79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഇതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. പ്രധാനമന്ത്രി പതാക ഉയർത്തിയതോടെ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു.
അഭിമാനത്തിൻ്റെ ഉത്സവമാണിത്, കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
ചെങ്കോട്ടയിലെ 12-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി, 2047-ൽ ഒരു വികസിത രാഷ്ട്രമായി ഇന്ത്യയെ മാറ്റുക എന്ന തന്റെ ദീർഘകാല കാഴ്ചപ്പാട് അവതരിപ്പിച്ചു. സാമ്പത്തിക പരിഷ്കാരങ്ങൾ, ദേശീയ സുരക്ഷ, സാങ്കേതിക മുന്നേറ്റം എന്നിവയ്ക്ക് ഊന്നൽ നൽകി പ്രസംഗം.
പാകിസ്ഥാന്‍ ആണവായുധം കാട്ടി വിരട്ടേണ്ടതില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീരജവാന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് എന്നും മോദി പറഞ്ഞു. സിന്ധുനദീ ജലക്കരാറില്‍ ഇനി ഒരുപുനരാലോചനയും ഇല്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നും മോദി പറഞ്ഞു. മതം ചോദിച്ചാണ് തീവ്രവാദികള്‍ നിഷ്‌കളങ്കരായവരെ കൊലപ്പെടുത്തിയത്. അവരെ പിന്തുണച്ചവര്‍ക്കും തക്കതായ ശിക്ഷ നല്‍കാന്‍ രാജ്യത്തിനായി. പ്രധാനമന്ത്രി പറഞ്ഞു.
പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ സുരക്ഷാകവചം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അയേൺഡോമിനെ വെല്ലുന്ന ഇന്ത്യയുടെ സ്വന്തം പ്രതിരോധസംവിധാനം -'സുദര്‍ശനചക്ര ദൗത്യം' ആരംഭിക്കുമെന്ന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി.
സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്തിയ 103 മിനിറ്റ് നീണ്ട പ്രസംഗം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമായി. പ്രസംഗത്തില്‍ സ്വന്തം റെക്കോര്‍ഡാണ് മോദി മറികടന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ മോദിയുടെ പ്രസംഗ ദൈര്‍ഘ്യം 98 മിനിറ്റ് ആയിരുന്നു.
2016-ല്‍ 96 മിനിറ്റ് പ്രസംഗിച്ചതാണ് 2024-ന് മുമ്പ് അദ്ദേഹത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം. അതേസമയം 2017ലെ 56 മിനിറ്റ് പ്രസംഗമാണ് മോദിയുടെ ഏറ്റവും ചെറിയ പ്രസംഗം. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തില്‍, തുടര്‍ച്ചയായി 12 തവണ ചെങ്കോട്ടയില്‍ പ്രസംഗിച്ച് ഇന്ദിരാഗാന്ധിയുടെ റെക്കോര്‍ഡും മോദി മറികടന്നു.
തുടര്‍ച്ചയായി 17 സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ നടത്തിയ ജവഹര്‍ലാല്‍ നെഹ്റു മാത്രമാണ് മോദിക്ക് മുന്നിലുള്ളത്.