ഓർമ്മയിൽ നിന്നുതിർന്ന് വീഴുന്നുണ്ട്
ആടിമാസമേഘത്തിൻ്റെ കണ്ണുനീർ
ഓർമ്മയിൽ നിന്നടർന്ന് വീഴുന്നുണ്ട്
തീകൊളുത്തിപ്പിരിഞ്ഞ യുദ്ധക്കനൽ
ലോകയുദ്ധഘോഷത്തിൻ്റെ നെറ്റിയിൽ
ചോരയിറ്റിച്ചൊരാണവത്തീക്കനൽ
നിത്യബോധഗയകൾ കടക്കവെ-
ഇത്തുരുത്തിലുണ്ടിന്നും രണക്കനൽ
കത്തിയാലെന്തിതേ പോൽ പകത്തീയ്
ചുറ്റിനിൽക്കുന്നതിന്നുമീമണ്ണിലായ്
ചത്വരങ്ങൾ പകുത്തെടുക്കാൻ വല-
ക്കെട്ടുകൾ പിന്നിലെയ്യും ശരങ്ങളും
ഇത്ര മാത്രം ചുരുങ്ങും മനസ്സുകൾ
ചുറ്റുമെത്രയുണ്ടെങ്കിലുമാർദ്രമായ്
മുഗ്ദ്ധമായ് നീങ്ങുമാ ഭൂമിയൊന്നിനെ
തൊട്ട് നിൽക്കും പ്രപഞ്ചസമാനത
ഭൂമിയൊന്നെങ്കിലും രണ്ടതാക്കുന്ന
ഭൂമിവാസികളുന്മത്തചിന്തകൾ
ധ്യാനമോടെയതിനെ കൊഴിക്കുന്ന
സ്നേഹിതർ ഋതുഭാഷകളങ്ങനെ
ജാലകങ്ങൾ തുറന്നാൽ വെളിച്ചവും
പ്രാണവായുവും മുന്നിലുണ്ടെങ്കിലും
പോരിനെത്തുന്നവർ പിന്നഴികളിൽ
ഗൂഢതന്ത്രം മെനഞ്ഞുല്ലസിച്ചിടും
പാടിയെന്നോ മറഞ്ഞതാം പക്ഷികൾ
കൂടുപേക്ഷിച്ച് പോകും മരച്ചില്ല
പാട്ടിനുള്ളിൽ കുടുങ്ങിക്കിടപ്പുണ്ട്
പാതി കത്തിക്കരിഞ്ഞ തൂവൽത്തരി
ആരവങ്ങൾക്കരികിൽ യുദ്ധത്തിൻ്റെ
ഭീതിയിന്നുമുണ്ടിന്നും പലായനം
ധ്യാനലീനം മനസ്സിലുണ്ടെന്നുമാ-
ഭൂമിഗീതം ഒരേകതാരാസ്വരം..