിരി പരിമിതികൾ ഉണ്ടായിരുന്നു. അവിടെ സഹായമായി എത്തിയത് പ്രിയ സുഹൃത്തും പ്രശസ്ത നോവലിസ്‌റ്റുമായ ശ്രീ കെ പി രാമനുണ്ണി ആയിരുന്നു. മധുസൂദനൻ സാറിനെപ്പോലെ പ്രശസ്തനായ ഒരു കവിയുടെ അവതാരിക സ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. അതും കൂടാതെ പ്രകാശനം കോഴിക്കോട് പ്രസ് ക്ളബ്ബിൽ വെച്ച് നടത്താനും, കവയത്രിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയെക്കൊണ്ട് പ്രകാശനം നടത്താനും, ചെറുകഥാകൃത്ത് പി കെ പാറക്കടവ്, സാഹിത്യ നിരൂപകൻ ഡോക്ട്ടർ എം എം ബഷീർ, എം എൻ കാരശ്ശേരി സാർ, മാതൃഭൂമിയുടെ പ്രതിനിധി തുടങ്ങി പല പ്രശസ്‌തരെയും പങ്കെടുപ്പിക്കാനും, സ്ഥലം കണ്ടെത്താനുമെല്ലാമുള്ള എല്ലാ കാര്യങ്ങളും ഏർപ്പാടാക്കിയതും നടപ്പിലാക്കിയതും രാമനുണ്ണിയാണ്. പിന്നീട്, കനിമൊഴിക്കു വരാൻ കഴിയാഞ്ഞതിനാൽ കന്നഡകവി മഞ്ചുനാഥ് പ്രകാശനനം നടത്താൻ വരികയും ചെയ്തു. പല അവസരങ്ങളിലും അമേരിക്കയിൽ ഫൊക്കാന മീറ്റിങ്ങുകളിലും, ഏറ്റവും അവസാനം 2023 ലെ ലാനയുടെ മീറ്റിങ്ങിൽ  മുഖ്യാഥിതി ആയി പങ്കെടുക്കാനെത്തിയപ്പോൾ എനിക്ക് പോകാൻ കഴിഞ്ഞില്ലയെങ്കിലും ഫോണിലൂടെ എന്നെ വിളിക്കുകയും ദീർഘനേരം സംസാരിക്കുകയും ചെയ്തു. പ്രിയ സുഹൃത്ത് രാമനുണ്ണിയോടും, കവിതകൾ വിലയിരുത്തി വളരെ നല്ല ഒരു പഠനക്കുറിപ്പ്  തയാറാക്കി നൽകിയ മലയാളത്തിന്റെ പ്രശസ്ത കവിയും മലയാളം പ്രൊഫസ്സറുമായ ശ്രീ മധുസൂദനൻ സാറിനോടുമുള്ള നന്ദിയും സ്‌നേഹവും കടപ്പാടും ഇവിടെ രേഖപ്പെടുത്തുന്നു.

കേരളത്തിലെ എഴുത്തുകാരുമായും മാധ്യമങ്ങളുമായും എന്നും നല്ല ബന്ധങ്ങൾ പുലർത്തിയിരുന്നതിനാൽ, അവരെ പലരെയും ഇവിടത്തെ സാംസ്‌കാരിക സംഘടനകളുടെയും സാഹിത്യ സംഘടനകളുടെയും പരിപാടികളിൽ പങ്കെടുപ്പിക്കാനും അവരോടൊപ്പം പല പരിപാടികളിലും പങ്കെടുക്കാനും കഴിഞ്ഞിട്ടുണ്ട്. 2004 ലെ ഡൽഹി യാത്രയിൽ, മയൂർ വിഹാറിൽ പോയി മലയാളത്തിന്റെ പ്രിയ നോവലിസ്റ്റ്
ശ്രീ എം മുകുന്ദനെ കാണുകയും ഒത്തിരി സമയം ഒപ്പം ചിലവഴിക്കുകയും ചെയ്‌തു. അമേരിക്കയിൽ വെച്ച് പല മീറ്റിംഗുകളിലും അദ്ദേഹവുമായി  പങ്കെടുക്കുകയും അദ്ദേഹത്തിന്റെ പല നോവലുകളും കൈയൊപ്പ്‌ ചാർത്തി തന്നത് ഇപ്പോഴും സൂക്ഷിക്കുന്നു. ന്യൂയോർക്കിൽ നടന്ന സർഗ്ഗവേദിയുടെ ഒരു സമ്മേളത്തിൽ, 2006 ൽ ഫൊക്കാനാ അവാർഡ്‌ ലഭിച്ച "മുത്തിയമ്മ" എന്ന എന്റെ കവിത അവതരിപ്പിച്ചപ്പോൾ അതെപ്പറ്റി അദ്ദേഹം പറഞ്ഞ നല്ല അഭിപ്രായവും ഓർമയിൽ തങ്ങി നിൽക്കുന്നു.

2000 ലെ ന്യൂയോർക്കിൽ നിന്നുള്ള "മലയാളം പത്രം അവാർഡ്‌ "എനിക്കും, പ്രത്യേക അവാർഡ്, അന്ന് യുണൈറ്റഡ് നേഷൻസിൽ ഉദ്യോഗസ്ഥനായിരുന്ന, ഇന്നത്തെ എം. പി. യുമായ ശ്രീ ശശി തരൂരിനുമായിരുന്നു. ഞങ്ങൾ ഇരുവരും അവാർഡ് വാങ്ങിയത്, മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായ ശ്രീ സക്കറിയയിൽ നിന്നുമായിരുന്നു. 2002 ൽ ചിക്കാഗോയിൽ നടന്ന ഫൊക്കാനയിൽ "കൊച്ചു കാര്യങ്ങളുടെ തന്പുരാൻ എന്ന അരുന്ധതി നക്ഷത്രം" എന്ന ലേഖന സമാഹാരത്തിനുള്ള അവാർഡ് വാങ്ങിയത് ശ്രീ ബാബു പോൾ സാറിൽ നിന്നായിരുന്നു. അങ്ങിനെയുള്ള ബന്ധങ്ങൾ ഇപ്പോഴും തുടരുന്നു. ഫേസ്ബുക്കിലൂടെയും  മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും പരിചയമുള്ള ധാരാളം സുഹൃത്തുക്കളെയും നന്ദിയോടെ ഓർക്കുന്നു.

ശ്രീ സുകുമാർ അഴീക്കോടിന്റെ പേരിൽ സ്ഥാപിതമായ "തത്ത്വമസി"യിൽ വളരെ വർഷങ്ങൾ മുന്പേ എന്നേ അംഗമാക്കുകയും, എന്റെ പല കവിതകളും അവിടെ ചർച്ച ചെയ്യുകയും ചെതിട്ടുണ്ട്. അതിന്റെ അമരത്തിരിക്കുന്ന ശ്രീ റ്റി ജി വിജയകുമാർസാറിനും, പ്രധാന അഡ്മിനും കവയത്രിയും, പ്രശസ്ത സാഹിത്യകാരിയും ആയ ഉമാദേവി തുരുത്തേരിയോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

2020 ഒക്ടോബർ 22 ലെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച "മലയാള സാഹിത്യം അമേരിക്കയിൽ: മുൻപേ നടന്നവർ-ജോസഫ് നന്പിമഠം, എന്ന അമേരിക്കയിലെ മലയാള സാഹിത്യ രംഗത്ത് മുൻപേ നടന്നവരെ പരിചയപ്പെടുത്തുന്ന പരന്പരയിൽ ഞാനുമായി ഇന്റർവ്യൂ നടത്തി വിവരങ്ങൾ ശേഖരിച്ച്  മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച, അമേരിക്കൻ മലയാളി ശ്രീമതി മീനു എലിസബത്തിനും അത് പ്രസിദ്ധീകരിച്ച മലയാള മനോരമക്കും നന്ദി, സ്നേഹം.

എന്റെ പല കവിതകളെപ്പറ്റിയും കവിതാ സമാഹാരങ്ങളെ പറ്റിയും ആസ്വാദന/പഠന കുറിപ്പുകൾ തയാറാക്കി ഈ മലയാളിയിൽ, 'നിസ്വനായ പക്ഷി ഒരു പഠനം,' ഓം മണി പത്മേ ഹും എന്ന കവിതയെപ്പറ്റി 'സ്വപ്‌നങ്ങൾ പൂവണിയാൻ പൂന്പാറ്റകൾ' എന്ന പേരിലും, ഈ മലയാളി അവാർഡിന്‌ അർഹനായപ്പോൾ 'എഴുത്ത് എന്ന തപസ്യ' എന്ന പേരിൽ  ഇന്റർവ്യൂ ചോദ്യങ്ങളും മറുപടികളും തയാറാക്കിയും പലതവണ ഈമലയാളിയിൽ പ്രസിദ്ധീകരിച്ച അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരനായ ശ്രീ സുധീർ പണിക്കവീട്ടിൽ, 'ഈമലയാളിയുടെ എഡിറ്റർ ശ്രീ  ജോർജ് ജോസഫ്, എന്റെ കഥയും കവിതകളും ലേഖനങ്ങളും വളരെ ആകർഷകമായി പ്രസിദ്ധീകരിച്ചിരുന്ന മലയാളം പത്രം എഡിറ്റർ ജേക്കബ് റോയ്, 'ദൂര ഗോപുരങ്ങൾ'എന്ന പരന്പരയിൽ അമേരിക്കൻ എഴുത്തുകാരെ കാരെ പരിചയപ്പെടുത്തിയിരുന്ന ടെലിവിഷൻ ചാനലിൽ എന്നെയും ഉൾപ്പെടുത്തി അവതരിപ്പിച്ച സർഗവേദി പ്രവർത്തകനും എഴുത്തുകാരനുമായ മനോഹർ തോമസ്, എല്ലാ കാലത്തും പിന്തുണയായി നിന്ന 'ജനനി' മാസികയുടെ എഡിറ്ററും ഭാഷാ സ്നേഹിയുമായ ജെ. മാത്യു സാർ, അങ്ങിനെ നന്ദി പറയാൻ എത്രയോ പേരുകൾ, പ്രസ്ഥാനങ്ങൾ, മാധ്യമങ്ങൾ, വ്യക്തികൾ...

എന്റെ പല കവിതകളും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ശ്രീ അനിൽ പെണ്ണുക്കരയുടെ കേരളത്തിൽ നിന്നുള്ള ഓൺലൈൻ മാസിക "മുഖം" ഈ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം മുഖം ബുക്‌സിലൂടെ പ്രസിദ്ധീകരിക്കുന്നു എന്നതും വളരെ സന്തോഷജനകമാണ്. അമേരിക്കൻ മലയാളി എഴുത്തുകാരുമായും, സംഘടനകളുമായും, മാധ്യമങ്ങളുമായും, പ്രസ്ഥാനങ്ങളുമായും ഇത്ര മാത്രം ബന്ധമുള്ള, അമേരിക്കൻ മലയാളികളുടെ സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങളെ കേരളത്തിനു പരിചയപ്പെടുത്തുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആളുമാണ് ശ്രീ അനിൽ പെണ്ണുക്കര. അദ്ദേഹവുമായി അനേകകാലത്തെ ദീർഘ പരിചയവും സ്നേഹവുമാണ് എനിക്കുള്ളത്.
മുഖം ബുക്‌സിനും അതിന്റെ എല്ലാ സംരംഭങ്ങൾക്കും ആശംസകൾ.

'വാക്കനൽ' എന്ന കവിതാ ഫേസ് ബുക്ക് ഗ്രൂപ്പിൽ "കുബ്ബൂസ്" എന്ന എന്റെ കവിത ചർച്ചക്ക് വെക്കുകയും ധാരാളം നല്ല അഭിപ്രായങ്ങൾ ലഭിക്കുകയും ചെയ്‌തു. അതിന്റെ സാരഥിയായ ശ്രീ വി വി ജോസ് കല്ലട, കേരളത്തിലെ എഴുത്തുകാരുടെ ഫേസ്ബുക് കൂട്ടായ്‍മയായ നവതൂലികയുടെ 2023 ലെ ക്രിസ്മസ് സമാഹാരത്തിൽ എന്റെ 'പുൽക്കൂടും പൂജരാജാക്കന്മാരും' എന്ന കവിത ചേർത്ത നവതൂലിക, എന്റെ പല കവിതകളും പ്രസിദ്ധീകരിക്കുന്ന കാനഡയിൽ നിന്നുള്ള 'സമീക്ഷ' മാസിക എന്നീ മാധ്യമങ്ങളോടും നന്ദിയും സ്നേഹവും അറിയിക്കുന്നു.

