അഞ്ചുമണി നേരത്തും വെയിലിനെന്തൊരു ചൂടാണ്. ബസിന്റെ വാതിലോരത്തെ സീറ്റിലായിരുന്നിട്ടും മുഖത്തേക്കടിക്കുന്ന വരണ്ട ചൂടുകാറ്റിൽ കണ്ണിലേക്കൊരു മയക്കം കയറിവന്നു. മടുപ്പിക്കുന്ന ആഴ്ചാവസാന യാത്രയിൽ ഇതിപ്പോഴൊരു പതിവായിരിക്കുന്നു. അടുത്തിരിക്കുന്നവർ എഴുന്നേറ്റു പോകുന്നതും ആൾമാറി വരുന്നതും ഒക്കെ അറിയുന്നത്ര ചെറിയൊരു മയക്കം.
ആ മയക്കത്തെ മുറിച്ചത്, ആവശ്യത്തിലധികം ഉയർന്നു കേട്ട കണ്ടക്ടറുടെ ഒച്ചയായിരുന്നു. 'ദേ, അവിടെ നിന്നോട്ടോ, അടുത്ത സ്റ്റോപ്പില് ഇറങ്ങാനുള്ള ആളാ, ഇരിക്കാം, സീറ്റുകിട്ടീട്ട് പൈസ തന്നാൽ മതീന്നേ, എന്നൊക്കെ വളരെ സൗമ്യതയോടെ എന്നോടു പറയാറുള്ള ആളാണ് ഈ അലറുന്നത്! അതും എന്റെ തൊട്ടടുത്തിരിക്കുന്ന ഒരു മെല്ലിച്ച പാവം അമ്മയോട്.
ആ അമ്മ കൈയിലിരുന്ന നിറം മങ്ങിയ ടെക്സ്റ്റൈൽ കവറിൽ എന്തോ പരതുകയാണ്. 'എന്താണമ്മേ പ്രശ്നം?' എന്നു ഞാൻ ചോദിച്ചു. 'ചില്ലറയാ മോളേ, മൂന്നു രൂപ. ടിക്കറ്റിന് പത്താണെന്നോർന്ന് ഞാൻ ആകെ കൈയിലുണ്ടായിരുന്ന ഇരുപതിന്റെ നോട്ടു കൊടുത്തു. ബാക്കി പത്തിങ്ങ് തരണേന്നു പറഞ്ഞതിനാ. പാലത്തിനക്കരെ ഇറങ്ങുന്നേന് പതിമൂന്നു രൂപയാന്ന് ഞാനറിഞ്ഞില്ല.'
ആ കവറിൽ മറ്റൊന്നുമില്ല എന്നു തോന്നീട്ട് ഇതു കൊടുക്കമ്മാ എന്നു പറഞ്ഞ് മൂന്നു രൂപ ചില്ലറ കൊടുത്തു. കണ്ടക്ടർ 'ഇന്നാ നിങ്ങടെ പത്തുരൂപ ' എന്നു പറഞ്ഞ് എന്തോ കൂടി പിറുപിറുത്തും കൊണ്ട് പോയപ്പോൾ ആയമ്മയുടെ കണ്ണു നിറഞ്ഞിരുന്നു.
ഞാനാ അമ്മയോട് എവിടെപ്പോവാന്നു ചോദിച്ചു. ഇളയ മകളുടെ അടുത്തേക്കു പോകുകയാണ്. 48 വയസ്സുള്ള കാൻസർ ബാധിത. മൂന്ന് ഓപ്പറേഷൻ കഴിഞ്ഞു. പ്രതീക്ഷയൊന്നുമില്ല. അവളുടെ ഭർത്താവ് മൂന്നു കൊല്ലം മുൻപ് അറ്റാക്കായി മരിച്ചു. ഒരു മകളുള്ളത് ബി.എഡിനു പഠിക്കയാണ്. പ്ലംബിംഗ് ഒക്കെ ചെയ്തു വീടു പോറ്റിയിരുന്ന അയാളുണ്ടായിരുന്നപ്പോൾ പഠിപ്പിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു. ഇപ്പോ ഫീസ് കെട്ടാൻ കൂടി നിവൃത്തിയില്ല. കഴിഞ്ഞ തവണ അമ്മയുടെ മൂത്ത മകളുടെ കഴുത്തിൽ ആകെയുണ്ടായിരുന്ന താലിമാല പണയം വച്ചാണ് ഈ കുട്ടിയുടെ ഫീസടച്ചത്. അവരും കെട്ടിയവനും കൂലിപ്പണി ചെയ്ത് രണ്ടു മക്കളെ വളർത്തുന്നവരാണ്. ഇത്തവണ എന്തു ചെയ്യുമെന്നു കൂടി അറിയില്ല. വയ്യാത്തവൾക്ക് ഇത്തിരി ചക്ക വേവിച്ചത് കഴിക്കാൻ കൊതിയാണെന്നു പറഞ്ഞിട്ട് മൂത്തവളുടെ വീട്ടിൽ ചെന്ന് വേവിച്ച് കൊണ്ടുപോകുകയാണ് ഈ വൃദ്ധയായ അമ്മ. അമ്മയ്ക്ക് ഈ രണ്ടു പെൺമക്കളേ ഉള്ളോ എന്നു ചോദിച്ചപ്പോൾ പറയുന്നു ഒരു മകൻ കൂടിയുണ്ട്. ഇവരുടെ മൂത്തത്. ബുദ്ധിമാന്ദ്യം ഉള്ളയാളാണ്. ശല്യമൊന്നുമില്ല. വീട്ടിൽത്തന്നെ ഇരുന്നോളും. ഒരാൾ ശ്രദ്ധിക്കാൻ വേണം. ആ അമ്മയുടെ ഭർത്താവ് ജീവിച്ചിരുപ്പുണ്ട്. നട്ടെല്ലിനു പരിക്കുപറ്റി ഇരുപതു വർഷമായി കിടപ്പിലാണ്. ചികിത്സിച്ച് കിടക്കാടം വരെ വിറ്റു. കഴിക്കാനുള്ളത് അടുത്തു കൊണ്ടു വച്ചിട്ട് വയ്യാത്ത മകനെയും വീട്ടിലിരുത്തി അടുത്തൊരു കടയിൽ നിന്ന് 40 രൂപ കടം വാങ്ങിയാണ് പത്തെഴുപത്തഞ്ചു വയസ്സുള്ള ആ അമ്മ ഈ വൈകിയ നേരത്ത് പോകുന്നത്. അമ്മ ഇന്നുതന്നെ തിരിച്ചു പോകുമോ എന്നു ഞാൻ ചോദിച്ചു. 'തിരിച്ച് വണ്ടിക്കൂലി ഒപ്പിക്കണ്ടേ മോളേ ' എന്നവർ പറഞ്ഞു.
പാലം കടന്ന് പള്ളിമുക്കിൽ ആളിറങ്ങാൻ കണ്ടക്ടർ തിടുക്കം കൂട്ടിയപ്പോൾ കൈയിലിരുന്ന ചൂടുള്ള ചക്കപ്പാത്രത്തിന്റെ കവർ കൂടിയെടുത്ത് ആ അമ്മയ്ക്ക് ഇറങ്ങാൻ കൈ പിടിച്ചു കൊടുത്തു. ബാഗിൽ കയ്യിട്ട് തടഞ്ഞ ഒന്നു രണ്ടു നോട്ടുകൾ ചുരുട്ടി കയ്യിൽ വച്ചു കൊടുത്ത് 'അമ്മ ഇന്നുതന്നെ തിരിച്ചു പോണം ട്ടോ' എന്നു പറയാനല്ലാതെ ഒന്നുമപ്പോൾ കഴിഞ്ഞില്ല. കഴിഞ്ഞ അഞ്ചെട്ടു മിനുട്ടിന്റെ ഒപ്പംയാത്രയുടെ മരവിപ്പ് മറ്റൊന്നും തോന്നിച്ചില്ല എന്നതാണ് വാസ്തവം !
അവർ ഒന്നു സമാധാനത്തിലെങ്ങനെ മരിക്കും എന്നു ഞാൻ അതിശയിച്ചു. ഈ എഴുപത്തഞ്ചു വയസ്സിലും അവരെ ആശ്രയിച്ചു നില്ക്കുന്നവരെ ഓർത്തപ്പോൾ, ചിലരെ മറ്റുള്ളവരുടെ മരണം കൊണ്ടു പോലും വിധി അനുഗ്രഹിക്കില്ലല്ലോ എന്നു ചിന്തിച്ചു പോയി.
ഞാനെന്റെ അമ്മയെ ഓർത്തു. ഇതിനേക്കാൾ നാലഞ്ചു വയസ്സിനെങ്കിലും താഴെയേ ഉണ്ടാവൂ. കാലുവയ്യ, തനിച്ചാണ് എന്ന ആവലാതികൾ. മരണം ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാമെന്നാലും ഒരുറക്കത്തിൽ നിന്ന് ഉണരില്ല എന്നേതു നിമിഷവും ഭയന്നല്ലാതെ, മഞ്ഞും മഴയും നനയാതെ, അടുത്ത നേരത്തെ വിശപ്പിനെന്തു ചെയ്യുമെന്നു ഭയക്കാതെ മക്കൾ ജീവിച്ചിട്ടും ആധിയൊഴിയാത്തവർ ! എന്തുണ്ടായാലും ഇല്ലാത്തതിനെ ഓർത്ത് നിരാശപ്പെടുന്നവർ, നമ്മൾ, നമ്മുടെ മക്കൾ, ചുറ്റുമുള്ളവർ....
ചിലപ്പോൾ വിഷാദത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടു പോകുമ്പോൾ ജീവിച്ചിരുപ്പുണ്ടോ എന്നു സ്വയം ഒന്നു നുള്ളി നോക്കാറുള്ള എന്നെക്കുറിച്ചുതന്നെ ഓർത്തു.
അപ്പോൾ ഞാനെന്റെ മനസ്സിനോട് ചോദിച്ചു 'എന്താണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം? പട്ടിണി ? രോഗങ്ങൾ? നിരാശ? അതോ മറ്റു വല്ലതു മോ?'
'അവനവന്റെ പ്രശ്നം! അതാണ്, അതു തന്നെയാണ്!'
മനസ്സു പറഞ്ഞ ഉത്തരം!