ന്റെ അമ്മ ഒരു ടൂർ പോയിട്ടുണ്ടാകുമോ? അമ്മ കടൽ കണ്ടിട്ടുണ്ടാകുമോ? ചിലപ്പോൾ ചിന്തിക്കാറുണ്ട് ഞാൻ..
ഇന്നു അമ്മയെക്കുറിച്ച് ഏറെ ഓർക്കുന്ന ദിവസം. കടും നിറങ്ങളെ ഏറെ സ്നേഹിച്ചിരുന്ന അച്ഛന്റെ മരണശേഷം അമ്മ നിറങ്ങളെ പാടെ ഉപേക്ഷിച്ചിരുന്നു. പിന്നീട് വെളുപ്പിൽ ഇളം നിറത്തിൽ ചെറു പൂക്കൾ ഉള്ള സാരി മാത്രമേ അമ്മ ധരിച്ചിരുന്നുള്ളു. പൂക്കൾക്ക് ഇത്തിരി നിറം കൂടിപ്പോ യാൽ അമ്മയുടെ മുഖം മങ്ങു മായിരുന്നു. നിറം കൂടിപ്പോയി എന്ന് പരാതി പറയുമായിരുന്നു.
അവധി കിട്ടുമ്പോൾ വൈക്കത്തെ അമ്മവീട്ടിലേക്കുള്ള യാത്രകൾ ആയിരുന്നു ഞങ്ങളുടെ ടൂർ. പത്തു മക്കളുള്ള ഒരു ധനിക കുടുംബത്തിൽ പിറന്ന അമ്മ ബാല്യത്തിൽ ടൂർ പോയിട്ടുണ്ടാകും. കടൽ കണ്ടിട്ടുണ്ടാകും. പിന്നീട് അത്ര മോശമല്ലാത്ത ഒരു കർഷക കുടുംബത്തിലേക്ക് വിവാഹിതയായി വന്നു കയറിയ അമ്മയ്ക്ക് നാല് മക്കൾ പിറന്നു. സർക്കാർ ജോലിക്ക് പോകുന്ന അച്ഛനും, ഏക മകനായ അച്ഛന്റെ വൃദ്ധരായ മാതാപിതാക്കളും ഞങ്ങൾ നാല് മക്കളും അടങ്ങുന്ന ചെറിയ ലോകമായിരുന്നു പിന്നെ അമ്മയുടെ ജീവിതം.
കുഞ്ഞനുജത്തിക്ക് ദൈവം വയലറ്റ് നിറത്തിൽ സ്വർണ്ണ പ്പൂക്കൾ ഉള്ള ഒരു കുഞ്ഞുടുപ്പു കൊണ്ടു വന്നു പെട്ടിയിൽ വെച്ചിട്ടുണ്ട് എന്ന് കള്ളം പറഞ്ഞു എന്നെ പറ്റിച്ച അമ്മയെ പിന്നീട് ഞാനും കള്ളംപറഞ്ഞു പറ്റിച്ചിട്ടുണ്ട്. കൂട്ടുകാരി കത്തിൽ എഴുതിയ സാംബശിവൻ ആരെന്ന് ചോദിച്ചപ്പോൾ അത് ആ കാഥികൻ സാംബശിവന്റെ കാര്യമാണെന്ന് എത്ര പെട്ടെന്ന് ഞാൻ ഉത്തരം നൽകി അമ്മയെ പറ്റിച്ചു..അമ്മ എത്ര പെട്ടെന്ന് അത് വിശ്വസിച്ചു..(അമ്മക്കോ അച്ഛനോ ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു)
അവസാനം 2007 ലെ ഓഗസ്റ്റ് 28 നും ഞാൻ അമ്മയോട് ഒരു കള്ളം പറഞ്ഞു. പിറ്റേന്ന് കാർഡിയാക് ഐ സി യു വിൽ നിന്ന് അമ്മയെ മുറിയിലേക്ക് മാറ്റും എന്നും അപ്പോൾ മുതൽ ഞാൻ അരികിൽ എപ്പോഴും ഇരിക്കാം എന്നും പറഞ്ഞത് തല കുമ്പിട്ടിരുന്നു അമ്മ മൂളിക്കേട്ടു. പക്ഷെ പിറ്റേന്ന് പുലർച്ചെ അമ്മ പോയത് ഭൂമിയിൽ ഉള്ളവർ ആരും ഇന്നേവരെ കാണാത്ത സ്വർഗ്ഗത്തിലെ ഏതോ ഒരു മുറിയിലേക്ക് ആയിരുന്നു.
വിളിപ്പാടകലെ ഞാൻ ഉണ്ടായിരിക്കണം എന്ന അതിമോഹമായിരുന്നല്ലോ ഒരു ആലോചന വന്നപ്പോഴേ പത്തൊൻപതു വയസ്സിൽ തന്നെ എന്നെ വിവാഹിതയാക്കാൻ അമ്മയെ പ്രേരിപ്പിച്ചത്.
" അവൾ ചെറുതല്ലെ...ശരീരം പോലും വളർന്നിട്ടില്ല..പഠിക്കട്ടെ.. നന്നായി പഠിക്കുന്ന കുട്ടിയല്ലേ ഒരു ഇരുപത്തിയഞ്ചു വയസ് ഒക്കെ ആയി ജോലി കിട്ടിയിട്ട് കെട്ടിച്ചാൽ മതി"
എന്ന് ചിന്താശേഷിയുള്ള അച്ഛൻ പറഞ്ഞപ്പോൾ " പേപ്പർ കമ്പനി ഇവിടെ അടുത്തല്ലേ.. അവർ വെള്ളൂരിൽ നമ്മുടെ അടുത്തു തന്നെയുണ്ടാകുമല്ലോ "എന്ന് പറഞ്ഞ് അമ്മ നിർബന്ധം പിടിച്ചതും അത് കൊണ്ടു തന്നെയാകാം. എന്തായാലും ആശിച്ചതു പോലെ തന്നെ എപ്പോഴും ഞാൻ അമ്മയ്‌ക്കൊപ്പം തന്നെ ഉണ്ടായിരുന്നു.
മേഴ്‌സി ആശുപത്രിയുടെ ഇടനാഴികളിൽ ഡോക്ടറെ കാണാനുള്ള സുദീർഘമായ കാത്തിരിപ്പുകളിൽ, ഏതു നോവിലും കൂടെ നിൽക്കാൻ അരികിൽ ഉണ്ടായിരുന്ന മകൾ എന്ന നിലയിൽ എനിക്ക് വളരെ ചാരിതാർഥ്യം ഉണ്ട്. അന്ന് ഇവിടെ അദ്ദേഹത്തിന്റെ ഹ്യുണ്ടായ് സാൻട്രോ കാറും ഓടിച്ചു പോകാൻ പിള്ളേരുടെ കൂട്ടുകാരനായ ശിവരാമൻ എന്ന് പേരുള്ള ആളും ഉണ്ടായിരുന്നു.( ഇന്ന് ശിവരാമനും ഓർമ്മ മാത്രം)
ഇപ്പോൾ ജീവിതത്തിലെ ഒറ്റയടിപ്പാതയിലൂടെ അലയുമ്പോൾ ഞാൻ തനിച്ചെങ്കിലും അകലെ ആകാശത്തിൽ എവിടെയൊ അമ്മയുടെ ആത്മാവ് ഒരു നക്ഷത്രമായി തിളങ്ങുന്നത്....ആ പ്രകാശം എനിക്കിപ്പോഴും വഴി കാട്ടിയാകുന്നത്...ഞാൻ ഹൃദയത്താൽ തൊട്ടറിയുന്നുണ്ട്...ബാല്യത്തിൽ പിടിയിൽ ഒതുങ്ങാത്ത എന്റെ മുടിത്തുമ്പിലെ കുഞ്ചല പിന്നലുകളിൽ ആ വിരലുകൾ തൊട്ടു തലോടുന്ന ഓർമ്മകളിൽ ഞാൻ ഇപ്പോഴും അമ്മയുടെ മാത്രം മകളാകുന്നു. ഭൂമിയിൽ ഇല്ലെങ്കിലും ഈ ഓഗസ്റ്റ് 29 (അന്ന ത്തെ ചതയദിനം) അമ്മയുടെ ഓർമ്മയും കൂടിയാകട്ടെ.
ഞങ്ങൾ നാല് മക്കളിൽ ആർക്കും അമ്മയുടെ മുഖഛായ ഇല്ലാതെ പോയതിൽ വല്ലാതെ ദുഃഖം ഉണ്ട്.
നന്ദനം എന്ന സിനിമ എപ്പോൾ വന്നാലും ഇന്നും ആവർത്തിച്ചു കാണുന്നത് അതിലെ രേവതിയ്ക്കു അമ്മയുടെ അതേ മുഖഛായ ആയതിനാലാണ്. ആ സിനിമയും അത്ര മേൽ മനോഹരമാണ്. സിനിമയിൽ പൃഥ്വിരാജിനെ മടിയിൽ കിടത്തി രേവതി ആശ്വസിപ്പിക്കുന്നത് കാൺകെ ഒരിക്കൽ ഇവിടെ അത് കണ്ടിരുന്ന അനുജന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയതും, പൊടി പോയതെന്ന് പറഞ്ഞു ഞാൻ ആരും കാണാതെ പോയി മുഖം കഴുകി കണ്ണുനീർ മായ്ച്ചതും ഇപ്പോഴും ഒരോർമ്മ.
നമ്മുടെ കണ്ണീരും സ്വപ്നങ്ങളും നഷ്ടങ്ങളും ദുഖങ്ങളും എന്നും നമ്മുടേത് മാത്രമായിരിക്കട്ടെ. അത് മറ്റാരെയും നോവിക്കാതിരിക്കട്ടെ.. കാരണം അത് കണ്ടു ഈ ലോകത്തിൽ ആത്മാർത്ഥമായി നോവുന്നത് അച്ഛനമ്മമാർക്കു മാത്രമാണ്.. അവരാണല്ലോ ഇപ്പോൾ ഇല്ലാതായതും ദിശയറിയാത്ത ഏതോ നാൽക്കവലയിൽ തനിച്ചാക്കി ഇനി മടങ്ങി വരാതെ യാത്ര പോയതും.
എന്നാലും ഒരിക്കൽ ഏറെ പ്രിയപ്പെട്ടതായിരുന്ന ചിങ്ങമേ എത്ര ശ്രമിച്ചിട്ടും നിന്നെ എനിക്ക് ഇനിയും സ്നേഹിക്കാൻ ആകുന്നില്ലല്ലോ...