ഞാനെത്ര
താളുകളാണ്
മറന്നുപോയത്.....
പൊട്ടിയ നൂലിഴകൾക്കു മീതെ
ചേർത്തടച്ച
വേർപാടിന്റെ
കൂട്ടിച്ചേർക്കലുകൾ...
നിന്റെ ചുംബനത്തേക്കാൾ
എന്നെ പുളകിതയാക്കിയ
വരികൾക്കു മീതെ
മൗനമായൊഴുകിയ
കണ്ണിണ
നനഞ്ഞും ചിരിച്ചും
ഏകാന്തതയുടെ
വിരൽത്തുമ്പുകൊണ്ടൊ-
രായിരം കാതങ്ങൾ
വരച്ചു ചേർത്തു
മറന്നു പോയതെവിടെ?
വായിച്ചു തീർത്തതെവിടെ?
പിരിഞ്ഞു പോകുന്നേരം
ഓർത്തെടുക്കാൻ
മാത്രം
നമുക്കിടയിൽ
കോർത്തുവച്ച
സൂചികകളെ
ചേർത്ത്
അടച്ചുവച്ച
താളുകളിതുവരെ
ഓർമ്മയുണ്ടായിരിക്കണം
അവസാനിച്ച വരികൾ.....