ഇന്നു കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. മലയാളത്തിന് ഇന്നു പുതുനൂറ്റാണ്ടിന്റെ തുടക്കം. മലയാളത്തിലെ 13–ാം നൂറ്റാണ്ടിലെ ആദ്യവർഷത്തിനും ആദ്യദിനത്തിനുമാണ് ഇന്നു തുടക്കമാവുന്നത്. ചിങ്ങത്തിൽ തുടങ്ങി കർക്കടകത്തിൽ അവസാനിക്കുന്നതാണ് മലയാള വർഷം.
ചിങ്ങം എന്ന് കേൾക്കുമ്പോൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് ആദ്യമെത്തുന്നത് ഓണമാണ് . അതേ, ചിങ്ങമാസം പൊന്നോണ മാസമാണ്. ചിങ്ങത്തിലെ തിരുവോണം നാളാണ് മലയാളികളുടെ സ്വന്തം ഓണമെത്തുന്നത്. വിളവെടുപ്പ് ആഘോഷങ്ങളുമായി ചിങ്ങം നിറഞ്ഞു നിൽക്കുന്നു . അത് കൊണ്ട് തന്നെ ചിങ്ങം ഒന്നിനെ കർഷക ദിനംആയി ആചരിക്കുന്നു. നെൽകൃഷിയും കൊയ്ത്തും വീട് നിറയും പുത്തരിയുമെല്ലാം നാമാവശേഷമായെങ്കിലും മലയാളിക്ക് ചിങ്ങം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവത്സരമാണ്.
ഓണത്തിന്‍റെ ഗൃഹാതുരതകളും ഓർമകളും തന്നെയാണ് ചിങ്ങമാസം ഓരോ മലയാളിക്കും സമ്മാനിക്കുന്നത്. മുറ്റത്ത് പൂക്കളമിട്ട് കുടുംബം ഒത്തുചേർന്ന് ഉണ്ണുന്ന ഓണസദ്യയുമെല്ലാം ഓരോ മലയാളിക്കും സമ്മാനിക്കുന്നത് സമാനതകളില്ലാത്ത ഓർമകളാണ്.
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് എങ്ങുനിന്നോ ഓടിവന്ന് അങ്ങുമിങ്ങും പെയ്ത് എങ്ങോട്ടോ ഓടിപ്പോവുന്ന മഴ;
പഞ്ഞക്കര്‍ക്കടകത്തിന്റെ ദുരിതങ്ങളകന്ന് തെളിഞ്ഞ ചിങ്ങം. നിറഞ്ഞ ചിരിതൂകി ചുറ്റും പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കാലം. ഓണം സന്തോഷത്തിന്റെ നാളുകളാണ് ലോകത്ത് ഏതു ദേശത്തുമുള്ള മലയാളിക്കും സമ്മാനിക്കുന്നത് . ഏഴ് കടലിനക്കരെ ആണെങ്കിലും മലയാളി മനസ്സുകൊണ്ട് കേരളത്തിൽ എത്തും . പൂവിറുക്കും. പൂക്കളമൊരുക്കും. വിഭവങ്ങള്‍ എണ്ണിനിരത്തി സദ്യയൊരുക്കും. ഇത്രമേല്‍ നെഞ്ചോടു ചേര്‍ന്ന ഒരാഘോഷം മലയാളിക്ക് വേറെയില്ല.
കേരളത്തിലെ ഒട്ടുമിക്ക ആഘോഷങ്ങളും കൃഷിയുമായി ബന്ധപ്പെട്ടാണുണ്ടായത്. വിഷു കൃഷിയിറക്കുന്നതിന്റെയും ഓണം വിളവെടുപ്പിന്റെയും ഉത്സവമായാണ് കടന്നുവരുന്നത്. നെല്ലു കൊയ്ത് കറ്റ മെതിച്ച് പത്തായം നിറച്ചുവെച്ചാണ് പത്തു ദിവസം കര്‍ഷകര്‍ വിഭവസമൃദ്ധമായി ഭക്ഷണമൊരുക്കിയും ഉണ്ടും സല്‍ക്കരിച്ചും പ്രായഭേദമന്യെ കളികളിലേര്‍പ്പെട്ടും ആടിയും പാടിയും മതിമറന്നാഘോഷിച്ചിരുന്നത്.
വിളവിറക്കിക്കഴിഞ്ഞാല്‍പിന്നെ കര്‍ഷകന് വിശ്രമമില്ല. വളരെയേറെ കഷ്ട്ടപെട്ടു പണിയെടുത്ത കര്‍ഷകനും കുടുംബത്തിനും വിളവെടുപ്പ് എത്ര ആഘോഷിച്ചാലും മതിയാവില്ല. അതെ അത് അവർ ഓണമായി ആഘോഷിച്ചിരുന്നു. ഒരു കാർഷിക കുടുബം ആയിരുന്നു എന്റേതും. അങ്ങെനെ ഒരു കാലത്തായിരുന്നു എന്റെയും കുട്ടികാലം . ആ ഓർമ്മകളിൽ ഇന്നും മായാതെ മനസ്സ് കുട്ടിക്കാലത്തെക്ക് തിരിച്ചു പോകുന്നു.
‘സമത്വസുന്ദരമായ ലോക’മെന്ന മലയാളിയുടെ ഉദാത്ത സങ്കല്‍പത്തിന്റെ ആവിഷ്കാരമാണ് ഓണം. കാലങ്ങൾ എത്ര കഴിഞ്ഞാലും ഓണമെന്ന വികാരത്തിന് മാറ്റം ഉണ്ടാകും എന്ന് തോന്നുന്നില്ല. പണ്ട് പണ്ട് കേരളത്തില്‍ മഹാബലി എന്നൊരു ചക്രവർത്തി നാട് വാണിരുന്നു എന്ന് പറയാനും കേള്‍ക്കാനും എന്ത് രസം. കാലങ്ങൾ എത്ര കഴിഞ്ഞാലും ഈ കഥകൾ കേൾക്കുവാൻ ആളുകൾ ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഏവർക്കും എന്റെ ഓണാശംസകൾ.