സമാധാനവും ശാന്തതയും ഇഷ്ട്ടപ്പെടുന്നവരാണ് സ്വിറ്റ്സർലാൻഡുകാർ. അവരെ ഭൂമിയുടെ കാവൽക്കാരെന്ന് വിളിക്കാൻതോന്നുന്നു. എന്ത് ശ്രദ്ധയോടെയാണ് അവർ ഭൂമിയെ പരിചരിച്ച് ജീവിക്കുന്നത്. പച്ചപ്പുല്ലുകളാലും ആൽപൈൻ പൂക്കളാലും ഒരുങ്ങിനിൽക്കുന്ന മലനിരകൾക്ക് മണികെട്ടി മേഞ്ഞുനടക്കുന്ന പശുക്കളും തടിയിൽ പണിതുയർത്തിയ ഷാലെ വീടുകളും അഴക് കൂട്ടുന്നു. ഭൂമിയുടെ തനതായ ആകൃതിയിൽ അൽപ്പംപോലും മാറ്റം വരുത്താതെയാണ് അവർ വീട് പണിയുന്നത്. പർവ്വതപ്രദേശങ്ങൾക്ക് അനുയോജ്യമായ തടികൊണ്ടാണ് വീടുകൾ ഉണ്ടാക്കുന്നത്.പ്രാദേശികമായി കിട്ടുന്ന ഇത്തരം തടികൾക്ക് അവിടുത്തെ കാലാവസ്ഥയിൽ അധികനാൾ ഈടുനിൽക്കാൻ കഴിയും.നിരപ്പല്ലാത്ത നിലം പാറക്കട്ടകൾക്കൊണ്ട് കെട്ടിപ്പൊക്കി നിരപ്പുള്ള വീടുകൾ പണിയുന്നു.അവർ ഭൂമിയെ ജെസിബി കൊണ്ട് നിരപ്പാക്കുകയല്ലയെന്ന് സാരം. ഞാൻ ആലോചിക്കുകയായിരുന്നു വയനാട്ടിലും മറ്റും ഭൂമിയിടിച്ചു നിരപ്പാക്കി വീടുകൾ കെട്ടിപ്പൊക്കി ഭൂമിയുടെ സന്തുലിതാവസ്ഥയെ ശല്യപ്പെടുത്തി, മണ്ണിടിച്ചിൽ ഉണ്ടായി ആ പ്രദേശം മുഴുവൻ മണ്ണിനടിയിലാകുമ്പോൾ നഷ്ടപരിഹാരവും വീടും ധനസഹായവും ചെയ്യാൻ നോക്കിയിരിക്കുന്ന ദീർഘവീക്ഷണമില്ലാത്ത മനുഷ്യരെ ഇവിടെ കാണാൻ കിട്ടില്ലല്ലോയെന്ന്. എവിടെയാണ് നമുക്ക് തെറ്റുപറ്റിയത്? നമുക്ക് ജീവിക്കാനിടംനൽകിയ ഭൂമിയെ നശിപ്പിക്കാനുംമാത്രം ബുദ്ധിശൂന്യത നമുക്കുണ്ടായത് എവിടെനിന്നാണ്? സ്വിറ്റ്സർലാന്റുകാർ ഭൂമിയെ സ്നേഹിക്കുന്നതെങ്ങനെയെന്ന് കുട്ടികളുടെ പാഠഭാഗത്ത് ഉൾപ്പെടുത്തിയാൽ ഭാവിതലമുറയിലുള്ളവരെങ്കിലും ഇരിക്കുന്ന കമ്പ് മുറിക്കാത്തവരായി വളർന്നുവരും.അതൊക്കെ ആര് വിചാരിച്ചാലാ നടക്കുക?
സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയപ്പോൾ പ്ലാസ്റ്റിക് കവറിനും ഒരു തുക കൊടുത്തു. പ്ലാസ്റ്റിക് കവറിന് പണം ചുമത്തിയത് കാരണം അവിടുത്തുകാരുടെ പ്ലാസ്റ്റിക് ഉപയോഗം രണ്ടായിരത്തിപതിനാറ് മുതൽ എൺപത്തിയെട്ട് ശതമാനം കുറഞ്ഞിട്ടുണ്ട്.ദുബായിയിലും നാട്ടിലുമൊക്കെ പ്ലാസ്റ്റിക് ബാഗുകൾക്ക് പ്രത്യേകം ചാർജുണ്ട്.എന്നിട്ടും ആ ചാർജും കൊടുത്ത് പ്ലാസ്റ്റിക് ബാഗ് വാങ്ങി ഉപയോഗിക്കുന്ന ആളുകളാണ് ഞാനടക്കമുള്ള ഭൂരിഭാഗം ജനങ്ങളും.ഇതാ ഞാൻ മുന്നേ പറഞ്ഞ ഭൂമിയെ സ്നേഹിക്കാൻ പഠിക്കാത്തതിലുള്ള കുഴപ്പം.
അവിടുള്ള പശുക്കളെപ്പോലെ ഭാഗ്യം ചെയ്ത പശുക്കൾ ലോകത്തുണ്ടോയെന്ന് ഞാൻ സംശയിച്ചു.ആ നാട് മുഴുവൻ അവർക്ക് കഴിക്കാനുള്ള പുല്ല് വളർത്തിയേക്കുകയാണ്.‘പുല്ലിന്റെ പുറത്തുകൂടി നടക്കാതെ..ഇത് പശുക്കൾക്കുള്ള ഭക്ഷണമാണ്..നിങ്ങൾ നിങ്ങൾക്കുള്ള വഴിയേ നടക്കൂ’ എന്നുള്ള ബോർഡും കണ്ടു.അവർ പശുക്കളുടെയും ആടുകളുടെയും കഴുത്തിൽ മണി കെട്ടിത്തൂക്കി ഇട്ടിട്ടുണ്ട്.അവ നടക്കുമ്പോഴും പുല്ല് കഴിക്കുമ്പോഴും ഈ മണിയങ്ങനെ അടിക്കും.നല്ല സുന്ദരമായ ശബ്ദമാണതിന്. ഈ മണിയുടെ ചെറിയ രൂപം സൂവനീറായി വിൽക്കുന്നുണ്ട്. ലാറ്റബ്രന്നനിലേക്ക് ഗൊൻഡോല ലിഫ്റ്റുവഴിയുള്ള യാത്രയ്ക്കിടെ അങ്ങ് താഴെക്കാണുന്ന മലനിരകളിൽ പശുക്കൾ മേയുന്നുണ്ടെന്നുള്ള വിവരം അവയുടെ കഴുത്തിലെ മണികൾ എന്നെ വിളിച്ചു കാണിച്ചുതന്നു.
