അദ്ധ്യായം - 4
പിബി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഈ സ്ഥലത്തെ പീര്‍ ബാദേശ്വര്‍ എന്നാണ് സ്ഥലവാസികള്‍ വിളിച്ചിരുന്നത്. യഥാര്‍ത്ഥ പേരാകട്ടെ വീര ഭദ്രേശ്വര്‍ എന്നും. ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പോസ്റ്റിനു താഴെയായി പാകിസ്ഥാനിലെ മിരാപൂര്‍ എന്ന പട്ടണം ദൃശ്യമാണ്. കൗതുകകരമെന്നു പറയട്ടെ പുരാതനമായ ഒരു ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. അതിലും വിചിത്രം, ഈ പോസ്റ്റും ക്ഷേത്രവും ലൈന്‍ ഓഫ് കണ്‍ട്രോളിനുമപ്പുറമാണെന്നതാണ്. അതിര്‍ത്തിയലങ്ങോളം സ്ഥാപിച്ചിട്ടുള്ള മുള്ളുവേലി കടന്ന് വേണം ഇവിടെയെത്താന്‍. അതുകൊണ്ടു തന്നെ പൂര്‍ണമായും പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം.
മറ്റെല്ലാ ക്ഷേത്രങ്ങളിലേയും പോലെ പീര്‍ബാദേശ്വര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കും ഒരു ചരിത്രമുണ്ട്. സതിദേവി, അഥവാ ദാക്ഷായണി ശിവനെ മനസ്സില്‍ ആരാധിച്ചിരുന്നു. പിതാവായ ദക്ഷ രാജാവാകട്ടെ ശിവനുമായി നല്ല രസത്തിലായിരുന്നില്ല. ഇളയ പുത്രി ദാക്ഷായണിയുടെ സ്വയംവരത്തിന് ദക്ഷരാജാവ് ശിവനൊഴികെ സര്‍വ്വരെയും ക്ഷണിച്ചു. ശിവനെ സദസ്സില്‍ കാണാതിരുന്ന ദാക്ഷായണി ശിവനെ വിളിച്ചപേക്ഷിച്ചു കൊണ്ട് തന്റെ മാല ആകാശത്തേക്കു എറിഞ്ഞത്രേ! അത്ഭുതമെന്നു പറയട്ടെ, ആ മാല തിരികെ വന്നപ്പോള്‍ പതിച്ചത് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ശിവന്റെ കഴുത്തിലും. തന്റെ മകളെ ശിവനു വിവാഹം ചെയ്തു കൊടുക്കാതെ ദക്ഷ ചക്രവര്‍ത്തിക്കു മറ്റു മാര്‍ഗമുണ്ടായിരുന്നില്ല.
ഐതിഹ്യമനുസരിച്ച് കുറേ നാളുകള്‍ക്കു ശേഷം ദക്ഷ രാജാവ് ഒരു മഹായജ്ഞം ഒരുക്കി. ശിവനെയൊഴിച്ച് എല്ലാ ദൈവങ്ങളെയും ക്ഷണിക്കുകയും ചെയ്തു. തന്റെ വീട്ടുകാരോടുള്ള ഇഷ്ടം കൊണ്ട് ദാക്ഷായണി വിളിക്കാതെ തന്നെ അതില്‍ പങ്കെടുക്കാനായെത്തി. പക്ഷേ എല്ലാവരുടേയും മുന്‍പില്‍ വെച്ച് ദക്ഷ ചക്രവര്‍ത്തി അവരേയും ശിവനേയും പരിധി വിട്ട് അധിക്ഷേപിച്ചു. കഠിന ദു:ഖിതയായ ദാക്ഷായണി ആ യാഗാഗ്നിയിലേക്കു ചാടി ആത്മഹൂതി ചെയ്തു.
ഈ വിവരം അറിഞ്ഞ ശിവന്റെ ദു:ഖത്തിന് അതിരുകളില്ലായിരുന്നു. ക്ഷുഭിതനായ ശിവന്‍ തന്റെ ഒരു മുടിച്ചുരുള്‍ പൊട്ടിച്ച് തറയിലേക്ക് ശക്തമായി വലിച്ചെറിഞ്ഞു. അതില്‍ നിന്ന് ഉത്ഭവിച്ചതാണത്രേ വീര്‍ ഭദ്രേശ്വരും, ദേവി ഭദ്രകാളിയും!.
ശിവന്റെ നിര്‍ദ്ദേശപ്രകാരം ദക്ഷ ചക്രവര്‍ത്തിയുടെ യജ്ഞത്തില്‍ വീര്‍ഭദ്രേശ്വര്‍ സംഹാര താണ്ഡവമാടി. യാഗത്തിന്റെ സ്ഥലത്തേക്ക് ഒരു കൊടുങ്കാറ്റു പോലെ എത്തിയ ഭദ്രേശ്വര്‍ യാഗപാത്രങ്ങള്‍ ഉടച്ചു. നിവേദ്യം വൃത്തികേടാക്കി. അവിടെ കൂടിയിരുന്ന എല്ലാ ദൈവങ്ങളേയും അടിച്ചോടിച്ചു. യാഗം കുട്ടിച്ചോറാക്കിയ ശേഷം ദക്ഷ ചക്രവര്‍ത്തിയുടെ കഴുത്തറുത്തു. അതിനു ശേഷം കൈലാസത്തിലേക്കു മടങ്ങിയത്രേ!.
തന്റെ നിയോഗം കഴിഞ്ഞു കൈലാസത്തിലേക്കു മടങ്ങുന്ന വഴിക്ക് വീര ഭദ്രേശ്വര്‍ ഈ സ്ഥലത്ത് വിശ്രമിച്ചു! ഏകദേശം പതിനഞ്ചു ദിവസങ്ങളോളം ഉറങ്ങിപ്പോയ അദ്ദേഹം മേയുന്ന ആടുകളുടെ കഴുത്തിലെ മണിയുടെ ശബ്ദം കേട്ടാണത്രേ ഉണര്‍ന്നത്. നന്ദിസൂചകമായി ആ ഇടയന് അദ്ദേഹം ഒരു വരം നല്‍കുകയുണ്ടായി. മാത്രമല്ല; തനിക്കായി മണി നല്‍കുന്ന ആര്‍ക്കും അവരുടെ ആഗ്രഹം സാധിക്കുമെന്നുള്ള ഉറപ്പും അദ്ദേഹം നല്‍കിയത്രേ! അന്ന് വീര്‍ ഭദ്രേശ്വര്‍ വിശ്രമിച്ച ആ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇന്നിതാ നൂറ്റാണ്ടുകള്‍ക്കു ശേഷം അതേ സ്ഥലത്തു നിന്നും ഒരു ഉഗ്രവാദി നാശം വിതയ്ക്കാനായി ഇറങ്ങിയിരിക്കുന്നു. വീരഭദ്രേശ്വറിന്റെ ആവര്‍ത്തനം സംഭവിക്കുമോ? ക്യാപ്റ്റന്‍ ജോസ് തെല്ല് ഭയത്തോടെ ഓര്‍ത്തു.
ഉയര്‍ന്ന; ഒരു പക്ഷേ ഇന്‍ഡ്യയുടെ ഏറ്റവും ഉയരത്തിലുള്ള മിലിട്ടറി പോസ്റ്റുകളില്‍ ഒന്നായ പീര്‍ബാദേശ്വറില്‍ നിന്നും ഇന്‍ഡ്യയിലേക്കു വരാനായി ഒരു റോഡ് മാത്രമേ ഉള്ളു.
വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രം വസിക്കുന്ന ഒരു കൊച്ചു ഗ്രാമം ഒഴികെ തികച്ചും വിജനമായിരുന്നു പീര്‍ബാദേശ്വര്‍ പോസ്റ്റിന്റെ സമീപ പ്രദേശം. അഥവാ അങ്ങനെ ഒരു ഭീകരന്‍ രാത്രിയില്‍ നുഴഞ്ഞു കയറിയാല്‍ തന്നെ താഴ്‌വരയിലെ നാട്ടുകാരുടെയിടയില്‍ ചേരുന്നതിനു മുന്‍പായി തന്നെ തിരിച്ചറിയാന്‍ പറ്റും. അടുത്ത ടൗണായ നൗഷറയില്‍ നടന്നെത്താന്‍ തന്നെ മണിക്കൂറുകള്‍ എടുക്കും. ഈ റോഡിലാകട്ടെ നിരവധി പട്ടാള ക്യാംപുകള്‍ സ്ഥിതി ചെയ്യുന്നു. അവര്‍ക്കെല്ലാം തന്നെ ഇതിനകം ജാഗ്രതാ നിര്‍ദ്ദേശം കൊടുത്തു കഴിഞ്ഞു. ക്യാപ്റ്റന്‍ ചെയ്യേണ്ടതു ഇതുമാത്രം. വ്യക്തിപരമായി തിരച്ചിലിനു നേതൃത്വം നല്‍കുക. പീര്‍ബാദേശ്വര്‍ പോസ്റ്റിനു സമീപമുള്ള ഗ്രാമത്തില്‍ നാട്ടുകാരല്ലാത്ത ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുക. ബ്രിഗേഡിയര്‍ തന്റെ നിര്‍ദ്ദേശം അറിയിച്ച ശേഷം ഹോട്ട്‌ലൈന്‍ ഓഫാക്കുകയും ചെയ്തു.
അദ്ധ്യായം - 5
താന്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക നിമിഷങ്ങള്‍ക്കകം ജോസ് തയ്യാറാക്കി. ആ യൂണിറ്റിന്റെ ചാര്‍ജ്ജ് ലെഫ്റ്റനന്റ് കപൂര്‍സിംഗിനെ ഏല്‍പ്പിച്ചശേഷം ജോസ് പീര്‍ബാദേശ്വര്‍ പോസ്റ്റിലേക്ക് യാത്രയായി. പക്ഷേ എത്ര വേഗം പോയാലും അവിടെയെത്താന്‍ നാലു മണിക്കൂറെങ്കിലും വേണ്ടി വരും. രജൗറി ജില്ല കടന്ന് നൗഷറയില്‍ എത്തിയ ശേഷം വേണം മലമുകളിലെ പീര്‍ബാദേശ്വര്‍ പോസ്റ്റിലേക്ക് കയറാന്‍ ഏകദേശം 70 കിലോമീറ്ററോളം യാത്ര. കുറച്ചു താമസിച്ചാലും വേണ്ടില്ല, പോകുന്ന വഴിക്ക് രജൗറിയിലെ തന്റെ ക്വാര്‍ട്ടേഴ്‌സില്‍ കയറി പ്രഭാത കര്‍മ്മങ്ങള്‍ക്കു ശേഷം പോകാം. ജോസിനെ അലട്ടിയത് അതു മാത്രമല്ല. തന്റെ മകള്‍-അവള്‍ ഉണരുന്ന ഉടനെ തന്നെ തിരയും. അവളെ കണ്ടു യാത്ര പറയുകയും ചെയ്യാം. തന്റെ ജിപ്‌സിയില്‍ ഡ്രൈവര്‍ ദിനേശിനോടൊപ്പം കുതിക്കുന്നതിനിടയില്‍ അദ്ദേഹം ഓര്‍ത്തു.
മകള്‍ക്കു മൂന്നു വയസ്സു തികഞ്ഞപ്പോഴാണ് ഡോക്ടര്‍മാര്‍ അവരുടെ ആശങ്ക തന്നെ അറിയിച്ചത്. പൊതുവേ സംസാരം തീരെയില്ലാതിരുന്ന അവള്‍ക്ക് 'ഓട്ടിസം' എന്ന രോഗം ഉണ്ട് എന്നതായിരുന്നു അവരുടെ നിഗമനം. തന്റെ വ്യക്തിപരമായ ജീവിതം തലകീഴായി മറിഞ്ഞ ദിനങ്ങള്‍ - അല്ല വര്‍ഷങ്ങള്‍. നാലുവര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യ ജീവിതം. പക്ഷേ മകളെ ഉപേക്ഷിക്കണം എന്ന ഭാര്യയുടേയും അവരുടെ വീട്ടുകാരുടെയും നിര്‍ബന്ധം ഒട്ടും തന്നെ സ്വീകാര്യമല്ലായിരുന്നു. മകള്‍ക്കാകട്ടെ തന്നോട് എന്തെന്നില്ലാത്ത അടുപ്പവും. ഇതിന്റെ പേരില്‍ ഭാര്യ തന്റെ ജീവിതത്തില്‍ നിന്നു തന്നെ അകന്നു പോകുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചതല്ല. പ്രവൃത്തികള്‍ക്ക് ഓരോരുത്തര്‍ക്കും അവരുടേതായ കാരണങ്ങള്‍ കണ്ടേക്കാം. പക്ഷേ ഇതു തികച്ചും അപ്രതീക്ഷിതമായിരുന്നു. അങ്ങനെയാണ് ബ്രിഗേഡിയര്‍ ഇടപെട്ട് മകളെ തന്റെ കൂടെ താമസിപ്പിക്കാനുള്ള അനുവാദം വാങ്ങിത്തന്നത്. താന്‍ ഫീല്‍ഡ് ഏരിയായിലാണെങ്കിലും അതിനുള്ള സൗകര്യം ചെയ്തു തരാം എന്ന വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇന്ന് 'സെന്‍സിറ്റീവ് ' എന്നു ക്ലാസിഫൈ ചെയ്ത പ്രദേശത്തു പോലും അവള്‍ക്കു തന്നോടൊപ്പം കഴിയാന്‍ സാധിക്കുന്നത്. അതുമാത്രമല്ല, അവളെ പരിചരിക്കുന്നതിനു മാത്രമായി മെഡിക്കല്‍ സര്‍വ്വീസില്‍ നിന്നും ഒരു ലേഡി നേഴ്‌സിനെ ഡ്യൂട്ടിയിലിട്ടിരിക്കുന്നതും. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അവള്‍ക്കു സൂസനെ ചതുര്‍ത്ഥിയാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനുപരി സൂസന്‍ തന്റെ മകളെ പരിചരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ അതിനനുവദിച്ചിരുന്നില്ല. അവളുടെ അമ്മയോടും ഇതേ രീതി തന്നെയായിരുന്നു. അതു തന്നെയാകാം തന്റെ ഭാര്യ തന്നേയും മകളേയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
റോഡിനു സമാന്തരമായി ഇടതു വശത്തുകൂടി ഒഴുകുന്ന നദി ഓര്‍മ്മയില്‍ നിന്നും ജോസിനെ ഉണര്‍ത്തി. രജൗറിയെത്തി കഴിഞ്ഞു. നദിയുടെ സമാന്തരമായാണ് റോഡ് നിര്‍മ്മിച്ചിരുന്നത്. ജനവാസകേന്ദ്രങ്ങളും ഇതിനു സമീപം തന്നെ. ഠണ്ഠാ തവി എന്ന പേരിനെ അന്വര്‍ത്ഥമാക്കുമാറ് എപ്പോഴും അതിലെ വെള്ളം തണുത്തിരിക്കും.
രജൗറിയിലെ തന്റെ വീട്ടില്‍ നിന്നാല്‍ ഇരുവശത്തേക്കും കിലോമീറ്ററുകളോളം ഈ നദി ദൃശ്യമാണ്. ഇരുപതു ഏക്കറോളം വിസ്തൃതിയുളള ഒരു കുന്നിന്‍ മുകളിലാണ് ജോസ് താമസിച്ചിരുന്നത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ ഓഫീസും ഗസ്റ്റ് ഹൗസും പിന്നെ ക്യാപ്റ്റന്റെ വസതിയും. ഇവയെല്ലാം തന്നെ ഈ കുന്നിന്‍ മുകളിലാണ്. റോഡില്‍ നിന്നു കയറിയാല്‍ ഉടന്‍ തന്നെ ഓഫീസിന്റെ കെട്ടിടം. പിന്നെയും കുത്തനെ കയറി കഴിഞ്ഞാല്‍ വസതി. അതിനും മുകളില്‍ കുന്നിന്റെ ഏറ്റവും നെറുകയിലായിരുന്നു ഗസ്റ്റ് ഹൗസ്. പുറകു വശത്തു താഴെയായി സേവകന്‍മാരുടെ താവളം. ഔദ്യോഗികമായി സൂസന്‍ ഗസ്റ്റ് ഹൗസിലാണു താമസമെങ്കിലും താനില്ലാത്ത സമയം മകളോടൊപ്പം വീട്ടിലുണ്ടാകും. അവരെ കൂടാതെ ബാറ്റ്മാന്‍ കബീറും പാചകക്കാരും എപ്പോഴും അവിടെയുണ്ട്. പ്രഭാതകര്‍മ്മങ്ങള്‍ക്കായി ഡ്രൈവര്‍ ദിനേശിനു പതിനഞ്ചുമിനിറ്റ് നല്‍കിയ ശേഷം ജോസ് തന്റെ വീട്ടിലേക്കു കയറി. കതകു തുറന്നു ഭവ്യതയോടെ നില്‍ക്കുന്ന സൂസനെ നോക്കിയപ്പോള്‍ ഇവള്‍ തന്റെ റോള്‍ ആവശ്യത്തില്‍ കൂടുതല്‍ അഭിനയിക്കുന്നുണ്ടോ എന്ന സന്ദേഹം ജോസിന്റെ മനസ്സില്‍ കടന്നു പോയി. സുഖനിദ്രയിലാണ്ടു കിടക്കുന്ന മകളെ തഴുകി ഒരു ചുംബനം നല്‍കിയശേഷം പ്രഭാത കര്‍മ്മങ്ങളിലേര്‍പ്പെട്ടു. ആവശ്യപ്പെടാതെ തന്നെ സൂസന്‍ നല്‍കിയ പ്രാതലിനു ശേഷം ദൗത്യം തുടരാനായി ജോസ് ജീപ്പിലേക്കു കയറി. ദിനേശ് ഇതിനകം റെഡിയായി വന്ന് ജീപ്പ് തിരിച്ച് ഇട്ടിരുന്നു.
വീണ്ടും ഠണ്ഠാ തവിയുടെ സമാന്തരമായി യാത്ര തുടര്‍ന്നു. ജിപ്‌സി അതിന്റെ പരമാവധി വേഗതയില്‍ ആണ് ഓടിക്കൊണ്ടിരുന്നത്. പീര്‍ബാദേശ്വര്‍ പോസ്റ്റിനടുത്തു കൂടെ ക്രോസിംഗിനുള്ള സാധ്യത തുലോം കുറവാണ്. ഇരുപത്തിനാലു മണിക്കൂറും കാവലുള്ള ആ പോസ്റ്റ് വെട്ടിച്ച് കടക്കുന്നത് തികച്ചും അസാധ്യം. മാത്രമല്ല ചെങ്കുത്തായ പാറക്കെട്ടിനു മുകളിലാണ് പ്രസ്തുത പോസ്റ്റ്. ചുറ്റുപാടും ആകെയുള്ളത് രണ്ടു ചെറിയ ഗ്രാമങ്ങള്‍. അവിടെ താമസിക്കുന്നവരുടെയെല്ലാം വിവരങ്ങള്‍ ആര്‍മിയുടെ പക്കല്‍ ഉണ്ട്. സരോള്‍ എന്നും കേരി എന്നും അറിയപ്പെടുന്ന ഈ ഗ്രാമങ്ങളില്‍ ഭൂരിഭാഗവും സിഖുകാരാണ്. അതുകൊണ്ടു തന്നെ ഒരു ഒളിപ്പോരാളിക്ക് ഇവിടങ്ങളില്‍ അഭയം ലഭിക്കുകയില്ല. എന്നാല്‍ മലമുകളില്‍ ഗുജ്ജാര്‍ എന്ന ജാതിക്കാര്‍ അപ്പപ്പോഴായി താമസിച്ചിരുന്നു. മുസ്ലീം വിശ്വാസികളായ ഇവര്‍ ആടുകളെ മേയ്ക്കുന്ന നാടോടികളാണ്. അവരുടെ വാസസ്ഥലം മുഴുവന്‍ അരിച്ചു പെറുക്കുക; അവര്‍ ആടിനെ മേയ്ക്കാനായി പോകുന്ന ഇടങ്ങളിലൊക്കെ തിരച്ചില്‍ ശക്തമാക്കുക. അവിടെ നിന്നും നൗഷറയിലേക്കുള്ള റോഡില്‍ ഒരാഴ്ചത്തേക്ക് സര്‍ച്ച് ചെയ്യുക. ദിവസവും രാവിലെ അവിടെ നിന്നും പുറപ്പെടുന്ന ഒരു ചെറിയ വാന്‍ മാത്രമാണ് നാട്ടുകാര്‍ക്ക് സഞ്ചരിക്കാനുള്ള ഏക ആശ്രയം. വൈകുന്നേരത്തോടെ അതു തിരിച്ചുമെത്തും. അതൊഴിച്ചാല്‍ മറ്റു വാഹനങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. മിലിട്ടറി വാഹനങ്ങള്‍ പോലും അപൂര്‍വ്വമായിരുന്നു. അതുകൊണ്ടായിരിക്കും മല കയറാന്‍ തുടങ്ങിയ ജീപ്പിന്റെ സ്പീഡ് ഒട്ടും തന്നെ കുറയ്ക്കാതെ ഡ്രൈവര്‍ വളവുകള്‍ നെഗോഷ്യേറ്റ് ചെയ്തത്. ആദ്യമൊക്കെ ഇങ്ങനെ കണ്ണുമടച്ച് വളവുകള്‍ തിരിയുന്നതിനെ താന്‍ ചോദ്യം ചെയ്തിരുന്നു. അതിനു ദിനേഷിന്റെ മറുപടി സ്പീഡിലുള്ള അവന്റെ ഡ്രൈവിംഗ് സാധൂകരിക്കുന്നതായിരുന്നു.
'സര്‍! നമ്മള്‍ അതിര്‍ത്തിയിലേക്കല്ലേ പോകുന്നത്. നമ്മള്‍ അറിയാതെ മറ്റൊരു വണ്ടി ഇങ്ങോട്ടു വരണമെങ്കില്‍ അതു ശത്രുവിന്റേതു മാത്രമല്ലേ? അവരുമായി കൂട്ടിമുട്ടുന്നത് ഏറ്റവും സ്പീഡില്‍ തന്നെയാകുന്നതല്ലേ നല്ലത്?'
തികച്ചും ലോജിക്കലായ മറുപടി. അന്നുതൊട്ട് അവന്റെ ഡ്രൈവിംഗില്‍ അഭിപ്രായം പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ മേഖലയില്‍ വണ്ടി ഓടിക്കുന്നവരെല്ലാം തെല്ലൊരു ഭയപ്പാടോടെയാണ് എപ്പോഴും ഓടിച്ചിരുന്നത്. മിക്കപ്പോഴും കോണ്‍വോയ് ആയി മാത്രം പോകാറുള്ള വാഹനങ്ങളില്‍ ഒരെണ്ണം തനിച്ചായിപ്പോയാല്‍ ഡ്രൈവറുടെ ഭയം ഇരട്ടിയാകും. അവന്റെ മുഖത്ത് അതു പ്രതിഫലിക്കുകയും ചെയ്യും. എന്നാലിപ്പോള്‍ ഒരു വളവു തിരിഞ്ഞതിനു ശേഷം ജീപ്പ് നിര്‍ത്തിയ ദിനേശിന്റെ മുഖത്തെ ഭയം കണ്ട് ക്യാപ്റ്റന്‍ ജോസ് അത്ഭുതപ്പെട്ടു. വിളറി വെളുത്ത മുഖഭാവത്തോടെ അവന്‍ ജീപ്പിന്റെ പുറകിലേക്കു കണ്ണു കാണിച്ചു. അങ്ങോട്ടേയ്ക്ക് തിരിഞ്ഞു നോക്കാനുള്ള ധൈര്യം അവനില്ലായിരുന്നു. ഒരു നിമിഷം ജോസും പേടിച്ചു പോയി. ജീപ്പിന്റെ പുറകില്‍ തറയിലായി അനങ്ങുന്ന ഒരു ഭാണ്ഡക്കെട്ട്. ധൈര്യം സംഭരിച്ച് പുറകിലെ വാതില്‍ തുറന്ന് കാര്യം മനസ്സിലാക്കിയ ക്യാപ്റ്റന് തന്റെ മകളോടുള്ള സ്‌നേഹം കൂടിയതേയുള്ളു. വെളുപ്പിനെ താന്‍ സ്പര്‍ശിച്ചപ്പോള്‍ ഉറക്കം നടിച്ച അവള്‍ എപ്പോഴോ സ്ലീപ്പിംഗ് ബാഗുമായി ജീപ്പിന്റെ പുറകില്‍ വന്നു കിടന്നിരുന്നു. അവള്‍ക്കറിയാമായിരുന്നു തന്റെ പപ്പാ ഉടനെ തന്നെ വീണ്ടും യാത്രയാകുമെന്ന്. സ്ലീപ്പിംഗ് ബാഗില്‍ നിന്നും കോരിയെടുത്ത് അവളെ തന്റെ നെഞ്ചില്‍ ചേര്‍ത്ത ശേഷം ജോസ് മുന്‍ സീറ്റിലേക്കു കയറി. ഡ്രൈവറോട് യാത്ര തുടരാന്‍ ആംഗ്യം കാട്ടി.
അദ്ധ്യായം - 6
പീര്‍ബാദേശ്വര്‍ പോസ്റ്റിനു പത്തുകിലോ മീറ്ററോളം താഴെയുള്ള മിലിട്ടറി കേന്ദ്രത്തിലെത്തിയപ്പോള്‍ 9 മണിയായിരുന്നു. മലമുകളില്‍ നിന്നും പുറപ്പെട്ട വാന്‍ അവിടെ തടഞ്ഞു വച്ചിരിക്കുകയാണ്. അതില്‍ നിറയെ യാത്രക്കാരും. കേന്ദ്രത്തിലെ ഇന്‍ചാര്‍ജ്ജ് കാര്യങ്ങള്‍ വിശദീകരിച്ചു.
'സര്‍, ഇവര്‍ കാലത്തെ ഗുജാറുകാരുടെ വാസസ്ഥലത്തു നിന്നും വന്നവരാണ്. ഓരോരുത്തരെയായി ഞങ്ങള്‍ പരിശോധിച്ചു. ഇവരുടെ 'സര്‍പഞ്ചി'നെ വിളിച്ചു കൊണ്ടു വന്ന് എല്ലാവരുടേയും ഐഡന്റിറ്റി തീര്‍ച്ചപ്പെടുത്തി. ഗ്രാമവാസികളല്ലാത്ത രണ്ടുപേരെ ഞങ്ങള്‍ നമ്മുടെ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. തോളില്‍ ഉറങ്ങിക്കടന്ന തന്റെ മകളെ അവിടുത്തെ റിസപ്ഷന്‍ മുറിയില്‍ കിടത്തിയ ശേഷം ഡ്രൈവര്‍ ദിനേശിനോട് അവള്‍ക്കു കൂട്ടിരിക്കാന്‍ ആജ്ഞാപിച്ചു. വാനിലെ യാത്രക്കാരെയെല്ലാം ഒരിക്കല്‍ കൂടി വണ്ടിയില്‍ നിന്നിറക്കി സര്‍പഞ്ചിന്റെ സഹായത്തോടെ പരിചയപ്പെട്ടു. ശരിയാണ്. എല്ലാവരും നിരുപദ്രവകാരികള്‍. താന്താങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ടൗണിലേക്ക് പോകുന്നവര്‍. അവര്‍ക്ക് യാത്ര തുടരുവാന്‍ അനുവാദം കൊടുത്തശേഷം ക്യാപ്റ്റന്‍ തന്റെ ജിപ്‌സിയില്‍ സര്‍പഞ്ചിനേയും കൂട്ടി പീര്‍ ബാദേശ്വര്‍ പോസ്റ്റിലേക്കുള്ള യാത്ര തുടര്‍ന്നു. പോസ്റ്റിലെത്തി തന്റെ ജൂനിയേഴ്‌സിനെ കണ്ട് കാര്യങ്ങള്‍ ഗ്രഹിച്ച ശേഷം ജോസ് നാടോടികളായ ഗുജാറുകള്‍ താമസിക്കുന്ന സ്ഥലത്തേക്കു നീങ്ങി. പീര്‍ബാദേശ്വര്‍ പോസ്റ്റിനു വളരെയടുത്തായി കിടക്കുന്ന അവരുടെ ടെന്റുകളില്‍ ഒരൊറ്റ തീവ്രവാദിയും ഇല്ല എന്നു തിരച്ചിലിനു ശേഷം ജോസിന് മനസ്സിലായി. മാത്രമല്ല, ഇതു വഴി ക്രോസു ചെയ്യുന്നതു അസാധ്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇരുപത്തി നാലു മണിക്കൂറും നിരീക്ഷണത്തിലേര്‍പ്പെട്ട ഇന്‍ഡ്യന്‍ പട്ടാളക്കാരുടെ കണ്ണില്‍പ്പെടാതിരിക്കുക തീര്‍ത്തും അസംഭാവ്യം.
സൈനികരുടെ നിയന്ത്രണത്തിലുള്ള ദൈവങ്ങള്‍ ഒരു പക്ഷേ ഇന്‍ഡ്യയിലെ മാത്രം വിചിത്രമായ ഒരനുഭവമായിരിക്കാം! ശത്രു രാജ്യങ്ങളുടെ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ആയിരക്കണക്കിനു കിലോ മീറ്ററുകളില്‍ ജവാന്മാരുടെ മേല്‍നോട്ടത്തില്‍; അവരുടെ പരിരക്ഷയില്‍ അനേകം അമ്പലങ്ങളും പ്രതിഷ്ഠകളുമുണ്ട്. ചിലതിനു ചരിത്രമുണ്ട്. മറ്റു ചിലതാകട്ടെ പൂര്‍ണ്ണമായും ഐതിഹ്യങ്ങളില്‍ നിന്നും ഉത്ഭവിച്ചതും. എന്തായാലും ഇവയെല്ലാം തന്നെ അതാതു സ്ഥലങ്ങളിലെ പട്ടാളക്കാരെ തങ്ങളുടെ കര്‍ത്തവ്യം തികഞ്ഞ ആത്മാര്‍ത്ഥതയോടും പൂര്‍ണ്ണ മനസ്സോടും നിര്‍വ്വഹിക്കുവാന്‍ പ്രേരിപ്പിക്കുന്നു. വിവിധ മതങ്ങളുടേതായ ഈ പ്രതിഷ്ഠകള്‍ ജാതിമത അതിര്‍വരമ്പുകള്‍ക്കു ഉപരിയായി ഒരു സാധാരണ പട്ടാളക്കാരന്റെ മനസ്സില്‍ ദേശ സ്‌നേഹം വര്‍ദ്ധിപ്പിക്കുന്നു. ഭൂരിഭാഗവും ഹിന്ദുക്കളാണെങ്കില്‍ കൂടി മുസ്ലീം, സിഖ്, ക്രിസ്ത്യന്‍ വിശ്വാസത്തിലുള്ള പ്രതിഷ്ഠകളും അനുഷ്ഠാനങ്ങളും ഇങ്ങനെ പരിചരിക്കപ്പെടുന്നു, ബഹുമാനിക്കപ്പെടുന്നു.
അതുകൊണ്ടു തന്നെയായിരിക്കും ക്യാപ്റ്റന്‍ ജോസ് പീര്‍ ബാദേശ്വര്‍ പോസ്റ്റില്‍ നിന്നും തിരികെ പോകുന്നതിനു മുമ്പേ പടിക്കെട്ടുകള്‍ കയറി അവിടുത്തെ പ്രതിഷ്ഠയില്‍ പ്രണാമം അര്‍പ്പിച്ചത്. തിരികെ ഇറങ്ങിയ അദ്ദേഹത്തെ കാത്ത് ആചാരത്തിന്റെ ഭാഗമായുള്ള മണിയുമായി ക്ഷേത്രത്തിന്റെ ചുമതലയുള്ള പട്ടാളക്കാരന്‍ കാത്തു നില്‍ക്കുകയാണ്. ഇവിടുത്തെ നിവേദനം വിചിത്രമാണ്. ഓടു ലോഹത്തില്‍ പണിത മണിയാണ് ഇവിടെ ഭക്തര്‍ കാഴ്ച നല്‍കേണ്ടത്. വ്യത്യസ്തമായ ആയിരക്കണക്കിനു മണികള്‍ ക്ഷേത്രത്തിന്റെ പ്രാന്തപ്രദേശത്തുള്ള മരങ്ങളില്‍ കെട്ടിയിട്ടിരിക്കുന്ന കാഴ്ച തികച്ചും കൗതുകകരമാണ്. ചെറിയ ഒരു കാറ്റില്‍ പോലും ഇവയുടെ ശബ്ദം ശ്രവണസുഖം നല്‍കുന്നു. ഓരോ ഭക്തര്‍ നല്‍കുന്ന മണികളില്‍ അവരുടെ പേരുകള്‍ കൊത്തി മരങ്ങളില്‍ തൂക്കിയിടുന്നത് ഇയാളുടെ ചുമതലയാണ്. മാത്രവുമല്ല ഇവയുടെ രേഖകള്‍ ഒരു രജിസ്റ്ററിലാക്കി സൂക്ഷിക്കേണ്ട കടമയും ഇദ്ദേഹത്തിനുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം പോലും തിരികെയെത്തുന്ന ഒരു ഭക്തന് താന്‍ നല്‍കിയ മണി എവിടെയുണ്ടെന്നുള്ളത് മിനിറ്റുകള്‍ക്കകം തിരിച്ചറിയാന്‍ സാധിക്കുമത്രേ!
തനിക്കു നല്‍കിയ മണിയും അതോടൊപ്പം തന്ന കടലാസും കൈയ്യില്‍ വാങ്ങിയ ജോസ് അതില്‍ കൊത്തേണ്ട പേര് എഴുതി ഒരു മിനിറ്റ് പ്രാര്‍ത്ഥിച്ച ശേഷം അവ തിരികെ നല്‍കി. ഇടയന്മാര്‍ ആടിനെ മേയ്ക്കുന്ന സ്ഥലങ്ങളില്‍ തിരച്ചില്‍ തുടരാന്‍ പട്ടാളക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കിയ ശേഷം അദ്ദേഹം ജീപ്പിലേക്കു കയറുകയും ചെയ്തു. കടലാസിലെ പേരു വായിച്ച പട്ടാളക്കാരന് അതു ക്യാപ്റ്റന്റെ പേരല്ല എന്നു മനസ്സിലായി. ഇതുവരെ ഇവിടെ വന്നവരെല്ലാം തന്നെ അവരവരുടെ പേരുകളാണ് എഴുതി നല്‍കിയിരുന്നത്. ആരുടെ പേരായിരിക്കും ഇത്? എന്തായിരിക്കും അദ്ദേഹം ആഗ്രഹിച്ചത്? തന്റെ കൈയ്യിലുള്ള മണിയിലേക്കു നോക്കി ആ പട്ടാളക്കാരന്‍ ചിന്തിച്ചു.
താഴെയുള്ള മിലിട്ടറി സെന്ററില്‍ തിരിച്ചെത്തിയ അദ്ദേഹം തന്റെ മകളെവിടെ എന്നു തിരക്കി. ക്ഷമാരൂപേണ ഡ്രൈവര്‍ ദിനേശ് പറഞ്ഞു.
'സര്‍, കുട്ടി അപ്പുറത്തു ഭക്ഷണം കഴിക്കുകയാണ. ്'
അവിശ്വനീയമായി തോന്നിയ ഈ കാര്യത്തിന്റെ നിജസ്ഥിതി അറിയുവാനായി ജോസ് ഡൈനിംഗ് ഹാളിലേക്കു നീങ്ങി. അവളെ എന്തെങ്കിലും കഴിപ്പിക്കുക എന്നതു പ്രയാസമുള്ള ഒരു കാര്യമാണ്. ഇഷ്ടപ്പെട്ടവര്‍ നല്‍കിയാലെ അവള്‍ വല്ലതും വായില്‍ വയ്ക്കുകയുള്ളു. അല്ലെങ്കില്‍ തുപ്പിക്കളയുകയാണ് പതിവ്. എന്തിനേറെ ഇത്രയും കാലമായിട്ടു അവളെ പരിചരിക്കാനായി മാത്രം നില്‍ക്കുന്ന സൂസന്റെ കൈയ്യില്‍ നിന്നു പോലും അവള്‍ ഭക്ഷണം സ്വീകരിച്ചിരുന്നില്ല. താന്‍ കൊടുത്താല്‍ മാത്രം എന്തെങ്കിലും കഴിച്ചാലായി. അതിനു പോലും ഏറെ സമയം വേണ്ടിയിരുന്നു. ഡൈനിംഗ് ഹാളിലെ കാഴ്ച സന്തോഷമുളവാക്കുന്നതായിരുന്നു. ഒരു കാശ്മീര്‍ യുവതിയുടെ മടിയിലിരുന്നുകൊണ്ട് സന്തോഷത്തോടെ തന്റെ മകള്‍ ഭക്ഷണം കഴിക്കുന്നു. അതും യാതൊരു എതിര്‍പ്പുമില്ലാതെ. മകളുടെ ശ്രദ്ധയില്‍ പെടാതെ അവിടെ നിന്നും പുറത്തിറങ്ങിയ ക്യാപ്റ്റന്‍ ലെഫ്റ്റനന്റിനോട് തടഞ്ഞു വെച്ചവരെ കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. തന്റെ മുന്നിലേക്ക് ആനയിക്കപ്പെട്ട സുഹര്‍ എന്ന മധ്യവയസ്‌ക്കനെ കണ്ടപ്പോള്‍ ക്യാപ്റ്റന് ആശ്വാസം തോന്നി. അയാളെ ജോസിനു മുന്‍പേ പരിചയമുണ്ട്. രജൗറി മേഖലയിലെ തീവ്രവാദികളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ചിലരില്‍ ഒരാളാണ് സുഹര്‍. പട്ടാളത്തില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഏതാനും ചിലര്‍ക്കല്ലാതെ ഈ വിവരം മറ്റാര്‍ക്കുമറിയില്ല. അതുകൊണ്ടു തന്നെ പരിചയഭാവം കാണിക്കാതെ സുഹറിനെ ചോദ്യം ചെയ്യാനാരംഭിച്ചു. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകള്‍ സുഹറിനു വശമാണ്. രണ്ടാമത്തെ മകള്‍ ഫാത്തിമയ്ക്ക് ഗ്രാമത്തില്‍ നിന്നും ഒരു വിവാഹ ആലോചന. ചെറുക്കന്റെ മാതാപിതാക്കള്‍ക്ക് യാത്ര ബുദ്ധിമുട്ടായതുകൊണ്ട് അവരെ സന്ദര്‍ശിക്കാനായി തങ്ങള്‍ ഇന്നലെ ഇങ്ങോട്ടു പോന്നു. തിരികെ രജൗറിലേക്ക് പോകാനായി വണ്ടിയില്‍ കയറിയ തങ്ങളെ മാത്രം ഇവിടെ തടഞ്ഞു നിര്‍ത്തി. ലെഫ്റ്റനന്റ് നല്‍കിയ രണ്ടുപേരുടേയും ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡും ജോസ് പരിശോധിച്ചു. അഞ്ചു വര്‍ഷം മുന്‍പുള്ള ആ കാര്‍ഡില്‍ സാധാരണ ഏത് ഇലക്ഷന്‍ കാര്‍ഡിനേയും പോലെ ഫോട്ടോ മങ്ങിയേ പതിഞ്ഞിരുന്നുള്ളു. ഇതിനിടെ സുഹര്‍ പട്ടാളവുമായുള്ള തന്റെ ചങ്ങാത്തത്തെക്കുറിച്ചും ഗ്രാമത്തെക്കുറിച്ചുമെല്ലാം വാചാലനായി. ബോര്‍ഡര്‍ റോഡ്‌സിന്റെ പുറം പണിക്കു നില്‍ക്കുന്നതു തന്റെ ഒരു ബന്ധുവാണ്. താനാണ് കഴിഞ്ഞവര്‍ഷം അവന് അവിടെ ജോലി തരപ്പെടുത്തിക്കൊടുത്തത്. ഫാത്തിമ കൂടാതെ തനിക്കു രണ്ടു പെണ്‍മക്കള്‍ കൂടിയുണ്ട്. മൂത്തത് സുഹറ, ഇളയവളായ സമീറ സ്‌കൂളില്‍ പഠിക്കുന്നു. സുഹറയ്ക്കാണ് ഈ ആലോചന വന്നത്. പക്ഷേ ചെറുക്കന്‍ ഫാത്തിമയെ കണ്ടതോടെ അവളെ വേണമെന്നായി. അങ്ങനെയാണ്.....സംസാരം മതിയാക്കാന്‍ ആംഗ്യം കാണിച്ചശേഷം ജോസും ലെഫ്റ്റനന്റും മുറിക്കുള്ളിലേക്കു കയറി.
ഡൈനിംഗ് ഹാളില്‍ പ്രവേശിച്ച ജോസ് തന്റെ മകളെ നോക്കി. അവള്‍ ആ കാശ്മീരി യുവതിയുടെ മടിയില്‍ ഇരുന്ന് അപ്പോഴും ഭക്ഷണം കഴിക്കുകയായിരുന്നു. അതിനേക്കാളേറെ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയതു മറ്റൊരു കാര്യമാണ്. തന്നെ തിരിച്ചറിഞ്ഞിട്ടും അടുക്കലേക്കു വരാന്‍ ശ്രമിക്കാതെ അവിടെ തന്നെയിരുന്നുകൊണ്ട് അവള്‍ തീറ്റ തുടര്‍ന്നു. തന്നെ മനസ്സിലാക്കിയെന്നതിന്റെ സൂചനപോലെ ഒരു ചെറു പുഞ്ചിരി അവളുടെ ചുണ്ടില്‍ വിടര്‍ന്നു. പിന്നെ ഇതാണെന്റെ പപ്പാ എന്നു പരിചയപ്പെടുത്തുന്നതുപോലെ ആ സ്ത്രീയുടെ മുഖത്തേക്കു കണ്ണു തിരിച്ചു ചിരിക്കുകയും ചെയ്തു. ആ യുവതിയുടെ മുഖത്തേക്ക് അധികസമയം നോക്കാന്‍ ജോസിനായില്ല. കാശ്മീരിലെ സ്ത്രീകളെല്ലാം തന്നെ സുന്ദരികളാണ്. ഫാത്തിമയുടെ ആകര്‍ഷണ ശക്തിയുള്ള കണ്ണുകള്‍ ദിവസങ്ങള്‍ക്കു ശേഷവും ജോസിന്റെ മനസ്സിനെ നിരന്തരം അഭിഗമിച്ചിരുന്നു.
പ്രഭാത ഭക്ഷണത്തിനു ശേഷം തിരികെ പോകാനൊരുങ്ങിയപ്പോഴാണ് അടുത്ത പ്രശ്‌നം. തടഞ്ഞു വെച്ച ഇവരെ എന്തു ചെയ്യണം? ഗ്രാമവാസികളായിരുന്നുവെങ്കില്‍ അവര്‍ തിരിച്ചു നടന്നുപോയെനേ. ദിവസവും പത്തു പതിനഞ്ചു കിലോമീറ്റര്‍ നടന്നു ശീലമുള്ളവരാണ് ഇവിടുത്തുകാര്‍. സാധാരണ ഗതിയില്‍ സംശയിക്കപ്പെടുന്ന തദ്ദേശവാസികളെ അടുത്തപോലീസ് സ്റ്റേഷനിലേല്‍പ്പിക്കുകയാണ് പതിവ്. എന്തുകൊണ്ടോ ഫാത്തിമയുടെ ആ നോട്ടവും മകള്‍ക്ക് അവളോടുള്ള അടുപ്പവും അങ്ങനെ ചെയ്യാന്‍ ജോസിനെ അനുവദിച്ചില്ല. ഒറ്റുകാരനായതുകൊണ്ട് സുഹറിന് പട്ടാളക്കാരുമായുള്ള അടുപ്പം മറ്റുള്ളവരുടെ മുന്‍പില്‍ കഴിവതും ഒഴിവാക്കേണ്ടതുമുണ്ട്. എന്തായാലും ഇവരേയും ജീപ്പില്‍ കൊണ്ടു പോകാന്‍ തീരുമാനിച്ചു. രജൗറിയിലാണല്ലോ ഇവര്‍ക്കും പോകേണ്ടത്. രജൗറിക്കു സമീപം വിജനമായ ഏതെങ്കിലും സ്ഥലത്ത് ഇറക്കാം എന്ന ഉദ്ദേശ്യത്തില്‍ അവരേയും കയറ്റി ക്യാപ്റ്റന്‍ ജോസിന്റെ ജിപ്‌സി കുതിച്ചു. പുറകില്‍ ഫാത്തിമയുടെ മടിയില്‍ സുഖമായി ഉറങ്ങിയിരുന്നു ജോസിന്റെ മകള്‍ അപ്പോള്‍.
Read More: https://www.emalayalee.com/news/347860#gsc.tab=0