ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍ മലയാളി അസോസിയേഷന്റെ (ഹഡ്മ) 2025-ലെ മെഗാ ഓണം സ്പ്രിംഗ് വാലിയിലുള്ള കക്കിയാത്ത് എലിമെന്ററി സ്‌കൂളില്‍ വർണാഭമായി ആഘോഷിച്ചു.
കേരളത്തനിമയോടെ ഓണ പൂക്കളം, തിരുവാതിര, ചെണ്ടമേളം, മാവേലിയുടെ എഴുന്നള്ളത്ത്, നൃത്തനൃത്യങ്ങള്‍, വിഭവസമൃദ്ധമായ സദ്യ എന്നിവയ്ക്കുപുറമെ സാന്ദ്രലയ മീഡീയ അറ്റ്‌ലാന്റാ അവതരിപ്പിച്ച് ശ്രുതിമധുരമായ ഗാനമേള ആയിരുന്നു മുഖ്യ ആകർഷണം.
പൊതുയോഗത്തിൽ ഫോമാ ആർ.വി.പി. കൂടിയായ പി.ടി. തോമസ് ആയിരുന്നു മുഖ്യാതിഥി. ഹഡ്‌മ വൈസ് പ്രസിഡന്റ് ബിനു പോൾ അധ്യക്ഷത വഹിച്ചു. ജോസഫ് കുരിയപ്പുറം ആയിരുന്നു എം.സി. വർക്കി പള്ളിത്താഴത്ത് മാവേലി ആയി.
ഓണത്തിന്റെ വ്യത്യസ്തമായ ഐതിഹ്യങ്ങൾ വിവരിച്ച പി.ടി. തോമസ് നാം സ്വപ്നം കാണുന്ന നല്ല കാലത്തിന്റെ പ്രതീകമാണ് ഈ ആഘോഷമെന്ന് ചൂണ്ടിക്കാട്ടി. ഹിന്ദു പുരാണങ്ങളനുസരിച്ച് മഹാബലി കേരളം ഭരിച്ചതായി കാണുന്നില്ല. ഇപ്പോൾ പാക്കിസ്ഥാനിലുള്ള മുൾട്ടാൻ ആയിരുന്നു മഹാബലിയുടെ ആസ്ഥാനമത്രെ. ദ്രാവിഡ വംശജർ തെക്കേഇന്ത്യയിലേക്ക് പോന്നപ്പോൾ കൂടെ കൊണ്ടു പോന്നതാകാം ഈ ഐതിഹ്യം. അത് പോലെ മഹാബലിയെ പാതാളത്തിലേക്കല്ല, ഏറ്റവും ശ്റേഷ്ടമായ സുതലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നും പറയുന്നു.
കഥ എന്തായാലും നന്മയും സാഹോദര്യവും സമത്വവും നിറഞ്ഞ നല്ല കാലത്തിന്റെ പ്രതീക്ഷയാണ് ഓണം-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യാക്കാരുടെ പല ആഘോഷങ്ങളും മുഖ്യധാരയിലുള്ളവർക്ക് അരോചകവും ശല്യവും ആകുന്ന തരത്തിൽ പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഫൊക്കാന ഇന്റർനാഷണൽ പ്രസിഡന്റ് സണ്ണി മറ്റമന ചൂണ്ടിക്കാട്ടി. സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങളെപ്പറ്റി നാം ബോധവാന്മാരാകണം.
ഫൊക്കാന ഇന്റർനാഷണൽ കോർഡിനേറ്റർ ഡോ കല ഷാഹി, ട്രഷറർ എബ്രഹാം കളത്തിൽ, ടോം നൈനാൻ, റോയി ചെങ്ങന്നൂർ എന്നിവരും ആശംസകൾ നേർന്നു . സ്പോണ്സര്മാരായ സർജൻ ഡോ വാസു ചിരുമാമില, കാര്ഡിയോളജിസ്റ് ഡോ അമല ചിരുമാമില എന്നിവരും സംസാരിച്ചു.
ജാസ്‍മിൻ, നിയ എന്നിവരുടെ നൃത്തം, ജെംസൺ കുര്യാക്കോസിന്റെ ഗാനം, കൈലാസ് നെടുമലയിലിന്റെ വയലിൻ എന്നിവയും ആഘോഷങ്ങൾ ഹൃദ്യമാക്കി.
സാന്ദ്രാലയയുടെ ഗാനമേളയിൽ അന്തരിച്ച നടൻ എൻ.എഫ്. വർഗീസിന്റെ കൊച്ചുമകൾ ഇഷ, മാറ്റ് (മത്തായിച്ചൻ), വിനീഷ്, സന്ദീപ്, ഷാജി ജോണ് എന്നിവ ആയിരുന്നു ഗായകർ.