ഹൃത്വിക് റോഷൻ നായകനായി എത്തുന്ന ചിത്രമാണ് വാർ 2. അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണിത്. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്.
യൂണിവേഴ്സില് ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വാർ 2. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അഡ്വാൻസ് ബുക്കിങ്ങിൽ സിനിമ കിതയ്ക്കുകയാണ്.
നിലവിൽ 17.44 കോടിയാണ് വാർ 2 ന്റെ അഡ്വാൻസ് ബുക്കിംഗ് നേടിയിരിക്കുന്നത്. ഇതുവരെ 323022 ടിക്കറ്റുകളാണ് സിനിമ വിറ്റഴിച്ചിരിക്കുന്നത്. നോർത്തിൽ കൂലിയെക്കാൾ ബുക്കിംഗ് സിനിമയ്ക്ക് നേടാൻ സാധിക്കുന്നുണ്ടെങ്കിലും മറ്റു മാർക്കറ്റുകളിൽ സിനിമയ്ക്ക് കാര്യമായ ചലനമുണ്ടാക്കാൻ കഴിയുന്നില്ല. ആദ്യ ദിനം ചിത്രം 30 മുതൽ 35 കോടി വരെ കളക്ഷൻ സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ പുറത്തുവരുന്ന പ്രീ റിലീസ് റിപ്പോർട്ടുകൾ എല്ലാം മികച്ചതാണ്. രണ്ടാം ദിനം മുതൽ വാർ 2 വിന് കൂലിയ്ക്ക് മുകളിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്ന സൂചനകളാണ് പുറത്തുവരുന്നത്