Image

ഇന്ന് അത്തം, പത്താംനാള്‍ പൊന്നോണം; നമുക്ക് ഒരുമിച്ചു ആഘോഷിക്കാം (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 26 August, 2025
ഇന്ന് അത്തം, പത്താംനാള്‍ പൊന്നോണം;  നമുക്ക് ഒരുമിച്ചു ആഘോഷിക്കാം (ശ്രീകുമാർ ഉണ്ണിത്താൻ)

മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ- എത്രയോ  കാലമായി എല്ലാ ഓണത്തിനും പാടിയിട്ടും ഈ വരികൾ മലയാളികൾ മടുക്കുന്നില്ല, മറക്കുന്നില്ല, മാറ്റുന്നില്ല. ഓണം മലയാളിക്ക് ഒരു ആഘോഷം മാത്രമല്ല. ഒരു പ്രതീക്ഷ കൂടിയാണ്. പൊയ്‌പ്പോയ ആ നല്ലകാലം വീണ്ടും വരുമെന്നാണോ?

ഇന്ന് അത്തം, പത്താംനാള്‍ പൊന്നോണം, കേരളത്തിന്റെ ദേശീയോത്സവം. കര്‍ക്കടക മഴക്കാറ്  മാഞ്ഞ് ഓണത്തിന്റെ പ്രഭയിലേക്ക് നാടുണര്‍ന്നു നീങ്ങുന്ന ദിവസം.  

എല്ലാരംഗത്തും സ്ഥിതിഗതികൾ കലുഷിതമാണെങ്കിലും പ്രതീക്ഷയുണർത്തി  വീണ്ടും ഓണം വരവായി.  നന്മയുടെ, സാഹോദര്യത്തിന്റെ, ഐശ്വര്യത്തിന്റെ ആ നാളുകളുടെ ഓർമ്മ പുതുക്കാനായി ഒരു നാൾ.   മലയാളികളുടെ ഒരു വർഷത്തെ  കാത്തിരിപ്പ് സഫലമാകുന്നു ..

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകള്‍ക്കാണ് അത്തം മുതല്‍ തുടക്കമാവുന്നത്. തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലും അതിന്റെതായ പ്രത്യേക ആചാരങ്ങളും രീതികളും അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്.   വീടുകളില്‍ പൂക്കളം കൊണ്ട് അലങ്കരിക്കാന്‍ തുടങ്ങുന്നത് ഈ ദിവസം മുതല്‍ക്കാണ്. അത്തം മുതല്‍ പത്താം ദിനം വരെ, ഓരോ നിറങ്ങളില്‍ ഓരോ പൂക്കളാല്‍ അത്തപ്പൂക്കളം ഒരുക്കുന്നു.  അത്തപ്പൂ ഇടാനായി കുട്ടികൾ പുക്കൾക്കായി ഓടിനടക്കുന്ന സമയം. ഓണമായാല്‍ വീട്ടില്‍ പൂക്കളം സര്‍വസാധാരണം. പക്ഷേ, തുമ്പയും കാശിത്തുമ്പയും അത്തംമുതല്‍ പൂതേടി ഇറങ്ങുന്ന കുട്ടികളും ഓര്‍മയായി. കാടും മേടും പോയപ്പോള്‍ പൂക്കളും പോയി.
 
ഓണത്തിന്റെ താളമാണ് ഊഞ്ഞാല്‍. ഊഞ്ഞാലിടാത്ത വീട്ടില്‍ ഓണമെത്തില്ലെന്ന് പറയുമായിരുന്നു. കൈകൊട്ടിക്കളിയും തിരുവാതിരകളിയും കിളിത്തട്ടുമൊക്കെയായി ഒരു കുട്ടികാലം ഓർമ്മയിൽ വരുന്നു .
കാലം എന്തൊക്കെ മാറ്റിമറിച്ചാലും മലയാളിയുടെ വൈകാരികാനുഭൂതിയാണ് ഓണം. ഒരുമയും  പെരുമയും ഓണത്തിനുണ്ട്.

ലോകത്തെവിടെ മലയാളി ഉണ്ടെങ്കിലും ഓണം ആകുമ്പോള്‍ അവർക്കത് ആഘോഷിക്കാതിരിക്കാൻ ആവില്ല. നാടും, വീടും വിട്ട് പ്രവാസ ജീവിതം നയിക്കുബോഴും  തുമ്പപ്പൂവും, പൂക്കളവും, പായസവും എല്ലാം ഓര്‍മകളിലേക്ക് ഓടിയെത്തും. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഓണം മലയാളികളുടെ ദേശീയോല്‍സവമാണ്.

പഴയ തലമുറയ്ക്ക് ഓണം ഒരു ഓർമ്മയാണ്. കുട്ടിക്കാലത്തെ ഓണാഘോഷങ്ങളുടെ വർണപ്പൊലിമ നിറം മങ്ങാതെ ഓണം  അവരുടെ മനസ്സിലുണ്ട്. ഓണം എന്ന് പറയുമ്പോൾ അവർക്കൊരു നൊസ്റ്റാൾജിയയാണ്.  ഓണക്കോടി, ഓണപ്പൂക്കളം, ഓണപ്പലഹാരങ്ങൾ,  ഓണക്കാഴ്ചകൾ, ഓണപ്പൂവിളികൾ, ഊഞ്ഞാൽ  എല്ലാം ഓർമയായിൽ തെളിഞ്ഞു നിൽക്കുന്നു.  

അതെ ഇന്ന് അത്തം, പത്താംനാള്‍ പൊന്നോണം  നമുക്ക് ഒരുമിച്ചു ആഘോഷിക്കാം ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക