Image

'രജൗറിയിലെ മാർഖോർ' (നോവല്‍ ഭാഗം 10,11,12: സലിം ജേക്കബ്‌)

Published on 31 August, 2025
'രജൗറിയിലെ മാർഖോർ' (നോവല്‍ ഭാഗം 10,11,12: സലിം ജേക്കബ്‌)

അദ്ധ്യായം - 10

    തിരിച്ച് ഓഫീസിലെത്തിയ ജോസ് ബ്രിഗേഡിയര്‍ രാജുവുമായി ബന്ധപ്പെട്ടു. ബ്രിഗേഡിയര്‍ ഭയപ്പെട്ടത് സംഭവിച്ചു എന്ന് ഇരുവര്‍ക്കും ബോധ്യമായി. ഏറെക്കാലമായി ശാന്തമായ രജൗറിയില്‍ വിഘടന വാദികളുടെ സംഘം എത്തിയിരിക്കുന്നു. ഇനി സ്വീകരിക്കേണ്ട സുരക്ഷാനടപടികള്‍ ഇരുവരും ദീര്‍ഘനേരം ചര്‍ച്ച ചെയ്തു. 'K2-' സംഘത്തിന്റെ വരവ് അപശകുനമായി ക്യാപ്റ്റന്‍ ജോസിനു തോന്നി. അവരെ കാര്യമാക്കേണ്ടതില്ലെന്നും അവരുടെ സുരക്ഷ അവര്‍ തന്നെ കൈകാര്യം ചെയ്തു കൊള്ളുമെന്നും ബ്രിഗേഡിയര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ പോളിസിയുടെ ഭാഗമായി കാശ്മീര്‍ ജനതയ്ക്ക് മെച്ചപ്പെട്ട വൈദ്യ സഹായം നല്‍കുക എന്ന ദൗത്യമാണ് അവരില്‍ നിക്ഷിപ്തമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

    ക്യാപ്റ്റന്‍ ജോസിന്റെ വ്യക്തി ജീവിതത്തിലും പ്രശ്‌നങ്ങള്‍ തലപൊക്കിയിരുന്നു. തന്റെ മകള്‍ ദിയായ്ക്ക് അവളുടെ ആയയായ സൂസനെ ചതുര്‍ത്ഥിയാണ്. അതു ദിവസം തോറും കൂടി വന്നു. സ്‌കൂളിലേക്കും തിരിച്ചു വീട്ടിലേക്കും സൂസന്റെ ഒപ്പം യാത്ര ചെയ്യാന്‍ അവള്‍ക്കു ഇഷ്ടമില്ലായിരുന്നു. ഡ്രൈവര്‍ ദിനേശനിന്റെ അനുനയം കൊണ്ടാണ് അവള്‍ വഴങ്ങുന്നത്. മകളെ നോക്കാന്‍ മറ്റെന്തെങ്കിലും വഴി  കണ്ടേ മതിയാകു. ഒരാഴ്ചയ്ക്കു മുമ്പ് പീര്‍ ബാദേശ്വര്‍  പോസ്റ്റില്‍ നടന്ന കാര്യം മനസ്സില്‍ ഓടിയെത്തി. എത്ര സന്തോഷത്തോടെയാണ് ഫാത്തിമയുമായി അവള്‍ ഇടപഴകിയത്. മുജ്ജന്മ സുഹൃത്തുക്കളെ പോലെ! മടക്ക യാത്രയിലും ഇരുവരും ഒരുമിച്ചാണിരുന്നത്. രജൗറിയ്ക്കടുത്തായി അവര്‍ ഇറങ്ങുന്നതു വരെ ദിയ തനിക്ക് യാതൊരു ശല്യവുമുണ്ടാക്കിയിരുന്നില്ല. ഒരു പക്ഷെ മകളെ നോക്കാനായി ഫാത്തിമയെ ലഭിച്ചിരുന്നെങ്കില്‍? എങ്ങനെ കാര്യം അവതരിപ്പിക്കും? പട്ടാളവുമായി സുഹറിനുള്ള രഹസ്യബന്ധം നേരിട്ടിടപെടുന്നതില്‍ ജോസിനു വിഘാതമാകുകയും ചെയ്തു. പെട്ടെന്നു 'K2'                              സംഘത്തിന്റെ കാര്യം ജോസിന്റെ മനസ്സില്‍ ഓടിയെത്തി. എന്തുകൊണ്ട് അവര്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന മെഡിക്കല്‍ ക്യാംപുകളിലൊന്ന് അവരുടെ ഗ്രാമത്തില്‍   വെച്ചുകൂടാ? അതിന്റെ മറവില്‍ തന്റെ ഉദ്ദേശ്യം അവതരിപ്പിക്കാമെന്ന് ജോസ്  ചിന്തിച്ചുറപ്പിച്ചു.

    സ്‌കൂളില്‍ നടന്ന സ്‌ഫോടനം 'K2-'- സംഘത്തില്‍ യാതൊരു മാറ്റവും   വരുത്തിയില്ല. ഇപ്പോഴും അവര്‍ ലാഘവത്തോടു കൂടിയാണ് തങ്ങളുടെ ഡ്യൂട്ടിയിലേര്‍പ്പെട്ടിരുന്നത്. ക്യാപ്റ്റന്‍ ജോസിന്റെ നിര്‍ദ്ദേശ പ്രകാരം തങ്ങളുടെ അടുത്ത    മെഡിക്കല്‍ ക്യാമ്പ് ഫാത്തിമ താമസിക്കുന്ന ധനിധാര്‍ വില്ലേജില്‍ വെക്കാന്‍ അവര്‍ തീരുമാനിച്ചു. രജൗറി പട്ടണം പൂര്‍ണ്ണമായും കാണാന്‍ കഴിയും വിധം ഉയര്‍ന്ന സ്ഥലത്താണ് ധനിധാര്‍ വില്ലേജ്. കുന്നിന്‍ നെറുകയില്‍ പ്രസിദ്ധമായ ധനിധാര്‍ കോട്ടയും സ്ഥിതി ചെയ്യുന്നു. നാലു ചുറ്റും ഉപയോഗിക്കാന്‍ പറ്റും വിധം മുറികളും ഹാളുകളും നിറഞ്ഞ ഒരു കെട്ടിടമാണ് അത്. രജൗറിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായിരുന്നു ധനിധാര്‍ കോട്ട. തൊട്ടടുത്ത ഞായറാഴ്ച ധനിധാര്‍ സ്‌കൂളില്‍ വെച്ച് മെഡിക്കല്‍ ക്യാമ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ '-K2'- സംഘം നടത്തി.

    പ്രതീക്ഷിച്ചപോലെ തന്നെ ക്യാപ്റ്റന്‍ ജോസിന് അവിടെ വെച്ച് സുഹറിനെ നേരില്‍ക്കണ്ടു കാര്യം അവതരിപ്പിക്കാന്‍  കഴിഞ്ഞു. ഫാത്തിമയോടു തന്നെ നേരിട്ടു ചോദിച്ചോളൂ എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി. ഫാത്തിമയുടെ അനുകൂല  പ്രതികരണം ജോസിന് ഏറെ ആഹ്‌ളാദം പകര്‍ന്നു. ജോസിന്റെ ഓഫീസില്‍ നിന്നും മകള്‍ പഠിക്കുന്ന ഡല്‍ഹി പബ്ലിക് സ്‌കൂള്‍ അഞ്ചുകിലോമീറ്റര്‍ അകലെയാണ്. സ്‌കൂളില്‍ നിന്നും രണ്ടു കിലോമീറ്ററോളം മാറിയാണ് ഫാത്തിമയുടെ വീട്. പക്ഷേ താവി നദി നടന്നു കയറിയാല്‍ ഏകദേശം ഇരുപതു മിനിറ്റു കൊണ്ട് ഫാത്തിമയ്ക്കു ബോര്‍ഡര്‍ റോഡ്‌സ് ഓഫീസില്‍ നിന്നും തന്റെ വീട്ടിലെത്താം. രജൗറിയിലെ സാധാരണ                    ജനങ്ങള്‍ താവി നദിയിലേക്കു ഇറങ്ങി കടക്കുക പതിവാണ്. ആട്ടിടയന്മാര്‍ തങ്ങളുടെ ആടുകളെ നദിയില്‍ കൂടി കടത്തി മറുകരയിലേക്കു പോയിരുന്നു.

    ദിയയെ എല്ലാ ദിവസവും ജീപ്പിലാണ് സ്‌കൂളില്‍ വിടുന്നതും തിരികെ കൊണ്ടു വരുന്നതും. അതുകൊണ്ട് ഫാത്തിമ ഇങ്ങനെയൊരു ക്രമീകരണം മുന്നോട്ടു വച്ചു. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നും ദിയയെ കൊണ്ടു വരുമ്പോള്‍ കൂടെ ഫാത്തിമയും  വരാമെന്നും അഞ്ചു മണി വരെ അവളെ നോക്കിയ ശേഷം തിരികെ പൊയ്‌ക്കോളാം എന്നും ഫാത്തിമ സമ്മതിച്ചു. ജോസിന്റെ മനസ്സിന് കുളിര്‍മ അനുഭവപ്പെട്ടു. തന്റെ മകള്‍ക്കു ഇഷ്ടമുള്ള ആയയെ കിട്ടുന്നതു കൊണ്ടു മാത്രമായിരുന്നില്ല ഫാത്തിമയെ താനും ഇഷ്ടപ്പെടുന്നു എന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു.

    വളരെ വേഗം തന്നെ ഈ ക്രമവുമായി ഫാത്തിമ പൊരുത്തപ്പെട്ടു. സൂസനും വീട്ടില്‍ ഉണ്ടെങ്കിലും ഫാത്തിമയുള്ള സമയം ഗസ്റ്റ്ഹൗസിലാണ് അവര്‍ ഏറിയ  സമയവും ചിലവഴിച്ചത്. സ്ത്രീ സഹജമായ അസൂയകൊണ്ടായിരിക്കാം അത് എന്ന് ജോസ് കരുതി. 'K2' സംഘത്തോടൊപ്പം അവര്‍ ചിലപ്പോള്‍ പുറത്തു പോയിരുന്നു. ദിയയാകട്ടെ ഫാത്തിമയുമായി ആത്മബന്ധം പുലര്‍ത്തി. സാധാരണ ഓഫീസ് സമയം കഴിഞ്ഞു മാത്രം വീട്ടിലേക്കു പോയിരുന്ന ക്യാപ്റ്റന്‍ ജോസാകട്ടെ എന്തെങ്കിലും ഒഴിവു കഴിവു പറഞ്ഞ് ഓഫീസ് സമയത്തിനു മുന്‍പ് തന്നെ വീട്ടിലേക്ക് മടങ്ങിയിരുന്നു.

    പൊതുവേ പ്രസന്നവതിയാണെങ്കിലും ചിലപ്പോഴൊക്കെ ഫാത്തിമ ദു:ഖിതയായി കാണപ്പെടുന്നുവെന്ന് ജോസിനു തോന്നി. കടുത്ത മന:സംഘര്‍ഷം അനുഭവിക്കുന്നതു പോലെ. ഒരു ദിവസം വൈകുന്നേരം ഫാത്തിമ പോയതിനു പുറകേ ക്യാപ്റ്റനും തന്റെ ജീപ്പില്‍ അവരെ പിന്‍തുടര്‍ന്നു. നദി നടന്നു അക്കരെ പോകുന്ന ഫാത്തിമയെ കരയില്‍ നിന്നു കൊണ്ട് ജോസ് നിരീക്ഷിച്ചു. വസ്ത്രങ്ങള്‍ നനയാതെ ഉയര്‍ത്തി പിടിച്ച് നദി കടക്കുന്ന ഫാത്തിമയെ പിന്തുടര്‍ന്ന അദ്ദേഹത്തിന്റെ കണ്ണുകളില്‍ അക്കരെ നിന്നുള്ള ഒരു പ്രകാശം പതിച്ചു. നദിയുടെ അക്കരെ ആരോ ഫാത്തിമയെ നിരീക്ഷിക്കുന്നുവെന്ന് ക്യാപ്റ്റനു മനസ്സിലായി. അവരുടെ ബൈനാക്കുലറില്‍ തട്ടി പ്രതിഫലിച്ച വെളിച്ചമാണ് തന്റെ കണ്ണുകളില്‍ പതിച്ചതെന്ന് ജോസ് തീര്‍ച്ചയാക്കി. പെട്ടെന്നാണ് ഒരു സംശയം ജോസിന്റെ മനസ്സിലുദിച്ചത്. അത് അവരായിരിക്കുമോ? ഗ2-സംഘം? ഒട്ടും താമസിക്കാതെ ജീപ്പ് തിരിച്ച് റോഡ് മാര്‍ഗ്ഗം അക്കരെയുള്ള ധനിധാര്‍ ഗ്രാമത്തിലേക്ക് അദ്ദേഹം കുതിച്ചു . തന്റെ ഈ പ്രവൃത്തിയിലുള്ള സെക്യുരിറ്റി  ലംഘനത്തെക്കുറിച്ച് ബോധവാനായിരുന്നെങ്കിലും അദ്ദേഹം അതു കണക്കാക്കിയില്ല. ധനിധാര്‍ ഗ്രാമത്തിലേക്കു പ്രവേശിക്കുമ്പോള്‍ തന്റെ വാഹനത്തെ കടന്നു പോകുന്ന ജയകുമാറിനെയും സംഘത്തെയും അദ്ദേഹം കണ്ടു. ഇവരുടെ പ്രവൃത്തിയെക്കുറിച്ച് വെറുപ്പും സംശയവും തോന്നിയ നിമിഷങ്ങളായിരുന്നു അപ്പോള്‍. പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ലാതെ അവിടെ അദ്ദേഹം കുറേ സമയം ചിലവഴിച്ചു. പക്ഷേ ആഗ്രഹിച്ചതുപോലെ ഫാത്തിമയെ കണ്ടില്ല. തന്റെ സ്വകാര്യ ദു:ഖവും പേറി ജോസ് തന്റെ ഭവനത്തിലേക്കു മടങ്ങി.


അദ്ധ്യായം - 11

നിലവില്‍ ശ്രീനഗറിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് ജമ്മുവിലേക്കുള്ള ഏക റോഡ് മാത്രമാണ്. മഞ്ഞു കട്ടകള്‍ വീണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുമ്പോള്‍ താഴ്‌വരയിലെ ജനങ്ങള്‍ തീര്‍ത്തും ഒറ്റപ്പെടും. എന്നാല്‍ നൂറ്റാണ്ടുകളായി               രജൗറിയില്‍ നിന്നും ശ്രീനഗറിലേക്ക് മറ്റൊരു പാത ഗതാഗതത്തിനുപയോഗിച്ചിരുന്നു. ഇന്‍ഡ്യാ പാകിസ്ഥാന്‍ വിഭജനത്തിനു ശേഷം 'മുഗള്‍ പാത' എന്നറിയപ്പെടുന്ന ഈ മാര്‍ഗ്ഗം ക്രമേണ ഉപയോഗശൂന്യമായി. പൂര്‍ണ്ണമായും ഇന്‍ഡ്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള ഈ പാത പുനരുദ്ധീകരിക്കുക എന്ന ദൗത്യമാണ് ബോര്‍ഡര്‍ റോഡ്‌സ്               ഓര്‍ഗനൈസേഷന്‍ നടത്തി വന്നത്. അതിന്റെ സുരക്ഷാ സംവിധാനം പൂര്‍ണ്ണമായും ക്യാപ്റ്റന്‍ ജോസില്‍ നിക്ഷിപ്തമാണ്. ഈ റോഡ് ഗതാഗത യോഗ്യമായാല്‍ ഇന്‍ഡ്യന്‍ പട്ടാളത്തിനു കിട്ടുന്ന മുന്‍തൂക്കം ഇന്‍ഡ്യക്കാരേക്കാള്‍ കൂടുതല്‍ മനസ്സിലാക്കിയിരുന്നു ശത്രുക്കള്‍. അതുകൊണ്ടു തന്നെ വിഘടനവാദികളെ മുന്നില്‍ നിര്‍ത്തി മുഗള്‍ പാതയുടെ പണി തടസ്സപ്പെടുത്താന്‍ തരം പാര്‍ത്തിരിക്കുകയായിരുന്നു അവര്‍.                രജൗറിയില്‍ നിന്നും കുറച്ചകലെ താവി നദിയില്‍ ചേരുന്ന ഒരു അരുവിയിലെ വീതി കുറഞ്ഞ പാലം ഒരു കുപ്പി കഴുത്താണ്. മുഗള്‍പാതയുടെ പണിയ്ക്കാവശ്യമായസാധനസാമഗ്രികള്‍ ഇതുവഴി മാത്രമേ കൊണ്ടു പോകാനാവുകയുള്ളു. ഇരുവശവും മലകളാല്‍ ചുറ്റുപ്പെട്ട ആ താഴ്‌വരയില്‍ ജനവാസം തീരെയില്ല. പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയറിയാനാണ് ക്യാപ്റ്റന്‍ ജോസ് പുലര്‍ച്ചെ അതുവഴി വന്നത്. പാലത്തിനു സമീപമെത്തിയപ്പോഴാണ്  'ഗ2' സംഘത്തിന്റെ ജീപ്പ് ശ്രദ്ധയില്‍പ്പെട്ടത്. ഡ്രൈവര്‍ ഗണേശിനോട് ജീപ്പ് നിര്‍ത്താന്‍  പറഞ്ഞ ശേഷം അദ്ദേഹം പുറത്തിറങ്ങി. കുന്നിന്റെ പകുതി മുകളിലായി കുറച്ച് ആടുകളും അതിനെ മേയ്ക്കുന്ന ഒരു പെണ്‍കുട്ടിയേയും അദ്ദേഹം കണ്ടു. വളരെയടുത്തായി മിലിട്ടറി യൂണിഫോമിട്ട ഒരാളെയും. അവരുടെ അടുത്തേയ്ക്ക് ചെന്നപ്പോള്‍ അതു ഫാത്തിമയും ജയകുമാറുമാണെന്ന് അദ്ദേഹത്തിനു മനസ്സിലായി.

'എന്താണിവിടെ?' ജോസ് ചോദിച്ചു. 
'സര്‍ ഞങ്ങളുടെ ക്യാംപ് ഇതിനപ്പുറത്താണ്. പോകുന്ന വഴി പ്രേമനും ടോമിനും ശങ്ക തീര്‍ക്കാനായി നിര്‍ത്തി. അപ്പോഴാണ് ഇവരെ ശ്രദ്ധിച്ചത്. പരിചയം ഉള്ളതു കൊണ്ട് കയറി വന്നു സംസാരിച്ചു' ജയകുമാര്‍ പറഞ്ഞു. ഫാത്തിമയോടു കാര്യം തിരക്കിയപ്പോള്‍ തന്റെ ഒരു ബന്ധു ഇവിടെ താമസമുണ്ടെന്നും തലേന്നു രാത്രി ഇവിടെ തങ്ങിയ താന്‍ അദ്ദേഹത്തെ സഹായിക്കാനായി ആടുകളുമായി ഇറങ്ങിയതാണെന്നും മറുപടി പറഞ്ഞു. പതിവുപോലെ കൃത്യം പന്ത്രണ്ടു മണിക്കു തന്നെ സ്‌കൂളിലെത്തി ദിയയോടൊപ്പം വീട്ടിലേക്കു വരുമെന്നും അവള്‍ ഉറപ്പു നല്‍കി. ആ സന്ദര്‍ഭത്തില്‍ താനും ഉച്ചയോടെ വീട്ടിലെത്തുമെന്നു സ്വകാര്യമായി ഫാത്തിമയോട് പറഞ്ഞിട്ട് മറ്റൊന്നും പറയാനാവാതെ ജീപ്പില്‍ കയറി ജോസ് യാത്ര തുടര്‍ന്നു.

ക്യാപ്റ്റന്‍ ജോസിന്റെ ജീപ്പ് പാലം കടന്നു മറയുന്നതു വരെ ജയകുമാര്‍    ഫാത്തിമയുമായി സംസാരിച്ചു നിന്നു. ഇതിനിടയില്‍ നദിക്കരയിലെവിടെയോ ഒന്നു രണ്ടു വെടിയൊച്ചകള്‍ കേട്ടു. എങ്കിലും ഒന്നും സംഭവിക്കാത്തമട്ടിലാണ് അവര്‍ അന്യോന്യം സംസാരിച്ചു നിന്നത്. വെടിയൊച്ച കേട്ട് ആടുകള്‍ ചിതറിയിരുന്നു.  അധികം വൈകാതെ നദിക്കരയില്‍ നിന്ന് പ്രേമും ടോമും കയറി വന്നു. അതോടെ ഫാത്തിമയോടു യാത്ര പറഞ്ഞ് ജയകുമാറും സംഘവും ജീപ്പിലേക്കു കയറി. ജീപ്പ്                        ഓടിത്തുടങ്ങിയതിനു പുറകെ ആ താഴ്‌വര നടുക്കുമാറ് ഒരു സ്‌ഫോടന ശബ്ദം കേള്‍ക്കുമാറായി.

അന്നുച്ചയ്ക്ക് ക്യാപ്റ്റന്‍ ജോസ് തന്റെ വീട്ടില്‍ മകളോടൊപ്പമാണ് ഭക്ഷണം    കഴിച്ചത്. വിളമ്പി നല്‍കിയതു പതിവുപോലെ ഫാത്തിമയും. പക്ഷേ ഇരുവരുടെയും മനസ്സുകള്‍ കലുഷിതമായിരുന്നു. ജയകുമാറിനോടൊപ്പം തമാശ പറഞ്ഞു നിന്ന               ഫാത്തിമയുടെ രൂപം ജോസിന്റെ മനസ്സിനെ കലുഷിതമാക്കിയിരുന്നു. ഈ സംഭവത്തോടെ 'K2-' സംഘത്തോടുള്ള വെറുപ്പ് ക്യാപ്റ്റന്‍ ജോസിനു വര്‍ദ്ധിച്ചു വന്നു.               ഫാത്തിമയുടെ മുഖത്ത് ചെറിയൊരു കുറ്റബോധം നിഴലിച്ചിരുന്നു. എന്തായാലും ക്യാപ്റ്റന്‍ ജോസിന് തന്റെ നീരസം മറച്ചു വെക്കാനായില്ല. ഫാത്തിമ തന്റേതു മാത്രമാണെന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സില്‍ ബലപ്പെട്ടിരുന്നു.


അദ്ധ്യായം - 12

    
ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ ഗസ്റ്റ്ഹൗസിലേക്ക് പോകുന്ന വഴി ചന്തകഴിഞ്ഞ് വിജനമായ സ്ഥലത്തെത്തിയപ്പോളാണ് ഫാത്തിമയ്ക്ക് അതു ബോധ്യമായത്. തന്നെ ആരോ പിന്‍തുടരുന്നു. ചടുലമായ ഒരു നീക്കത്തിലൂടെ, റോഡിന്റെ വശത്തേക്ക് മാറിയൊളിച്ച അവള്‍ക്ക് പിന്‍തുടര്‍ന്നയാള്‍ തന്നെ കടന്നു മുന്‍പോട്ടു പോകുന്നതു കാണാനായി. ഒളിസ്ഥലത്തു നിന്നു ഒരൊറ്റ നോട്ടത്തില്‍ പോകുന്നയാള്‍ ഒറ്റയ്ക്കാണെന്നും മറ്റാരും തന്നെ കൂടെയില്ലെന്നും ഉള്ള വിവരം തെല്ലൊരാശ്വാസം നല്‍കി. മുന്‍പോട്ടു പോയയാളാകട്ടെ, ഫാത്തിമയെ കാണാഞ്ഞ് തിരികെ വരുകയും ചെയ്തു. അയാളുടെ കണ്ണുകള്‍ ഫാത്തിമയ്ക്കായി പരതുകയാണ്. സ്‌കാര്‍ഫ് കൊണ്ട് മൂടിയ തലയിലെ കണ്ണുകളുടെ തിളക്കം കൊണ്ട് അതു ജമീലാണെന്ന് ഫാത്തിമ               തിരിച്ചറിഞ്ഞു. അവള്‍ ചെറിയൊരു ശബ്ദമുണ്ടാക്കി ജമീലിന്റെ ശ്രദ്ധ തന്നിലേക്കു തിരിച്ചു. 
    
ഒരു നിമിഷം പകച്ചുപോയ ജമീല്‍ ഫാത്തിമയെ തിരിച്ചറിഞ്ഞപ്പോള്‍ തെല്ലൊരാശ്വാസത്തോടെ അവളുടെ അടുക്കലേക്ക് ചേര്‍ന്നു നിന്നു. റോഡിലൂടെ പോകുന്ന ആര്‍ക്കും തന്നെ ഇവരെ കാണുവാന്‍ കഴിയുമായിരുന്നില്ല. കുറച്ചു നേരം ഫാത്തിമയുടെ മുഖത്തേക്കു തന്നെ നോക്കി നിന്ന ജമീല്‍ തന്റെ വരവിന്റെ ഉദ്ദേശം അറിയിച്ചു. ഫാത്തിമയുടെ കാര്യത്തില്‍ മുകളിലുളളവര്‍ക്ക് കടുത്ത അതൃപ്തിയും സംശയവും ഉണ്ടെന്നു പറഞ്ഞ അവന്‍ അതു നേരിട്ടു ചോദിക്കാനായി ഒരു പക്ഷേ അവര്‍ രജൗറിയിലെത്തിയേക്കും എന്നും മുന്നറിയിപ്പു നല്‍കി.

തന്റെ ആഗമനം തികച്ചും വ്യക്തിപരമാണെന്നും ഒരു കാരണവശാലും ഈ കൂടിക്കാഴ്ച അവര്‍ അറിയരുതെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു. ഫാത്തിമയുടെ പിഴവുകള്‍ക്ക് തക്കതായ കാരണങ്ങള്‍ ആലോചിച്ചു വെക്കുവാനായുള്ള അവസരം നല്‍കുവാനാണ് ജീവനു ഭീഷണിയുണ്ടെങ്കിലും പട്ടാപകല്‍ ഫാത്തിമയെ തേടിയെത്തിയതെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കൂട്ടത്തിലെ രണ്ടു ജീവന്‍ നഷ്ടപ്പെട്ടതിലുള്ള ദേഷ്യം മുഴുവനും ഒരു പക്ഷേ അവര്‍ ഫാത്തിമയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചേക്കുമെന്നും എന്തെങ്കിലും ന്യായമായ കാരണങ്ങള്‍ നിരത്തി അതു തടയണമെന്നും അവന്‍ അഭ്യര്‍ത്ഥിച്ചു. ഇന്‍ഡ്യന്‍ പട്ടാളത്തേയും തന്റെ കൂട്ടരേയും ഒരേസമയം കബളിപ്പിച്ചു കൊണ്ടാണ് ഫാത്തിമയ്ക്കു വേണ്ടി ഈ സാഹസം താന്‍  ചെയ്തതെന്നും അവന്‍ അടിവരയിട്ടു പറഞ്ഞു.

പോകാനായി തിരിഞ്ഞ ജമീലിന്റെ രണ്ടു കരങ്ങളും ഗ്രഹിച്ചുകൊണ്ട് ഫാത്തിമ തന്റെ നന്ദി അവനെ അറിയിച്ചു. ജമീലിന്റെ കണ്ണുകളില്‍ നിന്നും അവനു തന്നോടുള്ള കടുത്ത അനുരാഗം അവള്‍ തിരിച്ചറിഞ്ഞു.

(തുടരും..)


Read More: https://www.emalayalee.com/writers/243

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക