Image

ഇന്ത്യ ഇപ്പോഴും ഒരു ലിബറൽ ജനാധിപത്യ രാജ്യമാണോ? - (സ്വാതന്ത്യ ദിന ചിന്തകൾ-ജോർജ്ജ് എബ്രഹാം)

Published on 14 August, 2025
ഇന്ത്യ ഇപ്പോഴും ഒരു ലിബറൽ ജനാധിപത്യ രാജ്യമാണോ? - (സ്വാതന്ത്യ ദിന ചിന്തകൾ-ജോർജ്ജ് എബ്രഹാം)

ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ലോകമെമ്പാടുമുള്ള ആളുകളുടെ മനസ്സിൽ ഒരു പ്രധാന ചോദ്യം ഉയർന്നുവരുന്നു: ഇന്നത്തെ ഇന്ത്യ യഥാർത്ഥത്തിൽ ഒരു ലിബറൽ ജനാധിപത്യമാണോ? ഈ ആഴ്ച, അമേരിക്കയുടനീളമുള്ള പല നഗരങ്ങളിലും നടക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ വ്യാപകമായ ആഘോഷങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചേക്കാം. എന്നാൽ, ആധുനിക ഇന്ത്യയുടെ സ്ഥാപകർ കഠിനമായി പോരാടി നേടിയെടുത്ത സ്വാതന്ത്ര്യം നഷ്ടപ്പെടുമോ  എന്നതിനെക്കുറിച്ച് അത് നമ്മുടെ ചർച്ചകളിൽ മുൻപന്തിയിലായിരിക്കേണ്ട ആശങ്കയായിരുന്നിട്ടുപോലും വളരെകുറച്ചുപേരേ പറഞ്ഞുകേൾക്കുന്നുള്ളു.ഈ പരിപാടികൾക്ക് വേദിയൊരുക്കുന്ന സാംസ്കാരിക, മത സംഘടനകൾക്ക് ഇന്ത്യയിലെ പൗരന്മാരുടെ സ്വാതന്ത്ര്യം കുറഞ്ഞുവരുന്നതിനെക്കുറിച്ചോ അതിനായി നിലകൊള്ളുന്ന സ്ഥാപനങ്ങൾ ദുർബലമാകുന്നതിനെക്കുറിച്ചോ ആശങ്കയില്ല. 

അതുല്യമായ സ്ഥാനവും സ്വാധീനവുമുള്ള പ്രവാസികൾ ഈ വിഷയങ്ങളെക്കുറിച്ച് ഒരു നിലപാട് സ്വീകരിക്കുകയും സംസാരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയുടെ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും പതിവ് വിവരണം ആവർത്തിക്കുകയും നമ്മുടെ  വംശപരമ്പരയെക്കുറിച്ച് എല്ലാവരെയും വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്യാനാണ് അവർ ഇഷ്ടപ്പെടുന്നത്. ഈ നേതാക്കളിൽ പലരും തങ്ങൾ കുടിയേറിയ നാട്ടിൽ അവർക്ക് ലഭിച്ച അവസരങ്ങളെയും പദവികളെയും കുറിച്ച് പരാമർശിക്കുന്നതിൽ പരാജയപ്പെടുക മാത്രമല്ല, ഇവിടേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നതുപോലെ പാശ്ചാത്യരുടെ 'ജീർണ്ണിച്ച സംസ്കാര'ത്തെക്കുറിച്ച് പലപ്പോഴും പരിഹാസ്യമായ അഭിപ്രായങ്ങൾ പോലും പുറപ്പെടുവിക്കുന്നു. ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ ആത്മനിഷ്ഠ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി ആഗോള സൂചികകളിൽ ഇന്ത്യയുടെ റാങ്കിംഗിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നതാണ് സമീപ വർഷങ്ങളിൽ കൊണ്ടുവന്ന ശ്രദ്ധേയമായ ഒരു പ്രവണത.  ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ആഗോള ഡാറ്റാസെറ്റായ വെറൈറ്റീസ് ഓഫ് ഡെമോക്രസി (വി-ഡെം) അനുസരിച്ച്, ഇന്ത്യ ഒരു 'ഇലക്ടറൽ സ്വേച്ഛാധിപത്യ രാജ്യമായി' തുടരുകയാണ്. ഫ്രീഡം ഹൗസ് ഇന്ത്യയെ 'സ്വതന്ത്രരാജ്യം'എന്ന സ്ഥാനത്തുനിന്ന് 'ഭാഗികമായി സ്വതന്ത്രമായ രാജ്യം' എന്നതിലേക്ക് തരംതാഴ്ത്തി. 2024 മുതൽ ആ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഇക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) ഇന്ത്യയെ 'പാളിപ്പോയ ജനാധിപത്യം' എന്നാണ് റാങ്ക് ചെയ്യുന്നത്.നരേന്ദ്ര മോഡിയുടെ ഭരണത്തിനു കീഴിൽ മാധ്യമപ്രവർത്തകരുടെ നേർക്കുള്ള അടിച്ചമർത്തൽ ശക്തമാക്കിയിട്ടുണ്ട്, അതേസമയം ബിബിസി പോലുള്ള വാർത്താ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യുന്നതോ അന്വേഷണാത്മക പത്രപ്രവർത്തകർക്കെതിരെ വ്യാജ കുറ്റങ്ങൾ ചുമത്തുന്നതോ ഒരു പതിവ് ഭീഷണി തന്ത്രമായി മാറിയിരിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന നിയമവും തീവ്രവാദ വിരുദ്ധ നിയമങ്ങളും  പുതിയ സെൻസർഷിപ്പ് ബില്ലും തന്നെ വിമർശിക്കുന്നവരെ നിശ്ശബ്ദരാക്കാനാണ് മോഡി ഉപയോഗിക്കുന്നത്. മറ്റേതൊരു സ്വേച്ഛാധിപത്യ രാജ്യത്തെയും പോലെ, ഇന്ത്യയും ഓക്സ്ഫാം, കെയർ ഇന്റർനാഷണൽ പോലുള്ള സിവിൽ സൊസൈറ്റി സംഘടനകൾക്കും, കംപാഷൻ ഇന്റർനാഷണൽ, വേൾഡ് വിഷൻ പോലുള്ള മത സംഘടനകൾക്കും വിദേശ ധനസഹായം നിഷേധിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തു. 

അക്കാദമിക് സ്വാതന്ത്ര്യം നിലവിലെ ഭരണത്തിന്റെ മറ്റൊരു അപചയമാണ്. സർക്കാരിനെ വിമർശിക്കുന്ന പ്രൊഫസർമാരെ പിരിച്ചുവിടുന്നതിലേക്കും സംഘപരിവാർ പ്രത്യയശാസ്ത്രത്തോട് അനുഭാവമുള്ള ഭരണാധികാരികളെ നിയമിക്കുന്നതിലേക്കും വഴിവച്ചു.വർഷങ്ങളായി കോൺഗ്രസ് ഭരണത്തിനു കീഴിൽ നിർമ്മിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്ത ജനാധിപത്യ സ്ഥാപനങ്ങൾ ഇന്ന് കടുത്ത സമ്മർദ്ദത്തിലാണ്. ജുഡീഷ്യറിയിൽ എക്സിക്യൂട്ടീവിന്റെ സമ്മർദ്ദം വർദ്ധിച്ചതിന്റെ ഫലമായി രാഷ്ട്രീയപരമായ അസഹിഷ്ണുതകളുള്ള മേഖലകളിൽ നിയമവാഴ്ച സുസ്ഥിരമല്ലാതായി. നിർണായക വിഷയങ്ങളിൽ പാർലമെന്റുകളിൽ നടക്കുന്ന ചർച്ചകളിലും ഇടിവുണ്ടായിട്ടുണ്ട്. അതേസമയം ഭരണകക്ഷി ഓർഡിനൻസുകളുടെ ഉപയോഗത്തെ കൂടുതലായി ആശ്രയിക്കുകയും പ്രതിപക്ഷത്തെ നിഷ്പ്രഭരാക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ നിഷ്പക്ഷതയിൽ വിട്ടുവീഴ്ച വരുത്തുകയും  ബിജെപിയുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ഒരു സംവിധാനമായി മാറിയെന്നുമാണ് തോന്നുന്നത്.

 ഇന്റർനെറ്റ് ഷട്ട്ഡൗണുകളിൽ ഇന്ത്യയാണ് ലോകത്ത് മുന്നിൽ. ട്വിറ്റർ, യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ സർക്കാരിനെ വിമർശിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യാൻ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, പ്രതിപക്ഷ രാഷ്ട്രീയക്കാർ എന്നിവർക്കെതിരെ പെഗാസസ് സ്‌പൈവെയർ ഉപയോഗിച്ചതായും ആരോപണങ്ങളുണ്ട്, അത്തരത്തിൽ എപ്പോഴും നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം,അടിസ്ഥാന പൗരാവകാശങ്ങളുടെ ലംഘനമാണ്. . നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, വിവരാവകാശ നിയമത്തിലൂടെ (ആർടിഐ) കാര്യങ്ങൾ അറിയാനുള്ള സാധ്യത ഗണ്യമായി കുറഞ്ഞുവെന്നാണ് 2014-15 ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) വാർഷിക റിപ്പോർട്ട് പറയുന്നത്. "ഓരോ ഇന്ത്യക്കാരനും സത്യം അറിയാൻ അർഹതയുണ്ട്. സത്യം ജനങ്ങളിൽ നിന്ന് മറച്ചുവെക്കണമെന്നും  അധികാരത്തിലിരിക്കുന്നവരെ ആരും ചോദ്യം ചെയ്യരുതെന്നും ബിജെപി വിശ്വസിക്കുന്നു,ആർടിഐയിൽ നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങൾ അതിനെ ഉപയോഗശൂന്യമായ നിയമമാക്കി മാറ്റും," രാഹുൽ ഗാന്ധി ഒരിക്കൽ എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇന്ത്യയുടെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), ധനകാര്യ മന്ത്രാലയത്തിന്റെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നികുതി അധികാരികൾ, പ്രാദേശിക പോലീസ് സേനകൾ എന്നിവപോലും പലപ്പോഴും സർക്കാരിന്റെ ഇങ്കിതം അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിക്കപ്പെടുന്നു. 

സർക്കാരിനെ വിമർശിക്കുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ പ്രതികാരമായി തങ്ങളുടെ നേതാക്കളെ പലപ്പോഴും പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്ത്യയിലെ മതസ്വാതന്ത്ര്യം കൂപ്പുകുത്തുന്ന പ്രവണത തുടരുകയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ അടുത്തിടെ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി വർഗീയ അക്രമങ്ങൾ കുറഞ്ഞുവെന്ന് സർക്കാർ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ബിജെപിയുടെ ഭരണത്തിനു കീഴിൽ, ഹിന്ദു-ദേശീയവാദ ഗ്രൂപ്പുകൾ ഹിന്ദുക്കളല്ലാത്തവർക്കും ഹിന്ദു ദളിതർക്കും എതിരായ അക്രമം, ഭീഷണി, പീഡനം എന്നിവയിലൂടെ ഇന്ത്യയെ 'കാവിപൂശാൻ' ശ്രമിച്ചുവെന്ന് അതിൽ പറയുന്നു. എന്നാൽ, ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 25, 26 എന്നിവ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട്. മോഡി പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമൂഹവും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുകയും, ഇത് ന്യൂനപക്ഷങ്ങളെ പാർശ്വവൽക്കരണത്തിലേക്ക് തള്ളിവിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ എംബസികളും കോൺസുലേറ്റുകളും ഇന്ന് രാജ്യത്തെ ഭരണകക്ഷിയുടെ പ്രചാരണ യന്ത്രങ്ങളായി  ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 

അതാത് രാജ്യത്തിന്റെ സാമ്പത്തികവും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാജേന മതപരമായ വിഷയങ്ങളോ ഭരണകക്ഷിയുടെ ദേശീയ അജണ്ടയ്ക്ക് അനുയോജ്യമായതോ ആയ കാര്യങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതികൾ എഴുതാൻ അവർ നിർബന്ധിതരായിരിക്കുന്നു. ഔദ്യോഗിക ചടങ്ങുകളിൽ ഇംഗ്ലീഷ് പോലും പലപ്പോഴും നിരോധിക്കപ്പെടുന്നു, ഇതിൽ പങ്കെടുക്കുന്നവരിൽ  തെക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ഹിന്ദി സംസാരിക്കാത്ത ആളുകളോ വിദേശത്ത് ജനിച്ചു വളർന്നവരോ ഉൾപ്പെടുന്നതുകൊണ്ട് പലരും നിരാശരാകുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സമഗ്രത സമീപ വർഷങ്ങളിൽ വിമർശകരുടെ ആശങ്കയുടെ കേന്ദ്രബിന്ദുവാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബാംഗ്ലൂരിലെ മഹാദേവപുര നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വൻ തട്ടിപ്പ് നടന്നതായി പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സമീപകാലത്തുതന്നെ നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വ്യാജ വോട്ടിംഗ് നടന്നതായി അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) നിന്ന് പേപ്പർ ബാലറ്റുകളിലേക്ക് ഇലക്ഷൻ മാറണമെന്നതടക്കം മുഴുവൻ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള ഘടനാപരമായ ഉത്കണ്ഠകൾ അദ്ദേഹത്തിന്റെ ആശങ്കയിൽ പ്രതിഫലിപ്പിക്കുന്നു.  ഭൂരിപക്ഷത്തെ നിയമിച്ചുകൊണ്ട് ഭരണപക്ഷം  തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടന മാറ്റിയത് പ്രതിപക്ഷ നിരയിൽ നിന്ന് ഉയർന്നുവരുന്ന പ്രതിഷേധങ്ങളും പരാതികളും സ്വാതന്ത്ര്യവും സമഗ്രവുമായി കൈകാര്യം ചെയ്യുന്നതിനുള്ള സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കുമേൽ ഗുരുതരമായ കളങ്കം ചാർത്തി.


ജനാധിപത്യത്തിന്റെ അടിസ്ഥാനം വ്യക്തിസ്വാതന്ത്ര്യമാണെന്ന് അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ആ തത്വം സംരക്ഷിക്കുന്നതിനായി നിർമ്മിച്ച സ്ഥാപനങ്ങൾ ഇന്ന് ചിലരുടെ ചൊല്പടിക്ക് പ്രവർത്തിക്കാൻ നിർബന്ധിതമായിരിക്കുന്നു. ലോകത്തിലെ ഏറ്റവും വൈവിധ്യപൂർണ്ണമായ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയിൽ 80% ഹിന്ദുക്കളും, 14% മുസ്ലീങ്ങളും, സിഖുകാരും, ക്രിസ്ത്യാനികളും, ഏകദേശം 2% വീതവുമുണ്ട്. ജാതികളും ഉപജാതികളും, നിരവധി ഭാഷകളും, ഉപഭാഷകളും, വ്യത്യസ്ത വസ്ത്രധാരണ രീതികളും ഭക്ഷണരീതികളും വ്യത്യസ്തമായ ആചാരങ്ങളും പാരമ്പര്യങ്ങളും ഇന്ത്യയിലുണ്ട്. നരേന്ദ്ര മോഡി അധികാരമേറ്റശേഷം,കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി രാഷ്ട്രീയവും സാമൂഹികവുമായ സന്തുലിതാവസ്ഥ നൽകിയ അധികാര ഘടനകൾ ദുർബലപ്പെടുകയും, ന്യൂനപക്ഷങ്ങളുടെ അഭിലാഷങ്ങൾ അവഗണിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ഇന്ത്യ ഇന്ന് നിൽക്കുന്നത് വഴിത്തിരിവിന്റെ പാതയിലാണ്. മോഡി ഭരണകൂടത്തിന്റെ പല വിമർശകരും അദ്ദേഹത്തിന്റെ ഭരണം ആർ‌എസ്‌എസ് പ്രത്യയശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു രാഷ്ട്രീയ സിദ്ധാന്തത്താൽ നയിക്കപ്പെടുന്ന ഒന്നാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. സംഘപരിവാർ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പൊതു ഘടകത്തെ അടിസ്ഥാനമാക്കിയുള്ള ആ പ്രത്യയശാസ്ത്രത്തെ 'ബിജെപിയുടെ ഹിന്ദു ദേശീയ അജണ്ട' എന്ന് വിളിക്കുന്നു. ബഹുസ്വരവും ജനാധിപത്യപരവുമായ ഇന്ത്യയിൽ ഭൂരിപക്ഷ മതത്തിന് മുൻതൂക്കം നൽകുകയും ന്യൂനപക്ഷങ്ങളെ തരംതാഴ്ത്തി അവരുടെ വിധേയരാക്കിക്കൊണ്ട് അതിനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നതാണ് അജണ്ടയുടെ ആത്യന്തിക ലക്ഷ്യം, ഒരുപക്ഷേ ജനസംഖ്യയുടെ ഒരു പ്രധാന വിഭാഗത്തിന് തുല്യ സംരക്ഷണമോ അവസരങ്ങളോ നിഷേധിക്കപ്പെടുകയും ചെയ്യും.

ഭരണഘടനാ ശിൽപികൾ ഒരു ജനാധിപത്യ സംവിധാനം സൃഷ്ടിച്ചുകൊണ്ട്; അതിൽ നിയമനിർമ്മാണ സഭ നിയമങ്ങൾ രൂപീകരിക്കുകയും; എക്സിക്യൂട്ടീവ് നിയമങ്ങൾ നടപ്പാക്കുകയും; പാർലമെന്റിനോട് ഉത്തരവാദിത്തമുള്ളവരായിരിക്കുകയും; ഒരു സ്വതന്ത്ര ജുഡീഷ്യറി നിയമങ്ങൾ വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ് രീതി. രാജ്യത്തിന്റെ ഈ മൂന്ന് പ്രധാന  സംവിധാനങ്ങളിലും പരിശോധനയും സന്തുലനവും ഏർപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ,കുറച്ചു വർഷങ്ങളായി ഇന്ത്യയിലെ ഈ മൂന്ന് സംവിധാനങ്ങളും പരസ്പര അവരുടെ ബന്ധത്തിന്റെ അതിരുകൾ മറികടന്നു. ലോക്‌സഭയിൽ എൻ‌ഡി‌എയ്ക്ക് ഭൂരിപക്ഷമുണ്ട്, അവിടെ അവർ സാധാരണ ബില്ലുകൾ പാസാക്കുകയും പിന്നീട് രാജ്യസഭയിലേക്ക് ആ സ്ഥാപനത്തിലെ അവരുടെ എണ്ണത്തിലെ കുറവ്  മറികടക്കാൻ പണ ബില്ലുകളായി(മണി ബിൽ) കൈമാറുകയും ചെയ്യുന്നു. വിവിധ പാർലമെന്ററി കമ്മിറ്റികളെ മറികടന്ന് അവശ്യ ബില്ലുകളിൽ ചർച്ച ചെയ്യുന്നതിലും അവർ തികഞ്ഞ അവഗണന കാണിച്ചിട്ടുണ്ട്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ വിജയം ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെ അഭൂതപൂർവമായ ആക്രമണത്തിന് തുടക്കമിട്ടു, രാജ്യത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തിലേക്ക് അത്  അസഹിഷ്ണുതയുടെയും സ്വേച്ഛാധിപത്യത്തിന്റെയും പുതിയ ഘടകങ്ങൾ കുത്തിവച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ, നിയമവാഴ്ച, പൗരസ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശ സംരക്ഷണം, ബഹുസ്വരത, രാഷ്ട്രീയരംഗത്തെ  മത്സരം, സ്ഥാപനപരമായ സ്വയംഭരണം എന്നീ സ്തംഭങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടാണ് ഒരു ലിബറൽ ജനാധിപത്യ രാഷ്ട്രം നിലനിൽക്കുന്നതെന്ന് മിക്ക രാഷ്ട്രീയ നിരീക്ഷകരും സമ്മതിക്കുന്ന കാര്യമാണ്. മോഡി സർക്കാർ ഇക്കാര്യങ്ങളിലെല്ലാം പൂർണ്ണമായും പരാജയപ്പെട്ടുകൊണ്ട്, 'വികലമായ ജനാധിപത്യം' എന്ന അപമാനകരമായ നാമം രാജ്യത്തിന് നേടികൊടുത്തു.

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഒരിക്കൽ പറഞ്ഞു: "പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമ്മൾ മൗനം പാലിക്കുന്ന ദിവസം മുതൽ നമ്മുടെ ജീവിതം അവസാനിക്കാൻ തുടങ്ങുന്നു " എന്ന്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ച് പ്രവാസികൾ ദീർഘകാലമായി തുടരുന്ന മൗനം ഇനിയും തുടരുമോ എന്നതാണ് ഇവിടുത്തെ ചോദ്യം.  

Join WhatsApp News
Joseph Margamkaliyil 2025-08-14 03:42:09
ജോർജ് എബ്രഹാം സാർ, താങ്കൾ ഒരു ഐഒസിയുടെ ഭാരവാഹി ആണെന്ന് അറിയാം. പക്ഷേ താങ്കളുടെ എഴുതിയിരിക്കുന്നത് സത്യം തന്നെയാണ്. അവിടെ, ഇന്ത്യയിൽ ഇപ്പോൾ യാതൊരു തരത്തിലുള്ള നീതിയും കിട്ടുന്നില്ല. ഭൂരിപക്ഷ മത വർഗീയത മാത്രമാണ് അവിടെ നടമാടുന്നത്. എല്ലാം അവർ അവരുടെ ചൊൽപ്പടിയിൽ ആക്കിയിരിക്കുന്നു. ഞാൻ കൂടുതൽ വിവരിക്കേണ്ടതില്ല താങ്കൾ എല്ലാം എഴുതിയിട്ടുണ്ട്. താങ്കളുടെ ഞാൻ മാനിക്കുന്നു. താങ്കളുടെ കൂടെയുള്ള ഐഒസി പ്രവർത്തകർ ഇപ്രകാരം ധീരമായി എഴുതുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. എന്നാൽ എന്ത് ചെയ്യാം, നാട്ടിലെ കോൺഗ്രസുകാരാകട്ടെ, അമേരിക്കയിലുള്ള കോൺഗ്രസുകാര് ആകട്ടെ എല്ലാവർക്കും ചുമ്മാ ആളാകണം പൊസിഷൻ കിട്ടണം അത്ര മാത്രമേ ഉള്ളൂ. നിങ്ങളുടെയൊക്കെ ഒരു മീറ്റിങ്ങിനു വന്നാലും, നിങ്ങളുടെ ഒക്കെ ഓരോ സ്റ്റേറ്റ് നേതാക്കന്മാരും, മറ്റും, മറ്റും, അന്യോന്യം സ്ഥാനപ്പേര് വിളിച്ച്, പരസ്പരം ചൊറിഞ്ഞു പൊക്കുന്നു. . സത്യത്തിൽ കോൺഗ്രസിനെ സ്നേഹിക്കുന്ന, രാജ്യത്തെ സ്നേഹിക്കുന്ന, അവിടത്തെ വർഗീയ ദുർഭരണത്തെ എതിർക്കുന്ന, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർക്ക് ഒരു മിനിറ്റ് പോലും, സംസാരിക്കാനോ അഭിപ്രായം രേഖപ്പെടുത്താനോ ഒരു അവസരം തരാറില്ല. ആ നില മാറണം. ഈഎഴുതുന്ന എനിക്ക്, നാട്ടിലെ കോൺഗ്രസിലോ, IOC, OKCC, തുടങ്ങിയ ഒന്നിലും ഒരു സ്ഥാനവും വേണ്ട, ഒരു സ്ഥാനമോഹിയും അല്ല ഞാൻ. പക്ഷേ ഒരു സാധാരണ, കോൺഗ്രസ് അനുഭാവി, ഗാന്ധിജിയെ സ്നേഹിക്കുന്ന, അതുപോലെ ഇപ്പോൾ രാഹുൽ ഗാന്ധിയുടെ പ്രവർത്തനം അങ്ങേയറ്റം സ്തുത്യർഹമാണെന്ന് അഭിപ്രായമുള്ള ഒരു എളിയ വ്യക്തി മാത്രമാണ് ഞാൻ. പക്ഷേ എനിക്കും, അനീതിക്കെതിരെ എൻറെ ആത്മരോഷം പ്രകടിപ്പിക്കാൻ നിങ്ങൾ ചില അവസരങ്ങൾ തന്നാൽ നന്നായിരുന്നു. സ്ഥാനമോഹികൾക്ക് സ്ഥാനങ്ങൾ കൊടുക്കുക. ഒരു സ്ഥാനവും വേണ്ടാത്ത ഞങ്ങളുടെ മാതിരിയുള്ള വ്യക്തികൾ, യഥാർത്ഥ കോൺഗ്രസുകാരായ, യഥാർത്ഥമായി അനീതിക്കെതിരെ പടപൊരുതുന്ന എഴുതുന്ന ജോർജ് എബ്രഹാം സാറിൻറെ മാതിരിയുള്ള എല്ലാ നല്ല കോൺഗ്രസുകാരുടെയും നല്ല പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ സപ്പോർട്ട് ചെയ്യാൻ, ഞാൻ ഉണ്ടാകും. എൻറെ മാതിരിയുള്ള വ്യക്തികൾ ഉണ്ടാകും. ഇന്ത്യയിൽ ജനാധിപത്യം തിരിച്ചുവരാൻ നമുക്ക്, നിർഭയം, ഗാന്ധി മാർഗ്ഗത്തിലൂടെ പടപൊരുതാം.
George Neduvelil 2025-08-14 15:18:54
ഇന്ത്യയിൽ ജനാധിപത്യം തിരിച്ചുകൊണ്ടുവരാൻ നമുക്ക് ഇന്ദിരാഗാന്ധി, സഞ്ജയഗാന്ധി, രാഹുൽ ഗാന്ധി-എന്നിവരുടെ മാതൃക സ്വീകരിച്ചുകൊണ്ട് നിർഭയം പടപൊരുതാം എന്ന് പ്രഖ്യാപിക്കുന്നതിന് പകരം പഴഞ്ചൻ മോഹൻദാസ് ഗാന്ധിയുടെ മാർഗ്ഗം സ്വീകരിക്കാമെന്നുമെന്നു പറഞ്ഞപ്പോൾ - കടമ്പക്കൽ കുടമുടച്ചതു പോലായല്ലോ മാർഗ്ഗം കളിക്കാരാ! ഇന്ത്യൻ ജനാധിപത്യവും മലയാളത്തിൻറെ മാർഗ്ഗം കളിയും ഒന്നായികണ്ടുവോ? ആവോ! രാഹുൽഗാന്ധിയുടെ പ്രവർത്തനം അങേയറ്റം ശ്‌ളാഘനീയമാണെന്നു പറഞ്ഞപ്പോഴേ - ആന വാലുപൊക്കുന്നതിന്റെ കാരണം മനസ്സിലായി.
Joseph Margamkaliyil 2025-08-14 18:44:05
ജോർജ് നെടുവേലി സാർ, സഞ്ജയ് ഗാന്ധിയുടെ പേര് ഞാനിവിടെ എഴുതിയില്ല. അത് നെടുവേലി സാർ എഴുതി ചേർത്തതാണ് കേട്ടോ. സഞ്ജയ് ഗാന്ധിയെ ഞാൻ അന്നും ഇന്നും സപ്പോർട്ട് ചെയ്യുന്നില്ല. പണ്ട് ഞങ്ങളുടെ വീട്ടുകാർ ഭയങ്കര മാർഗം കളിക്കാർ ആയിരുന്നു. അതിൻറെ പേരിൽ ആകാം ഞങ്ങളുടെ വീട്ടു പേര് മാർഗംകളിയിൽ എന്ന് വന്നത്. അത് വലിയ കുഴപ്പമില്ല ഞാൻ അതിൽ അഭിമാനം കൊള്ളുന്നു. ചട്ടയും മുണ്ടും കുണുക്കും ധരിച്ച് ആ കുലുക്കി ഉള്ള മാർഗ്ഗങ്ങളി കാണാൻ എന്ത് ചേലാണ്. ജോർജ് നെടുവേലി ചേട്ടൻ സംഘപരിവാറിന്റെ ആളാണ് അല്ലേ? ക്രിസ്ത്യാനികളായ സംഘപരിവാറികളെ "കാസ". എന്ന വിളിക്കുന്നത്. അപ്പോ നോർത്ത് ഇന്ത്യയിൽ നടക്കുന്ന അച്ഛൻ കന്യാസ്ത്രീ അറസ്റ്റുകളെയും മതപീഡനങ്ങളെയും നെടുവേലി സാർ അനുകൂലിക്കുന്നുണ്ടോ?. സാരമില്ല. കുറച്ചുകാലം കൂടി കഴിയുമ്പോൾ സാറിന് കാര്യങ്ങൾ ബോധ്യമാകും. ഞാൻ ജോർജ് എബ്രഹാം സാറിൻറെ കൂടെയാണ്. ജോർജ് എബ്രഹാം എത്ര വ്യക്തവും കൃത്യവും ആയിട്ടാണ് എഴുതിയിരിക്കുന്നത്. പിന്നെ എനിക്ക് യാതൊരു പൊസിഷനും ഒരിടത്തും ആവശ്യമില്ല. പിന്നെ ജനറൽ ആയിട്ട് ഒരു കാര്യം പറയട്ടെ. ഈ പ്രതികരണ കോളം കുറെ കാലമായി മെലിഞ്ഞ ശുഷ്കിച്ചു വരികയാണ്. അത് പാടില്ല. നമ്മളൊന്ന് ഒത്തുപിടിച്ച് ഈ പ്രതികരണത്തെ അതിശക്തമാക്കണം. ചിലര് ഒരു രണ്ടു മൂന്നു മാസക്കാലം അഴിഞ്ഞാടും പിന്നെ അവരെ മഷിയിട്ടു നോക്കിയാൽ പോലും കാണുന്നില്ല. മടിക്കണ്ട നാണിക്കണ്ട, ഭയപ്പെടേണ്ട, നിങ്ങളുടെ പേര് പോലും വെക്കണ്ട ധൈര്യമായി എഴുതൂ. നിങ്ങളുടെ പ്രതികരണങ്ങൾ പോരട്ടെ. ഞങ്ങളെ ഒന്നും ബോധവൽക്കരിക്കൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക