Image

ഒരു ദിവസം കടന്നുപോകുന്നു (മനോഹർ തോമസ്)

Published on 17 August, 2025
 ഒരു ദിവസം കടന്നുപോകുന്നു (മനോഹർ തോമസ്)

ഇന്ന് ഇൻഡിപെന്റൻസ് ഡേ ആണ് .ഇന്ത്യക്ക് ഇംഗ്ലീഷുകാരിൽ സ്വാതന്ത്രം കിട്ടിയ ദിവസം . കൊടി ഉയർത്തലും ,പ്രസംഗങ്ങളും ,കാര്യമായി ഉണ്ടെന്നു കേരള സെന്ററിലെ അലക്സ് എസ്തപ്പാൻ വിളിച്ചു പറഞ്ഞിരുന്നു .പോകാൻ തീരുമാനിച്ചു തലേ ദിവസം അലാറം വച്ചു കിടന്നു ,അതിരാവിലെ അഞ്ചു മണിക്ക് ഉണർന്നു .പണ്ടൊക്കെ ഒരു മണിക്കൂർ കൊണ്ട് കേരള സെന്ററിൽ എത്തുമായിരുന്നു .ഇപ്പോൾ കാറുകളും ,ആളുകളും കൂടിയകൊണ്ട് രണ്ടു മണിക്കൂറെങ്കിലും എടുക്കും .

അതിരാവിലെ എഴുന്നേറ്റാൽ ഓട്ടം പതിവാണ് .കഴിഞ്ഞ നാൽപ്പതു വർഷമായി ഓടുന്നു .എന്തിനാണ് ഇങ്ങനെ ഓടുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്.
വർഷങ്ങൾക്കു മുമ്പ് ,യാതൊരു കാരണങ്ങളുമില്ലാതെ ,വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു .ഭാര്യ പറഞ്ഞു ,എന്തോ തകരാറു പറ്റിയിട്ടുണ്ട് ,അല്ലാതെ ഇങ്ങനെ എവിടെ ഇരുന്നാലും ഉറങ്ങിപ്പോകുന്നത് നല്ലതല്ല .ഡോക്ടറെ കണ്ടു .
രക്തം പരിശോധിച്ചപ്പോൾ ട്രൈഗ്ലിസറൈഡ് ആയിരത്തിനു മുകളിലാണ് .
ഡോക്ടറുടെ കമന്റ്‌ ഇതായിരുന്നു , “ നിങ്ങൾ ജീവിച്ചിരിക്കുന്നത് തന്നെ ഒരത്ഭുതമാണ് .ഞരമ്പുകൾ ഒടിഞ്ഞു പോകേണ്ടതാണ് . മരണം വരെ മരുന്ന് കഴിക്കണം .” ഡോക്ടറുടെ അടുത്ത മുറിയിലെ പല ഡോക്ടറുമാരും എന്നെ വന്ന് ഒരത്ഭുത ജീവിയെ കാണുന്ന പോലെ നോക്കിയിട്ടുപോയി .
ചോറും ,കപ്പക്കിഴങ്ങും ,ഉരുളക്കിഴങ്ങും വെട്ടി വിഴുങ്ങിയിരുന്ന നല്ല കാലം അസ്തമിച്ചു .ഡോക്ടർ അഞ്ചുവർഷം കഴിക്കാനുള്ള മരുന്നുകളുടെ കുറിപ്പടി തന്നു . “ ജീവിച്ചിരിക്കാൻ നോക്ക്   “എന്നൊരുപദേശവും .ഭക്ഷണ നിയന്ത്രണം പറഞ്ഞപ്പോൾ ലോകത്തിൽ എനിക്ക് കഴിക്കാൻ പറ്റിയ ഒന്നും ഉണ്ടായിരുന്നില്ല .

അന്ന് തുടങ്ങിയ ഓട്ടമാണ് .ഇന്നും തുടരുന്നത് . എൻ്റെ കൂടെയും, പുറകിലുമായി ഒരാൾ ഓടുന്നുണ്ടെന്നു ഞാൻ പലരോടും പറഞ്ഞു . ആരാണയാൾ  എന്ന ചോദ്യം ഉടനെ വരും . ഒരാൾ തന്നെ ഓടിയാൽ ഒരിക്കലും ജയിക്കില്ലല്ലോ . “ അത് മറ്റാരുമല്ല .മരണമാണ് .”

കേരള സെന്ററിൽ നേരത്തെ എത്തി .കസേര പിടിച്ചിടലും ,ബ്രേക്ക് ഫാസ്റ്റ് കഴിക്കലും എല്ലാം തകൃതിയായി നടക്കുന്നു .കാവി നിറമുള്ള ജുബ്ബയിട്ട് പുതിയ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ വന്ന് ഹസ്തദാനം തന്നു .സ്റ്റേജിൽ കേരള സെന്ററിന്റെ ചെറിയൊരു ബാനർ വലിച്ചുകെട്ടിയിരിക്കുന്നു .അതിനു താഴെയായി പയനിയർ ക്ലബുകാരുടെ ഒരു വലിയ ബാനർ സ്ഥാപിച്ചിരിക്കുന്നു.
സർഗ്ഗവേദിയുടെ ബാനർ അവിടെ ഉണ്ടായിരുന്നില്ല .

ഓർത്തുപോകുകയായിരുന്നു ,കേരള സെന്റർ എന്ന് പറഞ്ഞാൽ സ്റ്റീഫൻ സ്റ്റീഫൻ എന്ന് പറഞ്ഞാൽ കേരള സെന്റർ എന്ന് കൂട്ടി വായിച്ചിരുന്ന കാലം.
കുറെ വർഷങ്ങൾക്കു മുമ്പ് സർഗവേദി സന്തൂർ ഹോട്ടലിൽ കൂടിക്കൊണ്ടിരുന്ന കാലം . ചെറിയാൻ കെ ചെറിയാനൊക്കെ ഉണ്ടായിരുന്ന സർഗ്ഗവേദിയുടെ സുവർണ്ണ കാലം .  “മാസാമാസം കൂടാൻ ഒരിടം തരാമോ “ എന്ന് സ്റ്റീഫനോട് ചോദിക്കുന്നു .ഉത്തരം ഇതായിരുന്നു . “ മലയാള ഭാഷയും സാഹിത്യവുമില്ലെങ്കിൽ പിന്നെന്തു കേരള സെന്റർ നിങ്ങൾ ധൈര്യമായി വന്ന് കൂടണം .”  അതിനു ശേഷം വർഷങ്ങൾ എത്ര കടന്നു പോയി .

ഇരുപത്തഞ്ചു വര്ഷങ്ങളിലേക്ക് നീളുന്ന ആ യാത്രയിൽ സർഗവേദി സംഘടിപ്പിച്ചിടത്തോളം മീറ്റിങ്ങുകളോ ,ശില്പശാലകളോ ,സ്വികരണങ്ങളോ ആരും നടത്തിയിട്ടില്ല .ഏതു കവിയോ ,സാഹിത്യകാരനോ സാമൂഹ്യ നേതാവോ വന്നാൽ സർഗ്ഗവേദി ആദരിക്കാൻ മടിക്കാറില്ല .

ഏതോ സിനിമയിൽ മോഹൻലാൽ പറഞ്ഞപോലെ ,” സ്ഥാപിച്ചെടുത്തതും വെട്ടിപ്പിടിച്ചതും , കീഴടക്കിയതും ,അടയാളങ്ങളും എല്ലാം മാഞ്ഞുപോകും “
കേരള സെന്റർ തുടങ്ങാൻ സഹായിച്ച പത്തു പേരെ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു .അപ്പോൾ സെക്രട്ടറി രാജു തോമസ് സ്റ്റീഫന്റെ പേര് എടുത്തു പറയുകയുണ്ടായി . അവിടെയും വളർച്ചയുടെ പടവുകളിൽ സർഗ്ഗവേദിയും ഉണ്ടായിരുന്നു എന്ന് പറയാമായിരുന്നു . പെട്ടന്ന് ഓർമവന്നത് ഏതോ മീറ്റിംഗ് നടക്കുമ്പോൾ രണ്ടു വാക്ക് പറയാനായി എന്നെ സ്റ്റേജിലേക്ക് വിളിച്ചഭാഗമാണ് .” അടുത്തതായി ഇവിടുത്തെ ഓൾഡ്‌മെൻസ്  അസോസിയേഷൻ പ്രസിഡന്റായ മനോഹർ തോമസ് നിങ്ങളോട് സംസാരിക്കുന്നതാണ് .” സർഗവേദി എന്ന സാഹിത്യ സംഘടന എങ്ങിനെയാണ് പെട്ടന്ന് മാറിയതെന്ന് ജനങ്ങൾ അന്തം വിട്ടു .

പറയുമ്പോൾ എല്ലാം പറയണമല്ലോ .രാജ് മോഹൻ ഉണ്ണിത്താന്റെ പ്രസംഗം ഗംഭീരമായിരുന്നു . നമ്മളുടെ കുട്ടിക്കാലത്തു ജനങ്ങളെ നയിച്ച ,സ്വാതന്ത്ര്യം നേടിത്തന്ന നേതാക്കന്മാരെ സ്‌കൂളിൽ ഓര്മിക്കുകയും ,പരാമർശിക്കുകയും ചെയ്യുന്നത് ഒരു സാധാരണ സംരംഭമായിരുന്നു . അങ്ങിനെയാണ് വല്ലഭായി പട്ടേലും ,ദാദാഭായി നവറോജിയും ,രാജേന്ദ്രപ്രസാദും ,നെഹ്‌റും ,മഹാത്മാ ഗാന്ധിയും ഒക്കെ നമ്മുടെ മനസ്സിൽഇടം പിടിച്ചത് .

നമുക്ക് 1947 ഓഗസ്റ്റ് 15 നു സ്വാതന്ത്ര്യം കിട്ടിയപ്പോൾ അത് ആഘോഷിക്കണ്ട അതിന് എതിരായി സംഘടിക്കണം എന്ന് പറഞ്ഞു പ്രഖ്യാപനം നടത്തിയത് 
“ ഹിന്ദു മഹാ സഭ “  ഇന്നത്തെ R S S മാത്രമാണ് .കാരണം അതിൻ്റെ നേതാവായ 
സർവേക്കർ ,ആൻഡമാൻ ജെയിലിൽ വച്ച് മാപ്പ് എഴുതിക്കൊടുത്തു തിരിച്ചു വന്ന ആളാണ് .മരണം വരെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് വിധേയത്വം പാലിച്ചോളാം എന്ന വാക്കിന്റെ ഉറപ്പ് . പതിനായിരക്കണക്കിന് ആളുകൾ പൊരുതി മരിച്ചുവീഴുകയും ,അഹിംസ എന്ന സിദ്ധാന്തത്തിൽ ഉറച്ചുനിൽക്കുകയും ,ഇരുനൂറ്റമ്പതു വർഷത്തെ കൊടും യാതനകളിൽ നിന്ന് മോചനം നേടുകയും ചെയ്ത ഒരു ജനതതിയോട് ചെയ്ത ഏറ്റവും വലിയ ചതിയുടെ കഥയാണ് പറയുന്നത് .

ഉണ്ണിത്താന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ, ഗാന്ധിജി സ്വികരിക്കാൻ  ഉൽബോധനം ചെയ്ത അഞ്ചു “ നി  “ കളുണ്ട് .നിവേദനം  നിരാഹാരം ,നിസ്സഹകരണം,നീതി നിഷേധം ,തുടങ്ങിയവ .മാർട്ടിൻ ലൂഥർ കിംഗ് നു വരെ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം ഒരു പാഠമായി ഭവിച്ചു . മതേതരത്വവും 
ജനാധിപത്യവും ,ചേരിചേരാനയവും ,അഹിംസയും അടിസ്ഥാന മുല്യങ്ങളായെടുത്ത ഒരു രാജ്യത്തിന് ഇന്നെന്തുപറ്റി .നിങ്ങൾ ഏതുമതക്കാരനായാലും ,ദൈവപ്രാപ്തി ,അത് നിങ്ങളുടെ സ്വകാര്യതയാണ് 
ഭാരതീയൻ എന്ന് ചിന്തിക്കുമ്പോൾ നമ്മൾ ഒന്നാണ് , ഒറ്റക്കെട്ടാണ് എന്ന് പറഞ്ഞു പഠിപ്പിച്ച ,നിഷ്കളംഗ ബാല്യത്തിലേക്ക് , എപ്പോഴാണ് ഈ ജാതി വിഷംകലർന്നതു
അതാരാണ് ആ ജാതിവിഷം കലർത്തിയത്  . മുസ്തഫയും,ജോസഫും , നാരായണനും കൊണ്ടുവന്ന പുളീംകുരു ക്ലാസിലിരുന്ന് പകുത്തു തിന്ന ബാല്യം എപ്പോഴാണ് നമുക്ക് നഷ്ടപ്പെട്ടത് .

വരികൾക്ക് ഇടയിലൂടെ വായിക്കുമ്പോൾ ഉണ്ണിത്താന്റെ പ്രസംഗം ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന പല കാര്യങ്ങളിലേക്കും വെളിച്ചം വീശുന്നതായിരുന്നു . പടിപടിയായി ചരിത്രമാണ് പറഞ്ഞത് എങ്കിലും ,വന്നെത്തിനിൽക്കുന്നത് അവിടെയാണ് .

വിഭജനകാലത്തു ,തീവണ്ടി നിറയെ ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾ വന്നപോലെ ഇനിയും സംഭവിക്കാൻ പാടില്ലായ്കയില്ല . ലോകം ആധുനിക സമതലങ്ങൾ തേടി പോകുമ്പോൾ ,ആർട്ടിഫിഷ്യൽ ഇന്റലിജെൻസിനെ വരെ തൊട്ടു നിൽക്കുമ്പോൾ ,ജാതിയുടെ പേരും പറഞ്ഞു കൂട്ടിത്തല്ലി പുറകോട്ടു പോകാനാണ് ,ജനാധിപത്യത്തിൽ ലോകത്തിലെ നാലാമത്തെ വലിയ രാഷ്ട്രം ശ്രമിക്കുന്നതെങ്കിൽ ,കാര്യങ്ങൾ കണ്ടുതന്നെ അറിയണം.

പിന്നെ നടന്നത് KRK യുടെ ട്രസ്റ്റ് ,വില്ല് എന്നിവയെ പറ്റിയുള്ള പ്രഭാഷണമാണ് .
നേരത്തെ ആ ചടങ്ങൊക്കെ തീർത്തു വച്ചകാരണം അത് ശ്രദ്ധിക്കാൻ പോയില്ല 
പലരും സർഗ്ഗവേദിയെപ്പറ്റി ചോദിച്ചു . എല്ലാമാസവും എന്തെങ്കിലും ഒരു സംഭവവുമായി സർഗവേദി കൂടാറുണ്ടെന്നു പറഞ്ഞപ്പോൾ ചിലർക്ക് അത്ഭുതം അധികം പരസ്യം കൊടുക്കാറില്ല . ഇതു ഫോമയും ,ഫൊക്കാനയും ഒന്നും അല്ലല്ലോ .ഒരു സ്ത്രി എന്നോട് ചോദിച്ചു ,സർഗവേദി രെജിസ് നെടുങ്ങാടപ്പള്ളി ഒക്കെ വരുന്ന ആ പ്രസ്ഥാനമല്ലേ ? “ അയാൾ അവിടെ വന്നിട്ട് അഞ്ചു വര്ഷം കഴിഞ്ഞു . അയാൾ നല്ലൊരു കവിയാണ് . വ്യക്തിപരമായി അയാളെപ്പറ്റി എനിക്കൊന്നും അറിയില്ല .”

  കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ,സ്വാതന്ത്ര്യം കിട്ടി 79 വർഷം പിന്നിട്ട ഇന്ത്യയുടെ മുഖം മനസ്സിൽ ചികഞ്ഞെടുക്കുകയായിരുന്നു .ആധുനികതയുടെ എല്ലാ തലങ്ങളിലും നമ്മൾ മുന്നോട്ടു പോയി . ഐ റ്റി മേഖലയിൽ നമ്മൾ ആർജിച്ച വികാസം മറ്റു രാജ്യങ്ങളോട് കിടപിടിക്കത്തക്കതാണ് .എന്നിട്ടും അടുത്ത് നിൽക്കുന്ന ആൾ ഏതു ജാതിക്കാരനാണെന്ന് ചോദിക്കാനുള്ള മനസ്സുമാത്രം മാറിയിട്ടില്ല !!!!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക