താളം തെറ്റിക്കുന്നു ബോധവിസ്ഫോടനങ്ങൾ
കാലം ചതിക്കുന്നു ജീവിത ക്രമങ്ങളെ
പ്രകൃതിക്കന്തകൻ വഴിമുട്ടിനിൽക്കുന്നു
പാതതെറ്റിയോടുന്ന പാതയോരങ്ങളിൽ
ദഹനമാർന്ന പുഴയുടെ നെഞ്ചിൽ മൺകൂനകൾ
വിഷം തുപ്പുന്ന വ്യാളിയായി കൃഷിയിടങ്ങൾ
നാശനിപാതമായ് മാനത്തു കരിമേഘങ്ങൾ
മേഘഭ്രംശത്തിൽ നിന്നുയിർ കൊള്ളുന്ന പേമാരികൾ
താണ്ഡവനൃത്തമാടിത്തകർക്കുന്ന കല്ലോലങ്ങൾ
നാടെരിച്ചെത്തി വെണ്ണീറാക്കുന്ന കാട്ടുതീയും
സംഹാരരുദ്രയായ് പാഞ്ഞടുക്കും കൊടുങ്കാറ്റുകൾ
ആഴിയുമൂഴിയുമേറ്റുപാടുന്നീ കദനഗീതികൾ
കാടുവിട്ടുനാടിറങ്ങുന്നു മൃഗവ്യൂഹങ്ങൾ
താപശൈത്യങ്ങളിൽ ദുരിതമേറുന്ന ഭൂമുഖം
കാലമെത്താതെ കാലപുരിയേറുന്ന തരുണർ
കാവലാളായിതീരുമോ മർത്ത്യനീ ധരണിതന്നിൽ!