മഞ്ഞുമലകളിൽനിന്നും ഉത്ഭവിക്കുന്ന നദികളും പുഴകളും താഴ്‌വാരത്തിലൂടെ ഒഴുകുന്നതും കൂറ്റൻ മലകൾക്കിടയിൽ പെട്ടുകിടക്കുന്നതും കാണാൻ എന്തു ഭംഗിയാണെന്നോ! അവയ്ക്ക് റ്റർക്കോയിസ് നിറമാണ്.നീലയും പച്ചയും കലർന്ന നിറം. മഞ്ഞുമലകൾ ഞെക്കി പൊടിക്കുന്ന പാറപ്പൊടികളാണ് വെള്ളത്തിൽക്കിടന്നു സൂര്യപ്രകാശത്തെ നീല പച്ച നിറങ്ങളായി ചിതറിക്കുന്നത്.അങ്ങനെയാണ് വെള്ളത്തിന് നിർമലമായ റ്റർക്കോയിസ് നിറം ഉണ്ടാകുന്നത്. ജലമലിനീകാരണം തീരെ ഇല്ലാത്തതും ഒരു കാരണമാണ്. സെർമാറ്റിലേക്കുള്ള മല കയറിയപ്പോൾ അവിടെ നിന്നും താഴേക്കൊഴുകുന്ന തടാകത്തിന് ഇരുണ്ട നിറമായിരുന്നു.അതിന് കാരണവും മഞ്ഞുമലകൾ ഞെരിച്ചു
പൊടിച്ചുണ്ടാക്കുന്ന പാറപ്പൊടികൾതന്നെ.അവ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതാണ് ഇരുണ്ട നിറത്തിന് കാരണം.
സെർമാറ്റിൽവെച്ച് ഉച്ചതിരിഞ്ഞു രണ്ടുമണിയോടെ ഫോക്ലോർ ഫെസ്റ്റിവൽ കാണാൻകഴിഞ്ഞു.അമ്പതിഅഞ്ചാമത് ഫെസ്റ്റിവലായിരുന്നു അത്.സ്വിറ്റ്സർലാൻഡിലെ തനതായ വേഷം ധരിച്ചു നടക്കുന്ന കുട്ടികളും മുതിർന്നവരും സ്വീറ്റ്സ് വിതരണം നടത്തുന്നുണ്ട്, അതുകൂടാതെ യോഡലിങ് കൊയർ,ബെൽഹോൺ പ്ലേ,ആൽപ്ഹോൺ പ്ലേ,ടീനേജുകാരുടെ നൃത്തം,ചെറിയ ഗ്ലാസ്സിൽ ഡ്രിങ്ക്സ് വിതരണം,കലാശക്കൊട്ടായി വഴിയോരത്തു നിൽക്കുന്നവരുടെ ദേഹത്ത് വെള്ളം ചീറ്റൽ..വെള്ളം വീഴാതെയിരിക്കാൻ ആളുകളുടെ നെട്ടോട്ടം.ആകെമൊത്തം ആഘോഷം.സെർമാറ്റ് കാണാൻ ധാരാളം പ്രായമായവർ വന്നിരുന്നു.അവരിൽ പലർക്കും നൂറിനടുത്ത് പ്രായമുണ്ടാകും.ആ പ്രായത്തിൽ വടികുത്തിയാണെങ്കിലും അവർ യാത്രകൾ ചെയ്യുന്നുണ്ട്.സ്ഥലങ്ങൾ കാണുന്നുണ്ട്.എനിക്ക് അത്ഭുതമായി. നമ്മുടെ നാട്ടിൽ ആ പ്രായംവരെ ജീവിച്ചിരിക്കുന്നവർ കുറവാണ്.ആ പ്രായമെത്തുന്നവർ രണ്ട് മുറിക്കുള്ളിൽ മരണം കാത്തിരിക്കുന്നു. ഞങ്ങൾ താമസിച്ചിരുന്ന ഷ്വൈസെർഹോഫ് ഹോട്ടലിലെ ഓരോ മുറികളിലും ഊന്നുവടി വെച്ചിരുന്നുവെന്നതും എനിക്ക് പുതിയ കാര്യമായിരുന്നു.
സ്വിറ്റ്സർലാന്റുകാർ നടത്തംഇഷ്ടപ്പെടുന്നവരാണ്.അതിൽ എല്ലാ പ്രായക്കാരും പെടും.മാറ്റർഹോണിലേക്കും യുങ്ഫ്രോയൊയിലേക്കുമുള്ള ഞങ്ങളുടെ ഗൊണ്ടോല യാത്രയ്ക്കിടെ മലമുകളിലേക്ക് നടന്നുകയറുന്ന പല പ്രായക്കാരെ കണ്ടു.അതിൽ വളരെ പ്രായമായവരും ഉണ്ടായിരുന്നു.അത് വേറെ രാജ്യത്തുള്ള ടൂറിസ്റ്റുകളായിക്കൂടെയെന്ന് സ്വാഭാവികമായും സംശയം തോന്നാം.ടൂറിസ്റ്റുകളുമുണ്ട് അതോടൊപ്പം സ്വിറ്റ്സർലാന്റുകാരുമുണ്ട്.സ്വിറ്റ്സർലാൻഡിലെ പ്രായമായവരുടെ കാലുകൾ അവരുടെ കൈകളെക്കാൾ സുന്ദരവും ആരോഗ്യമുള്ളവയുമാണെന്ന് എന്റെ നിരീക്ഷണത്തിലൂടെ ഞാൻ മനസിലാക്കിയിരുന്നു.
മോൺട്രിയെക്സിൽ നിന്നും ലുസെണിലേക്ക് ട്രെയിൻയാത്ര ചെയ്യും വഴി ഒരു സ്വിസ് സ്ത്രീ ഞങ്ങളോട് സംസാരിച്ചു.ഇന്ത്യക്കാരാണെന്ന് മനസിലാക്കി ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നുള്ളവരാണ് എന്നാണ് ചോദിച്ചത്.അവർ ഇന്ത്യയിൽ നാൽപ്പത്തിയാറ് വർഷങ്ങൾ ജീവിച്ചു എന്നറിഞ്ഞു.കഴിഞ്ഞ വിന്ററിലും അവർ മൂന്ന് മാസം ഇന്ത്യയിലായിരുന്നു.മഹാ കുംഭമേളയിൽ അവർ പങ്കെടുത്തു.ആ തിരക്കിൽപെട്ട് അവർ കുറേ നേരം ട്രോമയിൽ ആയിപ്പോയി.അവർക്ക് തിരക്കും ആളുകളും ഇഷ്ട്ടമാണ്.പക്ഷേ അന്ന് അവർക്ക് അനങ്ങാൻ വയ്യാതെയായിപ്പോയിരുന്നു.അവർ ഗോവക്ക് പോയിട്ടാണ് സ്വിറ്റ്സർലാന്റിലേക്ക് മടങ്ങി വന്നത്.സ്ത്രീകൾ ഒറ്റയ്ക്ക് സഞ്ചരിക്കുക പാടുള്ള കാര്യമാണ് അവിടെ.എനിക്ക് പേടിയൊന്നുമില്ല എങ്കിലും,അവർ തുടർന്നു.ഞാൻ ഇനി ഇന്ത്യയിലേക്ക് യാത്ര ചെയ്യുമെന്ന് തോന്നുന്നില്ല.അല്ലെങ്കിലും കോവിഡ്കാലം വന്നതിനുശേഷം ഞാൻ കുറേ നാളത്തേക്ക് എങ്ങും മാറിനിൽക്കാറില്ല.സാരമില്ല ഞാൻ ജീവിക്കുന്നത് മനോഹരമായ രാജ്യത്താണല്ലോ.ഇവിടെ ഇഷ്ടപ്പെട്ടോ? യാത്ര ചെയ്യാൻ എളുപ്പമാണ് എല്ലേ? അവൾ ഞങ്ങളോട് തിരക്കി.
അതെ.ഞങ്ങൾ പറഞ്ഞു.എങ്ങോട്ടും ട്രെയിനിൽ വേഗമെത്താം.
നിങ്ങൾ ഇന്ത്യയിൽ നിന്നായതുകൊണ്ട് ഇവിടുത്തെ ചൂട് വല്യ പ്രശ്നമാകില്ല.
ഞങ്ങൾ ദുബായിലാണ് താമസിക്കുന്നത്.അവിടെയിപ്പോൾ അമ്പതു ഡിഗ്രിയാണ്.
ഓഹ് ദുബായ്.. ചൂട്.. ‘അസ്സഹനീതം’ എന്ന് പറയുംപോലെ അവർ തലയാട്ടി.
പക്ഷേ സത്യംപറഞ്ഞാൽ ഞങ്ങൾ സ്വിറ്റ്സർലാൻഡിലെ ചൂടിൽ പുഴുങ്ങുകയായിരുന്നു.ദുബായിലാണെങ്കിലും എയർകണ്ടിഷനിലല്ലേ ഇരുപ്പ്!
അവർ ലുസെണിൽ ഞങ്ങൾ എത്രെ ദിവസമുണ്ടാകുമെന്ന് തിരക്കി.അവർക്ക് അതിനനുസരിച്ചു ഞങ്ങൾക്ക് ഐറ്റെനറി പറഞ്ഞുതരാനായിരുന്നു.സംസാരപ്രിയയായിരുന്നു അവർ.
ഞങ്ങൾ ലുസെണിൽ ഒന്ന് പോയതാണ്.ഇപ്പോൾ കുറിലേക്കുള്ള ബെർണിന എക്സ്പ്രസ്സിൽ ഇരിക്കേണ്ടുന്നതാണ്.ടിക്കറ്റ് ബുക്ക് ചെയ്തതാണ്.അവിടുന്ന് അടുത്ത ദിവസം ടിറാനോ..പക്ഷേ ഞങ്ങൾക്ക് നീണ്ട അഞ്ചര മണിക്കൂർ കുറിലേക്കും അവിടുന്ന് അടുത്തദിവസമുള്ള യാത്രയും അവിടുന്ന് തിരിച്ച് സുറിച്ചിലേക്ക് അടുത്ത ദീർഘദൂര യാത്രയും വയ്യ.ഞങ്ങൾക്ക് സമാധാനമായി അവസാന സ്വിസ് ദിവസങ്ങളിൽ ചിലവഴിക്കാനാണ് ഇപ്പോൾ തോന്നുന്നത്.
ഞാൻ പോകുന്നുണ്ട് കുറിലേക്ക് അടുത്തയാഴ്ച,അവർ പറഞ്ഞു.
ലുസെണിൽ നിന്നുകൊണ്ട് നിങ്ങൾക്ക് ചെറിയ യാത്രകൾ നടത്താം;ഒരു ഗുഹയുണ്ട്.രണ്ട് കിലോമീറ്റർ നീളമുള്ള ആരെ ഗോർഗ്. നല്ല തണുപ്പാണ് ഗുഹക്കുള്ളിൽ.ഞങ്ങൾ സമ്മർ ടൈമിൽ ഗുഹകളിലേക്കും മലകളിലേക്കുമാണ് യാത്രകൾ നടത്താറ്.നിങ്ങൾക്ക് പിന്നെ റിഗിയിലേക്കും പോകാം.അത് മലയാണ്. മൗണ്ട് റ്റിറ്റ്ലിസും റൈൻ വാട്ടർഫാൾസും ഞങ്ങൾ കണ്ടുവെന്ന് പറഞ്ഞിരുന്നു.
യാത്ര പറഞ്ഞ് അവർ ഏതോ ഗ്രാമത്തിൽ ഇറങ്ങി.അവർ സായ്ബാബ ഭക്തയാണെന്ന് പറഞ്ഞിരുന്നു.മതപരമായി അവർ കാത്തോലിക്കയാണ്. സ്വിറ്റ്സർലാൻഡിലെ ട്രെയിൻ യാത്രക്കിടയിൽ കടന്നുപോയ അനേകം ഗ്രാമങ്ങളിൽ ഒരു പള്ളിവെച്ചുണ്ട്.എന്നുവെച്ചാൽ വീടുകളുടെ ഒരു കൂട്ടം കാണുമ്പോൾ അവിടെ ഉയർന്നുനിൽക്കുന്ന ഒരു പള്ളി കാണാം. പള്ളികളിൽ ആരാധന നടക്കാറുണ്ട്.കൂട്ടമണിയടിച്ചുകഴിഞ്ഞു മിനിറ്റുകൾക്കുള്ളിൽ ആരാധന തുടങ്ങും.നമ്മൾ ഒരു മതത്തിൽ വിശ്വസിക്കുന്നുവെങ്കിൽ സ്വിറ്റ്സർലാൻഡിൽ ടാക്സ് കൊടുക്കണം. അതുകൊണ്ട് രേഖകളിൽ പെടാത്ത മതവിശ്വാസികളാണ് അവിടെ കൂടുതലും.അമേരിക്കയിൽ ജനിച്ചു വളർന്ന എന്റെ ഒരു കസിൻ ഇരുപത്തിയഞ്ചു വർഷങ്ങളായി സ്വിറ്റ്സർലാൻഡിലാണ് താമസം.അവിടെ താമസിക്കുമ്പോൾ ചേച്ചിക്ക് അലർജി വരാറില്ലയെന്ന് ഞങ്ങളോട് പറഞ്ഞു.അവിടം മറ്റിടങ്ങളിൽ നിന്നും ശാന്തവും സുന്ദരവുമാണത്രേ.ചേച്ചിക്ക് രേഖകളിൽ മതമില്ലയെങ്കിലും എല്ലാ ശനിയാഴ്ചകളിലും പള്ളിയിൽ പോകും.
സ്വിറ്റ്സർലാൻഡിൽ പ്രോപ്പർട്ടിയുണ്ടെങ്കിൽ പ്രോപ്പർട്ടി വാല്യൂവിന്റെ ഒന്നുമുതൽ രണ്ട് ശതമാനംവരെ എല്ലാ വർഷവും ടാക്സ് അടയ്ക്കണം.വീടിന്റെ വാല്യൂ,എത്രെ വർഷമായി പ്രോപ്പർട്ടി നിങ്ങളുടെ കൈവശമാണ്,ഏത് മുനിസിപ്പാലിറ്റിയിലാണ് എന്നൊക്കെയനുസരിച്ചാണ് ടാക്സ് നിശ്ചയിക്കുന്നത്. റെന്റിന് താമസിക്കുകയാണെങ്കിൽ പോലും ടാക്സ് അടക്കണം.പക്ഷേ അത് പ്രോപ്പർട്ടി ഓൺ ചെയ്യുന്നതിനെ അപേക്ഷിച്ച് കുറവാണ്.ഭൂരിഭാഗം ആളുകളും സ്വിറ്റ്സർലാൻഡിലെ വാടകക്കാരാണെന്ന് പറയേണ്ടിവരും.
ലുസെണിലെ ചാപ്പൽ ബ്രിഡ്ജും ചുറ്റുപാടുമുള്ള സ്ഥലങ്ങളും ഞങ്ങൾക്ക് നന്നേ പിടിച്ചിരുന്നു. അതുകൊണ്ടുകൂടിയാണ് പിന്നെയും ലുസെണിൽ തിരിച്ചുവന്നത്.രാത്രിയിൽ ലുസെണിൽ നിന്നും നോക്കിയാൽ അകലെ അഞ്ചു ചെറിയ ലൈറ്റുകൾ തെളിഞ്ഞു കാണുന്ന ഒരു മലയുണ്ട്, മൗണ്ട് പിലാറ്റസ്.യേശുക്രിസ്തുവിനെ ക്രൂശിക്കാൻ വിധിച്ച പന്തിയോസ് പിലാത്തോസിനെ ആ മലയിലുള്ള ഒരു തടാകത്തിലേക്ക് എറിഞ്ഞുവെന്ന് പ്രസിദ്ധമായ ഒരു കഥയുണ്ട്. അതുകൊണ്ടാണ് ആ മലയ്ക്ക് മൗണ്ട് പിലാറ്റസ് എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു.പിലാത്തോസിന്റെ ഗതികിട്ടാത്ത ആത്മാവ് ആ മലയിൽ ഉണ്ടെന്നും ആ മല പ്രേതബാധയുള്ള മലയാണെന്നും വിശ്വസിച്ചുപോന്നു.അവിടെ പോകരുതെന്ന് പണ്ട് ആളുകൾ വിശ്വസിച്ചിരുന്നു.ബോട്ട്,ട്രെയിൻ,ബസ് എന്നിവകൂടാതെ കേബിൾകാർ, കോഗ്വീൽ ട്രെയിൻ,ഗൊണ്ടോല എന്നിവയുടെയൊക്കെ യാത്രാ സൗകര്യങ്ങളുപയോഗിച്ച് ഈ കാലത്ത് അവിടെയെത്താനുള്ള സൗകര്യമുണ്ട്. മൗണ്ട് പിലാറ്റസിൽ ഡ്രാഗൺ ജീവിക്കുന്നുവെന്നും കഥകളുണ്ട്.ആ ഡ്രാഗണിന് സൗഖ്യമാക്കാനുള്ള കഴിവുണ്ടത്രേ. ലുസെണിൽ വിൽടെൻ മാനിലാണ് ഞങ്ങൾ താമസിച്ചിരുന്നത്.ആ ഹോട്ടലിനോടടുത്തുള്ള പബ്ലിക് വാട്ടർപൈപ്പിൽനിന്നും ഒഴുകുന്നത് മൗണ്ട് പിലാറ്റസിൽ നിന്നും വരുന്ന ശുദ്ധമായ വെള്ളമാണെന്ന് ടൂറിസ്റ്റ് ഗൈഡ് പറയുന്നത് കേട്ട് ഞങ്ങൾ ഭയഭക്തിയോടെ കുപ്പിയിൽ വെള്ളംനിറച്ചു കുടിച്ചിരുന്നു.എന്റെ മകൻ അന്ത്രയോയോട് സ്വിറ്റ്സർലാൻഡിലുള്ള എന്റെ ചേച്ചി ഡ്രാഗന്റെ കഥ പറഞ്ഞ് ആ മല കാണിച്ചുകൊടുത്തപ്പോൾ അവന്റെ ശബ്ദം പതിയെയായി.ചുമ്മാ ഫാന്റസി കഥയല്ലേ അല്ലാതെ റിയൽ അല്ലല്ലോയെന്ന് അന്ത്രയോ സംശയത്തോടെ ചോദിച്ച് മലമുകളിൽ തെളിഞ്ഞു കാണുന്ന അഞ്ചു ലൈറ്റുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു.
