മലയാള സിനിമയിലെ എക്കാലത്തെയും സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ കഥാപാത്രങ്ങളിലൊന്നായ അലക്സാണ്ടറായി മമ്മൂട്ടി വീണ്ടും തിയേറ്ററുകളിലേക്ക്. 1990-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘സാമ്രാജ്യം’ റീ-റിലീസ് പ്രഖ്യാപിച്ചു. ജോമോൻ സംവിധാനം ചെയ്ത ഈ ചിത്രം 4K ഡോൾബി അറ്റ്‌മോസ് പതിപ്പിലാണ് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്.
‘സാമ്രാജ്യം’ റിലീസ് ചെയ്ത് 35 വർഷം പിന്നിടുമ്പോഴാണ് റീ-റിലീസ് പ്രഖ്യാപനം. ഐവി ശശിയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ജോമോന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ചിത്രം. ജോമോൻ പറഞ്ഞ കഥ ഇഷ്ടപ്പെട്ടെങ്കിലും ആകെ ആശയക്കുഴപ്പത്തിലായിരുന്നു മമ്മുട്ടി. തനിക്ക് കഥാപാത്രത്തെ ഇഷ്ടപ്പെട്ടെന്നും എന്നാലതിലൊരു അഭിപ്രായം പറയാനാകുന്നില്ലെന്നുമായിരുന്നു മമ്മൂക്കയുടെ മറുപടി. ജോഷിയെ കഥപറഞ്ഞു കേൾപ്പിച്ച് അദ്ദേഹത്തോട് അഭിപ്രായം ചോദിക്കാം എന്നായി മമ്മൂട്ടി. എലമെൻസ് എല്ലാം കൊള്ളാം, നല്ല സ്ട്രോങ് കഥാപാത്രവുമാണ്, പക്ഷേ പാട്ടോ തമാശയോ ഒന്നുമില്ല.. ഇതെവിടെ ചെന്നെത്തുമെന്ന് തനിക്കും ഒരു ധാരണയില്ലെന്നായി ജോഷി. പുതുമുഖ സംവിധായകനാണ്, പൂർണ്ണ തൃപ്തിയുമായിട്ടില്ല. നിസ്സാരമായി നോ പറയാമായിരുന്നു മമ്മൂട്ടിക്ക്. പക്ഷേ, ഒരുപാട് ആലോചിച്ച ശേഷം സ്ക്രിപ്റ്റ് എഴുതി വരാനായിരുന്നു മമ്മൂട്ടിയുടെ മറുപടി. സ്ലോമോഷൻ സാങ്കേതികവിദ്യ ഒരു മുഴുനീള സിനിമയിൽ ആദ്യമായി പരീക്ഷിച്ചതും ഇതിലാണ്.
അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രം, ആക്ഷൻ രംഗങ്ങളെക്കാൾ വൈകാരികതയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇളയരാജയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന് വലിയ മുതൽക്കൂട്ടായി. ചിത്രം പുറത്തിറങ്ങിയതിന് ശേഷം അമിതാഭ് ബച്ചൻ അടക്കമുള്ളവർ ജോമോനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. തെലുങ്ക് പതിപ്പ് 400 ദിവസത്തിലധികം പ്രദർശിപ്പിച്ച് വലിയ വിജയം നേടിയിരുന്നു. സെപ്റ്റംബർ മാസത്തിൽ ചിത്രം റീ-റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
English summary:
Mammootty could have easily said no, but…”; what happened…; Alexander returns to theatres.