ഇന്ത്യയുടെ 78ആം സ്വാതന്ത്ര്യ ദിനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആശംസകൾ നയിക്കയും ആഗോള വേദിയിൽ അർഹിക്കുന്ന ആദരം ഇന്ത്യ നേടിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.
പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും നിറഞ്ഞ ആശംസകൾ നേർന്നപ്പോൾ അമേരിക്കൻ ജനതയുടെ ആശംസ അറിയിച്ചത് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ആണ്.
രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശങ്ങളിൽ, ഇന്ത്യയുടെ സൗഹൃദത്തിനു റഷ്യ അങ്ങേയറ്റം വില കൽപിക്കുന്നുവെന്നു പുട്ടിൻ വ്യക്തമാക്കി. അത് പ്രത്യേകമായ, തന്ത്രപരമായ പങ്കാളിത്തമാണ്.
"സംയുക്തമായ ശ്രമങ്ങളിലൂടെ സൃഷ്ടിപരമായ ഉഭയകക്ഷി സഹകരണം പല രംഗങ്ങളിലും വികസിപ്പിക്കാൻ നമുക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്."
യുഎസ്-ഇന്ത്യ ബന്ധങ്ങളുടെ കരുത്തിനെ കുറിച്ച് ആവർത്തിച്ചുറപ്പിച്ച റുബിയോ പറഞ്ഞത് സ്വതന്ത്രവും സുരക്ഷിതവുമായ ഇന്തോ-പാസിഫിക് മേഖലയ്ക്കു വേണ്ടിയുള്ള ഉറച്ച നിലപാട് ഇരു രാജ്യങ്ങളും പങ്കു വയ്ക്കുന്നു എന്നാണ്. ജനാധിപത്യ മൂല്യങ്ങളിൽ അതിഷ്‌ഠിതമാണ് ഇരു രാജ്യങ്ങളും തമ്മിലുളള തന്ത്ര പ്രധാനമായ ബന്ധമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകര വിരുദ്ധ പോരാട്ടത്തിൽ സുപ്രധാന പങ്കാളിയെന്നു പാക്കിസ്ഥാനെ വിശേഷിപ്പിച്ച റുബിയോ ഈ വിഷയത്തിൽ ഇന്ത്യയുടെ ആഗോള പങ്കാളിത്തം പക്ഷെ പരാമർശിച്ചില്ല.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ 'സുഹൃത്ത്' നരേന്ദ്ര മോദിക്കും ഇന്ത്യൻ ജനതയ്ക്കും അഭിനന്ദനം അറിയിച്ചു. "ഫെബ്രുവരിയിൽ എന്റെ സുഹൃത്ത് നരേന്ദ്ര മോദിയെ ഫ്രാൻസിലേക്കു സ്വാഗതം ചെയ്തത് ഞാൻ ഓർക്കുന്നു. 2047നും അപ്പുറത്തേക്ക് ഈ പങ്കാളിത്തം കരുത്താർജ്ജിക്കട്ടെ എന്ന് ആശംസിക്കയും ചെയ്യുന്നു."
ഇന്ത്യയും ഇസ്രയേലും ജനാധിപത്യ രാജ്യങ്ങൾ എന്ന അഭിമാനം പങ്കിടുന്നുവെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മോദിക്കയച്ച ആശംസയിൽ പറഞ്ഞു. "നമ്മൾ ഒന്നിച്ചു ഒട്ടേറെ നേട്ടം ഉണ്ടാക്കി. എന്നാൽ ഈ പങ്കാളിത്തത്തിന്റെ ഏറ്റവും മികച്ച അധ്യായങ്ങൾ ഇനിയും എഴുതാനുണ്ട്."
"എന്റെ പ്രിയ സുഹൃത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു അഭിനന്ദനങ്ങൾ. സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ജനതയ്ക്കു അഭിവാദ്യങ്ങൾ."
ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണൻ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെനി വോങ്, ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത് ഹെറാത് എന്നിവരും ആശംസകൾ അറിയിച്ചു.
Putin, Macron, Netanyahu greet India on I-Day