ഒരു പല്ലിയും വീഴില്ല
പുര താങ്ങുന്നത്
താനാണെന്ന്
പെണ്ണിനോട്
വീമ്പു പറയും.
പിന്നെ
ഉള്ളതെല്ലാം
കൈവിട്ടു
വീടിനു കൊടുത്ത
പെണ്ണേ
നീ വാരിക്കുഴിയിൽ
വീണെന്ന്
കൊഞ്ഞനം കുത്തി
ചിലയ്ക്കും
പെണ്ണപ്പോൾ
ഒരു കടലാകും
വെറുതെ
തീരത്ത് തല തല്ലി
കരയുന്ന
ചാവുകടലിലെ
തിരയാകും.
എല്ലാം കവർന്ന കാറ്റ്
ഇരുണ്ടു പോയൊരു
വനനിഗൂഢതയിലേക്ക്
വിട പറയാതെ
നിശ്ശബ്ദമായി
ചേക്കേറും.
ജീവിതം കൊണ്ടു
ഞാത്തിയിട്ട
ഊഞ്ഞാലുകൾ പോലും
ഊരാക്കുടുക്കുകളാകും.
അപ്പോഴും
പുര താങ്ങുന്നത്
താനാണെന്നു
പുര ചുമക്കുന്ന
പെണ്ണിനെ നോക്കി
പല്ലി ചിലച്ചു കൊണ്ടേയിരിക്കും.