സനാതന ധർമ്മ പ്രചരണാർത്ഥം രണ്ടരപ്പതിറ്റാണ്ടായി വടക്കേ അമേരിക്കയിലും കാനഡയിലും പ്രവർത്തിച്ചുവരുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ എച്ച് എൻ എ) യുടെ രജതജൂബിലി ആഘോഷങ്ങൾക്കും ലോക ഹൈന്ദവ സമ്മേളനത്തിനുമായി അറ്റ്ലാന്റിക് സിറ്റിയിലെ എം.ജി.എം.റിസോർട്സ് ഇന്റർനാഷണൽ ഒരുങ്ങി. ഓഗസ്റ്റ് 17 മുതൽ 19 വരെയാണ് ഈ ത്രിദിന മാമാങ്കം.
ഡോ.നിഷ പിള്ള (പ്രസിഡന്റ്), മധു ചെറിയേടത്ത് (ജനറൽ സെക്രട്ടറി), രഘുവരൻ നായർ (ട്രഷറർ), സുനിൽ പൈങ്കോൽ (കൺവൻഷൻ ചെയർ) എന്നിവർ വൈവിധ്യമാർന്ന പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നു.
ഹൈന്ദവ ആചാര്യന്മാർ, സാംസ്കാരിക നായകന്മാർ, കലാസാഹിത്യ മാധ്യമ ബിസിനസ് രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം എന്നിവ കൊണ്ട് സമ്പന്നമാകുന്ന കൺവൻഷനിൽ 500 ൽപരം കുടുംബങ്ങളിൽ നിന്ന് 2000 -ൽ പരം പേർ വിരാട് 25 പതാകയ്ക്ക് കീഴിൽ അണിനിരക്കും. രജിസ്റ്റർ ചെയ്ത അംഗങ്ങൾക്കു പുറമെ രാഷ്ട്രീയ-സാംസ്കാരിക-സാമുദായിക രംഗങ്ങളിൽ നിന്നുള്ള ഇരുപത്തിയഞ്ചോളം വിശിഷ്തിടാതിഥികൾ പങ്കെടുക്കും.
മീനാക്ഷി ലേഖി, ജെ.നന്ദകുമാർ, മുൻ ഡിജിപി ഋഷിരാജ് സിങ്, അഡ്വ. ജയശങ്കർ തുടങ്ങിയവർ എത്തിച്ചേരും. അമൃതാനന്ദമയി അമ്മയെ പ്രതിനിധാനം ചെയ്ത് സ്വാമി അമൃതസ്വരൂപാനന്ദ പുരി കൺവൻഷന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കും.
കേരളത്തിന്റെ തനതു കലകൾ അമേരിക്കയിലേക്ക് അക്ഷരാർത്ഥത്തിൽ പറിച്ചുനടുക എന്ന ഉദ്ദേശത്തോടെ നിരവധി പ്രോഗ്രാമുകളാണ് കണ്ണൂരുള്ള ഫോക് ലാൻഡ് ഇന്റർനാഷണൽ എന്ന ടീം അവതരിപ്പിക്കുന്നത്. കളരിപ്പയറ്റ്, ഗുരുവായൂർ ഉറിയടി, കാവിലാട്ടം, തെയ്യം, ഗരുഡൻപറവ, തീയാട്ട്, മുടിയേറ്റ് എന്നിങ്ങനെ നിരവധി വ്യത്യസ്ത പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു.
കഥകളി,മേളം പോലുള്ള ക്ഷേത്രകലകൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. നൂറുപേരുടെ താലപ്പൊലിയും മുത്തുക്കുടയുമായി നാട്ടിലെ പൂരത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ഘോഷയാത്രയും ഹൈലൈറ്റുകളിൽ ഒന്നാണ്.
