Image

അമ്മയുടെ അസുരവിത്ത്, അരുന്ധതിയുടെ അഹങ്കാരം മേരി (കുര്യൻ പാമ്പാടി)

Published on 02 September, 2025
അമ്മയുടെ അസുരവിത്ത്, അരുന്ധതിയുടെ അഹങ്കാരം മേരി (കുര്യൻ പാമ്പാടി)

അമ്മയുടെ അസുരവിത്തായി പിറന്നു പ്രതീക്ഷകൾക്കെതിരെ നീന്തിയിട്ടും മേരി റോയിയെപ്പോലൊരു അമ്മ തനിക്കും അരുന്ധതിയെപ്പോലൊരു എഴുത്തുകാരിയെ അമ്മയ്ക്കും കിട്ടിയത് മഹാഭാഗ്യമാണെന്നു 'മദർ മേരി കംസ് ടു  മി' എന്ന ആത്മകഥാ നോവലിൽ വിശ്വോത്തര ആക്ടീവിസ്റ്-എഴുത്തുകാരി ആശ്വസിക്കുന്നു.

ബുക്കർ സമ്മാനം കിട്ടിയ ‘ദി ഗോഡ് ഓഫ് സ്മാൾ തിങ്സ്’ എന്ന ആദ്യകൃതി ഇറങ്ങി 28 വർഷത്തിനു ശേഷം എഴുതിയ ആത്മകഥ,  കഴിഞ്ഞ കാലമത്രയും എഴുതിക്കൊണ്ടിരിക്കുകയായിരുന്നുവെന്നു 61 എത്തിയ അരുന്ധതി റോയി പറയുന്നു. പുസ്തകത്തിന്റെ പ്രകാശനം നൂറു തികഞ്ഞ എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ മദർ മേരി  ഹാളിൽ ചൊവ്വാഴ്ച്ച വൈകുന്നേരം നിറഞ സദസിൽ നടന്നു.

എല്ലാ അനീതികളോടും ഞാൻ എതിര്-അരുന്ധതി കൊച്ചിയിൽ

തന്നെ വേണ്ടെന്നു വച്ച് ഗർഭഛിദ്രം നടത്താൻ  ആഗ്രഹിച്ച ആളായിരുന്നു  അമ്മയെന്ന് അരുന്ധതി തുറന്നു പറയുന്നു.  അങ്ങിനെ മനസില്ലാമനസോടെ പ്രസവിച്ച അമ്മ എപ്പോഴും എന്നെ ശകാരിക്കുകയും അലറി വിളിക്കുകയൂം ചെയ്യുമായിരുന്നു. എന്നാൽ സമൂഹത്തിന്റെ എല്ലാ തിന്മകളോടും ക്ഷോഭത്തോടെ പ്രതികരിക്കാൻ അരുന്ധതിയെ പ്രാപ്തയാക്കിയത് ആ അമ്മയാണ്.

മോവോയിസ്റ്റുകളോട് കൂട്ടുകൂടി, കാശ്മീറിലെ തീവ്രവാദികൾക്ക് വേണ്ടി സംസാരിച്ചു, ഹിജിഡകളുടെ പക്ഷം പിടിച്ചു,   അണ്വായുധങ്ങളെയും  യുദ്ധങ്ങളെയും എതിർത്തു, മേധാ പട് കരോടു ചേർന്ന് നർമ്മദാ അണക്കെട്ടിനെതിരെ  സമരമുഖം തീർത്തു,  മോദിയെയും ട്രമ്പിനെയും ഒരുപോലെ സർവാധിപതികൾ എന്നാക്ഷേ ക്ഷേപിച്ചു, ജയിലിൽ കിടന്നു - ഇവയോക്കെയാണ് കഥാകാരിയുടെ രാഷ്ട്രീയ നിലപാടുകൾ.  ചെറിയ പ്രായത്തിനുള്ളിൽ ലോകത്തിന്റെ ശ്രദ്ധയിൽ പെട്ടു. അമേരിക്കയെ കടന്നക്ഷേപിച്ചതുകൊണ്ടായിരിക്കാം നൊബേൽ സമ്മാനം കിട്ടാത്തത്!