ബിയാറ്റൻബർഗിൽ നാല് ദിവസം താമസിച്ച് യുങ്ഫ്രോയോ,ഗ്രിണ്ടെൽവാൾഡ്,ലോട്ടർബ്രണ്ണൻ,മുറൻ,ബർൺ,സ്പിയെസ്,സ്റ്റാഡ്,സാനൻ,ഇന്റർലാക്കൻ മുതലായ സ്ഥലങ്ങൾ കണ്ടു.ബിയാറ്റൻബർഗിൽനിന്നും എങ്ങോട്ട് പോകണമെങ്കിലും ഇന്റർലാക്കനിൽ എത്തണമായിരുന്നു.ഒരു മണിക്കൂർ കൂടുമ്പോഴേ അങ്ങോട്ടേക്കും തിരിച്ചുമുള്ള ബസ്സുള്ളൂ.നിറയെ ആളുകളാണ് ബസ്സിൽ രാത്രി തിരിച്ചുവരുമ്പോൾ.നിന്നും ഇരുന്നുമൊക്കെ ആളുകൾ യാത്രചെയ്തു.രാവിലെ ഞങ്ങൾക്കിരിക്കാനുള്ള സ്ഥലംകിട്ടും.ഒരുദിവസം രാവിലെ ബസ്സിനുള്ളിൽ ഒരു ചെറിയ കിളി അകപ്പെട്ടു.പുറത്തേക്കുള്ള വഴിയാണെന്നുകരുതി അത് ഗ്ലാസ്സ് വിൻഡോയിൽ ഇടിച്ചു.ഞാൻ ഇരിക്കുന്ന സീറ്റിന് അടുത്തുള്ള വിൻഡോയായിരുന്നു അത്.ആ കിളി നിസ്സഹായയായി പുറത്തേക്ക് നോക്കിയിരുന്നു.അതിന് അതിന്റെ കൂട്ടുകാരെ നഷ്ട്ടമാകുമല്ലോയെന്ന് പറഞ്ഞ് എന്റെ ഭർത്താവ് ആശങ്കപ്പെട്ടു.ഞാൻ പതിയെ രണ്ട് കൈയും കൊണ്ട് നിരാശപ്പെട്ടിരുന്ന കിളിയുടെ ചിറകിന്മേൽ പതിയെ പിടിച്ചു.അത് നുഴഞ്ഞു പുറത്തേക്ക് വരാൻ ശ്രമിച്ചു.ഞാൻ അതിന്റെ കാലുകൾ എന്റെ വിരലുകൾക്കുള്ളിലാക്കി.അത് എന്റെ മൃതുവായ പിടിയിൽനിന്നും രക്ഷപെട്ട് എന്റെ തോളിലിരുന്നു.എന്റെ മകൻ ആ കിളിയെ തരാൻ പതിയെ ആവശ്യപ്പെട്ടു.കിളിയെ പേടിപ്പിക്കാതെയെന്ന് പതിഞ്ഞ സ്വരത്തിൽ ഞാനും പറഞ്ഞു.അടുത്ത സ്റ്റോപ്പായപ്പോൾ ഡോറിന്റെയടുത്തുചെന്ന് എന്റെ ഷോൾഡർ പുറത്തേക്ക്വെച്ചുകൊടുത്തു കിളിക്ക് പറന്നുപോകാൻ.കിളി അനങ്ങാതെ എന്റെ തോളിൽത്തന്നെ ഇരിക്കുകയാണ്.ഗോ എന്ന് പറഞ്ഞ് അതിനെ ഞാൻ തൊട്ട് പറത്തിവിട്ടു.ബസ്സിലുണ്ടായിരുന്ന ആളുകൾക്കൊക്കെ സന്തോഷമായി എന്റെ മകനൊഴികെ.അവരാരും കാണാതെ കരഞ്ഞുകൊണ്ട് എന്റെ ഭർത്താവിനെ പിച്ചുന്നത് എതിർവശത്തിരുന്ന ഞാൻ കണ്ടു ചിരിച്ചു. അവിടെ കിളികൾക്ക് മനുഷ്യരെ പേടിയുള്ളതായി എനിക്ക് തോന്നിയില്ല.മോൺഡ്രിയക്സിൽ വെച്ച് ഒരു ടീനേജ് പയ്യന്റെ കൈയിലുള്ള ചിവാവാ പട്ടിയെയും ഗൗനിക്കാതെ അവൻ ഇട്ടുകൊടുക്കുന്ന ബ്രെഡും കഴിച്ചു അടുത്തതിനായി കാത്തു നിൽക്കുകയായിരുന്നു ഒരു കൂട്ടം കിളികൾ.അവൻ കൈയിൽ ബ്രെഡും വെച്ച് കൈ ഇടത്തേക്കും വലത്തേക്കും കൊണ്ടുപോകുമ്പോൾ കിളികളുടെ തലകളും അവന്റെ കൈക്കനുസരിച്ചു നീങ്ങുന്നു.അവനൊരു മജീഷ്യന്റെ പവറുണ്ടായിരുന്നു. ആശ്ചര്യവും അതിലേറെ സന്തോഷവും തോണിച്ച കാഴ്ചയായിരുന്നു അത്.
നമുക്ക് പല ജന്മങ്ങൾ എടുക്കേണ്ടിവരുമെന്നുള്ള വിശ്വാസമുണ്ടല്ലോ.അങ്ങനെയെങ്കിൽ ആ ജന്മങ്ങളിലൊന്നിൽ പട്ടിയായി ജനിക്കാൻ യോഗമുണ്ടേൽ സ്വിറ്റ്സർലാൻഡിലെ പട്ടിയായി ജനിക്കണം.ഇത്രയും ഭാഗ്യം ചെയ്ത നായ്ക്കൾ വേറെയുണ്ടോ? അവരുടെ യജമാനന്റെ കൂടെ നടത്തം, മലകയറ്റം,ചുറ്റിക്കറക്കം ഒന്നുംപോരാഞ്ഞ് വിസർജിക്കാൻ അതിവിശാലമായ സുന്ദരമായ സ്വിറ്റ്സർലാൻഡ് പ്രദേശം.പോരാത്തതിന് എത്ര സ്നേഹത്തോടെയാണ് അരെ പരിചരിക്കുന്നത്!
ബെർഗ്‌ഫ്യൂറർബ്രൊട്ട് (Bergfuhrerbrot) അഥവാ മൗണ്ടൻ-ഗൈഡ്-ബ്രെഡ് എന്ന് അർത്ഥമുള്ള ബ്രെഡ് സെർമാറ്റിലെ സ്പെഷ്യൽ ബ്രെഡാണ്.ഫുക്സ് ബേക്കറിയിൽനിന്നാണ് ഞങ്ങൾ ആദ്യമായി ഇത് കഴിച്ചത്.ഫ്രഷ് ആപ്പിളും ഫിഗ്ഗും നട്സും സുൽറ്റാനായും (ഉണക്ക മുന്തിരി ) കറുവപ്പട്ടയും കൊക്കോയും അവരുടെ സീക്രട്ട് ഫ്ലർ മിക്സ്റ്റിൽ ചേരുമ്പോഴാണ് ഈ രുചിയൂറും ബ്രെഡ് ഉണ്ടാകുന്നത്.ഞങ്ങൾ അത് കുറേ വാങ്ങി ദുബായ്ക്ക് കൊണ്ടുവന്നിട്ടുണ്ട്.സ്വിസ് ആൽപൈൻ മാക്കറോണി ആൻഡ് ചീസാണ് എടുത്തു പറയത്തക്ക ഒരു ഡിഷ്.ചീസ് തേച്ചുപിടിപ്പിച്ചപോലെയെത്തുന്ന മക്രോണിക്കും പൊട്ടറ്റോക്കും മുകളിൽ ക്യാരമലൈസ്ഡ് ഒനിയനും ബേക്കനും ഇട്ടിരിക്കും.സൈഡിൽ ആപ്പിൾ സോസുമുണ്ട്.ഇത് സ്വിറ്റ്സർലാൻഡിൽ കിട്ടിയ ക്ലാസ്സി ഡിഷായിരുന്നു. മോൺട്രിയെക്സിലുള്ള ഗ്രിൽ മൗണ്ടൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച ബീഫിന്റെയും ചിക്കെന്റെയും ബൊളോഗണീസ് പാസ്തയുടെയും രുചി എടുത്തു പറയേണ്ടതാണ്. ഇവയൊഴിച്ചാൽ സ്വിറ്റ്സലാൻഡ് ഭക്ഷണത്തിന് ബിലോ ആവറേജേ മാർക്ക് കൊടുക്കാൻ പറ്റൂ.ഷിൽത്തോണിലെ കറങ്ങുന്ന റെസ്റ്റോറന്റ് ആയ പിസ് ഗ്ലോറിയയിൽ നിന്ന് കഴിച്ചപ്പോൾ ഞാൻ ആലോചിച്ചു;‘എത്ര പ്രശസ്തമായ റെസ്റ്റോറന്റ് ആണ്.എല്ലാവരുടെയും ഐറ്റനറിയിൽ കാണും ഈ പേര്.ജെയിംസ് ബോണ്ട് ചിത്രം, ‘ഓൺ ഹെർ മജിസ്റ്റീസ് സീക്രെട് സർവീസ്’ ന്റെ ലൊക്കേഷനാണ്! ഇവർക്ക് ഭക്ഷണം ഉണ്ടാക്കാൻ അറിയാവുന്ന ആരെയേലും അടുക്കളയിൽ നിർത്തിക്കൂടെ! ഇവരാരും ഈ ഉണ്ടാകുന്നത് കഴിച്ചു നോക്കാറില്ലേ? ‘ എന്റെ ഈ സംശയങ്ങളും വ്യാകുലതകളും കേട്ട് അതേപ്പറ്റി ഗൂഢമായി ആലോചിച്ച് എന്റെ മകനും ഭർത്താവുമിരുന്നു.
പിസ്ത കൊണ്ടുള്ള ജലാറ്റോക്കും സ്വിറ്റ്സർലാൻഡിലെ ചില ലോക്കൽ ചോക്ലേറ്റ് ബ്രാൻഡ്‌സിനും അസാമാന്യ രുചിയാണ്. മാക്സ് ചോക്ലേറ്റിയറും സ്വിസ് ചോക്ലേറ്റിയറുമാണ് രുചിയേറും ചോക്ലേറ്റ് ഉണ്ടാക്കുന്നവർ. ചോക്ലേറ്റിൽ പല പരീക്ഷണങ്ങളും അവർ നടത്തുന്നു. കിൽച്ച്‌ബെർഗിലെ ലിന്റ് ചോക്ലേറ്റ് ഫാക്ടറിയിൽ പോയതായിരുന്നു പ്രയോജനമില്ലാത്ത ഒരു യാത്രയായി എനിക്ക് തോന്നിയത്.ടിക്കറ്റ് വിറ്റുതീർന്നുവെന്ന് ഞങ്ങളെ റിസപ്ഷനിൽനിന്നും അറിയിച്ചു.അവിടെ കൂടിയ ജനങ്ങൾ അവരുടെ കഫെയിലും ചോക്ലേറ്റ് ഷോപ്പിലും പൈസ ചിലവഴിച്ചു.എനിക്ക് പ്രതിഷേധം തോന്നി.എന്ത് വിറ്റു തീർന്നു! മ്യൂസിയത്തിൽ ഞങ്ങളും കയറിക്കണ്ടാൽ എന്താ?അവർക്ക് ചോക്ലേറ്റ് ഷോപ്പ് അടച്ചിട്ടൂടെ.അവിടെ ടിക്കറ്റ് തീർന്നുവെന്ന് പറയാത്തത് എന്താ? ചോക്ലേറ്റ് ഷോപ്പിൽ ബെസ്റ്റ് സെല്ലറായി കാണിച്ചേക്കുന്നത് ദുബായ് ചോക്ലേറ്റും!
‘ഹും..ദുബായിൽ നിന്നും വന്ന ഞങ്ങളെയാണോ ദുബായ് ചോക്ലേറ്റ് കാണിക്കുന്നത്. ദുബായ് ചോക്ലേറ്റിന്റെ യഥാർത്ഥ നിർമാതാക്കളായ ഫിക്സ് ചോക്ലേറ്റിയറിൽ നിന്നും കഴിച്ചിട്ടുള്ളതാ! മതി ചോക്ലേറ്റ് വാരിയെടുത്തത്..‘ എന്റെ മകനോടും ഭർത്താവിനോടും ദേഷ്യത്തോടെ ഞാൻ പറഞ്ഞു.കിൽച്ച്ബെർഗിൽ നിന്നും എത്ര നടന്നിട്ടാണെന്നോ ലിൻഡ് ഫാക്ടറിയിൽ എത്തിയത്!ഇനി തിരിച്ചും നടക്കണ്ടേ!
കിൽച്ച്ബെർഗിലെ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്നപ്പോഴും എന്റെ പ്രതിഷേധം മാറിയിരുന്നില്ല.
ഭയങ്കര ചൂടാണ് എല്ലേ,എന്റെയടുത്തു ബെഞ്ചിലിരുന്ന ഒരു സ്വിറ്റ്സർലാൻഡ്കാരൻ കുശലം അന്വേഷിച്ചു.
ചൂടെടുത്തു ഞാൻ പുഴുങ്ങിപ്പോകുന്നു!
ലിന്റ് ചോക്ലേറ്റ് ഫാക്ടറി കാണാൻ വന്നതാകും എല്ലേ?അയാൾ ചോദിച്ചു.
അതെ.ആ ചോക്ലേറ്റിന് വലിയ രുചിയൊന്നുമില്ല.കഫെയിൽനിന്ന് കുടിച്ച ചോക്ലേറ്റ് മിൽക്ക് കൊള്ളത്തേയില്ലായിരിന്നു.
ഞാനും പോകും ആ കഫെയിൽ ഇടയ്ക്കിടെ.നല്ല കോഫി കിട്ടും.വലിയ റേറ്റ് ഒന്നുമില്ല.ഈ വില്ലേജിൽ വേറെ കഫെയൊന്നുമില്ലല്ലോ.അവർ അത് വരുമാനത്തിന് വേണ്ടി നടത്തുന്നതല്ല.അവർ ചോക്ലേറ്റ് വിറ്റല്ലേ കാശുണ്ടാക്കുന്നത്.ലിന്റിന്റെ ഉടമസ്ഥൻ ഇവിടെയാണ് താമസം.ബെന്റ്ലി ഉണ്ട് അയാൾക്ക്.അയാൾഅതോടിച്ചുകൊണ്ട് പോകുന്നത്കാണാം.ബെന്റ്ലി പോകുമ്പോൾ ഞാൻ കൈ കാണിക്കും.അയാൾക്ക് പ്രായമായി..അവിടുത്തെ ജോലിക്കാർക്കൊക്കെ വലിയ സന്തോഷമാണ്. ജോലി ചെയ്യാൻ കൊള്ളാവുന്ന സ്ഥലമാണ് അവിടം.
ങ്ഹാ..ഞാനിവിടെ കൊക്കോ കൃഷി കണ്ടില്ല.കൊക്കോ എവിടുന്നാ വാങ്ങുന്നെ, ഞാൻ ചോദിച്ചു.
ആഫ്രിക്കയിൽനിന്ന്,അയാൾ പറഞ്ഞു.
ചോക്ലേറ്റ് രുചിക്കാൻ പറ്റില്ല.നാവിൽ ആദ്യം വരുന്നത് ഷുഗറാണ്. ഷുഗറും പുറത്തൂന്ന് വരുത്തുവാണോ?
ഞങ്ങൾ ഷുഗർ ബീറ്റിൽ നിന്നാണ് ഷുഗർ എടുക്കുന്നത്.മണ്ണിനടിയിൽ വളരുന്ന കിഴങ്ങാണത്.എനിക്ക് മനസിലാകാൻ ക്യാരറ്റ് പോലെയിരിക്കും എന്നൊക്കെ പറഞ്ഞുതന്നു.ചോക്ലേറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാല് അതും ഞങ്ങളുടെയാണ്.
പാലിന് നല്ല രുചിയാണ്.ഞാനും സമ്മതിച്ചു.
സിറ്റിയിലാണോ താമസം?അയാൾ ചോദിച്ചു.
ഞാൻ സുറിച്ചിൽ നിന്നാണ് വരുന്നത്.
അതല്ല നിങ്ങൾ എവിടെനിന്നാണ്?
ഞാൻ ദുബായിൽ നിന്നാണ്.
അത് വലിയ സിറ്റി എല്ലേ! വീടിന്റെ പുറകിൽ നിന്ന് ഓയിൽ കുഴിച്ചെടുക്കുമോ?അയാൾ കുസൃതിച്ചിരിയോടെ എന്നെ നോക്കി.
അയാൾക്ക് ഇന്ത്യക്കാർ എങ്ങനെയിരിക്കുമെന്നോ അറബികൾ എങ്ങനെയിരിക്കുമെന്നോ അറിവില്ല എന്നെനിക്ക് മനസിലായി.
പോകാനുള്ള ട്രെയിൻ വന്നു.എന്റെ ലിന്റ് ഫാക്ടറിയോടുള്ള ദേഷ്യം കാരണം അകലെ മാറിനിന്ന എന്റെ മകനും ഭർത്താവും എന്നെ നോക്കുന്നുണ്ടായിരുന്നു.അയാളോട് യാത്ര പറഞ്ഞ് അവരുടെ കൂടെ ഞാനും ട്രെയിൻ കയറി.
എന്റെ ദേഷ്യം അപ്പോഴേക്കും മാറിയിരിന്നു.ഹോ എന്തൊരു ചൂട്,രണ്ടു പേരോടുമായി ഞാൻ പറഞ്ഞു.
ഐസ് ഏജിന്റെ അവസാനകാലഘട്ടത്തിലുണ്ടായ ആരെ ഗോർഗ്; പാറക്കെട്ടുകൾക്കിടയിലൂടെ ഇടുങ്ങി ഒഴുകുന്ന ആരെ നദിയുടെ കുറച്ചു ഭാഗം; ചുണ്ണാമ്പ്കല്ലുകൾകൊണ്ടുള്ള പാറക്കെട്ടുകൾ ഉണ്ടായേക്കുന്ന ആകൃതി കാണാനാണ് കൂടുതൽ ഭംഗി.ഗ്ലേസിയർ പാരഡൈസും ഐസ് പാലസും ഞങ്ങൾക്ക് പുതിയ അനുഭവമായിരുന്നു. റൈൻ വാട്ടർഫാൾസ് കാണാൻ എത്രെയോ സ്പോട്ടുകളാണവിടെ.മലവെള്ളം കുത്തനെ താഴേക്ക് വീഴുമ്പോൾ അതിന്റെ അടുത്തുനിന്നു കണ്ടതിന്റെ സുഖം ദേഹത്ത് ഇപ്പോഴും എറിച്ചിലായി തെറിക്കുന്നുണ്ട്.മൗണ്ട് റ്റിറ്റിലിസിലെ സസ്പെൻഷൻ ബ്രിഡ്ജിലൂടെ നടന്നപ്പോൾ എനിക്ക് പേടിതോന്നിയില്ല.ആളുകൾ പേടിക്കാതെയിരിക്കാനാകുമോ മൂടൽ മഞ്ഞ് ഞങ്ങൾക്ക് തൂവെള്ള കമ്പിളി തന്നതെന്ന് ഞാൻ സംശയിച്ചു.സമുദ്രനിരപ്പിൽ നിന്നും മൂവായിരം മീറ്ററിൽ കൂടുതൽ ഉയരത്തിൽ നിൽക്കുന്ന മൗണ്ട് റ്റിറ്റിലിസ്സിൽ അന്ന് പെട്ടെന്ന് ചാറ്റൽ മഞ്ഞ് മുത്ത്‌പോലെ വീണു.സെർമാറ്റിൽ നിന്നും മുറീനി കുന്നിലേക്ക് പതിനഞ്ചുമിനിറ്റ് നടന്നുചെന്ന് ആകാശം തൊട്ടുനിൽക്കുന്ന മാറ്റർഹോണും താഴ്‌വാരത്തു വിളക്കണിഞ്ഞു നിൽക്കുന്ന ഷാലെ വീടുകളും ഞാൻ കൊതിയോടെ കണ്ടുനിന്നു.നീ ഒരു കാമുകനായിരുന്നു എങ്കിൽ ഞാൻ നിന്റെ കാമുകിയാകുമായിരുന്നുവെന്ന് മാറ്റർഹോണിനോട് ഞാൻ രഹസ്യം പറഞ്ഞു.സ്റ്റാഡിൽ നിന്നും സാനനിലേക്ക് നടക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ഈ ഭൂമിയിലേക്ക് ഏറ്റവും ഭംഗിയുള്ള ഗ്രാമത്തിലേക്കാണ് ഞാൻ നടന്നടുക്കുന്നതെന്ന്.യാഷ് ചൊപ്ര ദിൽവാനാ ദുൽഹനിയ ലേ ജായെങ്കെയിൽ നമ്മളെ കാണിച്ചുതന്ന ഏറ്റവും സുന്ദരമായ സ്ഥലങ്ങൾ, സ്റ്റാഡ് &സാനൻ. ലോട്ടർബ്രണ്ണനിലെ സ്റ്റോബാക്ക് ഫാള്സ് കാണാൻ ഇടുങ്ങിയ പാതയിലൂടെ മുകളിൽ നടന്ന്ചെന്ന് അവിടെനിന്നും മഴപോലെ തെറിച്ചുവീഴുന്ന വെള്ളത്തിൽ സൂര്യപ്രകാശമടിച്ചുണ്ടായ മഴവില്ല് ഞങ്ങളുടെ താഴെ വില്ല് വളച്ചു നിന്നു തന്നതുകണ്ട് എന്റെ കണ്ണുനിറഞ്ഞു.യുങ്ഫ്രോയോയിലെ ഐസ് മലയിൽ നിന്നും റിങ്ങിലിരുന്നു താഴെക്ക് സ്ലെഡ് ചെയ്ത് താഴെയെത്തിയ ആളുകളുടെ റിങ് ഞാൻ ഇടിച്ചു തെറിപ്പിക്കുമ്പോഴും സിപ് ലൈനിൽ പക്ഷി പോലെ പറന്ന് നിതംബം മഞ്ഞുമലയിൽ ഇടിച്ചു നിരങ്ങി നിന്നപ്പോഴും ഞാൻ ഉറക്കെ ചിരിക്കുകയായിരുന്നു.
സ്വിറ്റ്സർലാൻഡ്കാർ ദൈവവിശ്വാസികളാണ്.ദൈവത്തിന്റെ മനോഹര സൃഷ്ടികളെയും അവന്റെ ജ്ഞാനത്തേയും പ്രകീർത്തിച്ചുകൊണ്ടുള്ള അനേകം ബൈബിൾ വചനങ്ങൾ പലയിടത്തും കാണാം.
‘കർത്താവേ,അങ്ങയുടെ സൃഷ്ടികൾ എത്ര വിവിധ്യപൂർണങ്ങളാണ്! ജ്ഞാനത്താൽ അങ്ങ് അവയെ നിർമ്മിച്ചു;ഭൂമി അങ്ങയുടെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു‘. ഞാനും ദൈവത്തിന്റെ സൃഷ്ടിയെ പുകഴ്ത്തുന്ന ഈ വചനങ്ങളെ കുറിക്കുന്നു. ദൈവമേ നിന്റെ സൃഷ്ടികൾ എന്നെ എത്രയേറെ സന്തോഷിപ്പിക്കുന്നു..!