Image

രണ്ടു കൂടിക്കാഴ്ചകൾ (കഥ : അന്നാ പോൾ )

Published on 20 August, 2025
രണ്ടു കൂടിക്കാഴ്ചകൾ (കഥ : അന്നാ പോൾ )

ഒരുസ്നേഹിതയെ യാത്രയയ്ക്കാൻ റെയിൽവേ  സ്‌റ്റേഷനിലെത്തിയതാണു. അധിക സമയം നിൽക്കേണ്ടി വന്നില്ല.പതിവില്ലാതെ ട്രെയിൻ  കൃത്യസമയത്തു തന്നെ എത്തി.
  
സ്റ്റേഷനും പരിസരവും പെട്ടെന്നുണർന്നു. ഇറങ്ങുന്നവരുടേയും കയറുന്നവരുടേയും തിക്കും തിരക്കും ആരവങ്ങളും അടുത്ത ട്രാക്കിലൂടെ പാഞ്ഞു പോയ ഗുഡ്സ് വണ്ടിയുടെ ശബ്ദത്തിൽ മുങ്ങിപ്പോയി.
ആഘോഷദിനങ്ങളൊന്നുമല്ല,എന്നിട്ടും എന്തൊരു തിരക്ക്...
ബോഗി കണ്ടു പിടിച്ച് കയ്യിലൊതുങ്ങുന്ന ഒരു ചെറുബാഗുമായി എന്റെ സ്നേഹിത അനായസേന വണ്ടിക്കുള്ളിൽ കയറി. തിരിഞ്ഞു നിന്നു കൈവീശിക്കാട്ടി... ഉള്ളിലെ ആൾത്തിരക്കിൽ മറഞ്ഞു....
ഇനി എന്നാണാവോ കൂടിക്കാഴ്ച..... സന്തോഷം അലയടിച്ചു കടന്നുപോയ ഒരാഴ്ച...
കുട്ടിക്കാലം മുതലേയുള്ള സൗഹൃദമാണു... പള്ളിയിലും പള്ളിക്കൂടത്തിലും. പിന്നെ കോളേജിലുമെല്ലാം ഒരുമിച്ചുണ്ടായിരുന്നവൾ... നാട്ടിലെത്തിയാൽ എന്നെക്കാണാൻ വരാതിരിയ്ക്കില്ല.

ട്രെയിൻ മെല്ലേ നീങ്ങിത്തുടങ്ങി. ക്രമേണ വേഗതയാർജിച്ചു പാളം കുലുക്കി മുന്നോട്ടു പാഞ്ഞു... മനസ്സിലും സ്റ്റേഷനിലും നെടുങ്കൻ ശൂന്യത നിറഞ്ഞു.
വീട്ടിലേയ്ക്കു മടങ്ങാം... ഷോപ്പിംഗിന് താല്പര്യം തോന്നിയില്ല.

പ്ളാറ്റ്ഫോമിലുടെ നടന്നു തുടങ്ങി... അപ്പോൾ തന്റെ പേരു വിളിച്ചു കൊണ്ട് വരുന്നു ഒരു പരിഷ്ക്കാരിപ്പെണ്ണു..മുഖം നിറയെ ചിരിയുമായി...... ജീൻസും തീരെച്ചെറിയൊരു ടോപ്പും ധരിച്ചിരിക്കുന്നു.
ആരാണു... ഓർമ്മ കിട്ടുന്നില്ല... സൂക്ഷിച്ചു നോക്കി.. അവൾ അരികിലെത്തിക്കഴിഞ്ഞു.... ഹോ...ഓർമ്മയുണർന്നു. അച്ചാമ്മ കോശി. ഹൈസ്ക്കൂളിൽ തനിയ്ക്കൊപ്പം പഠിച്ച അച്ചാമ്മ കോശി....
അവളാകെ മാറിയിരിക്കുന്നു!! കൂടുതൽ സുന്ദരിയായ പോലെ... ലേശം തടിച്ചിട്ടു മുണ്ടു്.
ജീൻസും ടോപ്പും കറുത്ത കട്ടിക്കണ്ണടയും കഴുത്തിനു ചുറ്റും മുറിച്ചിട്ടിരിക്കുന്ന മുടിയും അവൾക്കു നന്നായി ഇണങ്ങുന്നുണ്ട്.

