മലയാളീസ് ......... എവിടെ ചെന്നാലും നമ്മൾ നമ്മുടെ ചെറ്റത്തരവും എച്ചിത്തരവും ഏതെങ്കിലും വിധത്തിൽ പുറത്തെടുക്കും . ആയിരം പേരിൽ രണ്ടോ മൂന്നോ പേരായിരിക്കും അലമ്പുകാർ. പക്ഷേ പറയുമ്പോൾ "ഇന്ത്യക്കാരോ..... മര്യാദ തൊട്ടു തീണ്ടിയിട്ടില്ലാത്ത തെണ്ടികളാണ്" എന്നേ ഇറ്റലിക്കാരും പറയൂ.
ഞാൻ താമസിക്കുന്ന സ്ഥലത്ത് "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പൂത്ത മരങ്ങൾ മാത്രം " എന്ന് പറയുന്നപോലെ നിറയെ മലയാളികളാണ്. വ്യാഴാഴ്ച്ചയും ഞായറാഴ്ച്ചയും ഇവിടെ മിക്കവർക്കും അവധിയാണ്. അന്ന് ഇവിടെ പുതുതായി വരുന്ന മലയാളിക്ക് ഇത് ഇറ്റലി തന്നെയാണോടേയ് എന്ന സംശയം തീർച്ചയായും വരും.
അങ്ങനെയുള്ള അവധിദിവസങ്ങളിൽ ഇവിടെത്തെ കവല നാട്ടിലെ നാൽക്കവലയാക്കും നമ്മുടെ ചില ചേട്ടൻമാർ. പോകുന്ന ചേച്ചിമാരുടെ അളവെടുക്കൽ, സൗന്ദര്യാരാധനകൊണ്ടുള്ള
ചില പുകഴ്ത്തലുകൾ, ഉച്ചത്തിലും പതുക്കെയും അവരവരുടെ കഴിവിനും കഴിച്ചതിൻ്റെ അളവിനുമനുസരിച്ച് . ചെയ്യുന്നത് കൂട്ടത്തിൽ ഒന്നോ രണ്ടോ പേരായിരിക്കും.
കവലയിലൊരു പള്ളിയുണ്ട്. അടച്ചിട്ടിരിക്കുന്ന ഒരു പള്ളി. അതിൻ്റെ മുൻവശത്തെ പടികളും എതിർവശത്തുള്ള ഇരുമ്പിൻ്റെ ഇരിപ്പിടവും രാവിലെത്തന്നെ ചിലർ കൈവശപ്പെടുത്തും. നമ്മുടെ ചേട്ടൻമാരെയല്ലാതെ ഇത്തരം കൂട്ടകൂടലും ഉറക്കെയുള്ള സംസാരവും നടത്തുന്ന ഇറ്റാലിയൻസിനെ ഞാനിതേവരെ കണ്ടിട്ടില്ല.
ഈ പള്ളിയുടെ തൊട്ടടുത്ത് ഒരു മലയാളിക്കടയുണ്ട്. അവിടുന്ന് ബിയറും ബ്രാണ്ടിയും പറ്റിൽ വാങ്ങിയടിക്കും. ലിക്കർ ഇവിടെ സുലഭമാണ്. എവിടെയും കിട്ടും.
കഞ്ചാവ് കിട്ടാൻ ഇവിടെ ഒട്ടും ബുദ്ധിമുട്ടില്ല. കൂട്ടത്തി അതും വാങ്ങിക്കേറ്റും. എന്നിട്ടാണ് കലാപരിപാടികൾ. വൃത്തിയിലും മര്യാദയിലും ഇറ്റലിക്കാർ ഒരു കോംപ്രമൈസിനും തയ്യാറല്ല. അമിതമായി മദ്യപിക്കുന്ന ഇറ്റാലിയൻസിനെ കാണാനും കിട്ടില്ല. പൊതുസ്ഥലങ്ങൾ വീടുപോലെ വൃത്തിയായി സൂക്ഷിക്കുന്നവരാണ്. വെയ്സ്റ്റ് മാനേജ്മെൻ്റിൽ ഓരോ ഇറ്റാലിയൻസും ബദ്ധശ്രദ്ധരാണ്. അങ്ങനെയുള്ള സ്ഥലത്താണ് കുടിച്ച് മെഴുകി ശർദ്ദിച്ച് തിന്ന എച്ചില് വാരിവെതറി അയ്യയ്യേ......
കയ്യിലുള്ളത് തോന്നിയ ഇടത്ത് എറിയുന്നത് നമ്മുടെ ശീലമാണ്. നമ്മുടേതല്ലാത്ത സ്ഥലത്ത് ശീലങ്ങൾ മാറ്റേണ്ടതല്ലേ. പൊതുസ്ഥലത്ത് കൂടിയിരുന്ന് വെള്ളമടിക്കൽ. നമ്മുടെ നാട്ടിലാണെങ്കിൽ ഇത് നടക്കുമോ? കമൻ്റടി നടക്കുമാരിക്കും. പട്ടാപകൽ റോഡിൽ കുടിയും കൂത്തും നടക്ക്വോ. കാര്യം മദ്യം വിക്കണത് സർക്കാരാണേലും.
ഇവിടെ എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെ അന്യന് ബുദ്ധിമുട്ടുണ്ടാക്കാതെ സ്വന്തം സ്പെയ്സ് ഉപയോഗിക്കുന്ന തദ്ദേശീയരെ കണ്ട് പഠിക്കുകയല്ലേ വേണ്ടത്.
കിട്ടുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവരാണ്കൂതറ മലയാളീസ്.
വല്ലവൻ്റെ നാടാണ്. അടിച്ചോടിക്കും അവര്. അളമുട്ടിയാൽ ചേരയും കടിക്കും എന്ന് കേട്ടിട്ടില്ലേ. അതുപോലെ.
ഓണത്തിന് മുണ്ടുടുക്കണം. പറ്റുമെങ്കിൽ നടുറോഡിൽ പൂക്കളം ഇടണം. ആർപ്പോ ഇർറോ വിളിക്കണം. പെരുന്നാൾക്ക് പ്രദിക്ഷണം നടത്തണം.
സീബ്രാലൈൻ നോക്കാതെ റോഡ് മുറിച്ച് കടക്കുക. സിഗ്നൽ മാറുന്നതുവരെ കാക്കാൻ ക്ഷമയില്ലാതെ ചാടിയപ്പുറം പോകുക. ക്യൂ നിൽക്കുന്നിടത്ത് അക്ഷമ കാണിക്കുക. ജോലി ചെയ്യണ വീട്ടില് മത്തി വറുത്ത് തിന്നുക. സാമ്പാറും പപ്പടോം കൂട്ടി പീച്ചികൊഴച്ച് തിന്നുക.
ഇങ്ങനെയുള്ള വിക്രിയകൾ
മല്ലുമലയാളിസല്ലാതെ മറ്റാരും ചെയ്യില്ല.
ഇത്തരം കാര്യങ്ങൾ ഇറ്റാലിയൻസ് ആസ്വദിക്കുന്നു എന്നത് വെറും തോന്നലാണ്. അവർക്ക് അറപ്പും വെറുപ്പുമാണ് പല കാര്യങ്ങളിലും തോന്നുന്നത് എന്ന് മലയാളികൾ എന്നാണ് മനസ്സിലാക്കുക.
മൂന്നാല് കൊല്ലം മുമ്പ് വരെ ഇവിടെ വളരെ അച്ചടക്കത്തോടെയാണ് മലയാളികൾ ജോലി ചെയ്തിരുന്നതെന്നും ഇവിടെയുള്ള നിയമങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിരുന്നെന്നും വർഷങ്ങൾക്ക് മുൻപ് വന്നവരും കാലങ്ങളായി താമസിക്കുന്നവരുമായ ചിലർ അവകാശപ്പെടുന്നു. . ഈയിടെ നാട്ടിൽ നിന്ന് വിസിറ്റിംഗ് വിസയിൽ കയറിവരുന്നവരുടെ അംഗസംഖ്യ വളരെ കൂടുതലാണ്. വരുന്നവർക്ക് ജോലിയും മാന്യമായ ശമ്പളവും കിട്ടുന്നുണ്ട്.
അംഗബലം കൂടുംതോറും സംഘബലവും കൂടുന്നു. അത് നല്ലതിനുയോഗിക്കാതെ ഇത്തരം കാര്യങ്ങൾക്കുപയോഗിച്ചാൽ ഫലം ഗുരുതരമായിരിക്കും. ഭൂരിഭാഗം പേരും അഭയാർത്ഥി വിസയിൽ ജോലി ചെയ്യുന്നവരാണ്. ഒട്ടകത്തിനിടം കൊടുത്ത പോലെയായല്ലോ എന്നിവർക്ക് തോന്നിയാൽ? ചുരുക്കം ചിലർ ചെയ്യുന്നതിൻ്റെ ഫലം ഭാവിയിൽ എല്ലാവരും അനുഭവിക്കേണ്ടി വരും.
അധികം വൈകാതെ കെട്ടും കെടേം എടുത്തോടണ്ടവരുമല്ലോ എന്ന ആധിയിലാണ് പലരും.
കഷ്ടപ്പാടിൽ നിന്നാണ് എല്ലാവരും ഇവിടേക്ക് വരുന്നത്. നാട്ടിൽ കയറിപ്പോയാൽ എന്ത് ചെയ്യാനാണ്?
ഇവിടെയുള്ളോരുടെ മനസ്സിൽ സ്വദേശി സിന്ദാബാദ്, വിദേശി മൂർദ്ദാബാദ് വിളിക്കാൻ തോന്നിത്തുടങ്ങിയാൽ ? കുറ്റം പറയാൻ പറ്റില്ല.
ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ മറ്റുള്ളവരുടെ സ്വസ്ഥത കെടുത്താതെ സമാധാനമായി ജീവിക്കാൻ എന്നാണ് നമ്മൾ മലയാളികൾ പഠിക്കുക?