എന്റെ കവിതകളും, ലേഖനങ്ങളും, ചെറുകഥകളും അമേരിക്കയിൽ എത്തിയ 1985 മുതൽ ഇന്നേ വരെ പ്രസിദ്ധീകരിച്ചിട്ടുള്ള, പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന അമേരിക്കയിലെ കേരള അസോസിയേഷൻ ഡാളസിന്റെ ആദ്യകാല കയ്യെഴുത്തു മാസികയായിരുന്ന കൈരളി, ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന അച്ചടി മാധ്യമങ്ങളായ കൈരളി, മലയാളം പത്രം, ജനനി മാസിക, രജനി മാസിക, ചിക്കാഗോയിൽ നിന്നുള്ള കേരള എക്സ്പ്രസ്സ്, ഓൺലൈൻ മാധ്യമങ്ങളായ ഈമലയാളി.കോം, യൂ എസ് മലയാളി, വെബ് മലയാളി,  മലയാളിമനസ്സ്, ജോയിച്ചൻ പുതുക്കുളം.കോം, പുഴ.കോം, ഫൊക്കാന സ്മരണികകൾ, ഫോമാ സ്മരണികകൾ, അവാർഡുകളും ആദരവുകളും തന്ന് ആദരിച്ച ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, മലയാളവേദി, വിചാരവേദി, ലാന, തുടങ്ങിയ സാഹിത്യ, സാംസ്‌കാരിക സംഘടനകളോടും അതിന്റെയെല്ലാം സാരഥികളോടും നന്ദി, സ്നേഹം.

ഏറ്റവും കൂടുതൽ നന്ദിയും സ്‍നേഹവും കടപ്പാടുമുള്ളത് ,അമേരിക്കയിലെ മാധ്യമങ്ങളോടും സാഹിത്യ സാംസ്കാരിക സംഘടനകളോടും വ്യക്തികളോടുമാണ്. കേരളത്തിൽ ആയിരിക്കുന്പോൾ മുതൽ അച്ചടി മാധ്യമങ്ങളിൽ കഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അമേരിക്കയിലെ മലയാള മാധ്യമങ്ങളുടെ കാര്യം അങ്ങിനെ ആയിരുന്നില്ല. 1985 ൽ ഡാളസ്സിൽ വരുന്പോൾ ഇവിടത്തെ കേരള അസോസിയേഷൻ ഡാളസ് എന്ന മലയാളി സംഘടനയിൽ നല്ല ഒരു പുസ്തക ശേഖരം ഉണ്ടായിരുന്നു. അമേരിക്കയിലെ തന്നെ മികച്ച മലയാളം ലൈബ്രറി ആയിരുന്നു അത്. ആ സംഘടനയിൽ ചേർന്ന് കുറേക്കാലം പ്രവർത്തിക്കുകയും അതിന്റെ ലൈബ്രേറിയനായി പ്രവർത്തിക്കുകയും ചെയ്തപ്പോൾ കേരളത്തിൽ നിന്നും കുറെയേറെ നല്ല പുസ്തങ്ങൾ കൂടിക്കൊണ്ടുവന്ന് ആ ശേഖരം വിപുലപ്പെടുത്താൻ കഴിഞ്ഞു. അസോസിയേഷന്റെ മുഖപത്രമായിരുന്ന കൈരളി എന്ന മാസിക ഒരു കയ്യെഴുത്തു മാസികയായിരുന്നു. മറ്റു മാധ്യമങ്ങളിൽ വരുന്ന വാർത്തകളും മറ്റും വെട്ടി ഒട്ടിച്ചും കോപ്പിയെടുത്തും പ്രസിദ്ധീകരിക്കുന്ന കൈയെഴുത്തു മാസികകൾ ആയിരുന്നു തുടക്കത്തിൽ ഇവിടെ ഉണ്ടായിരുന്നത്. ഡാളസ്സിലെ കേരള അസോസിയേഷന്റെ കൈരളി മാസികയുടെ തുടക്കവും അങ്ങിനെ തന്നെ ആയിരുന്നു. ആർട്ടിസ്റ്റും, കലാസ്നേഹിയും, എഴുത്തുകാരനും, നടനും, മേക്കപ്പ് ആർട്ടിസ്റ്റുമെല്ലാമായിരുന്ന ശ്രീ മനുമാത്യു ആയിരുന്നു അതിന്റെ മിക്ക പ്രവർത്തനങ്ങളും നടത്തിയിരുന്നത്. 1998 ൽ കേരള ലിറ്റററി സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ച അമേരിക്കൻ മലയാള കവികളുടെ ആദ്യ സമാഹാരമായ "മലയാള കവിത അമേരിക്കയിൽ" എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ കവർ ചിത്രവും, ഓരോ കവിതക്കുമുള്ള ചിത്രവുമെല്ലാം വരച്ചതും മനു മാത്യു ആയിരുന്നു. കാലയവനികക്കുള്ളിൽ മറഞ്ഞു പോയ ആ കലാ സാഹിത്യ സ്‌നേഹിയെയും ഇവിടെ സ്മരിക്കുന്നു.

അങ്ങിനെയുള്ള കയ്യെഴുത്തു മാസികയിലൂടെ ആയിരുന്നു ഇവിടെ എന്റെ എഴുത്തിന്റെ തുടക്കം. തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന മനഃശാസ്ത്രം മാസികയിലും മറ്റും അന്നും എഴുതിയിരുന്നു. കേരളത്തിൽ നിന്ന് മാതൃഭൂമി ആശ്ചപ്പതിപ്പും മറ്റും തപാലിൽ വരുത്തി വായിച്ചിരുന്നു. അതിനുശേഷം വളരെക്കാലം കഴിഞ്ഞാണ് ഇവിടെ അച്ചടിച്ച മലയാള മാധ്യമങ്ങൾ വരുന്നതും വളർച്ച പ്രാപിക്കുന്നതും.

ഒരു നോവലിസ്റ്റ്  ആകാൻ ആഗ്രഹിച്ചിട്ട്  ഒരിക്കലും നടക്കാതിരിക്കുകയും പകരം അര നൂറ്റാണ്ടിലേറെ ആയി കഥകളും, ലേഖനങ്ങളും, കവിതകളുമായി തുടർന്നത് എന്ത്‌ നിയോഗത്താൽ ആയിരുന്നു? പലതവണ കവിതയെഴുത്തു നിർത്തണമെന്നു ആഗ്രഹിച്ചിട്ടും എന്തുകൊണ്ട് ആയിരുന്നു അത് തുടർന്നത്? രണ്ടാമത്തെ കവിതാ സമാഹാരമായ 'തിരുമുറിവിലെ തീ' എന്ന പുസ്തകത്തിൽ, 'ഇല്ല വരില്ലീ തിരുമുറ്റത്തേക്കിനിയും' എന്ന കവിത എഴുതിയത്‌ ആ സമാഹാരത്തോടെ കവിത എഴുത്തു നിറുത്തുന്നു എന്നതിന്റെ സൂചകമായിട്ടായി  രുന്നു. അത് മനസിലാക്കിയിട്ടെന്ന പോലെയാണ് മധുസൂദനൻ സാർ "ഈ കവി ഇപ്പോഴും ഈ മുറ്റത്തു തന്നെ" എന്ന് അവതാരികക്ക് പേരിട്ടത്. അതെ, അതിനു ശേഷവും കവിതകൾ എഴുതിക്കൊണ്ട്, ഇപ്പോഴും ഈ മുറ്റത്തു തന്നെ ഞാൻ കഴിയുന്നത് എന്ത് നിയോഗത്താലാണ്? കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി എഴുതിയിട്ടുള്ള കവിതകളിൽ നിന്നും തെരഞ്ഞെടുത്ത കവിതകളുടെ ഈ സമാഹാരം, എന്റെ കവിതാ രചനയുടെ പരിസമാപ്തി കുറിക്കുമോ?