ആളൊഴിഞ്ഞ ഇരിപ്പിടം ചൂണ്ടി അവൾ ചോദിച്ചു "തിരക്കുണ്ടോ? 
ഇല്ല:: ഉണ്ടും ഉറങ്ങിയും വെറുതേ സമയം കൊല്ലുന്ന എനിയ്ക്കെന്തു തിരക്കു?
"നീ വലിയ വായനക്കാരിയല്ലായിരുന്നോ? വായനയില്ലേ ഇപ്പോൾ? കൊച്ചുമക്കളില്ലേ ടൈം സ്പെൻഡു ചെയ്യാൻ... എന്തെല്ലാമുണ്ട്...നീ സിനിമ കാണില്ലേ 
ഗറ്റ് ടുഗതറുകളിൽ പങ്കെടുക്കില്ലേ

സ്മാർട്ട് ഫോണില്ലേ... ക്ലബ്ബ് മെമ്പർഷിപ്പില്ലേ... " പിന്നേയും എന്തൊക്കെയോ ല്ലേ ല്ലേകൾ.... സമയം പോകാനുള്ള ഉപാധികൾ അവൾ പറഞ്ഞു കൊണ്ടിരുന്നു.
അത്ഭുതത്താൽ വിടർന്നു പോയ എന്റെ കണ്ണുകൾ അടയ്ക്കാൻ മറന്നു ഞാനങ്ങനെ...
എന്നെക്കുറിച്ചു എന്തെങ്കിലും കേൾക്കാനോ എന്റെ മറുപടിയോ അവൾക്കു വേണ്ടെന്നു തോന്നി.
ചെറിയ ഒരു നിമിഷത്തിന്റെ ഇടവേളക്കുശേഷം അവൾ വീണ്ടും പറഞ്ഞു തുടങ്ങി.
ഇന്നുച്ചയ്ക്കു രണ്ടു മണിയ്ക്കു ലയൺസ് ക്ലബ്ബ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്: അതിനു പോകണം
പിന്നെ വീട്ടിലൊന്നു കയറണം.. അമ്മച്ചി പോയി.. അഞ്ചു കൊല്ലമായി... അപ്പച്ചനുണ്ടു. തീരെ വയ്യാതായി. എന്റെ കൂടെ പോരില്ല...എന്തോ വാശി പോലെ... ഞാനൊരു ഹോം നേഴ്സിനെക്കൊടുത്തിട്ടുണ്ട്...
ഇല്ലായ്മകളോടു മല്ലടിച്ചു തളർന്ന ആ പഴയ പ്രൈമറി സ്കൂൾ അദ്ധ്യാപകന്റെ പരിക്ഷീണമായ മുഖം ഒരു നിമിഷം ഓർമയിൽ മിന്നിമറഞ്ഞു .          

അവൾ എന്തോ ആലോചിച്ചു നിൽക്കുമ്പോലെ സംഭാഷണം ഒന്നു നിർത്തി.
ആ ഇടവേളയിൽ ഞാൻ സംസാരിച്ചു തുടങ്ങി... "നീ ഇപ്പോൾ എന്തു ചെയ്യുന്നു?.." ഞാൻ യു.കെ യിലായിരുന്നു കുറേക്കാലം മോളുടെ കൂടെ...നൗ ഗ്രാൻറ് ചിൽഡ്രൻ ഒക്കെ സ്ക്കൂളിൽപ്പോയിത്തുടങ്ങി.... ഞാനിങ്ങു പോന്നു... കുറേക്കാലം ഗൾഫിൽ ഞങ്ങൾ രണ്ടാളും ജോലി ചെയ്തു... പുള്ളിക്കാരൻ ഇപ്പോഴും ജോലി വിട്ടിട്ടില്ല... ഞാനിപ്പോ നാട്ടിൽ ബിസിനസ് ഒക്കെയായി കഴിയുന്നു.
വസ്ത്രശാലകൾ മൂന്നു നാലെണ്ണം നാട്ടിലുണ്ടു. നിരത്തിലോടുന്ന ആറേഴു ബസ്സുകൾ അവളുടെ സ്വന്തമാണു...പിന്നെ ഹോം സ്റ്റേകൾ ബേക്കറി ഹോട്ടലുകൾ... ചുരുക്കിപ്പറഞ്ഞാൽ അച്ചാമ്മ ഇപ്പോൾ ഒരു കൊച്ച് അംബാനിയാണു.... ബിസിനസ് മാഗ്നറ്റ്!!
സ്ക്കൂൾ കാലം കഴിഞ്ഞ് ഒന്നോ രണ്ടോ തവണ തമ്മിൽക്കണ്ടിട്ടുണ്ട്.... എത്രയോ വർഷങ്ങൾക്കു ശേഷമാണീ കൂടിക്കാഴ്ച.!!
എല്ലാം വിവരിച്ചു കഴിഞ്ഞ് എന്നോടവൾ ചോദിച്ചു" നീ എന്തെടുക്കുന്നു.?
" ഞാൻ കുറച്ചു കാലം കുട്ടികളെ പഠിപ്പിച്ചു....പിന്നെ ഇപ്പോൾ വിശ്രമജീവിതം... എന്റെ മറുപടി അഥവാ എന്റെ ജീവിതം അവൾക്കു തൃപ്തിപ്പെട്ടില്ലെന്നു തോന്നി... നീ എത്ര നന്നായി പഠിച്ചിരുന്നവളാ...നിനക്കു ഒന്നും ആ വാൻ കഴിഞ്ഞില്ലേ? "ആനിവേഴ്സറി യ്ക്കു നീ വാങ്ങിക്കൂട്ടിയിരുന്ന സമ്മാനങ്ങൾ!! ക്ലാസ്സിലെപ്പോഴും നീയായിരുന്നില്ലേ ഒന്നാം സ്ഥാനക്കാരി? ശ്ശോ..'' "നീ ഒന്നും ആയില്ലേ... അവൾ ആവർത്തിച്ചു കൊണ്ടിരുന്നു. അവളുടെ വാക്കുകളിൽ പരിഹാസമോ .. ഖേദമോ?... മറുപടി പറയാനാവാതെ വാക്കുകൾ തൊണ്ടയിൽ ക്കുടുങ്ങി നിന്നു... പുറത്തേയ്ക്കു വന്നില്ല...
എന്റെ മക്കൾ നന്നായി പഠിച്ചു. നല്ല ജോലി കിട്ടി... നല്ല അദ്ധ്യാപകരായി ജീവിക്കുന്നു... ഞാനതൊന്നും പറയാതെ വെറുതേ നിന്നു.    മറുപടി കേൾക്കാൻ അവൾക്കു താല്പര്യവുമില്ലായിരുന്നു.
സ്വന്തം നേട്ടങ്ങൾ എനിയ്ക്കു മുന്നിൽ നിരത്തി നിരത്തി അവൾ ഇരുന്നു... ഞാൻ പോകാനെണീറ്റു... സ്റ്റേഷനിലെ കോഫീ ഷോപ്പ് ചൂണ്ടിക്കൊണ്ട് കാപ്പി കുടിയ്ക്കാൻ ക്ഷണിച്ചു.
ഞാൻ , സ്നേഹപൂർവ്വം നിരസിച്ചു
"ഞാനിപ്പോൾ കാപ്പികുടി കഴിഞ്ഞ് വീട്ടിൽ നിന്നു വന്നതല്ലേയുള്ളു... രാവിലെ കഴിച്ചതു ദഹിയ്ക്കാറായില്ല.
ഞാൻ പറഞ്ഞു തീരുന്നതിനു മുൻപേ അവൾ പറഞ്ഞു തുടങ്ങി. എനിയ്ക്കു ബ്രെയ്ക്ക് ഫാസ്റ്റിനു സമയം കിട്ടിയില്ല.... വലിയ തമാശ പറയും പോലെ ചിരിച്ചു കൊണ്ടവൾ പറഞ്ഞു "എറണാകുളത്തു രണ്ടു കോഫീ ഷോപ്പുള്ള ആളാ... ടൈം വേണ്ടേ... ഈ വണ്ടി മിസ്സ് ആയാൽ പ്ലാൻ എല്ലാം തെറ്റും... മടക്കയാത്രയിൽ എറണാകുളത്തെ ഫാഷൻ ഷോപ്പിലും കോഫീ ഷോപ്പുകളിലും കയറണം... വളരെ റെസ്പോൺ സിബിൾ ആയ ജോലിക്കാരാ...നന്നായി നോക്കി നടത്തിക്കോളും എന്നാലും എല്ലായിടത്തും എന്റെ കണ്ണുചെല്ലണം... എത്ര പ്രയാസമാന്നോ?... ഓർത്താൽ വല്ലാത്ത തലവേദനയാ... ഒരു സമാധാനമില്ലാത്ത ടെൻഷനടിച്ച ജീവിതം... അവൾ വീണ്ടും ചിരിച്ചു.... ഈ ബിസിനസ്സ് പോലെ ഇത്ര കോമ്പറ്റീഷനുള്ള മേഖല വേറേയില്ല.... പിടിച്ചു നിൽക്കാനും കയറിപ്പോവാനും ഒരുപാടു തന്ത്രങ്ങൾ പയറ്റണം.
അവൾ പറയുന്നു.. ഞാൻ കേൾക്കുന്നു.... ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഒരു വലിയ രഹസ്യ മോ അതോ ഉപദേശമോ പോലെ അവൾ വളരെ ഗൗരവത്തിൽ ഒരു കാര്യം പറഞ്ഞു. "ജീവിതത്തിൽ തിരക്കില്ലെങ്കിൽ ഒരുഷാറില്ല.. നമ്മൾ വേഗം വൃദ്ധരാകും "... മറുപടിയ്ക്കു ഇടം കിട്ടിയില്ലെങ്കിലോ എന്നു വിചാരിച്ചു ഞാൻ പെട്ടെന്ന് പറഞ്ഞ " നീ പേടിയ്ക്കണ്ട, വാർദ്ധക്യം നിന്നെ ഇതുവരെ തൊട്ടിട്ടില്ല.... ഉടനേയൊന്നും തൊടുകയുമില്ല."... അവൾക്കതു നന്നേ ബോധിച്ചു. പരിസരം മറന്ന് പൊട്ടിച്ചിരിച്ചു കൊണ്ടു അവൾ കോഫീ ഷോപ്പിലേയ്ക്കു കയറി.

ഒരു തണുത്ത കാറ്റുവീശി.
എൻറ നരച്ച മുടിയിഴകൾ കാറ്റിൽപ്പറന്നു കളിച്ചു.
അനന്തമായ് നീളുന്ന റെയിൽപ്പാതകൾ... നോക്കി ഒരു നിമിഷം ഞാൻ നിന്നു. ആരവങ്ങളും ആൾക്കാരും ഒന്നിച്ചു വണ്ടി കയറിപ്പോയി. അതിന്റെ ഒരു ആലസ്യത്തിൽ വെയിലിൽ തിളങ്ങുന്ന പാളങ്ങൾ അനന്ത നിദ്രയിലാണെന്നു തോന്നി.

ഉടനേ വണ്ടിയൊന്നും വരാനില്ലാത്തതിനാലാവാം ആളുകൾ പാളം മുറിച്ചു കടന്നുപോകുന്നുണ്ടു്. നിയമം ലംഘിക്കുമ്പോൾ കിട്ടുന്ന വല്ലാത്ത ഒരു സന്തോഷം അവരുടെ മുഖങ്ങളിൽ തെളിയുന്നുണ്ടു്.
വെയിലിനു ചൂടേറിത്തുടങ്ങി.... 
അച്ചാമ്മ കോശിയുടെ വാക്കുകൾ എന്റെ മനസ്സിനെ മുറിവേൽപ്പിച്ചില്ലെങ്കിലും ഉള്ളിലെ വിടെയോ ഒരു നൊമ്പരം ഉറവ പൊട്ടുന്ന പോലെ.......
ശരിയാണ് ഞാനൊന്നുമായില്ല.... എനിയ്ക്കുള്ളതു രണ്ടു ഗ്രന്ഥശാലാ അംഗത്വം: എഴുത്തുകൂട്ടം : വായനക്കൂട്ടം കുറേ പുസ്തകങ്ങൾ അങ്ങനെ ചില ചെറിയ സമ്പാദ്യങ്ങൾ .
പണ്ടൊക്കെ വായനദിനത്തിനും പരിസ്ഥിതിദിനത്തിനും മറ്റും സ്ക്കൂളുകളിലേയ്ക്കു ക്ഷണിയ്ക്കുമായിരുന്നു. ഇപ്പോൾ അതെല്ലാം വാർഡു മെംബറും ബ്ലോക്കു മെംബറും... രാഷ്ട്രീയ ശിങ്കങ്ങളാണു നടത്തുന്നതു.
മാറിയ കാലത്തു പഴഞ്ചൻ ഗീർവ്വാണങ്ങൾ ആർക്കു വേണം?.. ഔട്ട് ഡേറ്റഡ് ആയവർ.... പുതിയ കാലത്തിൽ അവർക്കു റോളൊന്നുമില്ല.... അല്ലെങ്കിൽത്തന്നെ  ജീവിതംവയ്യാതായിരിക്കുന്നു.....കേർപ്പറേററ് ദൈവങ്ങൾ അരങ്ങു വാഴുന്ന ഈ ഭൂമിയിൽ... വീടില്ലാത്തവരുടേയും വിശക്കുന്നവരുടേയും,രക്ഷിയ്ക്കാനും പോറ്റാനും ആരുമില്ലാത്ത വൃദ്ധരുടേയും കുഞ്ഞുങ്ങളുടേയും വ്യാകുലതകൾ അവസാനിക്കാത്ത ഈ കാലസന്ധിയിൽ ആര് എന്തായിട്ടെന്താ?

ഞാൻ പുറത്തേയ്ക്കു മെല്ലെ നടന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക