Image

ഗുരുസമാധി (ചെറുകഥ: ജേക്കബ് തോമസ് വിളയില്‍)

Published on 16 August, 2025
ഗുരുസമാധി (ചെറുകഥ: ജേക്കബ് തോമസ് വിളയില്‍)

ബാലൻ എന്തൊക്കെയോ പുലമ്പുന്നുവെന്നാണ് ആദ്യം അമ്മയും പിന്നെ അച്ഛനും വിചാരിച്ചതു.വീട്ടിൽ നിന്ന് പുറത്തുഇറങ്ങാൻ തുടങ്ങിയപ്പോൾ അയൽക്കാരും അവന്റെ വർത്തമാനം ശ്രദ്ദിക്കാൻ തുടങ്ങി.വടികുത്തിനടക്കുന്ന അപ്പൂപ്പനും അമ്മൂമ്മയും ഒരൊറ്റ സ്വരത്തിൽ പുലമ്പി 'ചെറിയ വായിൽ വലിയ വാക്ക്  വേണ്ട"", വല്ല സ്കൂളിലും പോയി പഠിച്ചു  വലിയ ആളാകാൻ  നോക്ക്. കൂടെകൂടിയ കുട്ടികളും അവന്റെ വാക്കുകൾ കേട്ട് അന്തം വിട്ടു നിന്നു.കളികൾക്ക് കോപ്പുകൂട്ടുന്ന പ്രായത്തിൽ ഇവന് എന്ത് സംഭവിച്ചു എന്ന് അവർ പരസ്പരം ചോദിച്ചു.ക്രമേണ അവനെ അവർ കൂട്ടത്തിൽ കൂട്ടാതായി.അങ്ങനെ അവൻ  ഒരു ഒറ്റയാനായി ഏകാന്തതയെ സ്നേഹിക്കാൻ ശീലിച്ചു.

ഒരുനാൾ ഒരു ഭിക്ഷു അതുവഴി വന്നപ്പോൾ മരത്തണലിൽ'തനിയെ ഇരിക്കുന്ന ബാലനെ കണ്ടു .മറ്റുകുട്ടികളുടെ അലർച്ചയും ബഹളവും കളിസ്ഥലത്തു നിന്ന് ഉയർന്നുവന്നിരുന്നു .ഭിക്ഷാടകൻ അവന്റെ അടുത്ത് വന്നു ചോദിച്ചു "മകനെ നീ  എന്താണ് കളിക്കാതെ മാറി നിൽക്കുന്നത് ". അവന്റെ കണ്ണുകളിൽ തളം കെട്ടി നിന്ന വിഷാദഭാവം അയാളിൽ അത്ഭുതം ഉളവാക്കി.അയാൾ ചോദിച്ചു മകനെ നിനക്ക് എന്തെങ്കിലും അസുഖം ബാധിച്ചിട്ടുണ്ടോ? അവൻ അയാളെ നോക്കി ഇല്ല എന്ന്  തലയാട്ടി.അയാള് സാകൂതം  അവനെ ഒരു സൂക്ഷ്‌മപരിശോധനയ്ക്കു വിധേയനാക്കി. അയാൾക്ക്‌ അവനെ കൂടെ കൂട്ടാൻ  മോഹമായി.ഉടൻ തന്നെ തന്റെ ഭൂതകാലം ഒരു വലിയ സ്‌ക്രീനിൽ കാണുന്ന പ്രതിബിംബം പോലെ മനസ്സിൽ അങ്കുരിച്ചു.അയാൾക്ക്‌ തന്നോട് തന്നെ വെറുപ്പും ഭയവും തോന്നി. അയാൾ  തിരിഞ്ഞു നോക്കാതെ നടന്നകന്നു.അയാളുടെ ഭാവപ്രകടനം അവൻ ശ്രദ്ധാപൂർവം നിരീക്ഷിച്ചു അവനിൽ അത് ആശ്ചര്യം ജനിപ്പിച്ചു. അയാളോടൊപ്പം പോകാൻ വെമ്പിയ മനസ്സിന് ഒരു മങ്ങൽ സമഭവിച്ചു, അവൻ ഉറക്കെ വിളിച്ചു പറഞ്ഞു " ആർക്കാണ് സത്യം അറിയേണ്ടത്?.അടുത്ത് ഉറങ്ങിക്കിടന്ന ചെറുപ്പക്കാരൻ ചാടി എഴുന്നേറ്റു അവനോടു ഉറക്കച്ചടവിൽ ചോദിച്ചു' എന്താണ് സത്യം ?ഞാൻ അന്വേഷണം തുടങ്ങിയിട്ടു കാലം കുറെ ആയി, ഇതുവരെ ഉത്തരം കിട്ടിയില്ല. അവൻ അതിനു ഉത്തരം നൽകി " സത്യം അറിയാനുള്ള ആഗ്രഹം തന്നെയാണ് സത്യത്തിന്റെ ആദ്യ പടി. സത്യത്തിന്റെ  "അന്വേഷണത്തിൽ നമുക്ക് ഒരുമിച്ചു യാത്ര ചെയ്യാം ". അയാളുടെ വാക്കുകൾക്ക് ശ്രദ്ദ് കൊടുക്കാതെ അവൻ നടന്നകന്നു.

അവൻ ഗ്രാമ വിട്ടു വനപ്രദേശത്തു എത്തിച്ചേർന്നു . ക്ഷീണവും ദാഹവും അവനെ വല്ലാതെ വേട്ടയാടി .അവൻ അരുവിയിൽ നിന്ന് വെള്ളം കുടിച്ചു ദാഹത്തിനു ശമനം വരുത്തി .അവൻ ചുറ്റുമുള്ള മരങ്ങളെ നോക്കി.അവയുടെ ഇടതൂർന്ന 

ശിഖരങ്ങളിലേക്കും തഴ്ച്ചു വളരു ന്ന ഇലകളിലേക്കും നോക്കി ഉറക്കെ ചോദിച്ചു " എന്താണ് സത്യം"? അവന്റെ ചോദ്യം വനത്തിനുള്ളിൽ പ്രകമ്പനം കൊണ്ട്‌ .അതുവരെയും കേൾക്കാതെ മനുഷ്യശബ്ദത്തിൽ അലോസരപ്പെട്ടിട്ടു കിളികൾ  ശബ്ദകോലാഹലം സൃഷ്ടിച്ചു .അവൻ കാടിന്റെ   ഉള്ളിലേക്ക് പ്രവേശിച്ചു. ഉച്ചസൂര്യന്റെ കിരണങ്ങൾ അവന്റെ വഴിക്കു വെളിച്ചം തെളിച്ചു.ഏതോ പാതയെ ലക്ഷ്യമാക്കി അവൻ നടന്നു.സൂര്യന്റെ പ്രകാശരശ്മികളെ ആഗിരണം ചെയ്തു വനം ഒരു ഇരുണ്ട കോട്ടയായി തീരുന്നതും അവൻ ഗ്രഹിചു.അവന്റെ യാത്രയ്ക്ക് പ്രേരകശക്തിയായിരുന്ന ഊർജം അവനു നഷ്ടപ്പെട്ടതുപോലെ തോന്നി .അവൻ അവിടെ  കണ്ട വലിയ മരത്തിന്റെ ചുവട്ടിൽ ഉള്ള പാറയിൽ കയറി ഇരിപ്പുറപ്പിച്ചു .

സൂര്യൻ അസ്തമിച്ചതും ഉദിച്ചതും അവൻ അറിഞ്ഞില്ല .പ്രകൃതിയുടെ മാറ്റങ്ങൾക്കു വിധേയനായി അവൻ അതിൽ തന്നെ ലയിച്ചു അതിന്റെ ഭാഗമായി മാറി.

ഒരുനാൾ, അവനു മറ്റുമനുഷ്യരെപ്പറ്റിയുള്ള ചിന്ത മനസ്സിൽ അങ്കുരിച്ചു .അവൻ പതിയെ എണീറ്റ് നടക്കാൻ തുടങ്ങി.കാടു വിട്ടു അവൻ പതിയെ ഗ്രാമകവാടത്തിൽ എത്തി.കവാടത്തിൽ തടിച്ചികൂടിയിരുന്ന അനേകംആളുകളെ ശ്രദ്ദിക്കാതെ അവൻ പതിയെ നടന്നു കൊണ്ടിരുന്നു.അവന്റെ അര്ധനഗ്നമായ ശരീരവും ജടയും താടിയും കണ്ട ഒരു ചെറുപ്പക്കാരൻ അടുത്തുവന്നു അവനെ നമസ്കരിച്ചു. ചെറുപ്പക്കാരൻ  ചോദിച്ച ചോദ്യങ്ങൾക്കു അവൻ ഉത്തരം നൽകിയില്ല.തന്റെ ചോദ്യങ്ങൾക്കു ഉത്തരം ലഭിച്ചില്ലെങ്കിലും, മറുത്തു ഒന്നും പറയാത്തതിൽ ചെറുപ്പക്കാരന് സന്തോഷം തോന്നി.ഒരു പ്രാകൃതമനുഷ്യനും അയാളുടെ പുറകിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് നടക്കുന്ന യുവാവിനേയും മറ്റുള്ളവർ ശ്രദ്ദിച്ചു. കുറച്ചു ചെറുപ്പക്കാർ കൂട്ടം കൂടി യുവാവിനോട് ചോദിച്ചു  "ആരാണ് ഇദ്ദേഹം? എന്താണ് ലക്‌ഷ്യം? ചെറുപ്പക്കാരൻ വിടർന്ന കണ്ണുകളോടെ പറഞ്ഞു" മഹാ തേജ്വസിയാണ്, ഇത്രയും കാലം തപസ്സിലായിരുന്നു . എന്റെ ഗുരുവാണ്:".ഇത് കേൾക്കെ ചെറുപ്പക്കാർക്ക് അത്ഭുതവും അതിലേറെ കൗതുകവും തോന്നി. അവർ അവനോടു ചോദിച്ചു "ഗുരുവിന്റെ പേരെന്താണ്? അവൻ ഉത്തരം പ്രതീക്ഷിച്ചു അയാളെ നോക്കി.അയാൾ ഒന്നും ശ്രവിക്കാത്തവനെപ്പോലെ മുന്നോട്ടു നടന്നുകൊണ്ടിരുന്നു. അവൻ തന്റെ തോളിൽ കിടന്നവസ്ത്രം എടുത്തു അയാളുടെ തോളിൽ ഇട്ടിട്ട് പറഞ്ഞു " ഗുരോ ഇത് സ്വീകരിച്ചാലും". ഉടൻ ഒരു ചെറുപ്പക്കാരൻ വന്നു തന്റെ   കൈയിൽ ഇരുന്ന വടി  അയാളെ ഏൽപ്പിച്ചു. അയാള് നടത്തം നിർത്തി അവിടെ നിന്ന എല്ലാവരെയും നോക്കി. ചെറുപ്പക്കാരിൽ കൗതുകം ഉണർന്നു. അയാൾ  എന്തെങ്കിലും പറയുമോ എന്നറിയാൻ അ വർ ശ്രദ്ധാപൂർവം നിന്നു .അയാള് എല്ലാവരെയും വീണ്ടും നോക്കി. മുഖത്തു ഉറഞ്ഞൂറിയിരുന്ന ഭാവത്തിനു ഒരു ലാഘവം വന്നുവോ എന്ന് അവർക്കു തോന്നി.അവർ ചോദിച്ചു" ഗുരോ ഞങ്ങളെ സ്വീകരിച്ചാലും.അയാള് തന്റെ ഇടതൂർന്ന മുടിയിൽ തലോടി അവരെ സാകൂതം നോക്കി.ആ നോട്ടത്തിന്റെ ആദ്രതയിൽ അവർ ആശ്വാസം കണ്ടു .എതിർപ്പിന്റെ ഭാവം കാണാത്തതിൽ അവർ സന്തോഷിച്ചു.

ഗ്രാമത്തിൽ ഒരു അത്ഭുതസിദ്ധിയുളഅ ഒരു സന്യാസി വന്നിരിക്കുന്നു എന്നുള്ള വാർത്ത കാട്ടുതീ പോലെ പടർന്നു.സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളെയും മാറോടു ചേർത്ത് ഗ്രാമകവാടത്തിലേക്കു ഓടി.അവിടെ അവർ അവനെ കണ്ടു  ഒരു ആൽമരത്തിന്റെ തണലിൽ അവൻ ഉപവിശിഷ്ടനായിരുന്നു.അവർ ആൽമരത്തിന് ചുറ്റും തടിച്ചുകൂടി.ആൾക്കാർ വരുമെന്നതുകൊണ്ട് പ്രധാനശിഷ്യൻ  മറ്റുള്ളവരോട് ആൾക്കൂട്ടത്തെ മകറ്റി നിര്ത്താൻ പറഞ്ഞു. അവന്റെ മൊഴിമാറ്റത്തിൽ ഉണ്ടായ ഗാംഭീര്യം അവരെ വിധേയരാക്കി .അവർ സ്ത്രീകളെയും കുട്ടികളെയും ഗുരുവിന്റെ  അടുത്തുനിന്നും അകറ്റിനിർത്തി.കുറച്ചു കുസൃതികുരുന്നുകൾ ഇതൊന്നും വകവെക്കാതെ അയാളുടെ അടുത്തേക്ക് ഓടി എത്തി. മാറ്റിനിർത്താൻ ശ്രമിക്കുന്നതിനു മുൻപ് അയാൾ അവരെ അരികിലേക്ക് വിളിച്ചു, ചേർത്തുനിർത്തി .അയാള് ഓരൊരുതരേയും അടുത്തുനിർത്തി അവരുടെ തലയിൽ കൈവെച്ചു തലോടി.ഇതുകണ്ട് കുട്ടികളുടെ അമ്മമാർ സന്തോഷം കൊണ്ട് മതിമറന്നു. അതിൽ ഒരുവൾ ഉച്ചത്തിൽ പറഞ്ഞു"എന്റെ മകൻ സുഖ പ്പെട്ടിരിക്കുന്നു, അവനു മുടന്തുണ്ടായിരുന്നു ഇതാ ഇപ്പോൾ നേരാംവണ്ണം നടക്കുന്നു".തന്റെ മകനെ ആ അമ്മ മാറോടു ചേർത്ത് ആശ്ലേഷിച്ചു. മറ്റുള്ള അമ്മമാരും അതുതന്നെ ചെയ്തു.അവരുടെ മക്കളിൽകൂടി ഏതോ  ഒരു മാസ്മരശക്തി തങ്ങളിലേക്ക് പടരുന്നതായി അവർക്കു തോന്നി.അവർ അവനോടു ഈ ഗ്രാമം വിട്ടുപോകരുതെന്നും, തങ്ങളുടെ ഭവനം അവന്  വസിക്കാനായി നൽകാമെന്നും അവർ പറഞ്ഞു.

ഗ്രാമത്തിലെ പ്രമുഖന്റെ ചെവിയിലും ഈ വാർത്ത എത്തി.അയാള് തന്റെ രണ്ട് വാല്യക്കാരെ വിളിച്ചുവരുത്തി തന്റെ  പണിപ്പുരയുടെ അടുത്തുള്ള ചെറിയവീട് ഭംഗിയാക്കി വെയ്ക്കാൻ ആജ്ഞാപിച്ചു .അയാൾ രണ്ട് വാല്യക്കാരെയും കൂടി നടന്നു.തന്റെ ആഗമനം അറിയിക്കാനായി രണ്ട് വാല്യക്കാരെ മുൻകൂറായി അയച്ചു.ശിഷ്യന്മാർ വിവരം പ്രധാനശിഷ്യനെ ധരിപ്പിച്ചു.അയാള് ഗുരുവിന്റെ അടുത്ത് ചെന്ന് നിന്നു , ചെവിയിൽ എന്തോമന്ത്രിക്കുന്നതുപോലെ മറ്റുള്ളവർക്ക് തോന്നി.ഗ്രാമ മുഖ്യന്റെ ആഗ്രഹത്തിനു വഴങ്ങി പ്രധാനശിഷ്യൻ അയാളെ ഗ്രാമമുഖ്യന്റെ വീട്ടിലേക്കു ആനയിച്ചു. തീന്മേശയിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കപ്പെട്ടു .ശിഷ്യന്മാരുടെ ആർത്തിപൂണ്ട പരാക്രമം കാണാതെ അയാൾ വെറും അന്നവും പഴവും മാത്രം ഭുജിച്ചു തൃപ്തിവരുത്തി.

 ദിവസങ്ങൾക്കുള്ളിൽ ഗ്രാമമുഖ്യൻ സകലരെയും ഒരു മഹാസന്യാസി ഗ്രാമത്തിൽ വന്നുവെന്നും അയാൾ ത്രികാലജ്ഞാനി ആണെന്നും  നമ്മൾ പ്രതീക്ഷിച്ചിരുന്ന പ്രവാചകൻ ഇവൻ തന്നെ എന്നും പ്രചരിപ്പിച്ചു .ഗ്രാമത്തിൽ ഒരു വലിയ ഉണർവ് ഉണ്ടായി .ഗ്രാമവാസികൾ എല്ലാവരും ഗുരുവിന്റെ സന്ദേശത്തിനും അനുഗ്രഹത്തിനുമായി കൂട്ടത്തോടെ എത്തിച്ചേർന്നു.ശിഷ്യഗണത്തിൽ ചേരാൻ പലരും ശ്രമിച്ചുവെങ്കിലും പ്രധാനശിഷ്യന്റെ നിഷ്കര്ഷതയിൽ പലരും നിരാശരായി മടങ്ങി.ഒരുനാൾ പ്രഭാതകർമത്തിനായി ഗുരുവിനെ ആനയിക്കാൻ ചെന്ന പ്രധാനശിഷ്യൻ കണ്ടത് ഗുരുവിന്റെ സാമിപ്യമില്ലാത്ത ശയന മുറിയാണ്.അയാള് അവിടെയെല്ലാം പരാതി നടന്നു. ഉടൻ തന്നെ മറ്റുശിഷ്യന്മാരെ ഗ്രാമത്തിന്റെ നാനാദിക്കിലേക്കും അയച്ചു.

അയാൾ വീണ്ടും നടന്നുകൊണ്ടേയിരുന്നു. ഗ്രാമങ്ങൾ മാറി, പലരിൻ പല പല വേഷങ്ങൾ സമ്മാനിച്ച്, അതെല്ലാം വാങ്ങിയെങ്കിലും ഒന്നിലും അതീവതാല്പര്യം കാട്ടിയില്ല.അയാള് നടന്നു പരിചിതമായ ഒരു ഗ്രാമത്തിൽ എത്തി ഗ്രാമത്തിന്റെ തുറസ്സായസ്ഥലത്തു സ്ഥിതിചെത്രിക്കുന്ന ആൽമരത്തിന്റെ തറയിൽ ഇരുന്നു.പലരും ഇയാളെ കണ്ടിട്ടു ഒന്നും സംഭവിക്കാത്തതുപോലെ നടന്നകന്നു.ഒരു ഭിക്ഷക്കാരൻ അയാളോട് കുശലം ചോദിയ്ക്കാൻ ശ്രമിച്ചുവെങ്കിലും,അയാള് ഒന്നും മിണ്ടിയില്ല. തന്റെ കൂട്ടത്തിൽ ഉള്ള ആൾ അല്ലെന്നു മനസ്സിലാക്കിയ ഭിക്ഷക്കാരൻ ദൂരത്തേക്ക് മാറി ഇരുന്നു.ഒരു ഭിക്ഷാംദേഹി ക്ഷീണിച്ചു അവശനായി അയാളുടെ അടുത്തുവന്നു ഇരിപ്പുറപ്പിച്ചു.തന്റെ മുൻപിൽ ഇരിക്കുന്ന ആളിന്റെ പ്രകൃതം കണ്ട് മുന്നോട്ടു കടന്നുവന്നു അയാളെ സൂക്ഷിച്ചു നോക്കി.ഒരു ഉൾവിളിപോലെ അയാളിൽ ഒരു നേർത്ത് നൊമ്പരം പൊങ്ങിവന്നു.അയാൾ ഒരു ചെറിയ ശബ്ദം ഉണ്ടാക്കി ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു. അയാള് ചോദിച്ചു "എന്താണ് സത്യം?  നിർത്തി വീണ്ടും ചോദിച്ചു "എന്താണ് ദൈവം? ഈ ചോദ്യം കേട്ട ഉടൻ അയാളുടെ മുഖത്തു ഒരു പുഞ്ചിരിപടർന്നു.അയാള് ഉറക്കെ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി . അയാൾ അവിടെനിന്നു എണീറ്റ് വേഗത്തിൽ നടന്നു.അയാളുടെ പിന്നാലെ കൂടാൻ ബുദ്ധിമുട്ടിയെങ്കിലും കാൽ വലിച്ചുവെച്ചു ഭിക്ഷാംദേഹിയും  നടന്നു.

  അവർ കടലിന്റെ തീരത്തെത്തി.അസ്തമനസൂര്യന്റെ കിരണങ്ങൾ അയാളുടെ മുഖത്തു ഒരു പ്രഭാവലയം സൃഷ്ട്ടിച്ചു തന്റെ പിന്നാലെ കാൽ വലിച്ചു വെച്ച് പ്രയാസത്തിൽ നടന്നുവരുന്ന ആ  വൃദ്ധസന്യാസിയോട് അയാള് പറഞ്ഞു. "സത്യം- ചിരിച്ചുകൊണ്ടു  പറഞ്ഞു "അത് ഞാൻ തന്നെ." നിർത്തിയിട്ടു വീണ്ടും തുടർന്ന്, ദൈവം, "താൻ  തന്നെ ദൈവം ". അയാൾ കടലിനെ ലക്ഷ്യമായി നടന്നു. സൂര്യന്റെ  കിരണങ്ങൾ അയാളെ ആവരണം ചെയ്തു. കടലിന്റെ തിരമാലകൾ കരയെ ആശ്ലേഷിച്ചുകൊണ്ടിരുന്നു.

 ഗുരുവിനെ തേടിവന്ന ശിഷ്യന്മാർ കട്ടിലിന്റെ തീരത്തെത്തിയപ്പോൾ അവിടെ  നിൽക്കുന്ന ഒരു ഭിക്ഷാംദേഹിയെ   കണ്ടു . അയാൽ അവരെ നോക്കി, എന്നിട്ട്  കടലിനെ ചൂണ്ടിക്കാട്ടി. പ്രധാന ശിഷ്യൻ ഉറക്കെ വിളിച്ചു പറഞ്ഞു "ഗുരു സമാധിയായി"-നമ്മുടെ ഗുരു സമാധിയായി. മറ്റു ശിഷ്യന്മാരും ഉറക്കെ വിളിച്ചു പറഞ്ഞു 'ഗുരു സമാധിയായി". കടലിന്റെ തിരമാലയ്‌ക്കൊപ്പം അവരുടെ ശബ്ദവും അലിഞ്ഞു പ്രപഞ്ചത്തിൽ ലയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക