('റ്റൂം ഓഫ് ദി അൺനോൺ സോൾഡീർ' -അമേരിക്കയുടെയും ഇന്ത്യയുടേയും സ്വാതന്ത്രത്തിന് വേണ്ടി മരിച്ച അജ്ഞാതരായ സ്വാതന്ത്ര്യ സേനാനികളെ ഓർമ്മിച്ചുകൊണ്ട്)
മലയാളം സൊസൈററ്റി ഓഫ് അമേരിക്കയുടെ (ഹ്യൂസ്റ്റൺ) 2025 ഓഗസ്റ്റ് മാസ സൂം മീറ്റിംഗ് പത്താംതീയതി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് നടത്തപ്പെട്ടു. മലയാളം സൊസൈറ്റി പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് ഏവരേയും സ്വാഗതം ചെയ്യുത്. ഇന്ത്യയുടേയും അമേരിക്കയുടേയും സ്വാതന്ത്ര്യ ദിനാശംസകൾ അദ്ദേഹം അറിയ്ക്കയുണ്ടായി മലയാളം സൊസൈറ്റി സെക്രട്ടറി ജോർജ് പുത്തൻകുരിശ് ജോൺ ഇളമതയുടെ സഹധർമ്മിണിയുടെ വിയോഗത്തിൽ, മലയാളം സൊസൈറ്റിയുടെപേരിലുള്ള അനുശോചനം രേഖപ്പെടുത്തി. അതുപോലെ ഡോക്ടർ സുകുമാർ അഴീക്കോട് തത്ത്വമസി സാഹിത്യ പുരസ്‌കാരം നേടിയ അമേരിക്കൻ കവിയും സാഹിത്യകാരനുമായ ജോസഫ് നമ്പിമഠത്തിന് മലയാളം സൊസൈറ്റിയുടെ പേരിലുള്ള അനുമോദനം അറിയിക്കുകയുണ്ടായി. ജയിംസ് ചിറതടം മോഡറേറ്ററായി മീറ്റിംഗ് ആരംഭിച്ചു.
മലയാളം സെക്രട്ടറി ജോർജ് പുത്തൻകുരിശ് 'റ്റൂം ഓഫ് ദി അൺനോൺ സോൾഡീർ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചരിത്രവും കവിതയും അവതരിപ്പിച്ചു.
സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം (മണിമാല -ആശാൻ 1919 )
1919 ൽ കുമാരനാശാൻ എഴുതിയ മണിമാല എന്ന കവിതയിലെ മേൽ ഉദ്ധരിച്ച ശ്ലോകം ആലപിച്ചുകൊണ്ടാണ് അദ്ദേഹം വളരെ വിശാലമായ ഒരു ചർച്ചക്ക് വഴിയൊരുക്കിയ വിഷയം അവതരിപ്പിച്ചത്. ലോകത്തിലെ രണ്ടു വലിയ ജനാധിപത്യ രാജ്യങ്ങളായ അമേരിക്കയുടേയും ഇന്ത്യയുടേയും സ്വാതന്ത്യത്തിന് വേണ്ടി പടപൊരുതി മരിച്ചു, പേരും മൃതശരീരവും തിരിച്ചറിയാൻ വയ്യാതെ വഴിയോരത്തും യുദ്ധഭൂമിയിലും കുഴിച്ചു മൂടപ്പെട്ട സ്വാതന്ത്യ സേനാനികളെ ഓർക്കുകയായിരുന്നു അദ്ദേഹം തന്റെ കവിതയിലൂടെ. 1862 ൽ ഈ അജ്ഞാത ഭടന്മാർക്ക് വേണ്ടി ആർലിംഗ്ടൺ സെമിറ്ററി സ്ഥാപിതമായി അതിനെ ആസ്പദമാക്കി എഴുതിയ 'റ്‌റൂം ഓഫ് ദി അൺനോൺ സോൾഡീർ' എന്ന കവിതയും അതിന്റ ചരിത്ര പശ്ചാത്തലവും അവതരിപ്പിച്ചു. പ്രശസ്ത പിന്നണി ഗായകനായ വിൽസ്വരാജ് സംഗീതം നൽകി ആലപിച്ച റ്‌റൂം ഓഫ് ദി അൺനോൺ സോൾഡീർ എന്ന ഗാനവും അവതരിപ്പിച്ചു (ദൃശ്യവിഷ്കാരവും സംശോധനവും ജി. പുത്തൻകുരിശ് നിർവഹിച്ചിരിക്കുന്നു.)
തുടർന്ന് നടന്ന ചർച്ച സജ്ജീവമായിരുന്നു. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പിന്നിൽ ജീവനൊടുക്കിയവരെ ഓർമ്മിച്ചതോടൊപ്പം, സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്നും പോരാടുന്ന രാജ്യങ്ങളും അവിടുത്തെ രാഷ്ട്രീയ പശ്ചാത്തലങ്ങളും എല്ലാം ചർച്ചക്ക് വിഷയമായി. ഗാസ, ഇസ്രായേൽ, യൂക്രൈൻ എന്നിങ്ങനെ പല രാജ്യങ്ങളിലും നടക്കുന്ന യുദ്ധങ്ങളും, മതസ്വാത്രന്ത്യ സമരങ്ങളും, അധികാരം നിലനിറുത്തുന്നതിന് വേണ്ടിയുള്ള യുദ്ധങ്ങളുംമൊക്കെ ചർച്ചക്ക് വിഷയീഭാവിച്ചു. പങ്കെടുത്തവരുടെ അഭിപ്രായങ്ങളുടെ അന്തസത്തയെ മോഡറേറ്റർ ജെയിംസ് ചിറത്തടത്തിൽ കേൾവിക്കാർക്കുവേണ്ടി പ്രകാശിപ്പിച്ചു. ജോർജ് മണ്ണിക്കരോട്ട് (പ്രസിഡണ്ട് ), ശ്രീമതി. പൊന്നുപിള്ള ( വൈസ് പ്രസിഡണ്ട് ), എ. സി. ജോർജ്. (സൂം മാനേജർ), ടി. എൻ സാമുവൽ, ഡോ. ജോസഫ് പൊന്നൊലി, പ്രൊ. വി. വി. ഫിലിപ്പ്, സുരേന്ദ്രൻ നായർ, ജോർജ് പുത്തൻകുരിശ്, ജെയിംസ് ചിറത്തടത്തിൽ, ജോസഫ് തച്ചാറ തുടങ്ങിയർ ചർച്ചയിൽ സജ്ജീവമായി പങ്കു ചേർന്ന്. മീറ്റിംഗിൽ പങ്കെടുത്തവർക്കു സെക്രട്ടറി ജോർജ് പുത്തൻകുരിശ് നന്ദി രേഖപ്പെടുത്തി. പ്രത്യകിച്ച് സൂം മീറ്റിങ്ങിന് ഭംഗം വരാതെ സുഗമമാക്കി തീർക്കുന്ന മാനേജർ, എ. സി ജോർജിനോടുള്ള നന്ദി പ്രകാശിപ്പിക്കുകയുണ്ടായി. യോഗം ആറുമണിക്ക് അമേരിക്കയുടെയും, ഇന്ത്യയുടേയും ദേശിയ ഗാനാലാപത്തോടെ അവസാനിച്ചു.