ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച് മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് സി.പി.എം. ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ പത്ത് വയസ് മുതല്‍ അമ്പത് വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ നിലവിലുണ്ടായിരുന്ന പ്രവേശന വിലക്ക് അസാധുവാക്കിയ സ്‌ഫോടനാത്മകമായ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കലാപത്തിന്റെ അന്തരീക്ഷത്തില്‍ ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നീ സ്ത്രീകളെ കനത്ത പോലീസ് ബന്തവസില്‍ ശബരിമല ക്ഷേത്രദര്‍ശത്തിന് അനുവദിച്ചത് വിശ്വാസികളോട് ചെയ്ത കടുത്ത അപരാധമായിപ്പോയി എന്ന് തുറന്ന് സമ്മതിക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയില്‍ രണ്ട് സ്ത്രീകള്‍ പ്രവേശിച്ചത് കഴിഞ്ഞ അധ്യായമാണെന്നാണ് പാര്‍ട്ടി സെക്രട്ടറി ഇപ്പോള്‍ പറയുന്നത്. ''രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ്. വര്‍ഗീയവാദികള്‍ അവരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസികളെ ഒപ്പം നിര്‍ത്തിവേണം വര്‍ഗീയവാദികളെ പ്രതിരോധിക്കേണ്ടത്. വര്‍ഗീയവാദികള്‍ വിശ്വാസികളല്ല. അവര്‍ വിശ്വാസത്തെ ഉപയോഗപ്പെടുത്തുകയാണ്. വിശ്വാസികള്‍ക്കൊപ്പമാണ് സി.പി.എം. വിശ്വാസത്തിനെതിരായ നിലപാട് ഇന്നും ഇന്നലെയും നാളെയും സി.പി.എം എടുക്കില്ല...'' എം.വി ഗോവിന്ദന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് രാജ്യത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ, അപ്പോള്‍ അയ്യപ്പ സംഗമമാണ് ഇത്തരത്തിലൊരു പുനര്‍ വിചിന്തനത്തിന് സി.പി.എം സെക്രട്ടറിയെ പ്രേരിപ്പിച്ചത്. എന്നാല്‍ 2019 ജനുവരി 2-ന് ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണിയെയും കനകദുര്‍ഗയെയും ശബരിമല സന്നിധാനത്തെത്തിച്ചപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അന്ന് അതിനെ വിശേഷിപ്പിച്ചത് 'പുരോഗമനപര'മെന്നായിരുന്നു. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നത് സെപ്റ്റംബര്‍ 29-നായിരുന്നു. കേരളത്തെ കലാപ കലുഷിതമാക്കിയ വിധിയായിരുന്നു അത്. ഭരണഘടന അനുശാസിക്കുന്ന തുല്യതയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചത്.
വിധി നടപ്പാക്കുന്നതിനായാണ്, നേരത്തെ ശബരിമല കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട രണ്ട് ആക്ടിവിസ്റ്റുകളെ സര്‍ക്കാര്‍ സുരക്ഷയില്‍ സന്നിധാനത്ത് എത്തിച്ചത്. 2019 ജനുവരി രണ്ടാം തീയതി പുലര്‍ച്ചെ 3.45-നാണ് യുവതികള്‍ മല ചവിട്ടി സന്നിധാനത്തെത്തിയത്. മൊബൈല്‍ ഫോണ്‍ കര്‍ശനമായി നിരോധിച്ചിട്ടുള്ള സന്നിധാനത്ത് ഇവര്‍ എത്തിയതിന്റെ വാട്ട്‌സ് ആപ്പ് ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ ജനം കണ്ടു. പിന്നീട് കേരളത്തിന്റെ മുക്കും മൂലയും കുരുതിക്കളമാവുകയായിരുന്നു. ആരുമറിയാതെയാണ് കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നുള്ള 42 കാരി ബിന്ദുവിനെയും മലപ്പുറത്തെ അങ്ങാടിപ്പുറത്ത് നിന്നുള്ള 44 കാരി കനകദുര്‍ഗ്ഗയെയും ഷാഡോ പോലീസ് സന്നിധാനത്തെത്തിച്ചത്.
സത്രീ പ്രവേശനം സംബന്ധിച്ച ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിച്ചതിന്റെ പിറ്റേന്നായിരുന്നു ഈ സംഭവം. 2018 ഡിസംബര്‍ 24-ന് ബിന്ദുഅമ്മിണിയും കനക ദുര്‍ഗയും ശബരിമല പ്രവേശനത്തിന് കിണഞ്ഞ് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് അന്ന് പിന്‍മാറേണ്ടി വന്നു. തുടര്‍ന്ന് ഇവര്‍ക്ക് ഒരുപോലെ ദേഹാസ്വാസ്ഥ്യമുണ്ടായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ നിരാഹാര സമരം നടത്തിയ ഇവരെ പിന്നീട് തക്കം നോക്കി സന്നിധാനത്ത് എത്തിക്കുമെന്ന് പിണറായിയുടെ പോലീസ് ഉറപ്പ് നല്‍കിയിരുന്നു.
അങ്ങനെ അവസരം കാത്തിരുന്ന് ജനുവരി ഒന്നാം തീയതി വൈകിട്ട് പോലീസ് സംഘം ആ രണ്ടു യുവതികളുമായി രാത്രി എരുമേലിയിലെത്തി. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെല്ലാം യുവതികള്‍ എത്തുന്ന വിവരം കൈമാറി. താഴെ തട്ടിലെ ഉദ്യോഗസ്ഥരെ അറിയിച്ചതുമില്ല. ട്രാക്ടര്‍ പോകുന്ന പാതയിലൂടെയാണ് യുവതികളെ സന്നിധാനത്ത് എത്തിച്ചത്. വിവരങ്ങള്‍ ഓരോന്നും ഡി.ജി.പിയെ അറിയിച്ചുകൊണ്ടേയിരുന്നു. മഫ്റ്റിയിലുള്ള പോലീസ് സംഘം യുവതികള്‍ക്കൊപ്പമുണ്ടായിരുന്നു. പതിനെട്ടാം പടി കയറ്റാതെ ഉദ്യോഗസ്ഥര്‍ പോകുന്ന വഴിയിലൂടെ കൊടിമരത്തിന് അടുത്തെത്തിച്ചു. നാല് മിനിറ്റ് നേരം ദര്‍ശനം നടത്തി ഉടന്‍ മടങ്ങുകയും ചെയ്തു.
ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തില്‍, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം അറിയാവുന്ന ഒരു ഓപറേഷനിലൂടെയായിരുന്നു യുവതികളെ സന്നിധാനത്തെത്തിച്ചത്. ഹിന്ദു ഐക്യവേദി, ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ഒഴിഞ്ഞ സമയത്തായിരുന്നു ഇവരെ ശബരിമലയില്‍ എത്തിച്ചത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി, സംഘപരിവാര്‍ സംഘര്‍ഷം വ്യാപകമായി. തന്ത്രിയുടെ തീരുമാനത്തില്‍ നടയടച്ച് ശുദ്ധിക്രിയ നടത്തി. എന്നാല്‍ ദേവസ്വം ബോര്‍ഡിനോട് ആലോചിക്കാതെ നടയടച്ചതിന് ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേതുന്ന സാഹചര്യമുണ്ടായി. നടയടച്ചത് കോടതിയലക്ഷ്യമാണെന്നാണ്, സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി തന്ത്രിക്കെതിരെ ആരോപിച്ചത്. ശബരിമലയുടെ ചരിത്രത്തിലെ അത്യപൂര്‍വ സംഭവങ്ങളായിരുന്നു ഇതൊക്കെ.
എന്നാല്‍ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഹൈന്ദവ വീടുകളില്‍ സന്ദര്‍ശനം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ശബരിമലയില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ഏറ്റു പറഞ്ഞു. സി.പി.എമ്മിന്റെ പരമ്പരാഗത വോട്ട് ബാങ്കില്‍ വലിയ ചോര്‍ച്ചയാണ് ശബരിമലയിലെ യുവതീ പ്രവേശനം ഉണ്ടാക്കിയത്. ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ ഇലക്ഷനും വരികയാണ്. ഒരിക്കല്‍ വിട്ടുപോയ ഹിന്ദു വോട്ടര്‍മാരെ സി.പി.എം പാളയത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരേണ്ടതുണ്ട്. പണ്ട് ശബരിമലയില്‍ പറ്റിയ തെറ്റിന് മതിയായ പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. അതിനു പറ്റിയ ഒരു രാഷ്ട്രീയ അതിജീവന പദ്ധതിയുടെ ഭാഗമായി മാത്രമേ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഇന്നത്തെ ഈ നിലപാട് മാറ്റത്തെ വിലയിരുത്താനാവൂ.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ പൈലറ്റ് ചെയ്യുന്ന ആഗോള അയ്യപ്പസംഗമം ഹിന്ദുമത താത്പര്യത്തിനും ഭക്തിക്കും അപ്പുറം ചൂടുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നതും അതുകൊണ്ടു തന്നെയാണ്. അതേസമയം കേരളത്തിലെ പ്രബല സമുദായ സംഘടനകളായ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ആഗോള അയ്യപ്പസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ബി.ജെ.പിയാണിപ്പോള്‍ പെട്ടുപോയിരിക്കുന്നത്. പിണരായി സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. അയ്യപ്പ സംഗമത്തെ അംഗീകരിക്കാതെ പിന്തിരിഞ്ഞു നിന്നാല്‍ അത് വിശ്വാസികളോടുള്ള വിപ്രതിപത്തിയുമാകും. സത്യത്തില്‍ തൃശങ്കു സ്വര്‍ഗത്തിലാണിപ്പോള്‍ സംഘപരിവാരങ്ങള്‍.