Image

മനുഷ്യമഹാസമുദ്രത്തിന്റെ മാനിഫെസ്റ്റൊ (സന്തോഷ് പല്ലശ്ശന)

Published on 19 August, 2025
മനുഷ്യമഹാസമുദ്രത്തിന്റെ മാനിഫെസ്റ്റൊ (സന്തോഷ് പല്ലശ്ശന)

മുംബൈയെന്ന മനുഷ്യ മഹാസമുദ്രത്തെ ഒരു ചെറിയ കാന്‍വാസില്‍ ഒതുക്കുക എന്നത് അസാധ്യമെന്നുതന്നെ നഗരത്തിന്റെ അടിത്തട്ടോളം ആണ്ടുപോയൊരു എഴുത്തുകാരന് തോന്നാം. ഏതൊരു സാധാരണ നഗരവാസിയേയും പോലെ ഇവിടുത്തെ എഴുത്തുകാരനും ഈ നഗരത്തിന്റെ പ്രചണ്ഡവേഗങ്ങളില്‍, ലോക്കല്‍ ട്രെയിനില്‍, ദിനേന ചര്‍ച്ചുഗേറ്റിലേയ്ക്കും വിരാറിലേയ്ക്കും ഷട്ടിലടിക്കപ്പെടുന്നവനാണ്. നഗരത്തിന്റെ ഘടികാരമുനയില്‍ കോര്‍ക്കപ്പെട്ട അവന്‍ ഉത്തരാധുനികമായ സമയകാലത്തിന്റെ ഇരയാണ്. എവിടെയും വേരുപിടിക്കാനരുതാതെ, ഈ നഗരത്തിന്റെ ചരിത്രമറിയാന്‍ ശ്രമിക്കാതെ, മറവിയുടെ മഴത്തുള്ളിയായി എല്ലാവരും പെയ്‌തൊഴിയുന്നു. ആകാശത്തേക്ക് തറച്ചുനില്‍ക്കുന്ന കോണ്‍ക്രീറ്റ് എടുപ്പുകളുടെ കാല്‍ച്ചുവട്ടില്‍ മണ്ണുമൂടി മറഞ്ഞുകിടക്കുന്ന ഈ നഗരത്തിന്റെ ചരിത്രത്തെ ഉദ്ഘനനം ചെയ്‌തെടുത്തുകൊണ്ട് നഗരത്തെ ഒരു പ്രധാന കഥാപാത്രമാക്കി ഒരു ഫിക്ഷന്‍ എഴുതി ഫലിപ്പിക്കുക എന്നാല്‍ ഏതൊരു എഴുത്തുകരനെയും സമ്പന്ധിച്ചിടത്തോളം ഭഗീരഥ പ്രയത്‌നമായിരിക്കും. പക്ഷെ പ്രേമന്‍ ഇല്ലത്ത് എന്ന മുംബൈ നഗരത്തിന്റെ സ്വന്തം എഴുത്തുകാരന്‍ നഗരത്തെ ചോരയും നീരുമുള്ള ഒരു കഥാപാത്രമാക്കിക്കൊണ്ട് ഏച്ചുകെട്ടും മുഴച്ചുനില്‍ക്കലുമില്ലാതെ നഗരത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും പറഞ്ഞുതുടങ്ങുമ്പോള്‍ ഫിക്ഷന്‍റെ സിദ്ധിവിശേഷം കൂടുതല്‍ പ്രോജ്വലിക്കുന്നു. പലകാലങ്ങളില്‍ ഏറ്റുവാങ്ങിയ അധിനിവേശത്തിന്റെയും ആക്രമണങ്ങളുടേയും മുറിവുകളിലൂടെ കലാപക്കെടുതികളിലൂടെ മുംബൈ മഹാനഗരം ഒരു കഥാപ്രത്രമായി നിറഞ്ഞു തുളുമ്പുകയാണ് 'നഗരത്തിന്റെ മാനിഫെസ്റ്റൊ' എന്ന പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവലില്‍. നുരഞ്ഞുപൊങ്ങുന്ന, മനുഷ്യത്തിരയടിക്കുന്ന, മഹാനഗരത്തിന്റെ വിശ്വരൂപത്തെ മനോഹരമായി വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് പകര്‍ത്തിക്കൊടുക്കുകയാണ് പ്രേമന്‍ ഇല്ലത്ത് തന്റെ നോവലിലൂടെ.

നഗരത്തിന്റെ ഏതെങ്കിലും ഒരു ചേദത്തില്‍ അടയിരുന്ന് തീക്ഷ്ണമായ അനുഭവ പരിസരങ്ങളേയും പൊങ്ങുതടിപോലെ ഒഴുകിപ്പോകുന്ന, പുതിയ  ജീവിതമൂല്യങ്ങളെയും അടയാളപ്പെടുത്തുന്ന കൃതികള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. ആനന്ദിന്റെ 'ആള്‍ക്കൂട്ട'മടക്കം ഇരമ്പിപ്പായുന്ന മുംബൈ നഗരത്തിലെ ജീവിത കഥപറയുന്ന ലക്ഷണമൊത്ത കൃതികള്‍ നമുക്കു സ്വന്തമായുണ്ട്. എന്നാല്‍ നഗരം ഒരു മുഖ്യ കഥാപാത്രമായി വരുന്ന, നഗരത്തിനുള്ളില്‍ അകപ്പെട്ടുപോയ വൈവിദ്ധ്യമാര്‍ന്ന ജിവിത ഇതിഹാസങ്ങളിലൂടെ ഈ മഹാ നഗരത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും പറയുന്ന ഒരു നോവല്‍ ഒരുപക്ഷെ ആദ്യത്തേതാകും.

തുടക്കവും ഒടുക്കവുമില്ലാത്ത ഈ നഗര സാഗരത്തിലൂടെ വായനക്കാരനെ ഒരു വലിയ യാനത്തില്‍ ഇരുത്തി തുഴഞ്ഞു പോകുന്ന നോവലാണ് പ്രേമന്‍ ഇല്ലത്തിന്റെ ''നഗരത്തിന്റെ മാനിഫെസ്റ്റോ'''. നഗരത്തില്‍ ജീവിച്ചിരുന്ന-ജീവിക്കുന്ന മനുഷ്യരെല്ലാം ഈ നോവലിലൂടെ കടന്നുപോയിട്ടുണ്ട്. അതോടൊപ്പം ഒരു വലിയ കാടും കടലും ഒരു നഗരമായി രൂപപ്പെട്ട് ജീവന്റെ അലകടലായ കാഴ്ചയാണ് ഈ നോവല്‍ വായനയെ ത്രസിപ്പിക്കുന്നത്. ഓരോ നഗര മനുഷ്യനെയും കണക്ട് ചെയ്യിക്കുന്ന തരത്തില്‍ സമഗ്രമാക്കാനുള്ള കഠിനമായ പരിശ്രമം ഇതിലുണ്ട്. അമ്പരപ്പിക്കുന്ന ജീവിത ഇതിഹാസങ്ങളുടെ വൈവിധ്യങ്ങളിലൂടെ, കലാപത്തിന്റെയും കലയുടെ കാല്‍ ചിലമ്പുകളുടെയും പലതരം ശബ്ദ വിന്യാസങ്ങളിലൂടെ ഒരു ഗംഭീര പ്രയാണം!