 അമ്മ പുസ്തക പ്രകാശനത്തിന്റെ സദസ്

ഇക്കൊല്ലം രാഷ്രപതി മുർമു വന്നു ശതാബ്ദി പരിസമാപ്തിക്കു തയ്യാറെടുക്കുന്ന   സെന്റ് തെരേസാസ് കോളജ് മൂന്നു  തവണ സന്ദർശിച്ചിട്ടുണ്ട് അരുന്ധതി. ഒരിക്കൽ  മദർ മേരി  ഹാൾ എന്ന ചെറിയൊരു ബോർഡ് കണ്ണിൽ പെട്ടു. തനിക്കു പ്രിയപ്പെട്ട ബീറ്റിൽസ് ഗായകൻ പോൾ  മക്കാർട്ടിനിയുടെ അമ്മയും മേരി ആയിരുന്നു. അങ്ങിനെ മൂന്നു മേരിമാരുടെ സംഗമവേദിയായി ആ ഹാൾ തെരഞ്ഞടുത്തു.

സഹോദരി മേരി റോയിക്ക് സ്വത്തു നിഷേധിച്ച   ആങ്ങള പാലത്തിങ്കൽ ജോർജ് ഐസക്കിനെതിരെ സുപ്രീം കോടതിൽ കേസ് നടത്തി ജയിച്ച് ആളാണ് അരുന്ധതിയുടെ അമ്മ. ഒടുവിൽ അടിയറവു പറഞ്ഞിട്ടും ബുധ്ധിമുട്ടിയപ്പോൾ സഹായത്തിനെത്തി ആ സാധ്വി. അമ്മ എന്ന അദ്ധ്യാപിക എങ്ങിനെ കോർപസ് ക്രിസ്റ്റി എന്ന പള്ളിക്കൂടം കെട്ടിപ്പടുത്തു എന്ന് ബ്രിക് ബൈ ബ്രിക് എന്ന മനോഹര ഗ്രൻഥം അക്കമിട്ടു നിരത്തുന്നു.'

 അമ്മയുടെ ഓർമ്മയ്ക്ക് നിഷേധിയായ മകൾ

ഞായറാഴ്ച ന്യൂയോർക്ക് ടൈംസിന്റെ ഇന്റർവ്യൂ പംക്തിയിൽ ലുലു ഗാർസിയ നവാരോ എഴുതിയപ്പോൾ യുദ്ധ കലുഷിതമായ ലോകത്തു അരുന്ധതിയെപ്പോലൊരു പെൺകിടാവ് നടത്തുന്ന ഒറ്റയാൾ ഒരാട്ടങ്ങളെപ്പറ്റി എടുത്തു പറയുന്നു. മലയാള മനോരമയുടെ ഞായറാഴ്‌ചയിൽ ലീന ചന്ദ്രൻ ഡൽഹിയിലെത്തി നടത്തിയ അഭിമുഖവും ഇതേ വികാരം പങ്കു വയ്ക്കുന്നു. ഇന്ത്യ-യുഎസ് സംഘർഷം മൂർഛിച്ചു നിൽക്കുമ്പോൾ രണ്ടും ഒരേദിവസം വന്നത് ന്യൂയോർക് ആസ്ഥാനമായ പ്രസാധകർ പെൻഗ്വിൻ റാൻഡം ഹൗസിന്റെ  വിപണന വിജയം.  കേരളത്തിൽ അത് ഡിസി ബുക്സിന്റെയും.

ബുക്കർ സമ്മാനം കിട്ടിയപ്പോൾ

ഓക്സ്ഫോർഡിൽ റോഡ്‌സ് സ്കോളർ ആയി പഠിച്ച അമ്മാവന് അരുന്ധതിയുടെ ആദ്യ രണ്ടു കൃതികളുടെ ഭാഗങ്ങൾ കാണാപ്പാഠമായിരുന്നു. അതൊക്കെ ചൊല്ലിക്കേൾപ്പിക്കുകയൂം ചെയ്തിരുന്നു. ഡൽഹിയിൽ  ആർകിടെക്ച്ചർ പഠി ക്കുകയൂം  ഇറ്റലിയിൽ ഇന്റേൺഷിപ് ചെയ്യുകയും ചെയ്‌ത അരുന്ധതിയെ അദ്ദേഹം ചേർത്തു പിടിക്കുന്നത് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ തൊട്ടടുത്തിരുന്നു കണ്ടത് ഓർമ്മിച്ചു പോകുന്നു.

പ്രിയപെട്ട വാസ്‌തു ശില്പി  ലോറി ബേക്കറുടെ അനുസ്മരണ ചടങ്ങിനെത്തിയതാണ്അരുന്ധതി. സമൂഹത്തോട് പ്രതിബദ്ധതിയുള്ള നന്മ നിറഞ്ഞ കലാകാരൻ ആയിരുന്നു ബേക്കറെന്ന് അരുന്ധതി പറഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവ് സുരേഷ് കുറുപ്പ്  ഉൾപ്പെടെയുള്ളവർ അരുന്ധതിയുടെ ഓട്ടോഗ്രാഫിനായി തിരക്കു കൂട്ടി.

അമ്മയുടെ പേടകത്തിനരികിൽ അമ്മാവൻ ജോർജിന്റെ ആശ്വാസവാക്ക്

ആസാമിലെ തേയിലത്തോട്ടത്തിൽ മാനേജരായിരുന്നു അച്ഛൻ രാജീബ് റോയ്. പക്ഷെ അമിതമായി മദ്യപിക്കും. അരുന്ധതിക്ക്‌  മൂന്നും  ലളിതിനു നാലരയും പ്രായമുള്ളപ്പോൾ രാജീബുമായയുള്ള ബന്ധം വേർപെട്ടു. എന്നിട്ടും കേരളത്തിലെ  മദ്യവിമോചന കേന്ദ്രങ്ങളിൽ അച്ഛനെ ചികിൽസിപ്പിക്കാൻ മകൾ മുൻകൈ എടുത്തു.

ഭരണങ്ങാനത്ത്  ഓശാന മൗണ്ടിൽ ജോസഫ് പുലിക്കുന്നേൽ നടത്തിയിരുന്ന ചികിത്സാകേന്ദ്രം അങ്ങിനെ ഒന്നായിരുന്നു. രോഗം വിടപറയുന്നതായി തോന്നി. പക്ഷെ ഒരു ബോട്ടിൽ കിട്ടിയാൽ താൻ വെരി നോർമൽ ആകുമെന്ന് സായാഹ്ന സവാരിക്ക് പോകുകുമ്പോൾ  കൂടെക്കൂടെ പറഞ്ഞു കൊണ്ടിരുന്നു,' പുലിക്കുന്നേൽ ഒരിക്കൽ എന്നോട് വെളിപ്പെടുത്തി. രാജീബ് മരിക്കും വരെ അങ്ങിനെയായിരുന്നു

പള്ളിക്കൂടത്തെപ്പറ്റി പൂർവവിദ്യാർത്ഥി ജോർജ് സ്കറിയയുടെ സങ്കീർത്തനം

ഡൽഹി ജോർബാഗിൽ വേപ്പ് മരത്തിലേറെ ശീതളഛായയിൽ രണ്ടുനില ഫ്‌ളാറ്റിലാണ് അരുദ്ധതിയുടെ താമസം. പ്രദീപ് കൃഷ്ണനുമായുള്ള ബന്ധം വേർപെട്ടങ്കിലും സുഹൃത്തുക്കളായി തുടരുന്നു. അരുന്ധതി തിരക്കഥയെഴുതിയ ദേവാനന്ദിന്റെ  ജുവൽ തീഫ്, ഇലക്ട്രിക്ക്  മൂൺ,  ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ്  വൺസ് എന്നീ  ചിത്രങ്ങളുടെ പോസ്റുകൾ കൊണ്ടാണ്  വീടിന്റെ അലങ്കാരം.

പ്രകാശനത്തിനു പ്രകീർത്തനം ചെയ്ത തെരേസാസ് ഇംഗ്ളീഷ് അധ്യാപിക ജിഷ ജോൺ

കോട്ടയത്തായിട്ടും ഞാൻ അരുന്ധതിയെ ആദ്യമായി കാണുന്നത് അമ്മയുടെ പള്ളിക്കൂടം വസതിയിൽ വച്ചാണ്. നീരുവന്ന കാൽ ചൂടുവെള്ളത്തിൽ വച്ച് ധ്യാനിക്കുന്ന അമ്മയെ കണ്ടു പുറത്തിറങ്ങിയ എന്റെകൂടെ മകളും വന്നു. മഴച്ചെടിയുടെ തണലിൽ നിന്ന് ഞങ്ങൾ സംസാരിച്ചു.  കയ്യിൽ  കരുതിയിരുന്ന ആദ്യനോവലിന്റെ കോപ്പി കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു; എറണാകുളം സൗത്ത് സ്റ്റേഷന് അടുത്തുള്ള വഴിയോരക്കടയിൽ നിന്ന് 200 രൂപയ്ക്കു വാങ്ങിയതാണ്.

അമ്മയുടെ  അമ്മ സൂസിയും അമ്മാവൻ ജോർജ്ജും മക്കളൂം

'മോഷ്ടിച്ച കോപ്പിയുടെ വീണ്ടും മോഷ്ടിച്ച കോപ്പി',  (പൈറേറ്റഡ് കോപ്പി ഓഫ് എ പൈറേറ്റഡ് ബുക്ക്) എന്ന് പറയുബോൾ അരുന്ധതി ചിരിച്ചു. എന്നിട്ടു പുസ്തകത്തിൽ അങ്ങിനെ തന്നെയെഴുതി തിരികെ സമ്മാനിച്ചു. നൊബേൽ സമ്മാനം പോലെ ഞാനതു കൺമുമ്പിൽ സൂക്ഷിക്കുന്നു!

പൈറേറ്റഡ് ഒറിജിനൽ: അരുന്ധതി കൈയൊപ്പിട്ടു നൽകിയ ബുക്കർ നോവൽ

പ്രകാശനത്തിന് അരുന്ധതിയുടെ അച്ഛൻ രാജീബ് റോയിയുടെ ബന്ധുക്കൾ പ്രണോയ് റോയ്, രാധിക റോയ് തുടങ്ങിയവർ എത്തി. അരുന്ധതിയുടെ അന്തരിച്ച അമ്മാവൻ ജോർജ്ജ്‌ ഐസക് പാലത്തിങ്കലിന്റെ മകൾ ലണ്ടനിൽ നിന്നും ആൺമക്കൾ സ്വീഡനിൽ നിന്നും വന്നു. അവരെല്ലാം അരുന്ധതിയെ നേരിട്ട് കാണുന്നത് ആദ്യമാണെന്നതു മാർക്കറ്റിങ് ഹൈപ് ആണോ? ആൾകൂട്ടത്തിൽ മുങ്ങിപ്പോയ ആസ്വാദകർക്ക് മനസിലായോ എന്തോ!
 

ചിത്രങ്ങൾ 1, 2: കൃപ സുരേഷ്, തിരുവനന്തപുരം 

പള്ളികൂടത്തിന്റെ മുറ്റത്തു ലേഖകനോടൊപ്പം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക