Image

താത്രികുട്ടിയുടെ ചാരിത്ര്യാന്വേഷണ പരീക്ഷകൾ (സുധീർ പണിക്കവീട്ടിൽ)

Published on 12 August, 2025
താത്രികുട്ടിയുടെ ചാരിത്ര്യാന്വേഷണ പരീക്ഷകൾ (സുധീർ പണിക്കവീട്ടിൽ)

ഇ-മലയാളിയിൽ ശ്രീ ജയൻ വർഗീസ് എഴുതിയ കവിത "കുറിയേടത്ത്  താത്രി" (നഷ്ടസ്വപനങ്ങളിൽ നവ വസന്തം} മറ്റു രചനകളെപോലെ  ശ്രദ്ധിക്കപ്പെടാതെ പോയി. അതിൽ അത്ഭുതമില്ല.  വിദ്യാഭ്യാസപരമായും, സാംസ്കാരികമായും വളരെയൊന്നും അഭിവൃദ്ധിപ്രാപിക്കാത്ത ഒരു സമൂഹത്തിൽ  കലയും സാഹിത്യവും ആസ്വദിക്കപ്പെടുന്നില്ല. അവിടെ മതവും രാഷ്ട്രീയവും അരങ്ങു തകർക്കുന്നു. ഇ-മലയാളി ഇത് പ്രസിദ്ധീകരിച്ചത് ഏപ്രിൽ പതിനെട്ടിനാണ്.  അതിന്റെ ലിങ്ക്  താഴെ കൊടുക്കുന്നു. 

കുറിയേടത്ത് താത്രി ( നഷ്ട സ്വപ്നങ്ങളിൽ നവ വസന്തം) ചരിത്ര കവിത- ജയൻ വർഗീസ്.
താത്രികുട്ടി എന്നും കുറിയേടത്ത് താത്രി എന്നും അറിയപ്പെടുന്ന ഈ അന്തർജനത്തിന്റെ കഥ പലരും പലമാതിരി പറഞ്ഞിട്ടുണ്ട്. പൂർണ്ണമായി ഏതു സത്യമെന്നു നിർണ്ണയിക്കുക അസാധ്യം. കഥ അല്ലെങ്കിൽ നടന്ന സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നത് പുരുഷമേധാവിത്വത്തിനു മേൽ  ഒരു സ്ത്രീ കയറി നിന്ന് അവരെ ചോദ്യം ചെയ്യുന്നതാണെന്ന് നമുക്ക് മനസിലാക്കാം.  സമൂഹത്തിന്റെ അനുവാദം ഇല്ലാതെ സ്ത്രീപുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അത് കുറ്റമാകുകയും കുറ്റം സ്ത്രീക്ക്  മാത്രമാകുകയും ചെയ്യുന്ന സമൂഹത്തിന്റെ നേർചിത്രം നമുക്ക് പരിചിതമാണ്. 
സ്ത്രീപുരുഷന്മാർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമൂഹത്തിന്റെ സമ്മതം വേണമെന്ന നിയമം ഉണ്ടാക്കിയവൻ ഷണ്ഡൻ ആയിരുന്നിരിക്കണം. എന്തായാലും അദ്ദേഹത്തിന്റെ നിയമത്തിനു അനവധി പെൺകുട്ടികളെ കൊലക്ക് കൊടുക്കാൻ കഴിഞ്ഞു. അവരെ അപമാനിതരാക്കാൻ കഴിഞ്ഞു. താത്രികുട്ടിയെ ഒമ്പതാമത്തെ വയസ്സ് മുതൽ  ലൈംഗികമായി ചൂഷണം ചെയ്തവരെപ്പറ്റി നമ്മൾ വളരേ കുറച്ചേ കേൾക്കുന്നുള്ളു. എന്നാൽ താത്രിക്കുട്ടി ഭ്രഷ്ടായ അന്തർജനമെന്ന പേരിൽ  കുപ്രസിദ്ധയാണ്.  എന്തായാലും അവർ പുരുഷമേധാവിത്വത്തിന്റെ, ബ്രാഹ്മണമേധാവിത്വത്തിന്റെ അടിത്തറ ഇളക്കി. അവരിലൂടെ ഒരു പക്ഷെ നമ്പൂതിരി സമുദായം നവോത്ഥാനത്തിന്റ പാതകളിലേക്ക് തിരിഞ്ഞതും പ്രകടമാണ്. അവർ അബലയും ചപലയുമായിരുന്നെങ്കിൽ അടുക്കളദോഷം എന്ന പേരിൽ ചാർത്തപ്പെടുന്ന കളങ്കത്തിനു സമുദായം   കൽപ്പിക്കുന്ന ശിക്ഷയും പേറി എവിടെയോ അപ്രത്യക്ഷമാകുമായിരുന്നു. പക്ഷെ അവർ ധീരതയോടെ സത്യങ്ങൾ വിളിച്ചു പറഞ്ഞു. അവരുടെ കഥ എഴുത്തുകാർക്ക് ഒരു കളിപ്പാട്ടംപോലെ  ഇഷ്ടമായിരുന്നു.നിരവധി രചനകൾ ഈ അന്തർജ്ജനത്തെച്ചുറ്റിപ്പറ്റി വന്നിട്ടുണ്ട്.
ശ്രീ ജയൻ കവിത തുടങ്ങുന്നത്  സ്മാർത്തവിചാരം കഴിഞ്ഞു രാജാവ് ചാലക്കുടിയിൽ നൽകിയ ഇത്തിരി ഭൂമിയിൽ ഒരു ചെറ്റക്കുടിലിൽ കഴിയുന്ന താത്രിയെ പരിചയപെടുത്തിക്കൊണ്ടാണ് . സുലളിതവും സുന്ദരവുമായ ഭാഷയിൽ എഴുതിയിരിക്കുന്ന ഓരോ വരികളും വായനക്കാരന് അറിവും ആനന്ദവും നൽകുന്നു.

ചാലക്കുടിപ്പുഴയൊരത്തുയർത്തിയോ -
രോലക്കുടിലിൽ വെറും നിലത്ത് 
ചാണകം തേച്ചിട്ടുണങ്ങാതെ മൺ തറ 
ചാരു മുഖിയാൾ തളർന്നിരിപ്പു ,,

പിന്നീട് അവളുടെ സൗന്ദര്യം ലുബ്ധില്ലാതെ വർണ്ണിച്ചിട്ടുണ്ട്. 
മുട്ടറ്റമെത്തുന്ന ചേലയിൽ മൂടാത്ത 
നഗ്ന കണങ്കാൽ മടക്കി വച്ചും ....

പൊട്ടിവീണോ മണ്ണിൽ ദേവലോകത്ത് നി -
ന്ന പ്സര സുന്ദരി എന്ന പോലെ ...

കാണാം കലമ്പട്ട പൂവിലിരിക്കുന്ന 
ചേലൊത്ത നീലച്ച വണ്ട് രണ്ടും 
മാടി വിളിക്കുമ്പോളാരും മലർ ശര -
ബാണങ്ങളേറ്റു പിടഞ്ഞു വീഴും.
ഇത്രയും  സുന്ദരിയായ ഇവൾ എങ്ങനെ ഇവിടെ വന്നുവെന്നു  കവി ആശ്ചര്യപ്പെടുന്നു.

കീറിപ്പറിഞ്ഞ പഴന്തുണി ചുറ്റിയീ -
യേകാകി യായിട്ടിവിടെ വന്നു.

അവളുടെ നിഷ്കളങ്കബാല്യത്തിന്റെ വിവരണങ്ങൾ കവി നൽകുന്നു. ഒരു ചിത്രശലഭം പോലെ, മുറ്റത്തെ പൂഴിയിൽ നൃത്തച്ചുവടുകൾ വച്ച് , പാദസരത്തിന്റെ ശിജ്ഞ്ജിത വീചികൾ മുഴക്കി കൊണ്ട്, നിറഞ്ഞ തൃസന്ധ്യപോലെ ആ   അനാഘൃത കുസുമം ഇല്ലപറമ്പിൽ യഥേഷ്ടം വിഹരിക്കവേ  ഒരു കിഴവൻ നമ്പൂതിരിയുടെ കാമകരുത്തിന്റെ പിടിയിൽ ഞെരിഞ്ഞമർന്നു. സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി പുരുഷന്മാർ നിർമ്മിച്ച നിയമസംഹിതകൾ അവളെ നോക്കി പല്ലിളിച്ചു. നിസ്സഹായയായി തനിക്കേറ്റ പ്രഹരത്തിന്റെ പ്രത്യാഘാതങ്ങൾ അറിയാതെ ശരീര വേദന മാത്രം മനസ്സിലാക്കി ആ പെൺകുട്ടി വളർന്നുകൊണ്ടിരുന്നു. അവളിൽ യുവത്വം പുഷ്പിക്കാൻ തുടങ്ങി. അവൾ മറക്കുടക്കുള്ളിൽ മറയ്ക്കാൻ കഴിയാത്ത അഴകായിരുന്നു. അവൾ ഗ്രാമത്തെ മോഹപുതപ്പണിയിച്ച് അവിടത്തെ യുവാക്കളുടെ ഹൃദയങ്ങൾ കവർന്നു.

