
ചേർത്തലയിലെ താമസക്കാരാണ് കയർ നിർമാണ തൊഴിലാളികൾ ആയ സുകുമാരനും ഭാര്യ സുന്ദരിയായ സുമലതയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം
അതിരാവിലെ പൊതിച്ചോറുമായി ജോലിക്ക് ഒരു സൈകിളിൽ പോകുന്ന സുകുമാരനും സുമലതയും വൈകുന്നേരമേ തിരിച്ചെത്തുകയുള്ളൂ
സുകുമാരന്റെയും സുമലതയുടെയും തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നത് അപ്പുക്കുട്ടൻ ചേട്ടനും അമ്മിണി ചേച്ചിയും ആണ്. ഇരുവരുടെയും പ്രായപൂർത്തിയായ രണ്ടു മക്കൾ വിവാഹം കഴിച്ചു മാറിയാണ് താമസിക്കുന്നത്
ജോലി കഴിഞ്ഞു വൈകുന്നേരം വീട്ടിൽ മടങ്ങി എത്തുന്ന സുകുമാരൻ കുളി കഴിഞ്ഞു ഉമ്മറത്ത് ചാരുകസേരയിൽ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോൾ അടുക്കളയിൽ കഞ്ഞിയിട്ട ശേഷം സുമലത ഒരു കട്ടൻകാപ്പി ഉണ്ടാക്കി സുകുമാരനു കൊടുക്കും. അപ്പോഴേയ്ക്കും അപ്പുക്കുട്ടൻ ചേട്ടനും അമ്മിണി ചേച്ചിയും വർത്തമാനം പറയുവാൻ ആയിട്ടു വരും. പിന്നീട് അവർ നാലു പേരും കൂടി കുറെ സമയം തമാശകൾ പറഞ്ഞു ചിരിച്ചു അവിടെ ഇരിക്കും. ഇതാണ് പതിവ്
സുമലതയുടെ ഒരു വലിയ സ്വപ്നവും ജീവിത അഭിലാഷ്വവും ആണ് ചേർത്തലയിൽ ഉള്ള പോത്തുംമൂട് കള്ള്ഷാപ്പിൽ പോയി ഒരു മീൻ തലക്കറി കഴിക്കണം എന്ന്
ജീവിതത്തിൽ ഇന്നുവരെ മദ്യപിക്കാത്ത സിഗരറ്റ് വലിക്കാത്ത മുറുക്കാത്ത സൽസ്വഭാവിയും കടുംപിടുത്തക്കാരനുമായ സമൂഹത്തിലെ മാന്യനുമായ സുകുമാരനോട് തന്റെ ജീവിത അഭിലാഷം പറഞ്ഞാൽ പൊട്ടിത്തെറിക്കുമോ എന്ന ഭയത്താൽ സുമലത ഇതുവരെ സുകുമാരനോട് ആ കാര്യം പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോൾ ആധുനിക ലോകത്തു സോഷ്യൽ മീഡിയയിൽ കൂടി ഓരോ പെണ്ണുങ്ങൾ തനിച്ചും കൂട്ടു കൂടിയും കള്ള് ഷാപ്പുകളിൽ പോയി തലക്കറി കഴിക്കുന്നത് കാണുമ്പോൾ സുമലത ഉള്ളാലെ കോരിതരിക്കാറുണ്ട്
അങ്ങനെ തന്റെ ഈ ആഗ്രഹം വച്ചു വീർപ്പുമുട്ടിയ സുമലത ഗത്യന്തിരം ഇല്ലാതെ ഒടുവിൽ തന്റെ രഹസ്യം സൂക്ഷിപ്പുകാരിയായ അമ്മിണി ചേച്ചിയോട് കാര്യം പറഞ്ഞു. ഇതു കേട്ട അമ്മിണി ചേച്ചി പോംവഴി പറഞ്ഞു കൊടുത്തു. സുകുമാരൻ നല്ല മൂഡിൽ ഇരിക്കുമ്പോൾ നീ കാര്യം അവതരിപ്പിക്കു അപ്പോൾ സമ്മതിക്കും
പിറ്റേദിവസം ജോലികഴിഞ്ഞു വന്നു ഉമ്മറത്ത് പത്രം വായിച്ചു കൊണ്ടിരുന്ന സുകുമാരന്റെ അടുത്തേയ്ക്കു നന്നായി മേക്കപ്പ് ഒക്കെ ഇട്ടു നാണം കുണുങ്ങി വന്നു കൊഞ്ചി കൊഞ്ചി സുമലത തന്റെ തലക്കറി മോഹം അവതരിപ്പിച്ചു. ഇതു കേട്ട പാടെ ചാരുകസേരയിൽ നിന്നും ചാടി എഴുന്നേറ്റ സുകുമാരൻ ജീവിതത്തിൽ ആദ്യമായി സുമലതയോടു കൈചൂണ്ടി പറഞ്ഞു ഇന്നു വരെ ഈ ജീവിതത്തിൽ ഒരു ബാറിലോ കള്ള് ഷാപ്പിലോ ചാരായക്കടയിലോ പോയിട്ടില്ലെന്നല്ല അതിന്റെ അടുത്തു കൂടി പോലും പോയിട്ടില്ലാത്ത എന്നോട് ഇതു പറയുവാൻ നിനക്കെങ്ങനെ ധൈര്യം വന്നു സുമലതേ. മേലിൽ ഇക്കാര്യം പറഞ്ഞു എന്റടുത്തു വന്നു പോകരുത്
ഇതു കേട്ടത്തോടെ വളരെ നിരാശയിൽ സുമലത ചെറിയ കരച്ചിലോടെ വീട്ടിനുള്ളിലേയ്ക്കു കയറിപോയി
ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം വൈകുന്നേരം സുമലതയുടെ പഴയ സഹപാഠികൾ ആയിരുന്ന മൂന്ന് കൂട്ടുകാരികൾ ശ്രീകലയും ശ്രീലേഖയും ശ്രീവിദ്യയും സുമലതയുടെ വീട്ടിൽ വന്നു. ആ സമയം സുകുമാരൻ വീട്ടു സാധനങ്ങൾ വാങ്ങുവാൻ ചേർത്തല മാർക്കറ്റിൽ പോയിരിക്കുകയായിരുന്നു
ചായകുടി കഴിഞ്ഞു വന്ന കാര്യം അവർ അവതരിപ്പിച്ചു. നമ്മൾ പണ്ടു പ്രീഡിഗ്രി പഠിച്ച സഹപാഠികൾ ചേർന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. സുമലതയെ കൂടി ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തുവാൻ ആണ് ഞങ്ങൾ വന്നത്. പിന്നെ നമ്മൾ ആൺകുട്ടികളും പെൺകുട്ടികളുമായി ഏതാണ്ട് നാൽപതോളം പേരുണ്ട്. നമ്മുടെ ആദ്യത്തെ റീയൂണിയൻ അടുത്ത മാസം നടത്തുന്നുണ്ട് സുമലത കൂടി വരണം
ഇതു കേട്ട സുമലത അവരോടു പറഞ്ഞു എനിക്ക് വളരെ ആഗ്രഹം ഉണ്ട്. പക്ഷേ എന്റെ ഭർത്താവ് ഒരു കടുംപിടുത്തക്കാരൻ ആണ്. അദ്ദേഹത്തിന്റെ അനുവാദം വേണം ഞാൻ അറിയിക്കാം. പരമാവധി ശ്രെമിക്കൂ എന്ന് ഉപദേശിച്ചു ശ്രീകലയും ശ്രീലേഖയും ശ്രീവിദ്യയും യത്രേ പറഞ്ഞിറങ്ങി
കുറച്ചു കഴിഞ്ഞു മാർക്കറ്റിൽ നിന്നും അരിയും കപ്പയും പച്ചക്കറികളുമായി വന്ന സുകുമാരനോട് കൂട്ടുകാരികൾ വന്നതും റീയൂണിയൻ നടത്തുന്ന കാര്യവും സുമലത പറഞ്ഞു
ഇതു കേട്ട സുകുമാരൻ സുമലതയോടു പറഞ്ഞു ഇപ്പോൾ ഒരു തൊഴിലും ഇല്ലാത്ത കുറെ പെണ്ണുങ്ങളും ആണുങ്ങളും റീയൂണിയൻ എന്ന് പറഞ്ഞു ഇറങ്ങിയിട്ടുണ്ട് നീ അതിനൊന്നും പോകണ്ട. പക്ഷേ ഇക്കുറി വിട്ടു കൊടുക്കുവാൻ സുമലത തയ്യാറല്ലായിരുന്നു
അതുവരെ വിവാഹ ജീവിതത്തിൽ ഭവ്യതയോടെ മാത്രം സുകുമാരനോട് സംസാരിച്ചിട്ടുള്ള സുമലത അല്പം ഉച്ചത്തിൽ സുകുമാരനോട് പറഞ്ഞു ഇന്നു രണ്ടിൽ ഒന്ന് എനിക്കറിയണം. ഒന്നുകിൽ പോത്തുംമൂട് ഷാപ്പിൽ പോയി തലക്കറി എനിക്ക് വാങ്ങിച്ചു തരണം അല്ലെങ്കിൽ അടുത്തമാസം നടക്കുന്ന റിയൂണിയനു എന്നെ വിടണം. ഇതിൽ ഏതെങ്കിലും ഒന്നിന് തയ്യാറല്ലെങ്കിൽ ഞാൻ കടുത്ത തീരുമാനത്തിലേയ്ക്കു പോകുകയാണ്. സുമലത തീർത്തു പറഞ്ഞു
വെട്ടിലായ ബുദ്ധിമാനായ സുകുമാരൻ റിയൂണിയന്റെ അപകടത്തെ പറ്റി ബോധ്യം ഉള്ളതുകൊണ്ട് പോത്തുംമൂട് ഷാപ്പിൽ പോയി തലക്കറി കഴിക്കാൻ ഒടുവിൽ സമ്മതിച്ചു
അങ്ങനെ പിറ്റേ ഞായറാഴ്ച തിരുവോണ ദിവസം സുകുമാരനും സുമലതയും അപ്പുക്കുട്ടൻ ചേട്ടനും അമ്മിണി ചേച്ചിയും കൂടി ചേർത്തലയിലെ പോത്തുംമൂട് ഷാപ്പിൽ പോയി വയറു നിറയെ മീൻ തലക്കറിയും കപ്പയും കഴിച്ചു. ജീവിതത്തിൽ ഇന്നുവരെ മദ്യപിക്കാത്ത സുകുമാരൻ അപ്പുക്കുട്ടൻ ചേട്ടനോടൊപ്പം രണ്ടു കുപ്പി തെങ്ങും കള്ളും കുടിച്ചു കുറച്ചു ഓണപ്പാട്ടും പാടിയാണ് മുണ്ട് പറിച്ചു തലയിൽ കെട്ടി ഷാപ്പിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങിയത്