അലാസ്‌കയിൽ യുഎസ്-റഷ്യ ഉച്ചകോടിക്കു ലോകം കാതോർത്തു നിൽക്കെ വാഷിംഗ്‌ടണിൽ നിന്നു പ്രസിഡന്റ് ഡോണാൾഡ് ട്രംപ് എയർ ഫോഴ്സ് വണ്ണിൽ കയറാൻ പോകുന്നു എന്ന വാർത്ത വരുന്നു. അലാസ്‌ക സമയം 11.30നു ആയിരിക്കും റഷ്യൻ നേതാവ് വ്ലാഡിമിർ പുട്ടിനുമായി അദ്ദേഹം ചർച്ചയ്ക്കു ഇരിക്കുക.
ഇരുവരും പരിഭാഷകരും മാത്രമാവും ആദ്യ സംഭാഷണത്തിനു ഉണ്ടാവുകയെന്ന് പുട്ടിന്റെ വക്താവ് യൂറി ഉഷക്കോവ് പറഞ്ഞു. പിന്നീട് ഇരു ഭാഗത്തു നിന്നും അഞ്ചു പേര് വീതം പങ്കെടുക്കുന്ന ചർച്ചകളിലേക്കു നീങ്ങും.
"HIGH STAKES!" പുറപ്പെടും മുൻപു ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു. ആദ്യത്തെ ഏതാനും നിമിഷങ്ങളിൽ തനിക്കു കാര്യങ്ങളുടെ പോക്ക് ഊഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 25% ആണ് അദ്ദേഹത്തിന്റെ വിജയ പ്രതീക്ഷ.
സമാധാനത്തിനു അടിത്തറ പാകാൻ കഴിഞ്ഞാൽ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയെ കൂടി ഉൾപ്പെടുത്തിയുള്ള ചർച്ചകളിലേക്കു നീങ്ങാൻ കഴിയും. വെടിനിർത്തലിനു പുട്ടിൻ വിസമ്മതിച്ചാൽ അദ്ദേഹം അതി ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു ട്രംപ് താക്കീതു നൽകി.
ട്രംപിന്റെ യാത്ര മൂന്നു മണിക്കൂർ എടുക്കുമെങ്കിൽ 12 മണിക്കൂർ യാത്ര ചെയ്താവും പുട്ടിൻ ആങ്കറേജിൽ എത്തുക. എട്ടു മണിക്കൂർ പറന്നു റഷ്യയുടെ വിദൂര പൂർവ നഗരമായ മഗദാനിൽ അദ്ദേഹം രാവിലെ എത്തി. ഒരു വ്യവസായ ശാലയിൽ സന്ദര്ശനമുണ്ട്. അവിടന്ന് ആങ്കറെജിലേക്കു നാലു മണിക്കൂർ പറക്കണം. രണ്ടു വെള്ളിയാഴ്ചകൾ പിന്നിടുന്ന രീതിയിലാണ് ടൈം സോൺ.
ചർച്ചയ്ക്കു മുന്നൊരുക്കം ഒന്നുമില്ലെന്നു അലാസ്‌കയിൽ നേരത്തെ എത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. "പക്ഷെ തർക്കങ്ങൾ ഉണ്ടാവുമെമെന്നു അറിയാം. ഞങ്ങളുടെ നിലപാടുകൾ വ്യക്തമാണ്. അവ പറയും."
യുക്രൈന്റെ അഞ്ചിലൊന്നു ഭൂമി പിടിച്ചെടുത്തിട്ടുള്ള റഷ്യ അത് കൈവശം വയ്ക്കാൻ വാദിക്കും എന്നാണ് കരുതപ്പെടുന്നത്.
Trump, Putin flying to Alaska