കഴിഞ്ഞ അദ്ധ്യായത്തിൽ (2-സാംഖ്യയോഗം) ഭഗവാൻ അർജുനനെ ഉപദേശിച്ചത് ചൈതന്യമാണ് ഈശ്വരൻ എന്നാണ്. ഓരോ ജീവിയിലും ചൈതന്യമുള്ളതുകൊണ്ടാണ് ജഡമായ ശരീരം പോലും ജീവനുള്ളതായി തോന്നുന്നത്. ചൈതന്യം നഷ്ടപ്പെട്ടാൽ സത്ത് പോയി. ചത്തു പോയി എന്ന് നമ്മൾ പറയുന്നു. ചൈതന്യം നഷ്ടപ്പെട്ടാൽ പിന്നെ ജഡം മാത്രം. മറ്റുള്ളവരുടെ ശരീരമായി നമ്മൾ കാണുന്നത് അവരിലുള്ള ചൈതന്യമാണ്. ചൈതന്യത്തെ ആർക്കും കൊല്ലാൻ കഴിയില്ല. ജനനമരണങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല. ഇടയിലുള്ള ജീവിതം പിന്നെ എങ്ങനെ നിയന്ത്രിക്കാൻ കഴിയും? മരണത്തെക്കുറിച്ച് ദുഖിക്കേണ്ട. ശത്രുപക്ഷത്തിരിക്കുന്നത് ആരായാലും ശത്രുവാണ്. ശത്രുവിനെ വധിക്കേണ്ടത് ക്ഷത്രിയന്റെ വിഹിതമാണ്. കർമ്മം ചെയ്യാനേ നമുക്ക് അവകാശമുള്ളൂ. കർമ്മഫലത്തിനില്ല നമ്മൾ ആഗ്രഹിക്കുന്നപോലെ ഒന്നും നടക്കണമെന്നില്ല. നമ്മൾ ആഗ്രഹിക്കുന്നതും ഈശ്വരേച്ഛയും ഒന്നാകുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നത് നടക്കുന്നു. ഈശ്വരൻ മാത്രം സത്യമെന്ന അറിവ് (ജ്ഞാനം) നേടുക. കർമ്മം അനുഷ്ഠിക്കുക. അത് ഒരാളെ കൊല്ലുന്ന യുദ്ധമായാലും. ഇത് അർജ്ജുനനിൽ ആശയ കുഴപ്പം സൃഷ്ടിച്ചു. ജ്ഞാനമാർഗ്ഗത്തെയും കർമ്മമാർഗ്ഗത്തെയും വിവരിച്ചുകൊടുത്ത ഭഗവൻ ജ്ഞാനമാർഗ്ഗത്തെ മഹത്വരമാക്കി പറഞ്ഞത് അർജുനന്റെ മനസ്സിനെ സന്ദേഹ കലുഷിതമാക്കി.
യുദ്ധത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങി നിന്ന് അർജുനൻ തൻമൂലം കൃഷ്ണനോട് ചോദിച്ചു. ജ്ഞാനമാർഗ്ഗമാണ് ഉത്തമമെങ്കിൽ എന്തിനെന്നെ ഈ ഘോരകർമ്മം നിർവഹിക്കാൻ നിയോഗിക്കുന്നു. അത് മനസ്സിലാക്കാൻ എനിക്ക് പ്രയാസമുണ്ട്. അതുകൊണ്ട് വ്യക്തമായി എനിക്ക് പറഞ്ഞു തരിക. ഏതാണ് എനിക്ക് ശ്രേയസ്കരമായിട്ടുള്ളതെന്നു. ഈ ലോകത്തിൽ രണ്ടുവിധത്തിലുള്ള വഴികളുണ്ടെന്നും ഒന്ന് ജ്ഞാനമാർഗ്ഗവും മറ്റേത് കർമ്മമാർഗ്ഗവുമാണെന്നു ഭഗവാൻ പറഞ്ഞു. ഇതിൽ ജ്ഞാനമാർഗ്ഗം മനഃശുദ്ധിയോടെ, പ്രപഞ്ചത്തെയും അതിലെ സർവ്വചരാചരങ്ങളെയും ഒരേ ശക്തിയുടെ തന്മയീഭാവത്തിൽ കാണാൻ വിധം ജ്ഞാനമുള്ളവർക്കാണെന്നും അർജുനനെപ്പോലെ ചഞ്ചല മനസ്സുള്ളവർക്ക് കർമ്മമാർഗ്ഗമാണുചിതമെന്നും ഭഗവൻ വിശദീകരിച്ചു. ഗുണങ്ങളാൽ എല്ലാവരും ക്ഷണനേരംപോലും കർമ്മം ചെയ്യാതിരിക്കുന്നില്ല. ഭഗവൻ പറഞ്ഞു ഈ മൂന്ന് ലോകത്തിലും എനിക്ക് ഒന്നും ചെയ്യാനില്ലെങ്കിലും ഞാൻ കർമ്മനിരതരായിരിക്കുന്നു. കാരണം ഞാൻ അലസനായിരുന്നാൽ മനുഷ്യരും എന്റെ വഴിതന്നെ പിൻതുടരും എല്ലാ കർമ്മങ്ങളും എന്നിൽ (ഈശ്വരനിൽ) സമർപ്പിച്ച് അഹങ്കാരവും സ്വാർത്ഥവുമില്ലാതെ ദുഃഖം വെടിഞ്ഞു യുദ്ധം ചെയ്യുക. രാഗദ്വേഷങ്ങൾ ആത്മീയപാതയിലേക്കുള്ള പ്രയാണം തടസ്സമാക്കുന്നു.അതുകൊണ്ട് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക. ജ്ഞാനവിജ്ഞാനങ്ങളെ നശിപ്പിക്കുന്ന കാമത്തെ നശിപ്പിക്കുക. യുദ്ധത്തിൽ നിന്ന് പിന്മാറുന്നത് ധർമ്മമല്ലെന്നു ഭഗവൻ അർജുനനെ ഉദ്ബോധിപ്പിക്കുന്നു. ഇനി വിശദമായി.......
ജ്യായസീ ചേ ത് കർമണ സ്തേ
മതാ ബുദ്ധിർ ജനാർദ്ദന !
തത് കിം കർമണി ഘോരേ മാം
നിയോ ജയ സി കേശവാ! (3:1)
അർജുനൻ പറഞ്ഞു. ഓ ! ജനാർദ്ദനാ, കർമ്മത്തെക്കാൾ ജ്ഞാനം ശ്രേഷ്ഠമാണെന്നു നീ പറയുന്നു. ഓ ! കേശവ പിന്നെ നീ എന്തിനാണ് ഈ ഘോരമായ പ്രവർത്തിചെയ്യാൻ എന്നെ നിയോഗിക്കുന്നത് ചിന്താക്കുഴപ്പമുണ്ടാക്കുന്ന വാക്കുകളാൽ എന്റെ ബുദ്ധി മോഹിക്കപ്പെടുന്നു. അതുകൊണ്ട് എനിക്ക് ശ്രേയസ്കരമായതെന്താണെന്നു നിശ്ചയിച്ച് അതുമാത്രം എനിക്ക് പറഞ്ഞു തരിക.
ഭഗവൻ പറഞ്ഞു. ഓ ! അനഘ, ഈ ലോകത്തിൽ രണ്ടു വിധത്തിലുള്ള നിഷ്ഠകളുണ്ട്. ഒന്ന് ജ്ഞാനയോഗികളുടെ സാംഖ്യയോഗം, മറ്റേത് കർമ്മയോഗികളുടെ യോഗം. പ്രവർത്തി ചെയ്യാതിരിക്കുന്നതുകൊണ്ട് കർമ്മബന്ധങ്ങളിൽ നിന്നുള്ള സാതന്ത്ര്യം മനുഷ്യൻ അനുഭവിക്കുന്നില്ല. അതേസമയം പ്രവർത്തി ഉപേക്ഷിച്ചതുകൊണ്ട് (സന്യാസം) ഒരാൾ സിദ്ധി നേടുന്നുമില്ല.
നഹി കശ് ചിത് ക്ഷണമപി
ജാതുതി ഷ്ടത്യ കർമ്മകൃത്
കാര്യതേ ധ്യ വശ : കർമ
സർവ: പ്രകൃതി ജൈർ ഗുണൈ (3:5)
ഒരു നിമിഷം പോലും ഒരു ജീവിയും പ്രവർത്തനരഹിതമായിരിക്കുന്നില്ല. പ്രവർത്തനനിരതരാകുക എന്നുള്ളത് പ്രകൃതി നിർവിശേഷമാണ്. കർമ്മേന്ദ്രിയങ്ങളെ അടക്കി പിടിച്ച് മനസ്സ് കൊണ്ട് എല്ലാം ചെയ്യുന്നവനെ മിഥ്യാചാരൻ എന്നാണു പറയുന്നത്. ഉദാഹരണമായി ഒരാളെ പരസ്യമായി ചീത്തവിളിക്കുന്നില്ലെങ്കിലും മനസ്സുകൊണ്ട് ശപിച്ചിരിക്കുന്നവനെ മിഥ്യാചാരൻ (പാപമാചരിക്കുന്നവൻ) എന്ന് വിളിക്കാവുന്നതാണ്
എന്നാൽ ഇന്ദ്രിയങ്ങളെ മനസ്സിന്റെ കടിഞ്ഞാണിൽ നിറുത്തി ഇന്ദ്രിയവിഷയങ്ങളിൽ ആസക്തിയില്ലാതെ കർമ്മങ്ങൾ ചെയ്യുന്നവൻ (നിഷ്കാമകർമ്മത്തോടെ) വിശിഷ്ടനാണ്. നിന്നിൽ നിയുക്തമായ ജോലി നീ ചെയ്യുക. പ്രവർത്തി, ആവശ്യമാണ്. പ്രവർത്തിക്കാതിരുന്നാൽ ശരീരസംരക്ഷണം പോലും അസാധ്യമാകും. ഈ ലോകത്തിലെ മനുഷ്യരെല്ലാം കർമബന്ധങ്ങളിൽപ്പെട്ടു കിടക്കുന്നു. ഓ ! കൗന്തേയ ഈശ്വരാർപ്പണബുദ്ധിയോടെ നീ നിഷ്കാമകർമ്മം ചെയ്യുക.
സഹയജ്ഞാ : പ്രജാ: സ്ര്‌ഷ്ട്വാ
പുരോവാച പ്രജാപതി:
അനേന പ്രസവിഷ്യധ്വം
ഏഷ്യവോ സ് ത്വി ഷ്ട കാമധൂക് (3:10)
ആദിയിൽ ഈ ലോകവും, മനുഷ്യരെയും സൃഷ്ടിച്ച പ്രജാപതി യജ്ഞഭാവത്തോടെയാണ് ആ കർമ്മം നിർവഹിച്ചത്. നിങ്ങൾ പെരുകകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുക. ഈ യജ്‌ഞഭാവം നിങ്ങളുടെ കാമധേനു ആകട്ടേ എന്നദ്ദേഹം കൽപ്പിച്ചു. കാമധേനു വസിഷ്ഠന്റെ പശുവാണ്. എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ച് കൊടുക്കുന്ന ഐതിഹ്യത്തിലെ പശു. യജ്ഞഭാവന കൊണ്ടുദ്ദേശിക്കുന്നത്. അർപ്പണബുദ്ധിയും ത്യാഗമനോഭാവവുമാണ്. അതിലൂടെയാണ് മനുഷ്യവർഗ്ഗം പേരുകേണ്ടത്. അഭിവൃദ്ധിപ്രാപിക്കേണ്ടത്. ഇത് പ്രകാരം നീ ദേവന്മാരെ പരിപോഷിപ്പിക്കുക. ദേവകളും അപ്രകാരം ചെയ്യട്ടെ. അങ്ങനെ പരസ്പരമുള്ള പരിപോഷണത്താൽ നിങ്ങൾ ഏറ്റവും ഉന്നതമായ നന്മകൾ നേടുക.
സൃഷ്ടകർത്താവിനോടുള്ള സേവനമായിരിക്കണം സൃഷ്ടിക്കപ്പെട്ടവരുടെ കർത്തവ്യം. യാഗത്തിന്റെ അംശം ഭക്ഷിക്കുന്നവർ പാപത്തിൽ നിന്നും മോചിപ്പിക്കപ്പെടുന്നു. എന്നാൽ തന്നത്താൻ കഴിക്കാൻ വേണ്ടി മാത്രമുണ്ടാക്കുന്നവർ പാപം ഭക്ഷിക്കുന്നു.
അന്നാദ് ഭവന്തി ഭൂ താ നി
പരജന്യാ ദന്ന സംഭവ:
യജ്ഞാദ് ഭവതി പർജന്യ :
യജ്‌ഞ : കർമ്മ സമു ദ് ഭവ : (3:14)
കർമ ബ്രഹ്മോദ് ഭവം വിദ്ധി
ബ്രഹ്‌മാ ക്ഷര സമു ദ് ഭവം
തസ്മാൽ സർവ്വഗതം ബ്രഹ്മ
നിത്യം യജ്ഞേ പ്രതിഷ്ഠിതം (3:15)
ഭക്ഷണത്തിൽ നിന്ന് ജീവികൾ ഉണ്ടാകുന്നു.യജ്ഞത്തിൽ നിന്ന് മഴയും, മഴയിൽ നിന്ന് ഭക്ഷണവുമുണ്ടാകുന്നു. പ്രവർത്തിയിൽ നിന്ന് യജ്ഞവും. പ്രവർത്തി ബ്രഹ്മാവിൽ നിന്നും ബ്രഹ്‌മാവ് അക്ഷരത്തിൽ നിന്നുമുണ്ടായി. അതിനാൽ ഒരിക്കലും നശിക്കാത്ത സർവ്യാപിയായ ബ്രഹ്മം യജ്ഞത്തിൽ നിലകൊള്ളുന്നു. അങ്ങനെ പ്രവർത്തിക്കുന്നു. യജ്ഞകർമ്മ ചക്രങ്ങളെ പിന്തുടരാത്തവർ ഇന്ദ്രിയങ്ങളെ സംതൃപ്തിപ്പെടുത്തി വെറുതെ പാപത്തിൽ ജീവിക്കുന്നു. എന്നാൽ ആത്മാവിൽ ആനന്ദം കണ്ടെത്തുന്നവൻ ആത്മാവിൽ സംതൃപ്തനായവൻ, ആത്മാവിൽ സന്തുഷ്ടനായവൻ അവനു വേറെ പ്രവർത്തിയില്ല. ചെയ്തതിൽ എന്തെങ്കിലും അവനു താൽപ്പര്യമില്ല, അഥവാ, ചെയ്യാത്തതിലുമില്ല. വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി അവനു എന്തിനെയെങ്കിലും ആശ്രയിക്കുകയും വേണ്ട. അതുകൊണ്ട് പ്രവർത്തിയുടെ ബന്ധനമില്ലാതെ നീ ചെയ്യേണ്ട ജോലി നിർവ്വഹിക്കുക. നിസ്സംഗതയോടെ ചെയ്യുന്ന കർമ്മമാണ് വിശിഷ്ടം.
കർമണൈവ ഹി സം സി ദ്ധി൦
ആസ്ഥിതാ ജനകാദയ :
ലോക സംഗ്രഹമേവാപി
സം പ ശ്യ ൻ കർത്തുമർഹസി
കർമ്മയോഗത്തിലൂടെയാണ് ജനകനെപോലെയുള്ള രാജർഷികൾ പൂർണ്ണത തേടിയത്. മനുഷ്യവർഗ്ഗത്തിന്റെ നന്മക്കായി നീ പ്രവർത്തിക്കണം. നല്ലവരുടെ പ്രവർത്തി കണ്ടു മറ്റുള്ളവർ അതേപോലെ ചെയ്യുന്നു. അവർ കാണിക്കുന്നത് ഉദാഹരണമായെടുത്ത് ലോകം പിൻതുടരുന്നു. എനിക്കീ മൂന്നു ലോകത്തിലും ഒന്നും ചെയ്യാനില്ല. അല്ലെങ്കിൽ നേടാനായി ഒന്നുമില്ല. എന്നിട്ടും ഞാൻ കർമ്മനിരതനായിരിക്കുന്നു. ഞാൻ നിരന്തരം പ്രവർത്തനനിരതനായിരിക്കുന്നത് കണ്ടു ഓ !പാർത്ഥ, മനുഷ്യരും എന്റെ പാത പിന്തുടരും. ഞാൻ എന്റെ കർമ്മങ്ങൾ നിർവഹിച്ചില്ലെങ്കിൽ ഈ ലോകം നശിച്ചുപോകും. മനുഷ്യജീവിതം അലങ്കോലവും സങ്കരവുമായി തീരും. കർമ്മഫലത്തിൽ ആസക്തരായി മൂഢന്മാർ എപ്രകാരം കർമ്മം ചെയ്യുന്നുവോ അപ്രകാരം ബുദ്ധിമാന്മാർ ഫലേച്ഛകൂടാതെ ലോകനന്മക്കായി കർമ്മങ്ങൾ ചെയ്യണം. പ്രകൃതി ഗുണം കൊണ്ടാണ് എല്ലാ പ്രവർത്തികളും നിർവഹിക്കപ്പെടുന്നത് എന്നാൽ ഇന്ദ്രിയങ്ങളുടെ മായാഭ്രമത്താൽ "ഞാൻ" ചെയ്യുന്നു എന്ന് വിചാരിക്കുന്നു. ഓ !മഹാബാഹു ഗുണങ്ങളുടെയും അവയാൽ നിർവഹിക്കപ്പെടുന്ന പ്രവർത്തികളെയും കുറിച്ച് മനസ്സിലാക്കുന്നയാൾ "ഞാൻ" ചെയ്തു എന്നവകാശപ്പെടുന്നില്ല.
നിന്നിൽ വസിക്കുന്ന ആത്മാവിൽ നിന്റെ മനസ്സ് ഉറപ്പിച്ചുകൊണ്ട് നിന്റെ എല്ലാ പ്രവർത്തികളും എന്നിലേൽപ്പിക്കുക. എന്റെയെന്നുള്ള ചിന്തയില്ലാതെ കർമ്മഫലത്തെക്കുറിച്ച് ചിന്തിക്കാതെ നിന്റെ പേടി മാറ്റി യുദ്ധം ചെയ്യുക.വിശ്വസ്തതയോടെ, ശ്രദ്ധയോടെ എന്റെയീ അനുശാസനങ്ങൾ പ്രായോഗികമാക്കുന്നവർ കർമ്മബന്ധങ്ങളിൽ നിന്ന് മുക്തരാകുന്നു. എന്നാൽ എന്റെയീ അഭിപ്രായങ്ങളെ ചോദ്യം ചെയ്യുകയും അനുഷ്ടിക്കാതിരിക്കുകയും ചെയ്യുന്നവർ അറിവില്ലാത്തവരും നശിച്ച് പോയവരുമാണ്. ജ്ഞാനസമ്പന്നമാർ പോലും അവരുടെ പ്രക്രുതിക്കനുസരിച്ച് ജീവിക്കുന്നു. കാരണം ജീവികൾ കർമ്മവാസനയനുസരിച്ചുള്ള സ്വഭാവത്തെ കാണിക്കുന്നു. വാസനയെ അടക്കിവച്ചതുകൊണ്ട് എന്ത് ഫലം. ഓരോ ഇന്ദ്രിയങ്ങൾക്കും ഇഷ്ടവും അനിഷ്ടങ്ങളുമുണ്ട്. ആരും അവയുടെ സ്വാധീനത്തിൽ വരരുത്. കാരണം അത് മനുഷ്യന്റെ ശത്രുവാകുന്നു.
നന്നായി ചെയ്യുന്ന പരധർമ്മത്തെക്കാൾ സ്വധർമ്മമാണ് ശ്രേഷ്ഠം. സ്വധർമ്മം പ്രവർത്തിച്ചുകൊണ്ടുള്ള മരണം പോലും ശ്രേയസ്കരമാണ്. പരധർമ്മം ഭയമുണ്ടാക്കുന്നതാണ്. അർജുനൻ പറഞ്ഞു ഓ! കൃഷണ ഒരാൾക്ക് ഇഷ്ടമില്ലാതെയും അയാളുടെ മനസ്സിന് വിപരീതമായും പാപം ചെയ്യാൻ ഒരാളെ പ്രേരിപ്പിക്കുന്നത് എന്താണ്?
കാമ ഏഷ ക്രോധ ഏഷ :
രജോഗുണ സമു ദ് ഭവ :
മഹാ ശ നോ മഹാ പാപ് മാ
വിദ്ധ്യേ നമിഹ വൈരിണം
പ്രഭു പറഞ്ഞു: കാമവും, ക്രോധവുമാണീ കാരണക്കാർ. രജോഗുണം കൊണ്ടാണ് കാമമുണ്ടാകുന്നത്. കാമം ഒരിക്കലും തൃപ്തിവരാത്തവലിയ പിശാചാണ്. ഇതിനെ ശത്രുവായി കാണുക. അഗ്നിപുകയാലും, കണ്ണാടി അഴുക്കിനാലും എപ്രകാരം ആവരണം ചെയ്യപ്പെടുന്നുവോ ഗർഭസ്ഥശിശു മറുപിള്ളയാൾ എപ്രകാരം ആവൃതമായിരിക്കുന്നുവോ അപ്രകാരം വിവേകം കാമത്താൽ മറയ്ക്കപ്പെട്ടിരിക്കുന്നു. ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമാണ്, കാമത്തിന്റെ ഇരിപ്പിടങ്ങൾ, ജ്ഞാനത്തെ മറച്ചുകൊണ്ട് കാമം ഇന്ദ്രിയങ്ങൾ മുഖേന ജീവനെ മോഹിപ്പിക്കുന്നു. അതുകൊണ്ട് അർജുന ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജ്ഞാനത്തെ മറയ്ക്കുന്ന കാമത്തെ നശിപ്പിക്കുക. ഇന്ദ്രിയങ്ങൾ ശ്രേഷ്ടങ്ങളാണ്. അതിനേക്കാൾ ശ്രേഷ്ഠമാണു മനസ്സ്. മനസ്സിനേക്കാൾ ശ്രേഷ്ഠമാണു വിവേകം. വിവേകത്തേക്കാൾ ശ്രേഷ്ഠമാണു ആത്മാവ്. ആത്മാവ് എല്ലാറ്റിൻറെയും മീതെയാണെന്നറിഞ്ഞു ബുദ്ധിയാൽ മനസ്സിനെ നിയന്ത്രിച്ച് ഓ! അർജുന കാമമെന്ന ഈ ഭയങ്കര ശത്രുവിനെ സംഹരിക്കുക.
അദ്ധ്യായം മൂന്നു : സമാപ്തം.
അടുത്തത് ജ്ഞാനകർമ്മ സംന്യാസയോഗം
Read More: https://www.emalayalee.com/writers/11