നല്ല ശാന്തമായ അന്തരീക്ഷം. ഓണത്തിന് ഇനി ഏതാനും ദിവസങ്ങള്‍കൂടി മാത്രം. ഓണപ്പൂക്കള്‍ വിരിഞ്ഞു തുടങ്ങി- ഓണത്തുമ്പികള്‍ അതില്‍ നിന്നും തേന്‍ നുകരുന്നു. ഉച്ചച്ചൂടിനു ഒരു കുളിര്‍മ പകര്‍ന്നുകൊണ്ട് മന്ദമാരുതന്‍ വീശുന്നുണ്ട്.
പെട്ടെന്ന് അന്തരീക്ഷം മാറി. നൊടിയിടയ്ക്കുള്ളില്‍ ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. മേഘവിസ്‌ഫോടനം!
ജനത്തെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ട് ആകാശത്തുനിന്നും ഈസ്റ്റുമാന്‍ കളറിലുള്ള ഒരു ഇളിച്ച എം.എം. ചിരിയുമായി, ഒരു സ്വയം പ്രഖ്യാപിത താരസുന്ദരി ലാന്‍ഡു ചെയ്യുന്നു.
'മാന്യ മഹാജനങ്ങളേ! നമ്മുടെ ഇടയില്‍ ഒരു പീഢന വീരന്‍ ഉണ്ട്. എന്റെ നല്ല ഒരു സുഹൃത്താണ്. എന്നെ നേരിട്ട് പീഡിപ്പിച്ചിട്ടില്ല. ചാറ്റിംഗിലുടെ എന്നെ ചീറ്റു ചെയ്യുവാന്‍ ശ്രമിച്ചിട്ടുണ്ട്.'
ഇത്ര മനോഹരമായി വസ്ത്രധാരണം ചെയ്ത്, സന്തോഷത്തോടെ, ആത്മനിര്‍വൃതിയോടെ ഒരു പീഡന കഥ 'ഇര' വിവരിക്കുന്നത് മലയാളി മക്കള്‍ ആദ്യമായി കാണുകയാണ്.
'ആരാണ് ആ വൃത്തികെട്ടവന്‍'
'പേര് ഞാന്‍ പറയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു യുവ നേതാവാണ്. ഇപ്പോള്‍ എം.എല്‍.എയാണ്. ഒരു ക്ലൂ തരാം. മാവില്ല, എന്നാല്‍ മാങ്കൂട്ടത്തിലുണ്ട്'
'ആരോടും ഇതുവരെ പരാതിപ്പെട്ടില്ലേ'
' ഞാന്‍ എന്റെ സ്വന്തം ഡാഡിയേക്കാള്‍ സ്‌നേഹിക്കുന്ന, ആരാധിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു നേതാവിനോട് മാത്രം പറഞ്ഞിട്ടുണ്ട്. പേരു ഞാന്‍ പറയില്ല. ഒരു ക്ലൂ തരാം. എന്റെ കഴിഞ്ഞ ബെര്‍ത്ത് ഡേയ്ക്ക് കേക്ക് മുറിച്ച്, എന്റെ വായില്‍ തരുന്ന ഫോട്ടോ കാണിക്കാം'
താരസുന്ദരിയുടെ മുഖത്തെ സന്തോഷം ഇരട്ടിക്കുകയാണ്. തന്റെ ഫോണില്‍ നിന്നും ആ ഫോട്ടോ പത്രക്കാരെ കാണിക്കുന്നു.
അമ്പടാ വീരാ രാഹുലേ! നീ ആളു കൊള്ളാമല്ലോ! എന്നാലും ഇത്രയധികം യുവതികളെ, എങ്ങനെ സാധിക്കുന്നടേ ഇതെല്ലാം? അല്ലെങ്കിലും പയ്യെന്‍സിന് ഈയിടെയായി തലക്കനം അല്‍പം കൂടുതലായിരുന്നു. താനൊരു വലിയ സംഭവമാണെന്ന ഭാവം. ഇവനെയിങ്ങനെ കയറൂരിവിട്ടാല്‍, അവസാനം അതു തങ്ങള്‍ക്ക് തന്നെ പാരയാകുമെന്ന് ചില നേതാക്കന്മാര്‍ക്കൊരു ശങ്ക!
എക്കാലവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശത്രുക്കള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണല്ലോ!
അടുത്ത തിരഞ്ഞെടുപ്പോടുകൂടി അധികാരം തങ്ങളുടെ കൈകളിലെത്തുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. നേതാക്കന്മാര്‍ക്കും മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞൊരു സ്ഥാനം വേണ്ട. അവര്‍ ഒളിഞ്ഞും തെളിഞ്ഞും ഓരോരുത്തരെയായി ഒതുക്കുവാനുള്ള നീക്കം തുടങ്ങി.
കോണ്‍ഗ്രസിന്റെ കരുത്തുറ്റ പ്രസിഡന്റ് സുധാകരനെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരുത്തനെ പിടിച്ച് പകരക്കാരനാക്കി. ഇങ്ങേരുടെ പ്രസംഗം കേട്ടാല്‍ അണികളുടെ ഉള്ള ആവേശം കൂടി ഉറഞ്ഞു പോകും.
താന്‍ മകളെപ്പോലെ സ്‌നേഹിക്കുന്ന ഒരു അരുമപ്പൈതലിനെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചവനെ ഒരു കാരണവശാലും പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല എന്ന ഒരു കഠിന തീരുമാനമെടുത്തു. ഒരു അന്വേഷണവും കൂടാതെ അയാളെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കിയതു കൂടാതെ, കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വവും സസ്‌പെന്‍ഡ് ചെയ്തു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന വനിതാ നേതാക്കന്മാര്‍ ഒറ്റക്കെട്ടായി, ഒരു ദിവസം കൊണ്ട് രാഹുല്‍ മോന് എതിരായി. 'ഞങ്ങളിവിടെ പുര നിറഞ്ഞു നിന്നിട്ടും, നീ ഞങ്ങളെയൊന്ന് പീഡിപ്പിച്ചില്ലല്ലോ?' എന്നാണ് അവരുടെ പുഞ്ചിരി നിറഞ്ഞ പരിഭവ മുഖഭാവം- കൂട്ടത്തില്‍ ആലപ്പുഴക്കാരന്‍ നേതാവിന്റെ ഭാര്യയുടെ ഒരു പോസ്റ്റും വന്നു.
'സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ്. മിണ്ടാതിരിക്കുവാന്‍ ആവുന്നില്ല'
വീട്ടിലിരിക്കുന്ന സോളാര്‍ സാരിയുടെ കാര്യം ചേച്ചി സൗകര്യപൂര്‍വ്വം മറന്നു പോയെന്ന് തോന്നുന്നു.
ബഹുമാനപ്പെട്ട പി.ജെ. കുര്യന്‍ സാറും പയ്യനത്ര മെച്ചമല്ലായെന്ന് കാച്ചി. ഈയിടെയായി കുറച്ച് മറവിയുള്ള അദ്ദേഹം സൂര്യനെല്ലി സംഭവം ഓര്‍ക്കുന്നില്ലെന്ന് തോന്നുന്നു.
ഇതുകൊണ്ടൊന്നും അരിശം തീരാതെ സതീശന്‍ സാര്‍ വീണ്ടുമൊരു പത്രസമ്മേളനം നടത്തി. അദ്ദേഹത്തിന്റെ ആക്ഷനും , വിരലുചൂണ്ടിയുള്ള വെല്ലുവിളിയുമൊക്കെ കണ്ടപ്പോള്‍, അങ്ങേര് സുരേഷ് ഗോപിക്ക് പഠിക്കുകയാണെന്ന് തോന്നി. തന്റെ കൈയ്യിലൊരു ബോംബുണ്ടെന്നും, അതു ഉടനെ പൊട്ടിക്കുമെന്നും, ബി.ജെ.പിക്കാരും, കമ്യൂണിസ്റ്റു പാര്‍ട്ടിയും ഒന്നു കരുതിയിരുന്നോളാനും അദ്ദേഹമൊരു മുന്നറിയിപ്പ് നല്‍കി. ഓരോ വാചകം കഴിയുമ്പോഴും ചിരിക്കുന്ന ഒരു മുഖഭാവമാണ് അദ്ദേഹത്തിന്.
ബോംബ് പൊട്ടിക്കുമെന്ന് കേട്ടപ്പോള്‍, ഊരിപ്പിടിച്ച വാളുകളുടേയും, നിവര്‍ത്തിപ്പിടിച്ച കത്തികളുടേയും ഇടയില്‍ക്കൂടി ഒറ്റക്കു നടന്നുപോയ ചരിത്രമുള്ള 'ഇരട്ട ചങ്കന്‍' ഒന്നു ഊറിച്ചിരിച്ചതേയുള്ളൂ. ആ ചിരിയില്‍ എന്തെല്ലാമോ അടങ്ങിയിരിക്കുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഒടുവില്‍ കിട്ടയത്: ഒരു ഇല്ലാത്ത ഗര്‍ഭത്തിന്റെ ഉറവിടം തേടി, 'പരാതിക്കാര്‍ ആരെങ്കിലുമുണ്ടോ, പരാതിക്കാര്‍ ആരെങ്കിലുമുണ്ടോ?' എന്നു ചോദിച്ചുകൊണ്ട് പോലീസ് രംഗത്തിറങ്ങിയിരിക്കുകയാണ്.
ഒരു പരാതിക്കാരിയെ വേഷം കെട്ടി അവതരിപ്പിക്കുവാന്‍ നമ്മുടെ പോലീസിന് അധികം സമയമൊന്നും വേണ്ടാ. ഒരു റിഹേഴ്‌സലൊക്കെ നടത്തി വേദിയിലെത്തിക്കുവാന്‍ ഏതാനും ദിവസം വേണം.
സതീശന്‍ സാറിന്റെ കൈയില്‍ ബോംബ് പോയിട്ട്, ഒരു ഓലപ്പടക്കം പോലുമില്ല. താരസുന്ദരി പാല്‍പ്പായസവും കുടിച്ച്, ഓണച്ചന്തയിലൂടെ ഓടി നടക്കുന്നു!
(കഥ ഇവിടെ തീരുന്നില്ല....തുടരും)
മുന്നറിയിപ്പ്: കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കന്മാര്‍ ഈയിടെയായി, കൂടെക്കൂടെ അമേരിക്കയില്‍ കറങ്ങി നടപ്പുണ്ട്. എല്ലാവരും ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്.