താത്രികുട്ടിയുടെ കഥ വളരെ  കാവ്യാത്മകമായി ശ്രീ ജയൻ വർണ്ണിക്കുന്നുണ്ട്. താത്രികുട്ടിയുടെ ബാല്യവും തിരിച്ചറിവില്ലാത്ത പ്രായത്തിൽ നിനച്ചിരിക്കാതെ അവൾക്കേറ്റ ക്ഷതവും സംക്ഷിപ്തമായി പ്രതിപാദിച്ചത് വായനക്കാരിൽ ജിജ്ഞാസ പരത്താനും,  അവളോട് മനസ്സലിവ് ഉളവാക്കാനും സാധിക്കും വിധമാണ്. വായനക്കാരിൽ എത്തിക്കേണ്ട ആശയവും വികാരങ്ങളും കവി തിരഞ്ഞെടുക്കുന്ന വാക്കുകളുടെ സ്വാധീനത്തിലാണ്. ശ്രീ ജയന്റെ രചനകളിൽ എല്ലാം വാക്‌ദേവത അദ്ദേഹത്തെ കടാക്ഷിച്ചിരിക്കുന്നത് കാണാം,

നൂറ്റിയിരുപത്  വർഷങ്ങൾക്ക് മുമ്പാണ് കുറിയേടത്ത് താത്രിയെ സ്മാർത്തവിചാരം ചെയ്തത്. സദാചാരവിചാരനായിപ്പോടെ സ്ത്രീയിൽ മാത്രം കുറ്റം ചാർത്തുക എന്ന ഒരു പുരുഷാധിപത്യ നിയന്ത്രിത ഏർപ്പാടാണിത്. പക്ഷെ താത്രി അതിനെ ചെറുത്തു. അറുപതിനാലോളം പുരുഷന്മാരുടെ പേര് പറഞ്ഞ അന്നത്തെ സമൂഹത്തെ അമ്പരപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തു. അതേപോലെ ധീരകളായ വനിതകൾ ഇപ്പോൾ ഇല്ലാത്തതുകൊണ്ട് സദാചാരഗുണ്ടന്മാർ (പുരുഷന്മാരായതുകൊണ്ടു ഗുണ്ടന്മാർ എന്ന പ്രയോഗം) വിളയാടുന്നു. ശ്രീ ജയൻ ഈ അന്തർജനത്തിന്റെ കഥ തിരഞ്ഞെടുത്തത് അതിൽ ഒരു സമൂഹം ആചരിച്ചിരുന്ന ദുരാചാരങ്ങളെ  ഓർമ്മിപ്പിക്കാനായിരിക്കും. അദ്ദേഹം താത്രിയെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച് അവൾ കടന്നുപോയ ജീവിത പന്ഥാവിലൂടെ ഒപ്പം നടക്കുകയാണ്. അവളോട് ഇല്ലത്തുള്ളവരും സമൂഹവും ചെയ്തത് അന്യായമാണെന്നും തന്നെയാണ് കവിയുടെ വരികൾ നമ്മെ ബോധ്യപെടുത്തുന്നത്. കൂടാതെ യേശുദേവന്റെ അളവറ്റ സ്നേഹത്തിന്റെ കൃപയുടെ നന്മ താത്രികുട്ടിക്ക് ലഭിക്കുന്നതായും കവിതയിൽ പ്രകടമാണ്. ഒരു മഗ്‌ദലന മറിയത്തെ രക്ഷിച്ച ദേവന്റെ കരുണാർദ്രമായ കരങ്ങൾ താത്രികുട്ടിക്കും രക്ഷയാകുന്നു.

വേളി കഴിഞ്ഞ രാത്രിയിൽ മുറിയിലേക്ക് കടന്നുവന്നത് വേട്ട നമ്പൂതിരി അല്ല. മറിച്ച് അവളുടെ കന്യകാത്വം കവർന്നെടുത്ത ദുഷ്ടനായ നമ്പൂതിരി തന്നെയായിരുന്നു  വീണ്ടും തളിരുപോലെയുള്ള ആ പെൺകുട്ടിക്ക് ഭയവും ആശങ്കകളും കാലം സമ്മാനിക്കുന്നു. അവളുടെ ശരീരം പരപുരുഷന്മാരുടെ കേളിസ്ഥലമാകാൻ പോകുന്ന എന്ന വിധിയുടെ കൊഞ്ഞനം കുത്തൽ. പക്ഷെ അവൾ സംഹാരരുദ്രയായി സാക്ഷാൽ ദുർഗ്ഗാദേവിയാകുന്നു. ശ്രീ ജയന്റെ വരികൾ

ഇല്ല ഞാൻ തോൽക്കില്ല “ ലറി യവളൊരു  

പെൺ സിംഹമായി സ്വയം ജനിച്ചു.

തിന്നാൻ തരില്ല ഞാനെന്നെ യൊരു വെറും

കുഞ്ഞാടായ്  നിന്റെ കെണിക്കുടുക്കിൽ.

ഓലക്കുടവട്ടമാകാശം. കാല്പാടു ഭൂമി, ഇല്ലം വിട്ടാലമ്പലത്തില്‍ എന്ന് എം. ഗോവിന്ദന്റെ 'ഒരു കൂടിയാട്ടത്തിന്റെ കഥ' എന്ന കൃതിയില്‍  അന്നത്തെ അന്തർജ്ജനങ്ങളുടെ അവസ്ഥ വെളിവാക്കുന്നുണ്ട്. ഇക്കാലത്ത് ഊഹിക്കാൻ  കഴിയാത്തവിധം ദുസ്സഹമായിരുന്നു ഇല്ലത്തെ സ്ത്രീജന്മങ്ങളുടെ ജീവിതം. താത്രിയുടെ ജീവിതത്തിൽ അവൾ ചവുട്ടിമെതിക്കപ്പെടുകയാണ്. അതുകൊണ്ട് അവൾ നിലവിലുള്ള വ്യവസ്ഥയെ പുച്ഛിച്ചുകൊണ്ടു അതിനെതിരായി പ്രവർത്തിക്കാൻ തീരുമാനിച്ചു.

സ്വന്തം ശരീരമെനിക്ക് സ്വന്തം അതിൽ

എന്ത് വേണം എന്ന് ഞാൻ നിനയ്ക്കും .

ആരും തകർക്കുവാൻ പോരേണ്ട മാനവ

ജീവിത സ്വാതന്ത്ര്യ നീതിബോധം

സമൂഹ ആചാരങ്ങളെ വെല്ലുവിളിച്ച് ഒരു പെണ്ണിന് ജീവിക്കാൻ അന്നും ഇന്നും കഴിയുകയില്ല. താത്രിക്കുട്ടിയിൽ അടുക്കളദോഷം ചാർത്തി അവളെ സ്മാർത്തവിചാരത്തിനു വിധിച്ചു,  ഇങ്ങനെ വിധിക്കപെട്ടാൽ അവൾ പിന്നെ സാധനമാണ്. (ഇതേക്കുറിച്ച് ശേഖരിച്ച വിവരങ്ങൾ താഴെ കൊടുക്കുന്നു),

സ്മാർത്ത വിചാരണക്കഞ്ചാം പുരയിലെ

കാവൽത്തടവിൽ അരങ്ങൊരുങ്ങി.

സ്മാർത്ത വിചാരകൻ ‘ മാനവേദൻ പട്ട -

ത്തോണിയോര ‘ ത്തെത്തി ദൂരെ നിന്നു.

താത്രിക്കുട്ടി സ്മാർത്തവിചാരത്തിൽ കുറ്റക്കാരിയെന്നു വിധിക്കപ്പെട്ടു അറുപത്തിനാലോ അറുപത്തിയാറോ പുരുഷ്നമാരുടെ പേരുകൾ അവൾ നിർഭയം വിളിച്ചുപറഞ്ഞു.

പുരുഷാധികാരം സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ലൈംഗികാധിപത്യത്തിന് അതേ ആയുധം കൊണ്ട് തിരിച്ചടിക്കുക എന്ന പ്രതിപ്രവര്‍ത്തനമാണ് താത്രിക്കുട്ടി നടത്തിയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.പക്ഷെ പലരും ലൈംഗീക ദാഹമുള്ള ഒരു സ്ത്രീയുടെ അനിയന്ത്രിതമായ ജീവിതം എന്നും വിലയിരുത്തുന്നു. വാസ്തവത്തിൽ സ്ത്രീയെ വെറും മാംസമായി കണ്ടു വരുന്ന മാംസഭോജികൾക്ക് നല്ല ഒരു തിരിച്ചടി നൽകുക എന്ന് അവർ കരുതിക്കാണും. ഈ കവിതയിൽ കവി അവളെ സൗന്ദര്യദേവതയായി കാണുന്നുണ്ടെങ്കിലും അവളുടെ സ്വഭാവദൂഷ്യം കാണുന്നില്ല. അവളെ ഒരു പ്രതികാരാദേവിയായിട്ടാണ് കവി കാണുന്നത്. താത്രികുട്ടിയോടുകൂടി 1905 ഇൽ സ്മാർത്തവിചാരമെന്ന ഈ ഏർപ്പാട് നിന്നുപോയി.

സ്മാർത്തവിചാരത്തിനുശേഷമുള്ള താത്രികുട്ടിയുടെ ജീവിതം ഊഹാപോഹങ്ങളിൽപ്പെട്ടു ഉഴലുന്നതാണ് കാണുന്നത്. ഇവിടെ ശ്രീ ജയൻ സ്വീകരിച്ചിരിക്കുന്നത് താത്രിക്കുട്ടിയെ ഒരു കൃസ്ത്യൻ യുവാവ് വിവാഹം കഴിച്ചുവെന്നാണ്.മാമൂലുകൾക്കും അന്ധവിശ്വാസങ്ങൾക്കും അടിമയായി കഴിയുന്ന ഒരു സമൂഹത്തിൽ നിന്ന് ഒരു യുവതി രക്ഷപെടുന്നുവെന്നും നമുക്ക് മനസ്സിലാക്കാം. ചാലക്കുടി പുഴയോരത്തു നിന്നും താത്രികുട്ടിയെ പലരും ഭാര്യയായും സഹോദരിയായും സഹായിക്കാൻ മുന്നോട്ടു വന്നുവെന്നും അവർ കൃസ്തു മതം സ്വീകരിച്ച് പിൽക്കാല ജീവിതം സന്തോഷത്തോടെ കഴിഞ്ഞുവെന്നും പലരുടെയും രചനകളിൽ നിന്നും വെളിപ്പെടുന്നുണ്ടു.. എല്ലാവരും താത്രികുട്ടിയെ കാമാസക്തയായ സ്ത്രീയായി ചിത്രീകരിക്കാൻ  ശ്രമിച്ചിട്ടുണ്ട്.ശ്രീ ജയൻ സ്ത്രീത്വത്തെ  ബഹുമാനിക്കുന്നു.നിരാലംബയായ നിഷ്കളങ്കയായ നിസ്സഹായായ ഒരു പെൺകുട്ടി ജീവിതത്തിൽ അവർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഒന്നുകിൽ അവൾ അടിമയാകണം അല്ലെങ്കിൽ അതിനെ എതിർക്കണം. താത്രി കുട്ടി തന്റെ ശരീരം പുരുഷന് കാഴ്ചവച്ച് പ്രതികാരം തീർത്തു. പക്ഷെ അവിടെയും അവൾ പരാജയപ്പെടുന്നു. പുരുഷൻ നിർമ്മിച്ച നിയമങ്ങളിൽ  നിന്നും സ്ത്രീക്ക് മുക്തി കിട്ടുക പ്രയാസം എന്ന് തന്നെ നമ്മൾ മനസിലാക്കണം,

(സ്മാർത്തവിചാരത്തിന്റെ വിവിധ ഘട്ടങ്ങൾ)

1. ദാസി വിചാരം കുറ്റം ആരോപിക്കപ്പെട്ട അന്തർജനത്തിന്റെ ദാസിയോട് (വേലക്കാരി) കാര്യങ്ങൾ ചോദിച്ചറിയുന്ന പ്രക്രിയ. 
2. അഞ്ചാംപുരയിലാക്കൽ ഇല്ലത്തോട് ചേർന്ന്, മറ്റുള്ളവരോട് മിണ്ടാനോ കാണാനോ കഴിയാത്ത വിധം ഒരു ചായ്പ്പിൽ കുറ്റാരോപിതയായ അന്തർജ്ജനത്തെ താമസിപ്പിക്കുക.
3. സ്മാർത്ഥ വിചാരണ മനകളിൽ നിന്ന് വന്ന 'സ്മാർത്തന്മാർ' കുറ്റാരോപിതയോട് ചോദ്യങ്ങൾ ചോദിക്കുന്ന പ്രക്രിയ. കടുത്ത വിചാരണയാണ് ഇത്. ദേഹോപദ്രവം ഏൽപ്പിക്കുകയോ, മാനസികമായി തകർക്കുകയോ, അങ്ങനെ ഏത് വിധവും സത്യം തെളിയിക്കാനായി സ്മാർത്തന് പരീക്ഷിക്കാൻ അവകാശവും സ്വാതന്ദ്ര്യവും ഉണ്ട്. കടുത്ത മാനസിക സംഘർഷത്തിലൂടെ ആകും കുറ്റാരോപിത ഈ അവസ്ഥയിൽ കടന്നു പോവുക. ചൂരൽ പ്രയോഗം, ചട്ടുകം പഴുപ്പിക്കുക, തീയിൽ മുഖം ചേർത്ത് പൊള്ളിക്കുക, പട്ടിണിക്കിടുക, തുടങ്ങിയ കടുത്ത ശിക്ഷാരീതികളിലൂടെ ആകും ഈ ദിനങ്ങൾ മുന്നോട്ട് പോവുക. ആഴ്ചകളോ മാസങ്ങളോ നീണ്ടു നിന്നേക്കാവുന്ന പ്രക്രിയയാണ് 'സ്മാർത്ത വിചാരണ'. 
4. സ്വരൂപം ചൊല്ലൽ സ്മാർത്തവിചാരത്തിന്റെ വിധി സ്മാർത്തന്മാർ രാജാവിന്റെ മുഖദധാവിൽ അറിയിക്കുന്ന പ്രക്രിയ. 
5. ദേഹവിച്ഛേദം കുറ്റാരോപിതയായ സ്ത്രീയെയും പുരുഷനെയും 'ഭ്രഷട്' കല്പ്പിച്ചു കുടുംബത്തിൽ നിന്നും പടി അടച്ചു പിണ്ഡം വെക്കുന്ന പ്രക്രിയയാണ് ദേഹവിച്ഛേദം.
6. ശുദ്ധഭോജനം സ്മാർത്തവിചാരത്തിനു ശേഷം സ്മാർത്തന്മാർ ശുദ്ധിയായി ഒന്നിച്ചിരുന്നു ഊണ് കഴിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ആരോപണവിധേയരായവർ കുറ്റക്കാരല്ല എന്ന് കണ്ടാൽ അവരെയും ഒപ്പം ഇരുത്തിയാകും സ്മാർത്തന്മാർ ശുദ്ധഭോജനം ചെയ്യുക.

1905ൽ ചെമ്മൺതട്ട കുറിയേടത് രാമൻ നമ്പൂതിരിയുടെ ഭാര്യ കുറിയേടത് താത്രിയുടെ (സാവിത്രി) 'സ്മാർത്ഥവിചാരം' ആയിരുന്നു കേരളത്തിൽ നടന്ന അവസാനത്തെ വിചാരണ. തൃശൂർ ജില്ലയിലെ മുകുന്ദപുരം എന്ന സ്ഥലത്ത് ആയിരുന്നു കുറിയേടത് താത്രിയുടെ സ്മാർത്ഥവിചാരം നടന്നത്.

ശുഭം

 

