സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം (മണിമാല -ആശാൻ 1919 )
പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം ആയതുകൊണ്ടായിരിക്കാം യുഗങ്ങളായി സ്വാതന്ത്യം നേടിയെടുക്കാനുള്ള യുദ്ധങ്ങളിൽ അനേകായിരങ്ങൾ ലോകം എമ്പാടും മരിക്കാൻ തയ്യാറായി മുന്നോട്ടു വരുന്നത്. പലപ്പോഴും അവരുടെ ശരീരങ്ങൾ തിരിച്ചറിയപ്പെടാൻ കഴിയാത്ത വണ്ണം അംഗവൈകല്യംവന്നതാണ്. ഇവരെ തിരിച്ചറിയാൻ കഴിയാതിരുന്നതുകൊണ്ട് യുദ്ധ ഭൂമിയിലോ അല്ലെങ്കിൽ സൈനികർ മാർച്ചു ചെയ്‌ത വഴിയിലോ ആണ് കുഴിച്ചു മൂടിയിരുന്നത്. അമേരിക്കയിലും സിവിൽ വാറിന് മുൻപ് ഇങ്ങനെയുള്ള ശവശരീരങ്ങളെ കൂട്ടമായി കുഴിച്ചു മൂടുകയായിരുന്നു പതിവ് . 1862 ലാണ് ഈ അജ്ഞാതർക്കായി അമേരിക്കയിൽ ആദ്യമായി നാഷണൽ സെമിറ്ററികൾ സ്ഥാപിതമായത്. അതിൽ ഏറ്റവും പ്രധാനമായത് ആർലിംഗ്ടൺ സെമിറ്ററിയാണ്. അവിടം സന്ദർശിച്ചവർക്കറിയാം, അവിടെ തളം കെട്ടി നിൽക്കുന്ന മൂകത. ഓരോ ശവകൂടീരത്തിന്റെ മുന്നിലും കമിഴ്ന്നു കിടന്നു കേഴുന്നവരുടെ കാഴ്ച്ച ഹൃദയഭേദകമാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തും, സ്വാതന്ത്ര്യത്തിനുവേണ്ടി യുദ്ധം ചെയ്‌തു മരിക്കുന്നവർ അനേകായിരങ്ങളാണ്. ഇന്നും ലോകത്തിന്റ പലഭാഗത്തും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുമ്പോൾ, ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ഈ അജ്ഞാതരെ ഓർക്കാൻ ശ്രമിക്കയാണ് 'റ്റൂമ് ഓഫ് ദി അൺനോൺ സോൾജ്യർ' എന്ന കവിതയിലൂടെ. ഈ കവിത അവതരിപ്പിക്കുന്നതിനു മുൻപ് ലോകത്തിലെ ഏറ്റവും വലിയ ജനതാപത്യ ശക്തികളായ അമേരിക്കയുടെയും ഭാരതത്തിന്റെയും സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഒരിക്കൽ കൂടി ക്ഷണിക്കാതെ പോകുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ട് ഇതിനോടൊപ്പം അല്പം ചരിത്രവും ചേർക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തികളായ ഇന്ത്യയും അമേരിക്കയും സ്വാതന്ത്യ ദിനങ്ങൾ അടുത്തടുത്ത് ആഘോഷിക്കുമ്പോൾ (ജൂലൈ 4,1776 & ഓഗസ്റ്റ് 15, 1947) ഇന്ന് നാം ആസ്വദിക്കുന്ന ഈ സ്വാതന്ത്ര്യത്തെ കുറിച്ച് ഓരോ വ്യക്തികളും ഒരു സ്വയ അവലോകനം നടത്തുന്നത് ഉചിതമായിരിക്കും സ്വാതന്ത്ര്യത്തെ, രാഷ്ട്രീയ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്യം, മത സ്വാതന്ത്ര്യം, വ്യകതിസ്വാതന്ത്ര്യം എന്നിങ്ങനെ പല തരത്തിൽ വേർതിരിക്കാവുന്നതാണ്. ഇവയെല്ലാം പരസ്പര ബന്ധമുള്ളതും വ്യക്തികൾക്ക് സ്വയം തീരുമാനങ്ങൾ എടുക്കുന്നതിനും അതുപോലെ സാമൂഹ്യ വളർച്ചയ്ക്കും ആവശ്യമാണ്. മേൽപ്പറഞ്ഞ സ്വാതന്ത്ര്യങ്ങളെ മനസ്സിലാക്കുകയും, കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത്, പക്ഷപാതരഹിതമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കേണ്ടതിന്, നിർണ്ണായകമായ പങ്കു വഹിക്കുന്ന ഘടകങ്ങളാണ്. എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും ചലനാത്മകവും ഊർജ്‌ജസ്വലവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നു എന്നതും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു
ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തിയേഴ് അർദ്ധരാത്രിക്ക് ഘടികാരം പന്ത്രണ്ട് മണിയുടെ ശബ്ദം മുഴക്കിയപ്പോൾ ഇന്ത്യ സ്വതന്ത്രയായി. അതുപോലെ ആയിരത്തി എഴുനൂറ്റി എഴുപത്തിയാറ് ജൂലൈ നാലിന് ബ്രിട്ടനിൽ നിന്ന് അമേരിക്ക സ്വാതന്ത്ര്യം നേടി. ഇന്ന് ഓരോ ഭാരത പൗരനും അതുപോലെ അമേരിക്കൻ പൗരനും അനുഭവിക്കുന്ന സ്വാതന്ത്ര്യം, വലിയ കഷ്ടപ്പാടുകളോ നഷ്ടങ്ങളോ ഇല്ലാതെ നേടിയതാണ് എന്ന് ഞാൻ പറയുമ്പോൾ, ഇത് വായിക്കുന്നവർക്ക് അത് നിരസിക്കാനാവുമോ എന്നറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇറങ്ങി പുറപ്പെട്ടപ്പോൾ മഹത്മാഗാന്ധിക്ക് (1869 -1948) ഉറപ്പുണ്ടായിരുന്നു, "ഒരു സത്യോപാസകൻ തന്റെ സത്യംകൊണ്ടുള്ള പരീക്ഷണങ്ങളിൽ എത്ര അധികം വിഷമാവസ്ഥയിലേക്ക് എറിയപ്പെടുമെന്നും അതുപോലെ ഒരു സ്വാതന്ത്ര്യപാസാകനോട് എത്രയധികം ബലിദാനങ്ങൾ അതിന്റെ ദാക്ഷണ്യമില്ലാത്ത ദേവി ആവശ്യപ്പെടുമെന്നും.”
ജൂലൈ നാലിന് അമേരിക്ക സ്വാതന്ത്ര്യ പ്രഖ്യാപനം (Declaration of Independence) നടത്തിയപ്പോൾ, ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഉണ്ടായിരുന്ന പതിമൂന്ന് കോളനികൾക്ക് മാത്രമേ സ്വാതന്ത്യം ലഭിച്ചിരുന്നു എന്നുള്ളത് പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്. ആ സ്വാതന്ത്യ പ്രഖ്യാപനത്തിലൂടെ അമേരിക്കയിലെ ജനങ്ങൾക്ക് മുഴുവനും സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. എല്ലാ മനുഷ്യരും തുല്യപ്രധാന്യമുള്ളവരായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും, അന്യാധീനപ്പെടുത്താൻ സാദ്ധ്യമല്ലാത്ത അവകാശങ്ങൾ സൃഷ്ടാവ് അവർക്ക് നൽകിയിട്ടുണ്ടെന്നും അതിൽ വ്യക്തമാക്കി.