സ്ഥാപക നേതാക്കളെയും മുൻ പ്രസിഡന്റുമാരെയും വേദിയിൽ ആദരിക്കും. തുടർന്ന് പ്രച്ഛന്ന വേഷ മത്സരവും മെഗാതിരുവാതിരയും ഉണ്ടായിരിക്കും. വിരാട് എന്ന തീമിൽ അധിഷ്ഠിതമായ 'സമഷ്ടി' എന്ന നൃത്തനാടകവും ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കാശി എന്ന നൃത്തപ്രകടനവും കലാസ്വാദകരെ ഹരംകൊള്ളിക്കും.
സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ സത്സംഗ്, സ്വാമി ചിദാനന്ദ പുരി ആചാര്യോപദേശം, ആറ്റുകാൽ തന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സർവ്വൈശ്വര്യ പൂജ, ലളിതാസഹസ്രനാമം, 3 കോടി മന്ത്രാർച്ചന സമർപ്പണം എന്നിവ സംഘടനയിലെ ഓരോ അംഗങ്ങളിലും സനാതനധർമ്മത്തിന്റെ ശക്തി ഊട്ടിയുറപ്പിക്കും.
യൂത്ത് ഫോർ ട്രൂത്ത് എന്നപേരിൽ വിശിഷ്ടാതിഥികളും യുവാക്കളുമായുള്ള ചോദ്യോത്തര സെഷൻ, ലോലിപോപ്സ് വണ്ടർ എന്നപേരിൽ സനാതനധർമവുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ സംശയങ്ങൾക്ക് ആചാര്യന്മാർ മറുപടി കൊടുക്കുന്ന സെഷൻ, അരങ്ങ് യൂത്ത് ഫെസ്റ്റിവൽ, മാധ്യമ സെമിനാർ, യൂത്ത് ഫോറത്തിന്റെ കായിക പരിപാടി, ബിസിനസ് സെമിനാർ, രമേശ് നാരായണനും മധുശ്രീയും അവതരിപ്പിക്കുന്ന മൃദുമൽഹാർ എന്ന ഹിന്ദുസ്ഥാനി സംഗീതപരിപാടി, കാലിഫോർണിയ ടീമിന്റെ ഛായാമുഖി, മിഷിഗൺ ടീമിന്റെ കാളിയൻ ചാത്തൻ എന്നീ പരിപാടികളുമുണ്ട്.
സംവിധായകൻ ഹരിഹരന്റെ നേതൃത്വത്തിലുള്ള സെലിബ്രിറ്റി നൈറ്റിൽ നരെയ്ൻ, ശാന്തികൃഷ്ണ, അഭിലാഷ് പിള്ള തുടങ്ങി നിരവധിപേർ പങ്കെടുക്കും.
യൂത്ത് ഡിജെ നൈറ്റ് ആണ് മറ്റൊരു ആകർഷണം. യോഗ, പൂജ, ഭജൻ, ഭക്തി മഞ്ജരി, മെഗാ മോഹിനിയാട്ടം, സ്ത്രീ ശക്തിയെ അടിസ്ഥാനമാക്കിയുള്ള ഫാഷൻ ഷോ 'ലീല', ഫ്ലോറിഡ ടീമിന്റെ 'വൈശാലി', മാട്രിമോണിയൽ നെറ്റ്വർക്കിങ്, ജാനകി രംഗരാജന്റെ ഭരതനാട്യം, ലിറ്റററി ഫോറം, ഹെൽത്ത് സെമിനാർ, പ്രൊഫഷണൽ ഫോറം, തനിമ,സൂമ്പ ഡാൻസ് തുടങ്ങി ഒട്ടേറെ പരിപാടികൾ രണ്ടാം ദിവസവും മൂന്നാം ദിവസവുമായി അണിയിച്ചൊരുക്കും.
പഴയിടം സ്പെഷ്യൽ സദ്യയും ഏവർക്കും ആസ്വദിക്കാം.
സമാപന സമ്മേളനത്തിന് ശേഷം അഗം ബാൻഡ് അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയുമുണ്ട്.
കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് സ്വാമിനാരായൻ ക്ഷേത്രത്തിലേക്ക് യാത്രയും ഒരുക്കുന്നുണ്ട്.