Image

ട്രംപ് ഇന്ത്യയെ തഴഞ്ഞത് കുടുംബ ബിസിനസിനു വേണ്ടി പാക്കിസ്ഥാനെ കൂട്ടു പിടിച്ചത് കൊണ്ടാണെന്നു ആരോപണം (പിപിഎം)

Published on 02 September, 2025
ട്രംപ് ഇന്ത്യയെ തഴഞ്ഞത് കുടുംബ ബിസിനസിനു വേണ്ടി പാക്കിസ്ഥാനെ കൂട്ടു പിടിച്ചത് കൊണ്ടാണെന്നു ആരോപണം (പിപിഎം)

ഇന്ത്യയുമായുള്ള ബന്ധങ്ങൾ പ്രസിഡന്റ് ട്രംപ് ത്യജിച്ചത് പാക്കിസ്ഥാൻ അദ്ദേഹത്തിന്റെ കുടുംബവുമായി ബിസിനസ് നടത്താൻ തയാറായതു കൊണ്ടാണെന്നു മുൻ യുഎസ് നാഷനൽ സെക്യൂരിറ്റി അഡ്വൈസർ ജെയ്ക്ക് സള്ളിവൻ ആരോപിച്ചു. ട്രംപിനും മക്കൾക്കും ഭൂരിപക്ഷ നിയന്ത്രണമുളള വേൾഡ് ലിബർട്ടി ഫൈനാൻസ് എന്ന ക്രിപ്റ്റോ കറൻസി ബിസിനസിൽ പാക്കിസ്ഥാൻ പങ്കാളിയായതോടെയാണ് അദ്ദേഹത്തിനു പാക്ക് ബന്ധം ഉണ്ടായതെന്ന ആരോപണം നിലനിൽക്കെയാണ് പ്രസിഡന്റ് ബൈഡന്റെ ഉപദേഷ്ടാവായിരുന്ന സള്ളിവൻ ഇക്കാര്യം പറഞ്ഞത്.

ട്രംപിന്റെ നീക്കം യുഎസിന്റെ സഖ്യരാഷ്ട്രങ്ങളെ അകറ്റിയെന്നു മെയ്ഡസ് ടച്ചിന്റെ യൂട്യൂബ് ചാനലിൽ സള്ളിവൻ പറഞ്ഞു. "സാങ്കേതിക വിദ്യയിലും  മികവുള്ള ജീവനക്കാരിലും സമ്പദ് വ്യവസ്ഥയിലും യുഎസിന് ഏറെ പ്രയോജനപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ആ ബന്ധം ചൈനയിൽ നിന്നുള്ള തന്ത്രപരമായ ഭീഷണികൾ നേരിടാനും ഉപകരിക്കും. ഇപ്പോൾ ട്രംപ് കുടുംബവുമായി കച്ചവടം നടത്താൻ പാക്കിസ്ഥാൻ തയ്യാറായപ്പോൾ അദ്ദേഹം ആ ബന്ധം വലിച്ചെറിഞ്ഞു.

“ജർമനിയും ജപ്പാനും പോലുള്ള സുഹൃത്തുക്കൾ ചിന്തിക്കുന്നത് നാളെ അദ്ദേഹം അവരെയും തള്ളും എന്നാണ്. നമ്മളെ വിശ്വസിക്കാൻ കൊള്ളില്ലെന്നു അമേരിക്കയുടെ സുഹൃത്തുക്കൾ കരുതും.”

പാക്കിസ്ഥാന്റെ ക്രിപ്റ്റോ നയങ്ങൾ ആവിഷ്കരിക്കുന്ന പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ബിലാൽ ബിൻ സാഖിബ് ഈ കച്ചവടത്തിൽ നിർണായക കണ്ണിയാണ്.

പിച്ചിചീന്തുന്നുവെന്നു ബോൾട്ടൺ

ട്രംപിന്റെ തന്നെ എൻ എസ് എ ആയിരുന്ന ജോൺ ബോൾട്ടൺ പറയുന്നത് പതിറ്റാണ്ടുകൾ കൊണ്ടു തുന്നിയെടുത്ത ഇന്ത്യാ ബന്ധം പ്രസിഡന്റ് പിച്ചിചീന്തുന്നു എന്നാണ്. അദ്ദേഹം ഇന്ത്യയെ വീണ്ടും റഷ്യൻ കൈകളിലേക്കു തള്ളി, ചൈനയുടെ സുഹൃത്താക്കി," ബോൾട്ടൺ സ്കൈന്യൂസിനോട് പറഞ്ഞു.

ഇന്ത്യയോട് ആക്രമണ സ്വഭാവമാണ് ട്രംപ് കാട്ടുന്നതെന്ന് ബോൾട്ടൺ പറഞ്ഞു. വ്യാപാര ചർച്ചകൾ പൊടുന്നനെ നിർത്തിവച്ചു. എന്നിട്ടു 25% അധിക തീരുവ ചുമത്തി. അദ്ദേഹം റഷ്യയേയോ ചൈനയേയോ അങ്ങിനെ കൈകാര്യം ചെയ്തില്ല.

അതിഭീമമായ അബദ്ധമായി

യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പൊളിറ്റിക്കൽ സയൻസ് പ്രഫസറായ ജോൺ മിയർഷിമർ പറയുന്നത് ട്രംപിന്റെ ഇന്ത്യാ നയം അതിഭീമമായ അബദ്ധമായി എന്നാണ്. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയുടെ മേൽ തീരുവ ചുമത്തിയത് പ്രയോജനമില്ലാത്ത നടപടിയാണെന്നും അദ്ദേഹം കരുതുന്നു.

"ഇന്ത്യ കീഴടങ്ങാൻ പോകുന്നില്ല. റഷ്യയിൽ നിന്ന് തുടർന്നും എണ്ണ വാങ്ങുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്."  

Trump's family interests alleged in Pak link 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക