ഇന്നെനിക്ക് ബോണസ്സായി ഒരു വയസ്സുകൂടി കിട്ടി. ചേർത്തുപിടിച്ച വീട്ടുകാർക്കും കൂടെനിന്ന കൂട്ടുകാർക്കും ഒരുപാട് നന്ദി.
ഒരു കാലവര്‍ഷക്കാലത്ത് നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് നീന്തലറിയാവുന്ന കൂട്ടുകാരുടെകൂടെ നീന്തലറിയാത്ത ഞാൻ എടുത്തുചാടി ഒഴുക്കിൽപ്പെട്ട് മരണത്തിലേക്ക് ഒഴുകിപോയപ്പോൾ എവിടെനിന്നോ നീന്തിവന്ന് എന്നെ കരയ്ക്കടുപ്പിച്ച എന്റെ അഞ്ചാം ക്‌ളാസ്സിലെ സഹപാഠി ഓന്നാന്‍കുഞ്ഞ് ! വർഷങ്ങൾക്കുശേഷം ജനുവരിയിലെ കൊടുംതണുപ്പിൽ ജനത്തിരക്കേറിയ ഹൗറാ സ്റ്റേഷനിലെ സിമന്റ് ബഞ്ചിൽ ദിക്കറിയാതെ തരിച്ചിരുന്നപ്പോൾ അപ്രതീക്ഷിതമായി പിറകിൽനിന്നും പിടിച്ചെഴുന്നേൽപ്പിച്ച കൂത്താട്ടുകുളത്തെ കൂട്ടുകാരൻ വെണ്ടർ രാജൻ ! കൽക്കട്ടയിലെ തിരക്കേറിയ തെരുവുകളിലൂടെ എനിക്കുവേണ്ടി ജോലി തെരക്കിയലഞ്ഞ കൂട്ടുകാരൻ വെങ്കടേശ്വരൻ ! മദ്രാസ് സെൻട്രൽ സ്റ്റേഷന്റെ മുൻപിലുണ്ടായ റോഡപകടത്തിൽ രക്തംവാർന്ന് മണിക്കൂറുകൾ കിടന്ന എന്നെ, ഓടുന്ന ബസ്സിൽനിന്നും ചാടിയിറങ്ങി തൊട്ടപ്പുറത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ച് ബോധം
തെളിയുന്നതുവരെ കാത്തിരുന്ന് ആരോടും മിണ്ടാതെ സ്ഥലംവിട്ട ഇരുണ്ടു മെലിഞ്ഞ തമിഴൻ പയ്യൻ !
ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടർന്ന് പ്രക്ഷുബ്ദമായ ഹരിദ്വാറിലെ ഗുരുനിവാസ് ഹോട്ടൽ കലാപകാരികൾ തീയിട്ടപ്പോൾ കത്തിയെരിയുന്ന ഹോട്ടൽ മുറിയിൽനിന്നും ഫയർ എസ്‌കേപ്പ് ഗോവണിയിലൂടെ എന്നെ സുരക്ഷിതമായി താഴെയിറക്കി തീയിലേക്ക് സ്വയം തിരിച്ചുപോയ റൂംബോയി കാക്കിനിക്കറും മഞ്ഞബനിയനുമിട്ട തെലുങ്കൻ പയ്യൻ ! കൽക്കട്ട ബിഹാല ചൗരാസ്ഥയിലെ ഡോ. ടി. കെ. ബാസുവിന്റെ ക്ലിനിക്കിന്റെ വരാന്തയിൽ മഞ്ഞപ്പിത്തം മൂർച്ഛിച്ച് ആരുമില്ലാതെ ഞാൻ മൃതപ്രായനായി കിടന്നപ്പോൾ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് എന്നെ സഹോദരതുല്യം സംരക്ഷിച്ച ചന്ദ്രമണിച്ചേച്ചി ! നക്സൽ സമയത്ത് നോർത്ത് കൽക്കട്ടയിലെ ബർത്തല പോലീസ് സ്റ്റേഷനിൽനിന്നും ഒരു മുൻപരിചയവുമില്ലാതെ എന്നെ പുറത്തിറക്കിക്കൊണ്ടുവന്ന പത്രപ്രവർത്തകൻ ശേഖരൻ നമ്പ്യാർ ! പലരും മൺമറഞ്ഞെങ്കിലും എന്റെ ജീവിതവഴികളിൽ ഞാൻ കണ്ടു കൈകൂപ്പിയ ദൈവങ്ങളാണവർ. ചേർത്തുനിർത്തിയവരെ വിസ്മരിച്ചാൽ പ്രവാസജീവിതത്തിന്റെ വിശുദ്ധി നഷ്ടപ്പെടുമെന്ന ബലമായ തിരിച്ചറിവോടെ പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ദേശവും കാലവും മാറിയെങ്കിലും ഞാനിന്നും യാത്ര തുടരുന്നു പ്രവാസത്തിന്റെ മാറാപ്പും തോളിലേറ്റി മറ്റൊരു ബോണസ്സിനായി....