വിപ്ലവത്തിന്‍റെ തീയില്‍ നിന്ന് മുംബൈയിലെ അധോലോകത്തിന്‍റെ ഇരുണ്ട ഒതുക്കുകളിലേക്കും പിന്നീട് കലയുടെ കാല്‍ ചിലമ്പുകളുടെ ലോകത്തേക്കും എടുത്തെറിയപ്പെട്ട ഡാനിയേലിലൂടെ വായനക്കാരന്‍ സഞ്ചരിക്കുന്നു. മുംബൈയിലെ അധോലോകവും, കലാപവും ബോംബ്‌സ്‌ഫോടനങ്ങളും മുതല്‍ 2020 ല്‍ നഗരം അതിജീവിച്ച കൊറോണ എന്ന മഹാമാരിയുടെ കാലം വരെ ഈ നോവല്‍ ഒരു ദീര്‍ഘ സഞ്ചാരം നടത്തുന്നു. അതിനിടയില്‍ നഗരത്തിന്‍റെ ജീവക്കടലില്‍ നിന്ന് ചില മനുഷ്യരുടെ സംഘര്‍ഷാത്മകമായ ജീവിത വിശേഷങ്ങള്‍ ഹൃദയസ്പര്‍ശിയായി പറഞ്ഞുകൊണ്ട് വായനക്കാരെ സ്‌ഫോടനാത്മകമായ വൈകാരികതയിലേക്ക് തള്ളിയിടുന്നു.

വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലെങ്കിലും അമ്പരിപ്പിക്കുന്ന ജീവിത നിരീക്ഷണങ്ങള്‍ നടത്തുന്ന അധോലോക നായകന്‍ ഹംസ ഭായിയെ പരിചയപ്പെട്ടുകൊണ്ടാണ് നമ്മള്‍ യാത്ര തുടങ്ങുന്നത്. ഭാഗ്യനാഥന്‍, ബാലേട്ടന്‍, ഫ്രഡ്ഢി, സീതാറാണി, ലക്ഷ്മി, സദറുക്ക അങ്ങനെ പോകുന്നു ആഴമുള്ള കഥാപാത്രങ്ങള്‍.

നഗരത്തിലെ വൈവിദ്ധ്യങ്ങളോടൊപ്പം വൈരുദ്ധ്യങ്ങളും നമുക്കു കണാന്‍ സാധിക്കും. അലക്കുകാരായ ഗാന്ധിയും ഗോഡ്സെയും ഒരേമുറിയിൽ ദാരിദ്ര്യം കെട്ടിപ്പിടിച്ചുറങ്ങുന്ന നഗരവിശേഷം, നഗരത്തിന്‍റെ മാനിഫെസ്റ്റോ അടയാളപ്പെടുത്തുന്നു. ജീവിതം ആർത്തലച്ചാഘോഷമാക്കിയ വിഹാംഗ് നാനാവതി നഗരജീവിതത്തിന്‍റെ മറ്റൊരു പ്രതീകമാകുന്നു.

മുരുകേഷ് ഭോഗ്‌ഡെയെ മുഖ്യ കഥാപാത്രമായ ഡാനിയല്‍ കണ്ടുമുട്ടുന്ന ഭാഗം വീണ്ടും നഗര ചരിത്രത്തിന്‍റെ അനാദിയായ സൗന്ദര്യവും സംവാദവും കൊണ്ട് ഉജ്ജ്വലമാക്കുന്നു. ഹരിഹരന്‍ പൂഞ്ഞാറും സുരേഷ് വര്‍മ്മയും വത്സന്‍ മൂര്‍ക്കോത്തും, ഇ.ഐ.എസ്. തിലകനും ഡെക്കോറ നാടക സംഘവും ഇവിടുത്തെ സാംസ്‌കാരിക-സാഹിത്യ കൂട്ടായ്മകളുമൊക്കെ നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഒരു സന്ദര്‍ശകനായി വന്നുപോകുന്ന തകഴി ശിവശങ്കരന്‍പിള്ളയും ഗായകന്‍ യേശുദാസുമൊക്കെ നഗരത്തിന്റെ നാളിതുവരെ തുടര്‍ന്നുവരുന്ന സാംസ്‌കാരിക സ്പന്ദനങ്ങളെ അടയാളപ്പെടുത്തുന്നു.

നവരോഷ് മിസ്ട്രിയുടെയും കമേലിയയുടെയും പ്രണയ സുരഭിലമായ ജീവിതം പിന്നീട് ഉണങ്ങാത്ത മുറിവായി വായനക്കാരനില്‍ അവശേഷിക്കുന്നു. പ്രണയസഫല്യം കാത്തിരുന്ന് പിന്നീട് മഹാ രോഗത്തിന്‍റെ നീര്‍ക്കയത്തില്‍ ഒടുങ്ങേണ്ടി വന്ന രാധിക, വ്യവസ്ഥാപിത സമൂഹത്തിന്റെ കടന്നാക്രമങ്ങളില്‍ തകര്‍ന്ന് ചിലങ്കകള്‍ അഴിക്കേണ്ടി വന്ന ശുഭാംഗി എന്ന കലാകാരി, അങ്ങനെ നിരവധി യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ കഥാപാത്രങ്ങളിലൂടെ കണ്ണീരും ഉന്മാദവും പ്രണയവും കാമ ക്രോധാതികളുംകൊണ്ട് മുഖരിതമാണ് നഗരത്തിന്‍റെ ഈ മാനിഫെസ്റ്റോ.

നഗരത്തെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി പിടിക്കാന്‍ എത്തിയ ശ്രീകുമാറിലൂടെ മുത്തുവിലൂടെ വീണ്ടും ഈ മഹാ നഗരത്തിന്റെ വേരുകളിലേക്ക് ഉദ്ഘനനം ചെയ്യപ്പെടുന്നുണ്ട്. ഈ നഗരത്തിന്‍റെ സകലമാന ചരിത്രത്തെയും ഏറെക്കുറെ ആഴത്തില്‍ തന്നെ പരിശോധിച്ചുകൊണ്ടുള്ള നടത്തം- ഫിക്ഷന്റെ ആസ്വാദനത്തോടൊപ്പം മുംബൈ എന്ന ഈ മഹാനഗരം വായനക്കാരനെ നേരിട്ടെത്തി ആശ്ലേഷിക്കുന്ന അനുഭവം! ഈ നഗരവുമായി ബന്ധപ്പെട്ട് എത്രമാത്രം അനുഭവങ്ങളാണ് ഈ നോവലിസ്റ്റിനുള്ളത് എന്നാവും വായനക്കാരന്‍ വായനയുടെ ഓരോ ഘട്ടത്തിലും വിസ്മയം കൊള്ളുക.

നഗരം മനുഷ്യന് മാപ്പുകൊടുക്കുന്നു, തിരിച്ചറിവുകൊടുക്കുന്നു, പിന്നീടവരെ മനുഷ്യസ്‌നേഹത്തിന്റെ പ്രചാരകരാക്കി മാറ്റുന്നു. വിഭജനാനന്തരം അമൃതസറിലേയ്ക്കും പിന്നീട് ബോംബെയിലേയ്ക്കും എത്തിപ്പെട്ട, പത്തുവയസ്സുകാരന്‍ നീരജ് തല്‍വാറിന്‍റെ മാതാപിതാക്കളൊഴിലെ മറ്റെല്ലാം ബന്ധുക്കളും അന്നത്തെ കലാപത്തില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. ഒടുങ്ങാത്ത പകയുമായാണ് പിന്നീട് നീരജ് വളര്‍ന്നുവരുന്നത്. ബാബറി പള്ളി തകര്‍ക്കപ്പെട്ടതിനു ശേഷം ബോംബെയിലുണ്ടായ കലാപത്തില്‍ നീരജ് തല്‍വാര്‍ ഇതര മതസ്ഥരായ മനുഷ്യരെ കശാപ്പു ചെയ്തുകൊണ്ട് പകവീട്ടുകയാണ്. അദ്ദേഹത്തിന്‍റെ മാതാപിതാക്കളും ഭാര്യയും പക്ഷെ ഈ നീരജിന്റെ ഈ ക്രൂരതയെ അംഗീകരിച്ചില്ല, അദ്ദേഹത്തെ വീട്ടില്‍ കയറ്റിയില്ല. നീരജില്‍ കുറ്റബോധം വലിയൊരു മാനസ്സാന്തരത്തിനു വഴിമാറുകയും മതം മാറി നീരജ് മുസ്ലിമായി മാറുകയും പിന്നീട് സൂഫിയായി മാറുകയും ചെയ്യുന്നു. ചിത്രകാരന്‍കൂടിയായ നീരജിന്  ചിത്രകലയുടെ പിതാവായ വാന്‍ഗോഗിനെ നേരിട്ടു പരിചയപ്പെടാന്‍ അവസരം ലഭിച്ചു. പിന്നീട് നീരജ് മാനവസ്‌നേഹം പ്രമേയമാക്കി ഒരുപാട് ചിത്രങ്ങള്‍ വരച്ചുവെങ്കിലും വാന്‍ഗോഗിനെപോലെ ജീവിച്ചിരിക്കുമ്പോള്‍ ഒരെണ്ണം പോലും വെളിച്ചം കാണിച്ചില്ല. നീരജ് ഒരു ചിത്രം വരയ്ക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി, അത് അപൂര്‍ണ്ണമായിത്തന്നെ തുടരുകയാണ്. ഒരു പള്ളിയും അമ്പലവും തോളോടു തോള്‍ചേര്‍ന്നുനില്‍ക്കുന്ന ആ ചിത്രം അപൂര്‍ണ്ണമായിരുന്നു. ഈ നഗരത്തിന്റെ മനസ്സാണ് നീരജ് ആ ചിത്രത്തില്‍ അടയാളപ്പെടുത്താന്‍ ശ്രമിച്ചത്. സ്പര്‍ദ്ധകളും വിദ്വേഷങ്ങളും വേരുപിടിക്കുമ്പോഴും മതങ്ങള്‍ക്കുമപ്പുറം മനുഷ്യനേയും അവന്റെ വിശ്വാസത്തേയും ഒരു വലിയ സഹജാവബോധത്തോടെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഈ നഗരമെന്ന അമ്മ മനസ്സറിഞ്ഞ് പരിശ്രമിക്കുന്നുണ്ട്. നീരജ് തല്‍വാറിനെ ഒരു മനുഷ്യനാക്കിയത് ഈ മുംബൈ നഗരമാണ് എന്നുതന്നെ പറയേണ്ടി വരും. തീക്ഷ്ണമായ അനുഭവങ്ങളില്‍ ആണ്ടുമുങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ നമ്മള്‍ ഒരു നല്ല മനുഷ്യനായി മാറുന്നു.

ഈ നോവലില്‍, നഗരമാണ് പ്രധാന കഥാപാത്രമെങ്കിലും ചില മനുഷ്യ കഥപാത്രങ്ങള്‍ക്ക് ഒരല്‍പം നിറം അധികം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഡാനിയേല്‍ എന്ന കഥാപാത്രത്തിനാണ്. വിപ്ലവകാരിയായി ജീവിതം തുടങ്ങിയ ഡാനിയേല്‍ അധോലോക നായകനായി, കലോപാസകനായി ജീവകാരുണ്യ പ്രവര്‍ത്തകനായി, പുരോഹിതനായി ഒടുവില്‍ കോവിഡ് വാര്‍ഡില്‍ അനാഥനായി മരിച്ചുകൊണ്ട് നഗരത്തില്‍ അയാളുടെ ജീവിതചക്രം പൂര്‍ത്തിയാക്കുകയാണ്. ഏതൊരു മനുഷ്യനും നഗരത്തിലെ മനുഷ്യ സാഗരത്തില്‍ ഒന്നുമുങ്ങിയാല്‍ പിന്നെ നഗരമേല്‍പ്പിക്കുന്ന നിയോഗങ്ങള്‍ക്കനുസരിച്ച് ജീവിച്ചു മുന്നേറുകമാത്രമാണ് ചെയ്യാനുള്ളത്. ജീവിത സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡാനിയേല്‍ കലയ്ക്കും നിരാശ്രയരായ മനുഷ്യര്‍ക്കുമുള്ള തണല്‍മരമായി മാറുന്ന കാഴ്ച. ഡാനിയേല്‍ മുംബൈയിലെ അസംഖ്യം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പരിച്ഛേദമാണ്.

ഫിക്ഷനും ചരിത്രവും കൃത്യമായി ബ്ലന്റ് ചെയ്യപ്പെട്ട നോവലാണോ എന്ന് ചോദിച്ചാല്‍ പരിപൂര്‍ണ്ണമായി ഒരു ബ്ലെന്റിംഗ് നടന്നിട്ടില്ല. എഴുത്തുകാരന്‍ അതിന് ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല എന്നുവേണം കരുതാന്‍. നഗരത്തിന്റെ കഥ, ഒപ്പം അതിലെ മനുഷ്യരുടേയും കഥ വൈകാരികമായി പറഞ്ഞുപോവുക എന്നതില്‍ പരം മറ്റൊന്നും നോവലിസ്റ്റിനെ ബാധിക്കുന്നില്ല.  വായനയുടെ ഒരു ഘട്ടത്തിലും ബോറടിപ്പിക്കാതെ എഴുത്തുകാരന്‍ നമ്മളെ മുന്നോട്ടുതന്നെ കൊണ്ടുപോകുന്നതിന്റെ ടെക്‌നിക് എന്തായിരിക്കും? ഇവിടെ ചരിത്രം എന്നത് നോവലിസ്റ്റിന് നിര്‍വികാരമായി പറഞ്ഞു പോകാവുന്ന ഒരു ഗവേഷണ പ്രബന്ധമല്ല. പ്രേമന്‍ ഇല്ലത്ത് എന്ന മനുഷ്യന്‍റെ ഹൃദയത്തില്‍ നിന്ന് ഊറിവരുന്ന, അനുഭവ തലത്തിന്റെ ഭാവാത്മകമായ ഒരു ജീവല്‍ പ്രകാശമാണ്. അതുകൊണ്ടുതന്നെ ഒട്ടും ബോറടിക്കാതെ ഈ നോവല്‍ അതിവേഗം വായിച്ചുതീരും. ഭാഗ്യനാഥനിലൂടെ ഡാനിയേലിലൂടെ മുരുകേശനിലൂടെ മുത്തുവിലൂടെ പ്രേമന്‍ ഇല്ലത്ത് തന്റെ കറകളഞ്ഞ മാനവിക നിരീക്ഷണങ്ങള്‍ വായനക്കാരനിലേക്ക് എത്തിക്കുന്നുണ്ട് - ഒട്ടും കൃത്രിമത്വം കലരാത്ത രീതിയില്‍ - മുഴച്ചു നില്‍ക്കാത്ത രീതിയില്‍ പ്രേമന്‍ പറഞ്ഞു ഫലിപ്പിക്കുന്നു.

''പുറത്താക്കപ്പെട്ടവരുടെ പുസ്തകം'' എന്ന മികച്ച നോവലിനു ശേഷം പ്രേമന്‍ ഇല്ലത്തിന്റെ തൂലികയില്‍ നിന്ന് ഒരു മാസ്റ്റര്‍ പീസ് നോവല്‍.

നഗരത്തിന്റെ മാനിഫെസ്റ്റോ (നോവല്‍)
കറണ്ട് ബുക്‌സ് തൃശ്ശൂര്‍
320 പേജുകള്‍
450 ക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക