നമ്മൾ മലയാളികൾക്ക് ഓണം എന്നത് ഒരു വികാരം തന്നെയാണ്. കർക്കടകത്തിലെ കാർമേഘങ്ങൾ വഴി മാറി, പ്രകൃതിപോലും
ചിങ്ങമാസത്തിനുവേണ്ടി സുന്ദരിയാകുന്ന ദിനങ്ങൾ.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തിൽ തുടങ്ങുന്ന ഓണാഘോഷങ്ങൾ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്നു. തിരുവോണദിവസത്തിലെ ഓണസദ്യയാണ്
ഏറ്റവും പ്രധാനം. പുത്തൻ വസ്ത്രങ്ങളണിഞ്ഞ് കുടുംബത്തിലെ എല്ലാവരും ഒന്നിച്ചു കൂടുന്ന ദിനം.
പണ്ട് ചെത്തിയൊരുക്കാനും വൃത്തിയാക്കാനുമായി മുറ്റവും വഴിയോരങ്ങളും ഉണ്ടായിരുന്നു. പൂവുകൾ പറിക്കാനായി കുട്ടികൾ അതിരുകൾ തോറും കയറിയിറങ്ങിയി
രുന്നു. തുമ്പയും ,കിങ്ങിണിപ്പൂവും, അരളിയും, തെച്ചിയും, വാടാമല്ലിയും എന്നുവേണ്ട തൊട്ടാവാടിയുടെ പൂവ് പോലും അന്ന് പൂക്കളായി കിട്ടിയിരുന്നു. ചാണകം മെഴുകിയ തറയിൽ പൂക്കളമിടുന്നതു തന്നെ ഉത്സവപ്രതീതിയുളവാക്കുന്നതായിരുന്നു.
മുറ്റത്തെ മാവിൻ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ കൂടുതൽ ആയത്തിലാടാനായി വാശി കാട്ടുന്ന ബാല്യങ്ങളെ കാണാമായിരുന്നു.
കടകളിലെങ്ങും തിരക്കോട് തിരക്കു തന്നെ. ഉത്രാടമായാൽ പറയുകയും വേണ്ട. കവലകളിൽ കേൾക്കുന്ന ഗാനങ്ങൾക്കൊപ്പം മറ്റേതോ സ്വപ്നലോകത്തിലെന്ന പോലെ കാൽനടയായി ഞങ്ങൾ കുട്ടികൾ പൊട്ടും ചാന്തും വളകളും വാങ്ങാനായി
പോകുമായിരുന്നു.
ഓണപ്പരിപാടികളിൽ മുളകയറ്റവും (കഴകയറ്റം), വടംവലിയും, കുടമടിയുമൊക്കെ ഓരോ കവലകളിലും കാണാം. എന്തായിരുന്നു ല്ലേ. ഉണങ്ങിയ വാഴയിലകൾ കൊണ്ട് ശരീരം മുഴുവൻ മറച്ച്, മുഖം മൂടിയുമായി വരുന്ന പഴയ പുലികളി ഇന്ന്കാണാനില്ല എങ്കിലും ഓണം വളരെ നന്നായി ആഘോഷിക്കുന്നുണ്ട്.
പഴമയുടെ ഓർമ്മകളിൽ നമ്മൾ മുങ്ങാം കുഴിയിടുമ്പോൾ പുതിയ ജനറേഷന് ഇത് അടിച്ചുപൊളിയ്ക്കാനുള്ള ദിനങ്ങളാണ്. അവരും തകർക്കുന്നുണ്ട്.
ഓണമെന്ന നമ്മുടെ ദേശീയോത്സവത്തിന് പുതുവർണ്ണങ്ങളേകിക്കൊണ്ട്, ഒട്ടും പുതുമ ചോരാതെ എന്നും നില നിൽക്കട്ടെ എന്നു നമുക്ക് പ്രത്യാശിയ്ക്കാം...
സ്നേഹപൂർവ്വം
ദീപ ബിബീഷ് നായർ .