Image

അസ്തമയ സൂര്യൻ (കഥ: ശ്രീകുമാർ ഭാസ്കരൻ)

Published on 01 September, 2025
അസ്തമയ സൂര്യൻ (കഥ: ശ്രീകുമാർ ഭാസ്കരൻ)

“വൈശാഖ് നിങ്ങളെ ഒരു പണി ഏൽപ്പിച്ചാൽ നിങ്ങൾ ചെയ്യുമോ?” റെജിച്ചേട്ടൻ ആകാംക്ഷയോടെ എന്നോട് ചോദിച്ചു. 
“എന്തു പണി?” ഞാൻ തിരിച്ചു ചോദിച്ചു. 
“കളക്ടറുദ്യോഗം” റെജിച്ചേട്ടന് ശുണ്ഠിയായി. 
“തെണ്ടിത്തിരിഞ്ഞു നടക്കുവാ. എന്നാലും അഹങ്കാരത്തിന് ഒരു കുറവുമില്ല.” റെജിച്ചേട്ടൻ എന്നെ ഒന്ന് ആക്കിപ്പറഞ്ഞു. 
ഞാൻ യാഥാർത്ഥ്യബോധത്തിലേക്ക് വന്നു. ഒരു ഡോക്ടറേറ്റ് ബിരുദധാരിയോട് കാണിക്കേണ്ട മിനിമം ബഹുമാനം റെജിച്ചേട്ടൻ എന്നോട് കാണിക്കുന്നില്ല. കാരണം എന്റെ അവസ്ഥ അതായിരുന്നു. 
ഇന്ത്യൻ കോഫി ഹൗസിൽ ഇരുന്ന് അപ്പോൾ ഞാൻ കഴിച്ചു കൊണ്ടിരുന്ന ഉഴുന്നു വടയുടേയും ചായയുടേയും പൈസ കൊടുക്കാൻ പോകുന്നത് റെജിച്ചേട്ടനാണ്. ആ ഒരു ആധികാരികതയും അദ്ദേഹം എന്നോട് കാണിക്കുന്നുണ്ട്. അതെനിക്കറിയാം. അതുകൊണ്ട് ഞാൻ വിധേയത്വത്തോടെ ചോദിച്ചു. 
“എന്താ പണി?”
“പണി നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ടു വരും. എഡ്യൂക്കേഷൻ.” അദ്ദേഹം പറഞ്ഞു. 
“എന്റെ ഒരു ബന്ധുവിന് കൊല്ലംകോട് മൂന്ന് സ്കൂളുകൾ ഉണ്ട്. എയ്ഡെഡ്. അത് മുങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ കുറവ്. അത് നിങ്ങൾക്ക് ഒന്ന് ശരിയാക്കാൻ  പറ്റുമോ?” റെജിച്ചേട്ടൻ പ്രതീക്ഷയോടെ എന്നെ നോക്കി. 
“മനസ്സിലായില്ല” ഞാൻ പറഞ്ഞു. റെജിച്ചേട്ടൻ വിശദീകരിച്ചു. 
“അവിടെ ഒരു സ്കൂളിൽ ഡിവിഷൻ ഫാൾ സംഭവിച്ചു. ഒരു അധ്യാപകന്റെ പണി തെറിച്ചു. ശമ്പളം ക്യാൻസൽ ആയി. ഇപ്പോൾ രണ്ടാമതൊരു സ്കൂളിൽക്കൂടി ഡിവിഷൻ ഫാൾ സംഭവിക്കാൻ സാധ്യതയുണ്ട്. മാനേജ്മെന്റ് തലവരി വാങ്ങിയിട്ടാണ് അവരെ അപ്പോയിന്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഡിവിഷൻ ഫാൾ തടഞ്ഞേ പറ്റൂ. കൂടാതെ പോയ ഡിവിഷൻ തിരിച്ചു പിടിക്കുകയും വേണം. സ്കൂളിൽ ഡിവിഷൻ ഉണ്ടാക്കി എടുക്കണം.” റെജിച്ചേട്ടൻ പറഞ്ഞു.  
“ഇപ്പോൾ സ്കൂളിൽ അഡ്മിഷൻ സമയം ആണല്ലോ. നിങ്ങൾക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ”? റെജിച്ചേട്ടൻ ചോദിച്ചു.
ഞാൻ ആലോചിച്ചു. ഇപ്പോൾ എന്തായാലും വേറെ പണിയൊന്നുമില്ല. അടുത്തെങ്ങും ഉണ്ടാകുമെന്നും തോന്നുന്നില്ല. പിന്നെ ഇത്. സ്കൂൾ അഡ്മിനിസ്ട്രേഷനാണ് പണി. മുൻപരിചയമില്ലാത്ത പണിയാണ്. എങ്കിലും ഒരു കൈ നോക്കാം.  
“ശരി” ഞാൻ സമ്മതിച്ചു. 
അങ്ങനെ ഒരാഴ്ചയ്ക്കുള്ളിൽ ഞാൻ കൊല്ലംകോട്ടേക്കു വണ്ടി കയറി. അവിടെ ചെന്ന് ഇറങ്ങിയതുതന്നെ ഒരു ഐശ്വര്യവുമായിട്ടായിരുന്നു. അന്ന് മൂന്നു സ്കൂളിൽ ഒന്നിലെ ഒരു  അധ്യാപകൻ മഞ്ഞപ്പിത്തം വന്നു മരിച്ച ദിവസം ആയിരുന്നു. ആ മനുഷ്യന്റെ മൃതശരീരത്തിൽ റീത്ത്  വെച്ചുകൊണ്ടാണ് ഞാൻ അവിടെ അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ ലോക്കൽ മാനേജർ ആയി ചാർജ് എടുക്കുന്നത്. മരിച്ച അധ്യാപകൻ വളരെ ചെറുപ്പം ആയിരുന്നു. വിവാഹം കഴിച്ചിട്ട് ഏതാനും മാസമേ ആയിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യയും ആ സ്കൂളിലെ അധ്യാപികയായിരുന്നു. അങ്ങനെ ഒരു ദുശ്ശകുനം പിടിച്ച സാഹചര്യത്തിലാണ് ഞാൻ കൊല്ലംകോട്ട് പോയി കാലുകുത്തുന്നത്. 
ഞാൻ അവിടെ ചെല്ലുന്ന ദിവസം എനിക്കും ഒരു പ്രശ്നമുണ്ടായി. ഞാൻ അന്ന് സന്ധ്യയ്ക്ക് റോഡ് സൈഡിലൂടെ നടന്നു പോകുമ്പോൾ നടപ്പാതയുടെ സ്ലാബിന്റെ ഇടയിൽ കാല് ഇറങ്ങിപ്പോയി. കണ്ടുനിന്നവർ ഓടിക്കൂടി കാല് വലിച്ചൂരിയെടുക്കുമ്പോൾ സ്ലാബിന്റെ  വശത്ത് എഴുന്നുനിന്ന തുരുമ്പെടുത്ത കമ്പിയിൽ ഉരഞ്ഞ് കാലിന്റെ മുട്ടിന് താഴെ ഇരുവശവും ആഴത്തിൽ മൂന്നു വരയിൽ മാംസം ഉൾപ്പെടെ വലിഞ്ഞു കീറിപ്പോയി.  സഹിക്കാൻ പറ്റാത്ത വേദന. 
ഈ സംഭവം നടക്കുന്നത് ഒരു മെഡിക്കൽ സ്റ്റോറിന്റെ മുന്നിലായിരുന്നു. അപ്പോൾ തന്നെ മെഡിക്കൽ സ്റ്റോറുകാരൻ ഇറങ്ങിവന്ന് ഒരു സ്റ്റൂൾ എടുത്തിട്ടു തന്നു. ഞാൻ സ്വയം ചികിത്സിക്കാൻ തീരുമാനിച്ചു. ഒന്നുമല്ലെങ്കിലും ഞാനുമൊരു ഡോക്ടറാണല്ലൊ.  വൈദ്യമറിയില്ലെങ്കിലും. 
അപ്പോൾ ആൾക്കൂട്ടത്തിൽ  ഉണ്ടായിരുന്ന ഒരു പോലീസുകാരൻ ഐഡിൻ ടിഞ്ചർ മുറിവിന് നല്ലതാണെന്ന് പറഞ്ഞു. ഞാൻ മുൻപ് അത് ഉപയോഗിച്ചിട്ടില്ല. എങ്കിലും പരിണത പ്രജ്ഞനായ ഒരു നിയമപാലകന്റെ വാക്ക് മാനിച്ച് ഞാൻ ഒരു കുപ്പി ഐഡിൻ ടിഞ്ചർ  വാങ്ങി. അത് ഒരു പഞ്ഞിയിലേക്ക് ഒഴിച്ച് മുറിവിൽ വച്ചപ്പോൾ ജീവൻ പോകുന്ന വേദനയായിരുന്നു. മുറിവിൽ കുരുമുളകുപൊടി ഇട്ട അനുഭവം. പക്ഷേ എന്ത് ചെയ്യാം. അതല്ലാതെ മറ്റു മാർഗ്ഗമില്ല. പിന്നെ പഞ്ഞി കാലിന്റെ ഇരുവശവും പൊത്തിപ്പിടിച്ച് ചീസ് ക്ലോത്ത് കൊണ്ട് നന്നായിട്ട് വരിഞ്ഞു കെട്ടി. മൊത്തത്തിൽ ഒരു വലിയ കെട്ട് രൂപപ്പെട്ടു. അതിനുശേഷം ഞാൻ അടുത്ത ഹോട്ടലിൽ റൂമെടുത്ത് പോയി കിടന്നു. അസഹ്യമായ വേദന. അന്ന് ഉറങ്ങാൻ പറ്റിയില്ല.
പിറ്റേന്ന് മുതൽ എനിക്ക് സ്കൂളിലേക്ക് കുട്ടികളെ ക്യാൻവാസ് ചെയ്യാൻ പോകേണ്ടതായിട്ടുണ്ടായിരുന്നു. വെറുതെയിരിക്കാൻ പറ്റില്ല. ഞാൻ ജനറൽ ഹോസ്പിറ്റലിൽ പോയി ഒരു ആന്റിടെറ്റനസ് ഇഞ്ചക്ഷൻ എടുത്തിട്ട് എന്റെ സഹപ്രവർത്തകരായിട്ടുള്ള അധ്യാപകരുമായി കുട്ടികളെ പിടിക്കാൻ ഇറങ്ങി. അടുത്ത ദിവസം തന്നെ.  
‘കല്ലു കൊത്താനുണ്ടോ കല്ല്’ എന്ന് പണ്ട് കല്ലുകൊത്തുന്നവർ വിളിച്ചു ചോദിച്ചു നടക്കുന്നത് പോലെ വീടുവീടാന്തരം കയറി ‘കുട്ടിയെ ചേർക്കാൻ ഉണ്ടോ’ എന്ന് ചോദിച്ച് നടന്നു. സ്കൂൾ അഡ്മിഷന്റെ ആപ്ലിക്കേഷൻ ഫോം ഓരോ വീട്ടിലും കൊണ്ടുക്കൊടുത്ത് അവിടെ വച്ച് പൂരിപ്പിച്ച് മാതാപിതാക്കളുടെ ഒപ്പു വാങ്ങി അവിടെ വെച്ച് തന്നെ കുട്ടികളുടെ അഡ്മിഷൻ നടത്തി മുന്നോട്ടുപോയി. അപ്രകാരം ഒരു ദിവസം ശരാശരി അഞ്ചുമുതൽ എട്ടു കിലോമീറ്റർ വരെ നടക്കണമായിരുന്നു. എന്റെ കാലിനാണെങ്കിൽ നല്ല വേദനയായിരുന്നു. എങ്കിലും വേദന സഹിച്ച് ഞാൻ നടന്നു.
അങ്ങനെ രണ്ടാഴ്ച കഠിനമായി അധ്വാനിച്ചു. അതിന് ഫലവും ഉണ്ടായി. ഡിവിഷൻ നഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല പുതിയ ഒരു ഡിവിഷനുള്ള കുട്ടികളെ കൂടുതൽ കിട്ടുകയും ചെയ്തു. അന്ന് എന്റെകൂടെ നടന്ന ഒരു ടീച്ചർ ഒരു മാസത്തിനു ശേഷം എന്നെ കണ്ടപ്പോൾ ചോദിച്ചു ‘അപ്പോൾ സാർ വികലാംഗൻ അല്ലായിരുന്നു അല്ലേ’. കാരണം അതുവരെ ഞാൻ ഒന്തിയൊന്തി യാണ് നടന്നിരുന്നത്. വേദന കാരണം. 
എന്തുതന്നെയായാലും എന്റെ രംഗപ്രവേശം യോഗ്യമായ രീതിയിൽ മുന്നോട്ടുപോയി. മൂന്നു സ്കൂൾ. മൂന്ന് മിനിബസ്. ഒരു ജീപ്പ്. ഇതായിരുന്നു കുട്ടികളുടെ യാത്രാ സൗകര്യം. ബസ്സുകൾ പഴയതാണ്. ശരിക്കും പറഞ്ഞാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വണ്ടി. എങ്കിലും നിയമപാലകർ കൈകാണിച്ചു നിർത്തി ബുദ്ധിമുട്ടിച്ചില്ല. അവർക്കും അറിയാമായിരുന്നു കൈ കാണിക്കാൻ തുടങ്ങിയാൽ പിന്നീട് വണ്ടികൾ ഒന്നും റോഡിൽ ഇറങ്ങില്ല എന്ന്. പിന്നെ കുട്ടികൾക്ക് നടന്നു പോകേണ്ടി വരും. 
വണ്ടിയുടെ ഡ്രൈവർമാർ വളരെ സ്നേഹസമ്പന്നരും ഡ്രൈവിങ്ങിൽ വളരെ വിദഗ്ധരും ആയിരുന്നു. ഒരാൾ കെ. എസ്. ആർ. ടി. സി. യിൽ നിന്നും റിട്ടയർ ചെയ്ത ഡ്രൈവറാണ്. മറ്റേ രണ്ടുപേർ പ്രാദേശികമായിട്ട് ടാക്സി ഓടിക്കുന്നവരും. അവർ സമുചിതമായിട്ട് സ്കൂളിനോട് സഹകരിച്ചിരുന്നു.
വണ്ടിയുടെ കേടുപാടുകൾ അതാത് സമയത്ത് പാലക്കാട് കൊണ്ടുപോയി ഞാൻ ശരിയാക്കിയിരുന്നു. അതിനു നല്ല തുക ചെലവാകുമായിരുന്നു. എങ്കിലും കുട്ടികളുടെ ബസ്സു യാത്രയ്ക്ക് മുടക്കം വന്നില്ല. ശരാശരി മൂന്നര നാലു കിലോമീറ്റർ ദൂരേന്ന് വരെ കുട്ടികൾ സ്കൂളിൽ എത്തുമായിരുന്നു. 
ഒരു ദിവസം ഞാൻ സ്കൂളിലെ അധ്യാപകനായിരുന്ന ഹരി മാഷിനോട് പറഞ്ഞു “നമുക്ക് ഈ കുട്ടികളുടെ ഒക്കെ വീടുകൾ സന്ദർശിക്കണം.”
“ഓഹോ അതിനെന്താ” മാഷ് സമ്മതിച്ചു. 
അങ്ങനെ അടുത്ത ഞായറാഴ്ച ഞങ്ങൾ രണ്ടും കൂടി ഗൃഹസന്ദർശനത്തിന് ഇറങ്ങി. 
പല വീടുകൾ കയറി വൈകിട്ടോടെ ഞങ്ങൾ ലേഖയുടെ വീട്ടിലെത്തി. സ്കൂളിൽ നിന്നും മൂന്നുകിലോമീറ്റർ അകലെ. അത് കനാലിന്റെ മുകളിൽ കൂടിയുള്ള സ്ലാബ് കടന്ന് കനാലിന്റെ തീരത്ത് കൂടിയുള്ള ഒറ്റടി നടപ്പാതയിൽ കൂടി ഒരു അര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ ഇടതുവശത്ത് ആയിട്ട് കനാലിന്റെ പുറമ്പോക്കിൽ ഒരു കുടിൽ. കുടിൽ എന്ന് പോലും പറയനാകില്ല. ഒരു കമ്പ് നടുക്കായി നാട്ടിയിരിക്കുന്നു. അതിനു ചുറ്റും പനയോല വിരിച്ചു കെട്ടിയിരിക്കുന്നു. വൃത്തത്തിൽ. സാധാരണ ബീച്ചിൽ ഒക്കെ ഐസ്ക്രീം വിൽക്കുന്ന അല്ലെങ്കിൽ വിദേശികൾക്ക് ഇരുന്ന് കടലാസ്വദിക്കാൻ വേണ്ടിയിട്ട് ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു കുട പോലെ ഒന്ന്. രണ്ട് കസേര ഇട്ടാൽ തീരാവുന്ന വിസ്താരം മാത്രം. 
അതിന്റെ അകത്ത് ഒരു കയറ്റു കട്ടിൽ. പിന്നെ ഏതാനും പാത്രം. അത്രയേ ഒള്ളു. അതാണ് അവരുടെ കുടിൽ. ചുറ്റും കെട്ടിമറയോ ഒന്നും തന്നെ ഇല്ല. ലേഖ അവിടെ ഓടിക്കളിക്കുന്നു. അവൾ മൂന്നാം ക്ലാസുകാരിയാണ്. അവൾക്ക് ഒരു അനിയനും ഉണ്ട്. 
ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അപ്രതീക്ഷിതമായ ഞങ്ങളുടെ വരവുകണ്ട് അമ്പരന്നു പോയ ആ മനുഷ്യൻ ഭവ്യതയോടെ എണീറ്റ് നിന്നു. ലേഖയുടെ അച്ഛൻ.  അദ്ദേഹം കയറ്റുകട്ടിലിൽ ഇരിക്കുകയായിരുന്നു. കുട്ടികളുടെ കളി കണ്ടുകൊണ്ട്. ഒരു മുഷിഞ്ഞ കൈലി മാത്രം ഉടുത്ത കൃശഗാത്രനായ ഒരു മനുഷ്യൻ. അദ്ദേഹം ഒരു തെങ്ങുകയറ്റക്കാരനാണ്. 
ഹരി മാഷിനെ അദ്ദേഹത്തിന് പരിചയമുണ്ട്. അദ്ദേഹം നമ്മളെ കണ്ട് പരുങ്ങലോടെ എണീറ്റ് നിന്ന് നെഞ്ചോട് ചേർത്ത് കൂപ്പുകൈ നമസ്കാരം പറഞ്ഞു. അതേ രീതിയിൽ തന്നെ അദ്ദേഹം നിന്നു. കൂപ്പുകൈ എടുത്തുമാറ്റാൻ പോലും അദ്ദേഹം മറന്നു പോയി. അത്ര അമ്പരപ്പിൽ ആയിരുന്നു ആ മനുഷ്യൻ. 
അദ്ദേഹത്തിന് ഞങ്ങൾ നമസ്കാരം പറഞ്ഞു. അദ്ദേഹം ഞങ്ങളെ കയറ്റുകട്ടിലി ലേക്ക് ക്ഷണിച്ചു. ഞാനും ഹരിമാഷും കട്ടിലിൽ ഇരുന്നു. വളരെ പരുങ്ങലോടെ ഒതുങ്ങി ആ മനുഷ്യൻ ഞങ്ങൾക്ക് മുന്നിൽ നിന്നു. അപ്പോഴും ആ മനുഷ്യന്റെ മുഖത്തെ അമ്പരപ്പ് വിട്ടു മാറിയിരുന്നില്ല. 
ഹരിമാഷ് സംസാരിച്ചു തുടങ്ങി. മാഷ് എന്നെ പരിചയപ്പെടുത്തി. ‘സ്കൂളിന്റെ മാനേജരാണ്’. അങ്ങനെ ഒരാൾ ആദ്യമായിട്ടാണ് അവിടെ വരുന്നത് എന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും എനിക്ക് മനസ്സിലായി. എങ്ങനെയാണ് ഞങ്ങളെ സൽക്കരിക്കേണ്ടത് എന്നുള്ള ഒരു വിഷമത്തിലായിരുന്നു ആ മനുഷ്യൻ. 
ഒന്നുമില്ലാതിരുന്നിട്ടും അദ്ദേഹം ‘ചായ തരട്ടെ’ എന്ന് ചോദിച്ചു. ഞങ്ങൾ അത് സ്നേഹത്തോടെ നിരസിച്ചു. ലേഖ അവിടെ ഓടിക്കളിക്കുന്നുണ്ടായിരുന്നു. ഹരിമാഷ് ലേഖയെ സമീപത്ത് വിളിച്ചു. ഹരി മാഷിന്റെ സ്റ്റുഡന്റ് കൂടിയാണ് ലേഖ. എന്നിട്ട് അവളെ മുന്നിൽ നിർത്തി അഭിമാനപൂർവ്വം ഹരിമാഷ് പറഞ്ഞു. 
“മൂന്നാം ക്ലാസുകാരിയാണ്. പക്ഷേ കഴിഞ്ഞ നാഷണൽ ലെവൽ എൽ. പി. സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തിയ ടെസ്റ്റിൽ ഓൾ ഇന്ത്യ തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ കുട്ടിയാണിവൾ”. 
ലേഖ അവളുടെ പ്രായത്തിനനുസരിച്ച് ശരീരവളർച്ച ഇല്ലാതെ പോയ ഒരു കൊച്ചു പെൺകുട്ടി. ദാരിദ്ര്യം അവളുടെ ശരീരത്തിൽ എടുത്തു കാണാമായിരുന്നു.  എന്നിട്ടും യാതൊരു ദുഃഖവും അവളുടെ മുഖത്ത് ഇല്ലായിരുന്നു. വലിയ സന്തോഷത്തോടെ അവൾ അവിടെ ഓടിക്കളിക്കുന്നുണ്ടായിരുന്നു. അതൊരു വീടാണ്. പക്ഷേ നമുക്ക് അതൊരു വീടായി തോന്നുകയില്ല. സർക്കാരിന്റെ സ്ഥലമാണ്. കനാലിന്റെ പുറമ്പോക്ക് സ്ഥലം. 
തന്റെ കഴിവ് അനുസരിച്ച് ആ മനുഷ്യൻ കുട്ടികളെ പഠിപ്പിക്കുന്നു. ഞാൻ ആ മനുഷ്യനോട് യാത്ര പറഞ്ഞു പുറത്തേക്ക് വന്നു. ഏറെനേരം നമ്മൾ അവിടെ ഇരിക്കുന്നത് ആ മനുഷ്യന് ബുദ്ധിമുട്ടാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നു. ഞങ്ങൾ അവിടെ ചെലവഴിക്കുന്ന ഓരോ നിമിഷവും ആ മനുഷ്യൻ തീക്കട്ടയിൽ ചവിട്ടി നിൽക്കുന്ന പോലെ ഉരുകുകയായിരുന്നു. തന്റെ ദൈന്യത മറ്റൊരാളുടെ മുന്നിൽ വെളിപ്പെട്ടപ്പോഴുള്ള  അഭിമാനക്ഷതം. വേണ്ട രീതിയിൽ അതിഥികളെ സത്കരിക്കാൻ പറ്റാത്തതിന്റെ ദുഃഖം. ഇ തൊക്കെ ആ മനുഷ്യന്റെ മുഖത്ത് പ്രകടമായിരുന്നു. 
ഞങ്ങൾ അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങി. ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. എന്റെ മനസ്സ് പതുക്കെ കനം വെച്ച് തുടങ്ങിയിരുന്നു. ഞങ്ങൾ മുന്നോട്ട് നടന്നു. പഴയ സ്ലാബിന്റെ അടുത്തെത്തിയപ്പോൾ ഹരി മാഷ് പറഞ്ഞു. 
“നമ്മുടെ സ്കൂളിൽ ഏറ്റവും കൂടുതൽ ദൂരത്തുനിന്ന് വരുന്നത് രതീഷാണ് . അവന്റെ വീട് ഈ കാടിന്റെ അപ്പുറത്താണ്. നമുക്ക് അവിടേക്ക് ഒന്ന് പോയാലോ.”
അപ്പോഴാണ് ഞങ്ങൾ നിൽക്കുന്നതിന്റെ മുന്നിൽ വിശാലമായ കാട് ഞാൻ ശ്രദ്ധിക്കുന്നത്. ഏതാണ്ട് എട്ട്  അടിയോളം ഉയരെ വളർന്നു നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയും അനച്ചകവും. പിന്നെ ധാരാളം മരങ്ങൾ ഉണ്ട്. കാട്ടുമരങ്ങൾ. മുന്നിൽ ഒരു കൊടുങ്കാട്. അധികം ഉയരമില്ലാത്ത ഒരു കൊടുങ്കാട്. 
അതിലേക്ക് പുല്ല് ചതഞ്ഞ ഒരു നടപ്പാത. അതാണ് രതീഷിന്റെ വീട്ടിലേക്കുള്ള വഴി. ആ വഴി ഉപയോഗിക്കുന്ന ഒരേ ഒരു വ്യക്തി രതീഷാണ്. കാരണം ആ കാടിന്റെ അപ്പുറത്തേക്ക് പോകുന്ന ഏക വ്യക്തിയും അവൻ തന്നെ. അവൻ നാലാം ക്ലാസുകാരനാണ്. ഒൻപത് വയസ്സുള്ള കുട്ടി. ഞാൻ ഹരിമാഷിനോട് ചോദിച്ചു. 
“ഈ കാട്ടിൽക്കൂടിയാണോ എന്നും ആ കുട്ടി സ്കൂളിലേക്ക് വരുന്നത്.”?