"ഒരു പൂവു വിരിയുന്നു. ഒരു കവിത ജനിക്കുന്നു. ബോധപൂർവമായ ഒരുദ്ദേശവും പ്രത്യേകിച്ചില്ലാതെ, ലക്ഷ്യങ്ങളൊന്നുമില്ലാതെ, അനശ്വരതയെപ്പറ്റി യാതൊരു വ്യമോഹവുമില്ലാതെ, പൂമൊട്ടിന് വിരിഞ്ഞേ കഴിയൂ, തൊട്ടാവാടിച്ചെടിക്ക്‌ വാടിയെ കഴിയൂ, തിരമാലയ്‌ക്ക് ആഹ്ലാദത്തോടെ സ്വയം ഉയർന്നടിച്ചു ചിതറിയേ കഴിയൂ. അതുപോലെ തന്നെ അത്രമേൽ സ്വാഭാവികമായി, ആത്മാർത്ഥമായി, ഞാൻ   എഴുന്നു"  (സുഗതകുമാരി) എന്ന വാക്കുകൾ എന്റെ കാര്യത്തിലും ചേരുമെന്ന് തോന്നുന്നു.

"കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന" എന്ന ഗീതാ വചനം എനിക്ക് വളരെ ഇഷ്ട്ടമുള്ളതാണ്. കർമം ചെയ്‌തു കൊണ്ടേയിരിക്കുക ഫലം പ്രതീക്ഷിക്കാതെ. അവാർഡുകളുടെ പിന്നാലെ ഒരിക്കലും പോയിട്ടില്ല, എന്നിട്ടും ധാരാളം അവാർഡുകളും അംഗീകാരങ്ങളും ആദരവും ലഭിച്ചു. അതിന് എല്ലാവരോടും നന്ദിയും കൃതജ്ഞതയും ഉണ്ട്. ഭാവി എന്താണ് അതിന്റെ ഗർഭഗൃഹത്തിൽ ഒളിപ്പിച്ചിരിക്കുന്നതെന്ന് ആരറിഞ്ഞു? ഇതുവരെ നടന്നതിൽ നിന്നെല്ലാം മെച്ചപ്പെട്ടത് ആയിരിക്കുമോ വരാൻപോകുന്നത് ?

ഭാഷകളുടെ തുടക്കം, കാവ്യഭാഷയിൽ നിന്നായിരുന്നു.  കാവ്യഭാഷക്ക് തന്നെ ധാരാളം പരിണാമം വന്നിരിക്കുന്നു എന്ന് സാഹിത്യ ചരിത്രം അവലോകനം ചെയ്താൽ മനസിലാകും. "തുഞ്ചൻ മുതൽ തുഞ്ചാണി വരെ" എന്ന പേരിൽ ഈ സമാഹാരത്തിൽ ചേർത്തിരിക്കുന്ന കവിതാ സാന്പിളുകൾ വായിച്ചാൽ അതു മനസിലാകും. ഈ മാറ്റം അനിവാര്യമാണ്. ജീവനുള്ള എന്തും പരിണാമത്തിനു വിധേയമാകും. മാറ്റമില്ലാത്ത ഭാഷ മൃതഭാഷ ആകും. മലയാള ഭാഷയിലും സാഹിത്യത്തിലും ഉത്തരാധുനികത അരങ്ങു വാണിരുന്ന കാലത്താണ് ഞാൻ കവിതകൾ  എഴുതാൻ തുടങ്ങിയത്. അതിന്റെ സ്വാധീനം എന്റെ കവിതയിലുമുണ്ട്. വൃത്ത നിബദ്ധമായ കവിതയിലാണ് തുടക്കമെങ്കിലും പിന്നീട് അതിൽ നിന്നും മാറി ഉത്തരാധുനികതയുടെ ചുവടു പിടിച്ച്  എഴുത്തിൽ മുന്നോട്ടു പോയി. ആ കാലഘട്ടത്തിൽ നിന്നു തന്നെ, മലയാളകവിത അൻപതിലേറെ വർഷം മുന്നോട്ടു പോയിരിക്കുന്നു. വൃത്ത, താള, പ്രാസ, അലങ്കാര നിബന്ധനകളിലൂടെയും, അലങ്കാരമോടികളോടെയും തിരക്കില്ലാത്ത രാജവീഥികളിൽ സഞ്ചരിച്ചിരുന്ന കവിതയുടെ കാലത്തിൽ നിന്നും, അനേകായിരം വാഹനങ്ങളും അനേകായിരം ഡ്രൈവർമാരും നിറഞ്ഞ വഴികളിലൂടെയാണിന്നത്തെ അതിന്റെ സഞ്ചാരം. രാജപാതകൾ അരാജക പാതകളായും, സഞ്ചാരികൾ അപഥ സഞ്ചാരികളായി തലങ്ങും വിലങ്ങും സഞ്ചരിക്കുന്നോ എന്ന തോന്നൽ ചിലപ്പോൾ ഉണ്ടാകാറുണ്ട്.

"Perfection is achieved not when there is nothing more to add, but when there is nothing left to take away" (Antoine  de Saint) എന്ന വാക്കുകൾ, എന്ത് എഴുതുന്പോഴും, പ്രത്യേകിച്ച്‌ കവിത എഴുതുന്പോൾ മനസ്സിലുള്ളതിനാൽ പരമാവധി പൂർണത വരുത്താൻ എക്കാലവും ശ്രമിച്ചിട്ടുണ്ട്. JD Salinger ന്റെ The Catcher in the Rye, Ernest Hemingway യുടെ The Old Man and the Sea, Juan Rulfo യുടെ Pedro Paramo, OV വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പോലുള്ള കൃതികളും, O Henry, Oscar Wilde എന്നിവരുടെ ചില കഥകളും   കാലം കടന്നും ഓർമയിൽ തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണം ചുരുക്കെഴുത്തിന്റെ രചനാ വൈഭവമാണ്, ഗദ്യത്തിന്റെ പരത്തിപ്പറയലല്ല പദ്യത്തിന്റെ ചുരുക്കിപ്പറയലാണ് അവയിലുള്ളത്‌ എന്നതിനാലാണ്. കഴിവതും ചെത്തിമിനുക്കി പൂർണതയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. അതിൽ പരാജയപ്പെട്ടെങ്കിൽ അത് എന്റെ പിഴ. ഞാൻ എഴുതിയ കവിതകളൊക്കെയും കവിതകൾ ആണോ അകവിതകൾ ആണോ എന്ന് വായനക്കാരും, നിരൂപകരും, കാലവും വിലയിരുത്തട്ടെ!

നിരൂപകനില്ലാത്ത കാലം, കാലനില്ലാത്ത കാലം പോലെയാണ്. പതിരുകൾ പേറ്റിക്കൊഴിച്ച് നെല്ലും പതിരും വേർതിരിച്ചെടുത്തിരുന്ന പഴയകാല നിരൂപകൻ മരിച്ചിരിക്കുന്നു എന്നതാണ് ഈ കാലത്തിന്റെ ദുരവസ്ഥ. ലക്ഷങ്ങൾ കവികളായി അരങ്ങു വാഴുന്നു, കവിതകൾ എണ്ണമറ്റു  പെരുകിക്കൊണ്ടേയിരിക്കുന്നു. നല്ല നിരൂപകന്റെ അഭാവത്തിൽ, സാഹിത്യ സൃഷ്ടികൾ വിലയിരുത്തപ്പെടാതെ പോകുന്നു, പലതും വായിക്കപ്പെടാതെ പോകുന്നു. ആ മാലിന്യ കൂന്പാരത്തിലേക്കാണ് എന്റെ ഈ കവിതാ സമാഹാരവും ചേർക്കപ്പെടുന്നതെങ്കിൽ നിഷ്‌ക്കരുണം തള്ളിക്കളയുക!

സ്നേഹത്തോടെ നന്ദിയോടെ, 'നന്പിമഠം' എന്ന് നിങ്ങൾ വിളിക്കുന്ന, ജോസഫ് നന്പിമഠം.

Read More: https://www.emalayalee.com/writers/34


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക