ന്യു യോർക്ക്: പയനിയർ ക്ലബ്ബ് ഓഫ് കേരളൈറ്റ്സ് ഇൻ നോർത്ത് അമേരിക്കയുടെ ഓണാഘോഷം ഹൃദ്യമായ പരിപാടികളോടെ കേരള കിച്ചണി നടത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ആയിരുന്നു മുഖ്യാതിഥി.
ഓഗസ്റ്റ് 27 നു രജിസ്ട്രേഷൻ, കാപ്പി, ലഘുഭക്ഷണം എന്നിവയ്ക്ക് ശേഷം 11 മണിക്ക് ഓണം പരിപാടി ആരംഭിച്ചു. ഉഷ ജോർജ്, മേരി ഫിലിപ്പ്, മാത്യു കുമ്പംപാടം എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങൾ പൂക്കളം, നിലവിളക്ക്, താലപ്പൊലി തുടങ്ങിയവ ഒരുക്കിയിരുന്നു.
സെക്രട്ടറിയും എംസിയുമായ രാജു എബ്രഹാമിന്റെ ആമുഖ പ്രസംഗത്തിനു ശേഷം നിശബ്ദ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. തുടർന്ന് അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു.
വൈസ് പ്രസിഡന്റ് തോമസ് തോമസ് പാലത്ര, വിശിഷ്ട വ്യക്തികളെയും എല്ലാ അംഗങ്ങളെയും അതിഥികളെയും ഔദ്യോഗികമായി സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ജോണി സക്കറിയ ക്ലബ്ബിന്റെ എല്ലാ മുൻകാല നേതാക്കൾക്കും നദി പറഞ്ഞു. അംഗങ്ങൾക്കായി നടത്തുന്ന വിവിധ പരിപാടികളും അദ്ദേഹം വിശദീകരിച്ചു.
ഫ്ലഷിംഗ് സേവിംഗ്സ് ബാങ്കിലെ ബിസിനസ് സ്പെഷ്യലിസ്റ്റ് മരിയ സിൽവ പങ്കെടുത്ത എല്ലാവർക്കും ഓണാശംസകൾ നേർന്നു. ബാങ്കിൽ നിന്നുള്ള സൗജന്യ സമ്മാനങ്ങളും അവർ വിതരണം ചെയ്തു.
മുഖ്യാതിഥികളിൽ ഒരാളായ ബ്ലൂ ഓഷ്യൻ വെൽത്ത് സൊല്യൂഷൻസിന്റെ സാമ്പത്തിക ഉപദേഷ്ടാവും ECHO പ്രോഗ്രാം ഡയറക്ടറുമായ സാബു ലൂക്കോസ് എംബിഎ അർത്ഥവത്തായ ഓണ സന്ദേശം നൽകുകയും വൈകാരികത ഉണർത്തിയ ഒരു കവിത ചൊല്ലുകയും ചെയ്തു.
പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ എൽസി യോഹന്നാൻ ശങ്കരത്തിൽ കൊച്ചമ്മ എഴുതിയ ഹൃദയസ്പർശിയായ ഒരു കവിത ചൊല്ലി, എല്ലാവർക്കും ഓണാശംസകൾ നേർന്നു.
ക്ലബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിയമ ഉപദേഷ്ടാവുമായ അഭിഭാഷകൻ വിനോദ് കെയാര്കെ അവിസ്മരണീയവും പ്രചോദനാത്മകവുമായ ഓണ സന്ദേശം നൽകുകയും ഓണാശംസകൾ നേരുകയും ചെയ്തു.
കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനെയും ഭാര്യ സുധാകുമാരിയേയും താലപ്പൊലിയും ചെണ്ടമേളവും സഹിതം വരവേറ്റു. രാജ്മോഹൻ ഉണ്ണിത്താൻ നൽകിയ ഹൃദയംഗമമായ ഓണ സന്ദേശം മഹാബലി രാജാവിന്റെ ഇതിഹാസത്തിലൂടെയും, വിളവെടുപ്പ് കാലത്തിന്റെ പ്രാധാന്യത്തിലൂടെയും, ഉത്സവ പാരമ്പര്യങ്ങളിലൂടെയും, ഒരുമയുടെയും, കാരുണ്യത്തിന്റെയും, ഐക്യത്തിന്റെയും പ്രാധാന്യത്തിലൂടെയും ഓണത്തിന്റെ വ്യത്യസ്തമായ അർത്ഥതലങ്ങൾ വ്യക്തമാക്കുന്നതായിരുന്നു. പയനിയർ ക്ലബ്ബിന്റെ മുൻ പ്രസിഡന്റും ഐഒസി വൈസ് ചെയർമാനുമായ ജോർജ്ജ് എബ്രഹാം, എംപിയെ പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു.
പ്രസിഡന്റ് ജോണി സക്കറിയ രാജ്മോഹൻ ഉണ്ണിത്താനും സുധാകുമാരിക്കും നന്ദി പറഞ്ഞു. ഓണാഘോഷ പരിപാടികളിലേക്ക് അവരെ കൊണ്ടുവന്നതിന് ഐഒസി നേതാവും സാമൂഹിക പ്രവർത്തകയുമായ ലീല മാരേട്ടിനോട് നന്ദി അറിയിച്ചു.
ഉഷ ജോർജും മേരി ഫിലിപ്പും നയിച്ച സംഗീത സംഘം ശ്രുതിമധുരമായ ഓണപ്പാട്ടുകൾ പാടി .
കേരള സെനറ്റർ പ്രസിഡന്റ് അലക്സ് എസ്തപ്പൻ, മുൻ ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്,
ഫ്ലോറൽ പാർക്ക് ബെൽ റോസ് ഇന്ത്യൻ മർച്ചന്റ് അസോസിയേഷൻ ചെയർ ഡിൻസിൽ ജോർജ്, നോവലിസ്റ്റും തിരക്കഥാകൃത്തും സംവിധായകനുമായ ബാബു പാറക്കൽ, സംരംഭകനും ഫോമ- കെ.സി.സി.എൻ.എ മുൻ പ്രസിഡന്റുമായ ബേബി ഊരാളിൽ, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത്ത്, ഐനാനിയുടെ മുൻ പ്രസിഡണ്ടും മൊളോയ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. അന്ന ജോർജ് എന്നിവർ ആശംസകൾ നേർന്നു.
ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറി ലോണ എബ്രഹാം ഏവർക്കും നന്ദി പറഞ്ഞു. വിശിഷ്ടാതിഥികൾക്കു പുറമെ ദി ടേസ്റ്റ് ഓഫ് കേരള കിച്ചൺ ഉടമ വിൽസൺ, ജീവനക്കാർ, ഷോൺ (ഓഡിയോ, വീഡിയോ), ജോസഫ് കുമ്പനാട് (ഫോട്ടോസ്), ഗായക സംഘം, എന്നിവർക്കും പ്രത്യേക നന്ദി അറിയിച്ചു.
എല്ലാവരും ഓണസദ്യ ആസ്വദിച്ചു, ആഘോഷങ്ങൾ ഉച്ചയ്ക്ക് 2 മണിയോടെ മധുരമുള്ള ഓർമ്മകളോടെ അവസാനിച്ചു.