“അതെ” മാഷ് പറഞ്ഞു. “നമ്മുടെ സ്കൂൾ ബസ് കനാലിന്റെ കര വരേ വരുകയുള്ളൂ. പിന്നെ അവിടുന്ന് തിരിച്ച് പോകും.”
“ഈ കാട്ടിൽ വന്യജീവികൾ വല്ലോം ഉണ്ടോ?” പകുതി തമാശയായും പകുതി കാര്യമായും ഞാൻ ചോദിച്ചു. 
“അങ്ങനെ ഒന്നുമല്ല. പിന്നെ വല്ല പെരുമ്പാമ്പോ മറ്റോ കണ്ടേക്കാം.”  ഒരു ചെറിയ ഭയത്തോടെ ഹരി മാഷ് പറഞ്ഞു. കാരണം ഞങ്ങൾ ഇനി ആ കാട്ടിലേക്ക് കടക്കാൻ പോവുകയാണല്ലോ. 
ഹരിമാഷ് മുന്നിലും ഞാൻ പിന്നിലുമായി ഞങ്ങൾ നടന്നു. വളരെ ബുദ്ധിമുട്ടി പടർന്നു  പന്തലിച്ച് വഴിയിലേക്ക് ചാഞ്ഞു കിടക്കുന്ന അനച്ചകവും കമ്മ്യൂണിസ്റ്റ് പച്ചയും വകഞ്ഞു മാറ്റി ഞങ്ങൾ മുന്നോട്ടുനടന്നു. 
ഏകദേശം മുക്കാൽ കിലോമീറ്റർ ഞങ്ങൾ നടന്നു കാട് കടക്കാൻ. കാടിന്റെ അപ്പുറത്ത് എത്തിയപ്പോൾ മുന്നിൽ ഒരു മലഞ്ചരുവ്. അതിന്റെ അപ്പുറത്ത് വിശാലമായ ഒരു വയൽ. മലഞ്ചെരുവിൽ ഒരു ചെറിയ കുടിൽ. മുറ്റത്ത് മൂന്നുനാലു വാഴ. പിന്നിൽ ആയിട്ട് ഒരു ചെറിയ കിണർ. മൂന്നു സെന്റ് സ്ഥലം കാണും. അതാണ് രതീഷിന്റെ വീട്. അതിന്റെ അപ്പുറത്തേക്ക് പിന്നെ വീടില്ല. വയലാണ്. 
ഞങ്ങൾ അവിടെത്തുമ്പോൾ വീടിന്റെ പിന്നിലെ മുറ്റത്ത് വിറക് കീറുകയായിരുന്നു രതീഷ്. അവനെ ഹരിമാഷ് വിളിച്ചു. രതീഷ് അമ്പരപ്പോടെ അതിലുപരി  സന്തോഷത്തോടെ ഓടിവന്നു. അവന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് അവന്റെ ഒരു അധ്യാപകൻ ആ വീട്ടിലെത്തുന്നത്. ഒരുപക്ഷേ ആ വീട്ടിലെത്തുന്ന അപൂർവ്വം അതിഥികളിൽ രണ്ടുപേർ അയിരിന്നിരിക്കണം ഞങ്ങൾ. അതിന്റെ സന്തോഷം അവന്റെ മുഖത്ത് ഉണ്ടായിരുന്നു. അവൻ ഞങ്ങളെ വിളിച്ചു വീടിന്റെ മുന്നിലേക്ക് എത്തി. വീട് പനയോല കൊണ്ട് മേഞ്ഞതാണ്. മൺഭിത്തി. അത് ചാണകം മെഴുകിയിരിക്കുന്നു. വൃത്തിയുള്ള മുറ്റം. വീടിന്റെ കോല വളരെ താണതാണ്. കഷ്ടിച്ച് നാലടി പൊക്കമേ ഉള്ളൂ. അതുകൊണ്ട് ഞങ്ങൾ അകത്തേക്ക് കയറിയില്ല. 
വളരെ കുനിഞ്ഞ് ഞാൻ അകത്തേക്ക് നോക്കി. അകത്ത് ഒരു സ്ത്രീ നിലത്ത് കാലു നീട്ടിയിരിക്കുന്നു. അവരുടെ മടിയിൽ ഒരു പെൺകുഞ്ഞ്. അത് അവരുടെ മാറോടു ചേർന്ന് ഉറങ്ങുന്നു. അതിനെ പുറത്ത് പതുക്കെ തട്ടികൊണ്ട് അവർ ഇരിക്കുകയാണ്. കുട്ടിക്ക് ഒന്നര വയസ്സ് പ്രായമുണ്ട്. രതീഷിന്റെ അനിയത്തിയാണ്. അതിനെ ഉറക്കി കൊണ്ടിരിക്കുകയായിരുന്നു ആ മാതാവ്. 
ഞങ്ങളെ കണ്ടപ്പോൾ തികച്ചും നിസ്സംഗമായി അവർ നമ്മളെ നോക്കി. പ്രത്യേകിച്ച് ഭാവഭേദങ്ങളോ വികാരങ്ങളോ ഒന്നുമില്ലാത്ത ഒരു നോട്ടം. നമ്മൾ ആരാണെന്നോ  എന്താണെന്നോ കൃത്യമായി അവർക്ക് മനസ്സിലായില്ല എന്ന് തോന്നി. 
‘ഇത് എന്റെ മാഷാണ്’ എന്ന് രതീഷ് ആവേശപൂർവം വിളിച്ചുപറഞ്ഞു. എന്നിട്ടും അവരുടെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവഭേദവും ഉണ്ടായില്ല. ദുഃഖം ഘനീഭവിച്ച്  കരിങ്കല്ലായിപ്പോയ മുഖം. യാതൊരു ഭാവഭേദവും ഇല്ലാത്ത ഒരു മുഖം. 
ഞാൻ അല്പനേരം അവരെ നോക്കി. അവർ നിസ്സംഗമായിട്ട് ഞങ്ങളെ നോക്കി ഇരുന്നു. 
ഞാൻ ഹരിമാഷനോട് പറഞ്ഞു. “പോകാം”. 
ഏറെ നേരം ഞങ്ങൾ അവിടെ നിൽക്കുന്നത് അവർക്ക് ബുദ്ധിമുട്ടാവും എന്ന് എനിക്ക് തോന്നി. അവർ വല്ലാത്ത ഒരു ദുഃഖാവസ്ഥയിലാണ് എന്ന് എനിക്ക് മനസ്സിലായിരുന്നു. 
ഞങ്ങൾ തിരിഞ്ഞു നടന്നു. അപ്പോഴും എന്റെ മനസ്സിന്റെ കനം കൂടി വന്നു. കുട്ടികളുടെ പശ്ചാത്തലത്തിന്റെ ദാരിദ്ര്യം എന്റെ മനസ്സിനെ വല്ലാതെ മദിച്ചു  തുടങ്ങിയിരുന്നു. ഞങ്ങൾ സ്കൂളിൽ തിരിച്ചെത്തി.
പിന്നീട് ഞാൻ എന്റെ താമസസ്ഥലത്തേക്ക് പോയി. ഏതാനും ആഴ്ചകൾക്കുള്ളിൽ എനിക്ക് മറ്റൊരു ജോലി സാധ്യത ശരിയായി. തമിഴ്നാട്ടിൽ ഒരിടത്ത് ഒരു സീഫുഡ് എക്സ്പോർട്ടിങ് കമ്പനിയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ. ചെറിയ കമ്പനി അല്ല. വലിയ കമ്പനി. ഏഷ്യയിലെ ഏറ്റവും വലിയ എക്സ്പോർട്ടിങ് കമ്പനി. ഇങ്ങോട്ട് വച്ചുനീട്ടിയ ഒരു ഓഫർ ആയിരുന്നു അത്. ഞാൻ ഒരു ജോലിക്കും വേണ്ടി അപേക്ഷിച്ചിരുന്നില്ല. എന്റെ ഒരു സുഹൃത്തു മുഖാന്തരം ഇങ്ങോട്ട് വെച്ചുനീട്ടിയ ജോലിയാണ്. സ്കൂളിലെ എല്ലാവരോടും സ്നേഹപൂർവ്വം യാത്ര പറഞ്ഞു ഞാൻ അവിടേക്ക് പുതിയ ജോലിയിൽ ജോയിൻ ചെയ്യാൻ പോയി. 
ആ പ്ലാന്റ് ഒരു ചെറിയ സാമ്രാജ്യം ആയിരുന്നു. ഏതാണ്ട് മുപ്പതോളം ഏക്കർ സ്ഥലം. അതിന്റെ നടുക്ക് വലിയൊരു കെട്ടിടം. അതാണ് പ്രൊസെസ്സിങ് യൂണിറ്റ്.  പിന്നെ താമസിക്കാൻ ക്വാർട്ടേഴ്സ്. പ്ലാന്റിന്റെ രണ്ടുവശം നദി. രണ്ടുവശം വയൽ. ഇതായിരുന്നു പ്ലാന്റിന്റെ ഒരു ഘടന. ഏറെക്കുറെ ഒരു ദ്വീപിന് സമാനമായ അന്തരീക്ഷം. 
ഞാൻ അവിടെ ജോലി തുടങ്ങി. പക്ഷേ ഞാൻ അതൃപ്തനായിരുന്നു. ജോലി എനിക്ക് കൂടുതൽ സന്തോഷമായിരുന്നത് വിദ്യാഭ്യാസമേഖലയിലായിരുന്നു. അത് അവിടെ ചെന്നപ്പോൾ എനിക്ക് മനസ്സിലായി. നല്ല ജീവിതസഹചര്യം. നല്ല ശമ്പളം. ഒക്കെ ഉണ്ടായിട്ടും എന്റെ മനസ്സ് വ്യാകുലപ്പെട്ടു. അതുകൊണ്ടുതന്നെ എന്നും വൈകിട്ട് ഒരു കിലോമീറ്റർ ദൂരെയുള്ള ടെലിഫോൺ ബൂത്തിൽ പോയി ഞാൻ ഹരിമാഷിനെ വിളിക്കും. സ്കൂളിന്റെ കാര്യങ്ങളൊക്കെ അന്വേഷിക്കും. 
സ്കൂളിലെ കുട്ടികൾക്ക് വേണ്ടിയിട്ട് അതിനോടകം പല പരിപാടികൾ ഞാൻ ചെയ്തിരുന്നു. ‘അറിവിൽക്കൂടി ആനന്ദം’ എന്ന ഒരു പ്രോഗ്രാം ഓണം അവധിക്ക് സ്കൂളിൽ നടത്തി. മൂന്ന് ദിവസം നീണ്ടുനിന്ന വിദ്ധ്യാഭ്യാസ ക്യാമ്പ്. അതിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് മാത്രമല്ല ചുറ്റുമുള്ള ഏത് സ്കൂളിലെ കുട്ടികൾക്കും പങ്കെടുക്കാം. എൺപത് കുട്ടികൾ പങ്കെടുത്ത ഒരു ക്യാമ്പ് ആയിരുന്നു അത്.  പകൽ സമയം മാത്രം. ക്യാമ്പിൽ ഭക്ഷണം സൗജന്യമായിരുന്നു. രാവിലെ ചായ. ഉച്ചയ്ക്ക് വെജിറ്റേറിയൻ ഊണ്.  വൈകിട്ട് ചായയും പഴംബോളിയും. 
ക്യാമ്പിൽ കുട്ടികളെ ട്രെയിൻ ചെയ്യാൻ വൈദഗ്ധ്യം നേടിയ അധ്യാപികമാരായ മൂന്നുപേർ ഞങ്ങളോട് സഹകരിച്ചു. അവർ കുട്ടികൾക്ക് കളികളിൽ കൂടി ആനന്ദം പകരുന്ന പല പരിപാടികളും അറേഞ്ച് ചെയ്തു. കുട്ടികൾക്ക് സമ്മാനങ്ങൾ കൊടുത്തു. 
മൂന്നാമത്തെ ദിവസം ഞങ്ങൾ കുട്ടികളുമായിട്ട് സമീപമുള്ള ഡാംസൈറ്റിലേക്ക് പോയി. അവിടെ വലിയ ഒരു ആൽമരം പടർന്നു പന്തലിച്ചു നിൽക്കുന്നു. ധാരാളം   വട വേരുകളോട് കൂടിയത്. പിന്നെ അതിന്റെ ചുവട്ടിലെ വിശാലമായ തണലിൽ ഞങ്ങൾ വിദഗ്ധനായ ഒരു കാർട്ടൂണിസ്റ്റിനെ കൊണ്ട് ക്ലാസ് എടുപ്പിച്ചു. എങ്ങനെ കാർട്ടൂൺ വരയ്ക്കാം എന്ന വിഷയത്തിൽ. ഒരു ഫീൽഡ് സ്റ്റഡി പോലെ. പ്രകൃതിയോട് ചേർന്നുള്ള പഠനം. 
അതിനുശേഷം ഞങ്ങൾ തിരിച്ചു സ്കൂളിൽ വന്നു. മൂന്നുദിവസം നീണ്ടുനിന്ന ക്യാമ്പ്    ഔപചാരികമായി പിരിച്ചുവിട്ടു. മൊത്തത്തിൽ ലഹരി പകർന്ന ഒരു ക്യാമ്പ് ആയിരുന്നു അത്.
അതിന്റെ സ്മരണ അയവിറക്കിയാണ് ഞാൻ തമിഴ്നാട്ടിലെ പ്ലാന്റിൽ ജീവിച്ചത്. എന്റെ ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മനസ്സ് അപ്പോഴും സ്കൂളിലായിരുന്നു. വളരെ തുച്ഛമായ ശമ്പളമാണ് സ്കൂളിൽ നിന്ന് എനിക്ക് കിട്ടിയിരുന്നത്. അതിനെ വെച്ച് നോക്കുമ്പോൾ വളരെ ഭാരിച്ച ശമ്പളമാണ് തമിഴ്നാട്ടിലെ പ്ലാന്റിൽ നിന്നും എനിക്ക് കിട്ടിയിരുന്നത്. എന്നിട്ടും മാനസികമായി ഞാൻ വല്ലാതെ ആകുലപ്പെട്ടു. കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ എന്റെ മനസ്സ് പിടച്ചു. വെള്ളത്തിലേക്ക് ചെന്ന് ചാടാനുള്ള വെമ്പൽ. അവിടെയാകട്ടെ ശമ്പളം കുറവ്. പക്ഷേ വലിയ സന്തോഷം. വലിയ മനസ്സമാധാനം. ക്രിയാത്മകത. അങ്ങനെ പലതും ഉണ്ടായിരുന്നു. 
നിഷ്ക്രിയമായ ഒരു വലിയ പദവിയിൽ ഇരുന്നു കൊണ്ട് ഞാൻ ഉരുകുകയായിരുന്നു. അതിന്റെ അനന്തരഫലമായിട്ടാണ് എല്ലാ ദിവസവും ഞാൻ ഹരിമാഷിനെ വിളിക്കുമായിരുന്നത്. സ്കൂളിന്റെ വിശേഷങ്ങളും മറ്റും അന്വേഷിക്കും.
അങ്ങനെ മൂന്നുമാസം കടന്നുപോയി. ഒരു ദിവസം എനിക്ക് പ്ലാന്റിൽ നിന്നും കുറച്ചു ദൂരേക്ക് യാത്ര ചെയ്യേണ്ടി വന്നു. ബിസിനസ് ആവശ്യത്തിന്. അതൊരു ഞായറാഴ്ചയായിരുന്നു. തിങ്കളാഴ്ച വീണ്ടും എനിക്ക് യാത്രയുണ്ടായി. ഞായറാഴ്ചയും തിങ്കളാഴ്ചയും ഹരിമാഷിനെ വിളിക്കാൻ എനിക്ക് സാധിച്ചില്ല. ചൊവ്വാഴ്ച വൈകിട്ട് ഞാൻ പ്ലാന്റിൽ നിന്നും ഹരിമാഷിനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. 
“ഇന്ന് സ്കൂളിന് അവധി ആയിരുന്നു.”
കേരളത്തിന്റെ അവധി ദിവസങ്ങൾ എനിക്ക് അപ്പോഴേക്കും അന്യമായിരുന്നു. എന്നിട്ടും ഞാൻ ആലോചിച്ചു. എന്താ അവധി. വിഷുവോ റംസാനോ ഒന്നുമല്ലല്ലോ.
“അവധി എന്തിന്റെയാണ്”. ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
ഒരു മിനിറ്റ് മൗനം. അതു കഴിഞ്ഞ് ഹരിമാഷ് പറഞ്ഞു. 
“പൊതുഅവധിയായിരുന്നില്ല. നമ്മുടെ സ്കൂളിന് വേണ്ടി മാത്രമുള്ള അവധിയാണ്.”
“അതെന്താണ്” ഞാൻ ചോദിച്ചു. 
വീണ്ടും മൗനം. അല്പം കഴിഞ്ഞ് ഹരിമാഷ് പറഞ്ഞു. 
“നമ്മൾ അന്ന് പോയ രതീഷില്ലേ. വയലിന്റെ കരയിലെ കുടിൽ. കാട് കയറിപ്പോയ വഴി”. 
“ഉവ്വ്. അവനെന്ത് പറ്റി.” ഞാൻ ചോദിച്ചു. 
“അവൻ മരിച്ചു പോയി” ഹരിമാഷ് സാവകാശം പതുക്കെപ്പറഞ്ഞു.  
ഞാൻ തരിച്ചു നിന്നുപോയി. 
കേവലം ഒൻപത് വയസ്സു മാത്രം പ്രായമുള്ള ഒരു ബാലൻ. അവൻ സജീവമായി വീടിന്റെ പിന്നിൽ നിന്ന് വിറക് കീറുന്ന കാഴ്ചയാണ് എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്. അവനായിരുന്നു ആ വീടിന്റെ എല്ലാം. ഗൃഹനാഥൻ. കടയിൽ പോകുന്നത്. വിറക് കീറുന്നത്. വെള്ളം കോരുന്നത്. അങ്ങനെ എല്ലാം. ആ ഗൃഹനാഥനാണ് ഇല്ലാതായിരിക്കുന്നത്. ആ വീടിന്റെ അവസ്ഥ എന്തായിരിക്കും. ഞാൻ ആലോചിച്ചു നിൽക്കുമ്പോൾ ഹരിമാഷ് പറഞ്ഞു. 
“അവന് മഞ്ഞപ്പിത്തം ആയിരുന്നു. തിരിച്ചറിഞ്ഞ് കാണില്ല. തിരിച്ചറിഞ്ഞാലും ആ സ്ത്രീ എന്ത് ചെയ്യാൻ. ഇന്ന് വെളുപ്പിനെ അവൻ പോയി. ഞങ്ങളെല്ലാം അവനെ കാണാൻ  പോയിരുന്നു.  അതുകൊണ്ട് ഇന്ന് സ്കൂളിന് അവധി കൊടുത്തു”. മാഷ് തുടർന്നു. 
“ഞങ്ങൾ അദ്ധ്യാപകർ മാത്രമേ പോയൊള്ളൂ. കുട്ടികളെ കൊണ്ടുപോയില്ല. കൊച്ചു കുഞ്ഞുങ്ങളല്ലേ. അവർക്ക് താങ്ങാൻ പറ്റിയെന്നുവരില്ല.”
ശരിയാണ്. ഞാൻ ചെന്ന ദിവസം മഞ്ഞപ്പിത്തം പിടിച്ചു മരിച്ചുപോയ അദ്ധ്യാപകൻ ഇരുന്ന കസേര കെട്ടിപ്പിടിച്ചു വിങ്ങിക്കരയുന്ന കുട്ടികളെ ഞാൻ കണ്ടതാണല്ലോ. 
“ഞങ്ങൾ ചെല്ലുമ്പോൾ അവിടെക്കണ്ട കാഴ്ച മറക്കാൻ കഴിയുന്നില്ല. അവന്റെ അമ്മ അവനെ മടിയിൽ കിടത്തി ദൂരേക്ക് നോക്കിയിരിക്കുകയായിരുന്നു. ശില പോലെ. അവന്റെ അനുജത്തിക്കുഞ്ഞ് വാ വിട്ടു നിലവിളിക്കുന്നുണ്ടായിരുന്നു. അവളുടെ പ്രിയപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെട്ട ദുഖം. ഞങ്ങൾ പഞ്ചായത്ത് മെംമ്പറെ കൊണ്ട് പോയിരുന്നു. ഞങ്ങൾ ചെന്നാണ് സംസ്കാര കർമ്മങ്ങളെല്ലാം ചെയ്തത്. തെക്കിനി നോക്കിയില്ല. സ്ഥലമില്ലല്ലോ. അതുകൊണ്ട് മുറ്റത്ത് ഒരു കുഴി എടുത്തു. കൊച്ചു കുഞ്ഞല്ലേ ദഹിപ്പിക്കില്ലല്ലോ.”
ശരിയാണ്. ‘പഞ്ചഭൂതാത്മകമിദം ശരീരം’ എന്നാണ് പ്രമാണം. അതുകൊണ്ട് പഞ്ചഭൂതങ്ങളിൽ  ഒന്നിൽ ശരീരം സമർപ്പിക്കുന്നു. പ്രൌഢരെങ്കിൽ അഗ്നി. ബാലകരെങ്കിൽ മണ്ണ് അല്ലെങ്കിൽ ജലം. 
“അവനെ അവരുടെ മടിയിൽ നിന്നും എടുത്തു തെക്ക് ദിക്കാക്കി കിടത്തി. ദർഭമേൽ കിടത്തണം  എന്നാണ്. പക്ഷേ ദർഭ ഉണ്ടായിരുന്നില്ല. ചെറിയ നിലവിളക്ക് തലയ്ക്കൽ കത്തിച്ചു വെച്ചു. ചുറ്റും വിതറാൻ  അക്ഷതം ഉണ്ടായിരുന്നില്ല. ഒരു വെളുത്ത തുണി ഞങ്ങൾ കൊണ്ടു പോയിരുന്നു. അത് പുതച്ചു. കാൽക്കൽ  ഒരു പുഷ്പചക്രം വെച്ചു. പത്ത് മിനിറ്റ് കഴിഞ്ഞ് അവന്റെ ശരീരം ഞങ്ങൾ എടുത്തു പുറത്തേക്ക് ഇറക്കി. അവർ  അപ്പോഴും അതേ ഇരുപ്പ്. പുറത്തേക്ക് വന്നില്ല. അവനെ കുഴിയിൽ കിടത്തി. പൂക്കളായി സങ്കല്പിച്ച് കുറച്ചു ഇലകൾ അർപ്പിച്ചു. വലം വെച്ചു. പിന്നെ ഞാൻ മാറി. എനിക്ക് വയ്യായിരുന്നു. ഡ്രൈവർ രാമേട്ടനെല്ലാം കൂടി മണ്ണിട്ടു മൂടി. 
പോരുന്നതിന് മുൻപ് ഞാൻ ഒരിക്കൽക്കൂടി അകത്തേക്ക് നോക്കി. അവന്റെ അമ്മയെ. അപ്പോൾ അവർ വിങ്ങിക്കരയുന്ന ആ പെൻകുഞ്ഞിനെ മാറോട് ചേർത്ത് അതിന്റെ പുറത്തു തട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് നമ്മൾ കണ്ടതുപോലെ. ഏറെനേരം അത് നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല. ഞങ്ങൾ തിരിച്ചുപോന്നു.”
പിന്നെ നിശ്ശബ്ദത.  
ഞാനൊരക്ഷരം മിണ്ടിയില്ല. മിണ്ടിയാൽ പൊട്ടിപ്പോകും.
എന്റെ മനസ്സ് കനംകൊണ്ട് താങ്ങാൻ പറ്റാത്ത അവസ്ഥയിൽ എത്തിയിരുന്നു. താമസിയാതെ ഉള്ളിലുള്ളതെല്ലാം ആർത്തലച്ചു പുറത്തേക്ക് വരാം. 
ഞാൻ ഫാക്ടറിയുടെ  അസിസ്റ്റൻറ് ജനൽ മാനേജർ ആണ്. ഓഫീസിൽ നാലഞ്ചു സ്റ്റാഫുകളുണ്ട്. സ്ത്രീകൾ  ഉൾപ്പെടെ. അവരുടെ മുന്നിൽ കരയുക. ഒരു പുരുഷന്റെ കരച്ചിലാണ് ലോകത്തിലെ ഏറ്റവും വൃത്തികെട്ട കാഴ്ചകളിൽ ഒന്ന്. 
ഞാൻ ഫോൺ പിടിച്ച് അങ്ങനെ തന്നെയിരുന്നു. പരിസരം മറന്ന്. എപ്പോഴോ മറുതലയ്ക്കൽ ഹരിമാഷ് ഫോൺ കട്ട് ചെയ്തിരുന്നു. 
എന്നെ ശ്രദ്ധിച്ച എന്റെ സീനിയർ മാനേജർ ചോദിച്ചു. 
“എന്ന വൈശാഖ്. എന്ന.”
“ഒന്നുമില്ലൈ”. 
ഞാൻ പുറത്തേക്കിറങ്ങി. അവിടെയിരുന്നാൽ മനസ്സിൽ മൂടിക്കെട്ടിയത് പെയ്തു പോകും. അത് മോശമാണ്. 
ഞാൻ പുറത്തേക്ക് നടന്നു.   
    
‘നമ്മുടെ രതീഷ് പോയി’ എന്ന ശബ്ദം എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. 
പുറത്ത് റോഡിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. പനംതേങ്ങ ബോളു കൊണ്ട്. അവർ ആഘോഷിക്കുകയാണ്. എല്ലാം മറന്ന്. ഞാൻ അതും നോക്കി നിന്നു. നിർന്നിമേഷം.  
dr.sreekumarbhaskaran@gmail.com

 

Join WhatsApp News
Reader 2025-09-01 14:42:35
One of the best reading materials of recent time. I just cannot say thank you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക