മുഖ്യമന്ത്രി പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി ഇടക്കാലത്ത് അവതാരമെടുത്ത എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത് തികച്ചും അപ്രതീക്ഷിതമാണ്. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കൃത്യതയില്ലെന്നും ആരോപണങ്ങള്‍ വേണ്ടത്ര ഗൗരവത്തില്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ണായക നടപടി. ഇതുസംബന്ധിച്ച് പരാതിക്കാരനായ നെയ്യാറ്റിന്‍കര നാഗരാജന്റെ മൊഴി ഈ മാസം 30-ന് കോടതി നേരിട്ട് രേഖപ്പെടുത്തും.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് വിജിലന്‍സ് അജിത് കുമാറിനെ വെള പൂശിക്കൊണ്ട് ക്ലീന്‍ ചിറ്റ് നല്‍കിയത്. എന്നാല്‍, ഹരജിക്കാരന്‍ ഉന്നയിച്ച പല ആരോപണങ്ങളും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഡി.ജി.പിക്ക് കീഴിലുള്ള ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അതുകൊണ്ടാണ് പക്ഷപാതപരമായൊരു റിപ്പോര്‍ട്ട് നല്‍കിയതെന്നും നെയ്യാറ്റിന്‍കര നാഗരാജന്‍ കോടതിയില്‍ ആരോപിച്ചു. ഈ വാദങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് വലയ തോതില്‍ സംശയങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
ഭാര്യാ സഹോദരന്റെ പേരില്‍ തിരുവനന്തപുരം കവടിയാറില്‍ സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി വാങ്ങി 3.5 കോടിയുടെ ആഡംബര വീട് നിര്‍മിക്കുന്നതില്‍ അജിത്കുമാറിന്റെ അഴിമതിപ്പണമുണ്ടെന്ന് നെയ്യാറ്റിന്‍കര നാഗരാജന്‍ ആരോപിക്കുന്നു. പട്ടം സബ് രജിസ്ട്രാര്‍ ഓഫിസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നും കവടിയാറില്‍ 31 ലക്ഷം രൂപയ്ക്ക് ഒരു ഫ്‌ലാറ്റ് വാങ്ങി പിന്നീട് 65 ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ വിജിലന്‍സ് കൃത്യമായി അന്വേഷിച്ചില്ലെന്നും റിപ്പോര്‍ട്ട് ഉപരിപ്ലവമാണെന്നും നാഗരാജന്‍ കോടതിയില്‍ വാദിച്ചു. അഴിമതിക്ക് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എ.ഡി.ജി.പിയെ വഴിവിട്ട് സഹായിച്ചതായും നയ്യാറ്റിന്‍കര നാഗരാജന്‍ ആരോപിക്കുന്നു.
കവടിയാറിലെ കണ്ണായ കോടികള്‍ മതിക്കുന്ന ഭൂമിയില്‍ കോടികള്‍ മുടക്കി അത്യാഡംബര മാളിക പണിയുന്നതിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്ന ചോദ്യമാണ് ഉയരുന്നത്. കവടിയാര്‍ കൊട്ടാരത്തിന് സമീപമുള്ള പോഷ് ഏരിയയിലാണ് ഭൂഗര്‍ഭ നിലയുള്‍പ്പെടെ മൂന്ന് നില കെട്ടിടം ഉയരുക. ഇവിടെ സ്ഥലം വാങ്ങി ഇത്ര വലിയ വീടു നിര്‍മിക്കാന്‍ കോടിക്കണക്കിനു രൂപ ചെലവു വരും. ഈ അടുത്ത കാലത്ത് വരെ സെന്റിന് 65 ലക്ഷം രൂപയാണ് കവടിയാറില്‍ ഭൂമിക്ക് വാങ്ങിയ കുറഞ്ഞ വില. ലിഫ്റ്റ്, പൂള്‍ ഉള്‍പ്പെടെ ആഡംബര സൗകര്യങ്ങളാണ് 6000 സ്‌ക്വയര്‍ ഫീറ്റുള്ള വീടിന്റെ പ്ലാനിലുള്ളത്.
അതേസമയം ഭാര്യയുടെ അച്ഛന്‍ തന്ന ഭൂമിയിലാണ് കവടിയാറില്‍ വീടുവെക്കാന്‍ തുടങ്ങിയത്. അതില്‍ ഒരു തരത്തിലുള്ള അനധികൃത സമ്പാദനവും ഇല്ലെന്നാണ് അജിത്കുമാറിന്റെ മൊഴി. മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പരാതിയിലായിരുന്നു അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം നടത്തിയത്. എന്നാല്‍ അന്‍വര്‍ ആരോപിച്ച വീട് നിര്‍മ്മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഈ റിപ്പോര്‍ട്ടിനെതിരെയാണ് അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.
അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സിനെയും റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രത്യേക വിജിലന്‍സ് കോടതി വിമര്‍ശിക്കുകയുണ്ടായി. ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തില്‍ ഭരണനേതൃത്വത്തിന് എന്തു കാര്യമെന്നാണ് ക്ലീന്‍ ചിറ്റ് തള്ളിയ ഉത്തരവില്‍ കോടതി ചോദിച്ചത്. മുഖ്യമന്ത്രി വിജിലന്‍സ് തലവനായിരിക്കാമെങ്കിലും അത് ഭരണകാര്യം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ അംഗീകാരം തേടിയത് നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി. അജിത് കുമാറിന് അനുകൂലമായി ഭരണനേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയുടെ അംഗീകാരമോ ഇടപെടലോ ആവശ്യമില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
കേസിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചും കോടതി കുറ്റപ്പെടുത്തുന്നുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തില്‍ രാഷ്ട്രീയനേതൃത്വത്തിന് റോളില്ല. ഒരു വ്യക്തി കുറ്റം ചെയ്തിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് നിയമപ്രമാണങ്ങളുടെ അടിസ്ഥാനത്തിലാവണം. അല്ലാതെ രാഷ്ട്രീയ ഭരണനേതൃത്വത്തിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ ആകരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് അംഗീകരിച്ചുവെന്നും ''മേല്‍ തീരുമാനത്തിന് ബഹു. മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ടെന്നും അറിയിക്കുന്നു...'' എന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചത്. എന്നാല്‍, ഭരണഘടനാനുസൃതമായ പദവിയിലുള്ളവരുടെ പങ്ക് എന്താണെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നതെന്ന് കോടതി ചോദിച്ചു. ഓഫിസറെ കുറ്റവിമുക്തനാക്കുകയും രാഷ്ട്രീയ ഭരണനേതൃത്വം അത് അംഗീകരിക്കുകയും ചെയ്തിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അജിത് കുമാറിനും ഭാര്യയ്ക്കും തൃശൂരിലും തിരുവനന്തപുരത്തുമായി ആറ് ആധാരങ്ങളിലായി എട്ടുകോടിയിലേറെ മൂല്യമുള്ള 80.21 സെന്റ് സ്ഥലമുണ്ടെന്നാണ് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അജിത് കുമാറിന്റെ വീടിന്റെ നിര്‍മാണചെലവ് 3.58 കോടി രൂപയാണെന്നും 1.50 കോടി രൂപയാണ് ബാങ്ക് വായ്പ അനുവദിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പി.വി അന്‍വറും സി.പി.ഐയുമൊക്കെ ഉന്നയിച്ച കടുത്ത ആരാപണങ്ങളുടെ പശ്ചാത്തലത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു ഡി.ജി.പിയുടെ ശുപാര്‍ശ.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തി ശുപാര്‍ശയില്‍ നിന്ന് സസ്‌പെന്‍ഷന്‍ ഒഴിവാക്കുകയും തന്റെ ഇഷ്ടക്കാരനായ അജിത് കുമാറിനെ ഒട്ടും വേദനിപ്പിക്കാതെ സായുധ പൊലീസ് ബറ്റാലിയനിലേക്ക് മാറ്റുകയുമായിരുന്നു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് വന്ന ശേഷമാണ് അജിത്കുമാറിനെ മാറ്റിയതെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ ന്യായീകരണ നിലപാട്. അജിത്കുമാര്‍ ഒരു സ്ഥിരം പ്രശ്‌നക്കാരനാണെന്ന് ഇദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് പരിശോധിച്ചാല്‍ മനസിലാവും. ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള പ്രമാദമായ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ അനുനയിപ്പിക്കാന്‍ ഇടനിലക്കാരനുമായി ഫോണില്‍ സംസാരിച്ചുവെന്ന ആരോപണത്തിന് പിന്നാലെ 2022 ജൂണില്‍ മുഖ്യമന്ത്രി ഇടപെട്ട് അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.
തുടര്‍ന്ന് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് മേധാവി സ്ഥാനം നല്‍കി. മലപ്പുറത്തെ സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായുള്ള ബന്ധം, കോഴിക്കോട് മാമി തിരോധാനക്കേസ്, തൃശ്ശൂര്‍പ്പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ്, വത്സന്‍ തില്ലങ്കേരി തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണം തുടരുന്നതിനിടെ അജിത്കുമാറിനെ ഡി.ജി.പിയാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.