ഒരു സ്വാതന്ത്യവും സൗജന്യമല്ല. വീരയോദ്ധാക്കളുടെ വിയർപ്പും, ദേശാഭിമാനികളുടെ കണ്ണുനീരും, വീരയോദ്ധാക്കളുടേയു ദേഹശാഭിമാനികളുടെയും രക്തവും അതിന്റെ പിന്നിലുണ്ട്. “മർദ്ദകർ സ്വാതന്ത്യം ഒരിക്കലും തരികില്ല. അടിച്ചമർത്തപ്പെട്ടവർ അത് അവകാശമായി ആവശ്യപ്പെടണം” എന്ന മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകൾ, അടിമത്വത്തിൽ കഴിഞ്ഞിരുന്ന ഒരു ജനതയുടെ സ്വാത്രന്ത്യത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത ഇച്ഛയുടെ ബഹിർസ്ഫുരണം മാത്രമാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തി നുവേണ്ടിയുള്ള പോരാട്ടത്തിൽ ഏകദേശം പത്തു ലക്ഷം സ്വാതന്ത്യപോരാളികൾക്കാണ് ജീവൻ നഷ്ട്ടപ്പെട്ടത്. അമൃതസറിലെ ജാലിയൻവാലബാഗിൽ 1919 ഏപ്രിൽ പതിമൂന്നിന് നടന്ന കൂട്ടക്കൊലയുടെ ചിത്രം നമ്മളുടെ തലമുറക്കാർ മറന്നിരിക്കാൻ ഇടയില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നവരെ വിചാരണ കൂടാതെ അറസ്റ്റ് ചെയ്ത് തടവിൽ വയ്ക്കാനുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ റോവെറ്റ് (Rowlatt) ആക്ടിന് എതിർത്ത ഇന്ത്യൻ ദേശാഭിമാനികളായിരുന്നു ജാലിയൻബാഗിൽ അന്ന് തടിച്ച കൂടിയവർ. ബ്രിഗേഡിയർആർ ഇ എച്ച് ഡയറിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് ആർമിയിലെ ഗൂർക്ക സിക്ക് റജിമെൻറ് അവിടെ കൂടെയുണ്ടായിരുന്നവരുടെ മേൽ യാതൊരു പ്രകോപനവും ഇല്ലാതെ നിറയൊഴിച്ചു. രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ വെടിയേറ്റു മരിച്ചവർ 379 തുടങ്ങി 1500 പേരാണെന്ന് കണക്കാക്കപ്പെടുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ അമേരിക്കൻ സ്വാതന്ത്ര്യ സമരവും അനേകായിരങ്ങളുടെ ജീവൻ കൊടുത്ത് നേടിയതാണ്. 1776 ൽ അമേരിക്ക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയെങ്കിലും അത് പരിപൂർണ്ണമായിരുന്നില്ല. അടിമ നുകത്തിൽ പൂട്ടിയിട്ടപ്പെട്ട അനേകായിരങ്ങൾ അമേരിക്കയുടെ തെക്കൻ ഭാഗങ്ങളിൽ ഉണ്ടായിരുന്നു. ദശാബ്ദങ്ങളായി അടിമത്വത്തെ ചൊല്ലിയുള്ള തർക്കം, അടിമത്വത്തെ എതിർത്തിരുന്ന എബ്രഹാം ലിങ്കൺ പ്രസിഡണ്ടായതോടു കൂടി വീണ്ടും തലപൊക്കി. അടിമത്വത്തെ അനുകൂലിച്ചിരുന്ന തെക്കൻ പ്രദേശത്തെ ഏഴു സ്റ്റേറ്റ്കൾ, യുണൈറ്റഡ് സ്റ്റേറ്റിൽ നിന്നും വിട്ടുമാറി (secede) ഒരു രാഷ്ട്രീയസഖ്യമുണ്ടാക്കി (Confederacy). അവർ യൂണിയൻ ഗവൺമെന്റിനെതിരെ (North) യുദ്ധം പ്രഖ്യാപിച്ചു. South (Confederacy) അവരുടെ അതിർത്തിയിൽ ഉണ്ടായിരുന്ന ഫെഡറൽ ഗവൺമെന്റിന്റ വസ്തുവകകൾ പിടിച്ചെടുത്തു. അങ്ങനെ 1861 ഏപ്രിൽ പന്ത്രണ്ടിന് തെക്കും വടക്കും സ്റ്റേറ്റ്കൾ തമ്മിൽ യുദ്ധം ആരംഭിച്ചു. ഏകദേശം 620,000 തുടങ്ങി 680, 000 പേർക്ക് ആ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടു.
"ഒരു സത്യോപാസകൻ തന്റെ സത്യംകൊണ്ടുള്ള പരീക്ഷണങ്ങളിൽ എത്ര അധികം വിഷമാവസ്ഥയിലേക്ക് എറിയപ്പെടുമെന്നും അതുപോലെ ഒരു സ്വാതന്ത്ര്യപാസാകനോട് എത്രയധികം ബലിദാനങ്ങൾ അതിന്റെ ദാക്ഷണ്യമില്ലാത്ത ദേവി ആവശ്യപ്പെടുമെന്നുമുള്ള.” (My experiment with Truth- M. K. Gandhi) സത്യം ചരിത്രത്തിന്റ താളുകളിൽ ഉടനീളം കാണാൻ കഴിയും.
'റ്റൂമ് ഓഫ് ദി അൺനോൺ സോൾജ്യർ'
രചന & എഡിറ്റിങ്: ജി പുത്തൻകുരിശ്
സംഗീതം & ആലാപനം: വിൽസ്വരാജ്
https://youtu.be/h_i-ugNf9Q8?si=14etGyLKJv1IvoxF
നിൽക്കുന്നു വെണ്ണക്കല്ലിൽ തീർത്തതാം കുടീരങ്ങൾ,
നിൽക്കുന്നു വാഷിങ്ങ്ടണെ നോക്കിയാ ശൈലാഗ്രത്തിൽ.
വിശ്രമം കൊള്ളൂന്നതിൽ വീരയോദ്ധാക്കൾ അന്ത്യ
വിശ്രമം കൊണ്ടീടുന്നു 'റ്‌റൂംബ് ഓഫ് ദി അൺനോണതിൽ
ഊരില്ല പേരില്ലാത്തോർ ആരെന്നോ അറിയാത്തോർ
പോരാടി മരിച്ചവർ ഈ സ്വപ്ന ഭൂമിയ്ക്കായി.
ഇവിടെ ഒരു ഭദ്ര ജീവിതം പടുക്കുവാൻ
അവരും നമ്മെപ്പോലെ സ്വപ്‌നങ്ങൾ കണ്ടിരിക്കാം .
അടിച്ചമർത്തപ്പെട്ടോർ സ്വാതന്ത്ര്യ തിരസ്‌കൃതർ
കടലും താണ്ടി എത്തി സ്വാതന്ത്ര്യ സ്വപ്‌നംപേറി
സ്വാതന്ത്ര്യം കാംക്ഷിക്കുമ്പോൾ ഓർക്കണം ഒരു സത്യം
സ്വാതന്ത്ര്യം നേടിടുവാൻ പോരാട്ടം അനിവാര്യം.
സ്വാതന്ത്യം തരികില്ല മർദ്ദകർ ഒരിക്കലും
സ്വാതന്ത്യം നേടിടേണം പൊരുതി തന്നെ നമ്മൾ.
സ്വാതന്ത്യ ഇച്ഛതന്നെ യുക്രൈൻ ജനതയ്ക്ക്
സ്വാതന്ത്ര്യ രണവീര്യം പകർന്നു നൽകുന്നതും.
ഇന്ന് നാം രുചിക്കുമീ സ്വാതന്ത്ര്യ മധുകണം
തന്നതാണ് ഈ അജ്ഞാതർ ജീവനെ വെടിഞ്ഞിട്ട്
നിൽക്കട്ടെ അൽപ്പ നേരം മൗനമായി ഈ ശ്മശാനത്തിൽ
നിൽക്കട്ടെ നമ്രനായി ആ സത്യം സ്മരിച്ചു ഞാൻ
https://youtu.be/h_i-ugNf9Q8?si=14etGyLKJv1IvoxF
അനുബന്ധം;
Confederate States (സഖ്യരഷ്ട്രം)
the eleven southern states (Alabama, Arkansas, Florida, Georgia, Louisiana, Mississippi, North Carolina, South Carolina, Tennessee, Texas, and Virginia) that seceded (വേറിട്ട് മാറുക) from the US in 1860–61, thus precipitating the Civil War.