Join WhatsApp News
Nainaan Mathullah 2025-08-12 12:05:31
It is said that while Rome was burning, Nero was fiddling. Same is here in some ’emalayalee’ articles. India is burning. The whole world is tense. In India, people are crying for justice. Is it to turn attention away from such contemporary pressing issues that we discuss some old poems? Literature is relevant at all times especially those that are classics. If not classics, it had a purpose and it is served. There is no meaning in discussing it again and again. Here, ‘Smartha Vicharam’ is not relevant now when other pressing issues are here. It is part of history now.
Upedesi kuttan 2025-08-12 12:34:51
മാത്തുള്ള ഉപദേശി സാർ നമുക്ക് ബൈബിളും വായിച്ച് യേശുദേവന്റെ വരവും കാത്തിരിക്കാം ഹല്ലെലുയാ..
Jayan varghese 2025-08-12 14:15:57
പുത്തൻ സാഹിത്യത്തിന്റെ ഉത്സവപ്പറമ്പുകളിൽ കുറെ നനഞ്ഞ പടക്കങ്ങൾ ചീറുന്നതേയുള്ളു - പൊട്ടുന്നില്ല സാർ. ചരിത്രത്തിന്റെ ചാരത്തിൽ നിന്നുയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷികളുടെ ചിറകടിയിൽ പുത്തൻ പ്രഭാതങ്ങൾ വിരിഞ്ഞിറങ്ങുന്നത് കച്ചവട വിശ്വാസത്തിന്റെ കറുത്ത മുഖപ്പട്ടയിൽ നയിക്കപ്പെടുന്ന വരിയുടച്ച കാളകൾക്ക് മനസ്സിലാവുകയില്ല സാർ. ശ്രീ മാത്തുള്ള കവിത വായിക്കാതെ കാച്ചിയ ഒരഭിപ്രായമാവാം ഇതെന്ന് കരുതുന്നു. അല്ലായിരുന്നെങ്കിൽ കയ്യിൽ കല്ലുകളുമായി കരുവേലകച്ചുവട്ടിൽ കാത്തുനിന്ന മാത്തുള്ളമാരെ തുണിയുരിച്ച ക്രിസ്തുവിനെ ആദ്യം തെറി വിളിക്കണമായിരുന്നു ?. അമേരിക്കൻ മലയാള സാഹിത്യം നന്നാവില്ലാത്ത ഏക കാരണം അത് കുശുമ്പന്മാരുടെ കൂത്തരങ്ങായി മാറിക്കഴിഞ്ഞു എന്നത് മാത്രമാണ്. കേരളീയ ജന ജീവിതത്തെ ആചാരങ്ങളുടെ തടവറയിൽ തളച്ചിട്ട ഒരു കാലഘട്ടത്തിൽ നിന്നുള്ള വിമോചനത്തിന്റെ വിപ്ലവ ശബ്ദമാണ് സാവിത്രി അന്തർജനത്തിന്റെ ജീവിത പോരാട്ടം എന്ന് ആദരവുകളോടെ ഞാൻ അടയാളപ്പെടുത്തുമ്പോൾ ഉപഭോഗ വസ്തുവായി സ്ത്രീ ശരീരങ്ങളെ ഭോഗിച്ചു കൊന്നു കുഴിച്ചു മൂടുന്ന ധർമ്മസ്ഥലയുടെ ധർമ്മം നെഞ്ചിലേറ്റുന്നവർക്കു രസിക്കുകയില്ല എന്നത് സ്വാഭാവികം മാത്രം. അതിഭക്തി ആളുകളെ വട്ടന്മാരാക്കിയ അനുഭവമുണ്ട് എന്നതിനാൽ കഥയറിയാതെ ആട്ടം കാണുന്നവരെ അങ്ങിനെ വിലയിരുത്തുവാനെ സാധിക്കുകയുള്ളു. ക്ഷേത്രമുറ്റത്ത് തൊഴുതു നിന്ന സുന്ദരിക്കുട്ടിയായ വാരസ്യാരെ വളയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഒരഫൻ നമ്പൂതിരി തന്റെ അടവൊന്നു മാറ്റിപ്പിടിച്ചു : “ എന്നാ നോം അഷ്ടപദി പഠിക്കാനായി അങ്ങട് വരണു “ എന്നായി അഫൻ. തനിക്ക് അഷ്ടപദി അറിയില്ലെന്ന് പറഞ്ഞ വാരസ്യാരോട് അഫൻ അൽപ്പം സീരിയസ്സായി തന്നെ പറഞ്ഞു. “ അപ്പോപ്പിന്നെ അറിയാവുന്നത് ഒന്നേയുള്ളു. നോം അതിനായി അങ്ങട് വരണു ” ഇതുപോലെയുണ്ട് ചിലരുടെ കമന്റുകൾ. ആകെ അറിയാവുന്നത് ബൈബിൾ. അത് വായിച്ചു മഞ്ഞളിച്ച കണ്ണുമായി കാണുന്നത് മുഴുവൻ മഞ്ഞ ! ജയൻ വർഗീസ്.
Nainaan Mathullah 2025-08-12 14:24:44
It is not the Bible alone. Mr. Sudhir is interpreting Bhagavad Gita also here for readers. Both belongs to the group of Classics, and are relevant at all times.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക