Image

ഹൃദയത്താൽ പ്രണയിക്കുന്നവർ (വിചാര സീമ: പി.സീമ)

Published on 02 September, 2025
ഹൃദയത്താൽ പ്രണയിക്കുന്നവർ (വിചാര സീമ: പി.സീമ)

കാത്തിരിപ്പും ക്ഷമയും പ്രതീക്ഷകളും പ്രണയത്തെ പരിപോഷിപ്പിക്കുന്നു.
കാമവും, അതിന്റെ സാഫല്യവും, തുടർന്നുള്ള മടുപ്പും നിരാസവും  ചിലപ്പോൾ   എങ്കിലും ചിലരിലെ പ്രണയത്തെ പാഴ് ഭൂമിയാക്കുന്നു

ഇതായിരുന്നുവൊ നീയെന്നും ഞാനെന്നും ഉള്ള തിരിച്ചറിവുകൾ ആവർത്തനങ്ങളിലും ഇഷ്ടക്കേടുകളിലും മടുത്തു നവ്യാനുഭൂതികൾ  തേടി വഴി മാറുമ്പോൾ ഒരാൾ മറ്റേയാളിൽ നിന്നും നിശ്ശബ്ദം പടിയിറങ്ങുന്നു.

വിവാഹം കഴിഞ്ഞവർ തമ്മിലുള്ള അടുപ്പത്തിൽ ഒരുമിച്ച് കാണാൻ ഒരു സ്വപ്നമോ ഓമനിച്ചു വളർത്താൻ മക്കളോ ഒരുമിച്ച് പാർക്കാൻ ഒരു വീടോ ഉണ്ടാകില്ല.. ഒളിച്ചും പതുങ്ങിയും ഉള്ള ആ ബന്ധം ഒരു ഞാണിന്മേൽ കളിയാണ്. അങ്ങനെ ഉള്ളവർ എപ്പോൾ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞേക്കാം.. അവർക്കു  പരസ്പരം ഒരു കടപ്പാടും ഉണ്ടായിരിക്കില്ല.  പാതി വഴി തനിച്ചാക്കി പോകുന്നവർ ആണോ എന്ന വസ്തുത നേരത്തെ ചോദിച്ചറിഞ്ഞാൽ ശരീരം സമർപ്പിക്കാതെ രക്ഷപെടാം. (പറഞ്ഞാലും വിശ്വാസം ഉണ്ടാകാൻ ബുദ്ധിമുട്ട് തോന്നാം.).  ഒരാൾ ഇട്ടെറിഞ്ഞു  പോയാൽ ഏറെ  പ്രയാസപ്പെടുക ഉപേക്ഷിക്കപ്പെട്ട ആളായിരിക്കും. അത് കൊണ്ടു തന്നെ നൈമിഷികമായ പ്രലോഭനങ്ങളെ ഒഴിവാക്കുക. പൂർണ്ണമായും വിശ്വാസം ഉണ്ടാകാൻ കാത്തിരിക്കുക. ആരെയും അയാൾ അല്ലെങ്കിൽ അവൾ ഇല്ലെങ്കിൽ ഇനി ജീവിതമില്ല എന്ന് തോന്നും വിധം ആഴത്തിൽ സ്നേഹിക്കാതിരിക്കുക. പകരം ഒന്നും പ്രതീക്ഷിക്കാതിരിക്കുക.

ഒടുവിൽ   ചിലരിൽ   എങ്കിലും വിശ്വാസത്തിന്റെ സുതാര്യത വലിച്ചു കീറുന്ന പ്രണയം പരസ്പരമുള്ള യുദ്ധവും മരണവും ശിക്ഷയുമായി മാറാം.

പ്രണയത്തിന്റെ ഒടുവിൽ ചിലപ്പോൾ ഒരു കുഞ്ഞുഭ്രൂണം ചോരച്ചാലുകളാകുകയോ കൊട്ടിയടയ്ക്കപ്പെട്ട ഭൂമിവാതിൽക്കൽ
ആകാശംകാണാതെ നിലവിളിക്കുകയോചെയ്യുന്നു.

ഒരിക്കലും പ്രണയം മരണവും യുദ്ധവും ശിക്ഷയും ആകാതിരിക്കട്ടെ..പ്രണയികൾ ക്കിടയിലെ കരയുന്ന മൗനം പോലും മനോഹരമായ സംഗീതമാകട്ടെ.

എല്ലാ ഇഷ്ടങ്ങളും ഇങ്ങനെ ആകണം എന്നില്ല. അതിമനോഹരമായി അവസാനം വരെ പ്രണയിക്കുന്നവരും അപൂർവ്വമായുണ്ട്. ശരീരം കൊണ്ടു തൊട്ടറിയുന്നതിനേക്കാൾ ഏറെ അവർ ഹൃദയത്താൽ പരസ്പരം സ്നേഹിക്കുന്നവരാകും. മുഖഭംഗി മാഞ്ഞാലും ശരീരം ദുർബ്ബലമായാലും ഏതു കുറവുകളിലും അവർ പരസ്പരം ചേർത്ത് പിടിക്കുന്നവരായിരിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക